Tuesday, December 29, 2020

വഴി  തീരുന്നിടത്തുനിന്ന്  തിരിച്ചു  നടന്നാൽ  അതൊരു  പുതിയ  വഴിയായിരിക്കും !!

Friday, December 25, 2020

ചിലർക്ക്  അതിജീവനവും  അല്ലാത്തവർക്ക്  വാർത്തയും  ആണ്  ജീവിതം. 


.. .. .. ..
two-year-old Syrian boy Alan Kurdi drowned in the Aegean Sea on 2 Sep 2015

Wednesday, December 23, 2020

പെൺകുട്ടികളെ 
അവരവരുടെ 
വീടുകളിൽ 
കാണുന്നത്ര 
മനോഹരമായി 
പുറത്ത് 
കാണാൻ 
കഴിയില്ല !!

Monday, December 14, 2020

!! Woman perspective ..

Sunday, December 6, 2020

പ്രണയത്തിലായിരിക്കുന്ന നമ്മൾ..!!,

എനിക്ക് നിന്നെയും നിനക്ക് എന്നെയും കൂടുതൽ ആഴങ്ങളിൽ മനസിലാക്കാനാവുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. നിനക്ക് നിന്നെയും എനിക്ക് എന്നെയുമാണ് കൂടുതൽ  മനസിലായത്.

Tuesday, December 1, 2020

അവൾ ഇപ്പോൾ മിസ് ചെയ്യുന്നത് എന്നെയോ എന്റെ പ്രണയത്തെയോ അല്ല. 
ഒരു സൗഹൃദത്തെയാണ്.  പക്ഷെ അത് എപ്പോഴും അങ്ങനെ തന്നെയാണെന്നല്ല. ഇടയ്ക്ക് മാറിവരും. 

ഞാനിപ്പോൾ പ്രണയത്തിൽ നിന്നും സൗഹൃദത്തിലേക്ക് തിരിച്ചു നടക്കുവാൻ ഇഷ്ടപെടുന്നു; 
അവൾക്കുവേണ്ടി. 
അവൾക്ക് മിസ്ചെയുന്നത് അതാണെന്ന് എനിക്ക് തോന്നുന്നു. 

സാധാരണ സൗഹൃദത്തിൽ നിന്നാണ് പ്രണയത്തിലേക്ക് പോകുന്നതെങ്കിലും എനിക്ക് വേണമെങ്കിൽ തിരിച്ചു യാത്ര ചെയ്യാനും സാധിക്കും. കാരണം ഞാൻ ഭൂമിയിൽ നിന്നല്ല. ഭൂമിയിൽ ഉള്ളവർക്കെ അങ്ങനെയുള്ള നിർബന്ധങ്ങൾ ഉള്ളൂ.  എനിക്ക് അങ്ങനെയുള്ള നിർബന്ധങ്ങളൊന്നുമില്ല.  കാലം പോലെ അത് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നു.

Saturday, November 21, 2020

ഇരുട്ടിന് വ്യത്യസ്ത ഭാവങ്ങളില്ല. വെളിച്ചമാണ് ഇരുട്ടിന് വ്യത്യസ്തഭാവങ്ങൾ നൽകുന്നത്. മനുഷ്യരും അങ്ങനെ തന്നെ. ഓരോരുത്തരിലേക്കും എത്തുന്ന വെളിച്ചത്താൽ ഓരോരുത്തരും വ്യത്യസ്തമായിരിക്കുന്നു. കൂടുതൽ വെളിച്ചത്തെ സ്വീകരിച്ചവർ കൂടുതൽ തെളിച്ചമുള്ളവരായിരിക്കുന്നു!!

Saturday, November 14, 2020

വലിയൊരു മുഴക്കത്തോടെ തീവണ്ടി പതിയെ നീങ്ങി തുടങ്ങി. 

അവൾ തീവണ്ടിജനാലയിലൂടെ പുറത്തേക്കുതന്നെ നോക്കിയിരിക്കുകയാണ്. പുറത്ത് ആകാശത്തിന്റെ തുടർച്ച താഴെ ഭൂമിയിലേക്കും പടർന്നിരിക്കുന്നു. കുറച്ച് മുൻപ് വെപ്രാളപ്പെട്ട് ഓടിവന്ന പെൺകുട്ടിയിൽ നിന്നും കാഴ്ചയിൽ അവൾ കുറച്ച് മുതിർന്നിരിക്കുന്നത് പോലെ. 
........ 
കുറെ നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ആരും ശ്രദ്ധിക്കാതിരിക്കാനാണ് വീട്ടിൽനിന്നും ഇത്രയും ദൂരെയുള്ള, അധികം തിരക്കില്ലാത്ത സ്റ്റേഷനിൽ നിന്നും കയറാമെന്ന് അവളോട് പറഞ്ഞത്. അടുത്തത് ഷൊർണൂർ സ്റ്റേഷനാണ്. വൈകിട്ടോടെ തന്നെ ട്രെയിൻ കന്യാകുമാരിയിൽ എത്തും. തത്കാലം അവിടെ ഒരു കൂട്ടുകാരന്റെ വീട്ടിൽ നിൽക്കും. അവൻ എങ്ങിനെയൊക്കെയോ അവന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.
........ 
വെറുതെയൊരു എടുത്തുചാട്ടത്തിന് ഒളിച്ചോടിയതല്ല. ഒരു വർഷമായി ഞങ്ങൾ ഇതിനെക്കുറിച്ചു നിരന്തരമായി ആലോചിക്കുന്നു. നാട്ടിൽ നിന്നാൽ ഒരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് തോന്നിയില്ല. ആദ്യം വിചാരിച്ചത് തിരുവനന്തപുരത്ത് തന്നെ താമസിക്കാമെന്നാണ്. എന്റെ ജോലിയും അവിടെ തന്നെയാണല്ലോ. എന്നാലും ഞങ്ങൾ ഒരുമിച്ച് വന്നതറിഞ്ഞ് എന്തൊക്കെയാ പ്രശ്നങ്ങൾ ഉണ്ടാകുക എന്നറിയാത്തകൊണ്ട് ; കുറച്ച് ദിവസം ലീവെടുത്തു മാറിനിൽക്കാമെന്നോർത്തത്. 
......... 
......... 
ട്രെയിൻ മുന്നോട്ട് പോകുംതോറും മനസ്സിൽ എന്തോ വിഷമം നിറയുന്നുണ്ട്. എന്താ പെട്ടെന്ന് അങ്ങനെയെന്ന് ആലോചിച്ചെങ്കിലും മനസിലായില്ല. ഒളിച്ചോടാനുള്ള തീരുമാനം പെട്ടെന്നെടുത്ത പോലെ. ഇങ്ങനെ ചെയ്യണമായിരുന്നോ. അതോ എല്ലാവരുടെയും ഇഷ്ടത്തോടെ തന്നെ ഒരുമിച്ച് ജീവിക്കാൻ പറ്റിയാൽ അതായിരുന്നില്ലേ നല്ലത്. മനസിലാകുന്നില്ല. തിരിച്ചു പോയാലോ എന്നൊക്കെ മനസ്സിൽ തോന്നുന്നുണ്ടെന്ന് തോന്നുന്നു. നമുക്ക് തിരികെ പോയാലോ എന്ന് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു. 

അവൻ കൃതയുടെ മുഖത്തേക്ക് നോക്കി. അവളുടെ മനസ്സ് വേറെയെവിടെയോ ആണെന്ന് തോന്നുന്നു. അവളും ചിന്തിക്കുന്നത് ഇത് തന്നെയാണോ. അറിയില്ല. ചോദിക്കാനും പോയില്ല. എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത് പറഞ്ഞാൽ അവൾ എന്നെ കുറിച്ച് എന്ത് വിചാരിക്കും. അല്ലെങ്കിലും എനിക്ക് തന്നെ എന്നെ മനസിലാകുന്നില്ലല്ലോ എന്താ എന്റെ മനസ്സ് തിരിച്ചുപോയാലോന്ന് വിചാരിക്കുന്നതെന്ന്. 

 എതിരെ വന്നു കടന്നുപോയ തീവണ്ടിയുടെ മുഴക്കം കഴിഞ്ഞുള്ള നിശബ്ദയിൽ അവൾ എന്നോട് പറഞ്ഞു.  "നമുക്ക് തിരിച്ചു പോകാം". ! 

ഞാനാണോ അവളാണോ അത് പറഞ്ഞതെന്ന് എനിക്കാദ്യം മനസിലായില്ല. അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. കണ്ണുകളിൽ ചെറിയ തിരകളുണ്ടായിരുന്നു. 

എന്താ ഇപ്പോൾ അങ്ങനെ തോന്നിയതെന്ന് ഞാൻ ചോദിച്ചില്ല. ഞാനും അവളും ഒരേ ഹൃദയം പങ്കിടുന്നുവെന്ന് എനിക്കപ്പോൾ തോന്നി.
ഒന്നും സംസാരിക്കാതെ,  ഹൃദയത്തിലേക്ക് നോക്കുന്നതുപോലെ അവൾ എന്നെതന്നെ നോക്കികൊണ്ടിരുന്നു ..

Wednesday, November 4, 2020

എനിക്ക് തോന്നുന്നു സമൂഹം കാലഘട്ടങ്ങൾക്ക് പിന്നിലേക്ക് തിരിച്ചു പോകുമെന്ന്. അപ്പോൾ നമ്മൾ യുദ്ധകൊതിയന്മാരും കാടന്മാരും അടിമകളും കുരങ്ങന്മാരുമായി മാറും. അങ്ങനെ ഈ പരിണാമം പൂർത്തിയാകും.

Thursday, October 29, 2020

സായാഹ്നത്തിൽ, 
ഇരുണ്ട  
പച്ചനിറമുള്ള  താടാകത്തിലെ 
ആമ്പലുകളുടെ  വേരുകളിൽ  കുടുങ്ങിയ  ഒരു വഞ്ചിയിൽ  നമ്മൾ ..

Wednesday, October 21, 2020

രാത്രി കിടക്കുമ്പോള്‍ കറന്റ് പോയാൽ ഞാൻ പലപ്പോഴും അസ്വസ്ഥമാക്കുന്നത് ചൂട് കാരണമല്ല. അത്രയും നേരം ഉണ്ടായിരുന്ന ഫാൻ കറങ്ങുന്ന ശബ്ദം പതിയെ നേർത്ത് നേർത്ത് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന നിശബ്ദത സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്.
;
;

അങ്ങനെയുള്ള നിശബ്ദത സഹിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് ഈ മഴക്കാലത്തും തണുത്തുമരച്ചിട്ടും ഞാൻ ഈ ഫാൻ ഓഫ് ചെയ്യാതെ വച്ചിരിക്കുന്നത്.

നിശബ്ദ്തയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടാണ്..!!

Thursday, October 15, 2020

കുഞ്ഞ് ജനിച്ചതിന് ശേഷമാണ്..;
പെൺകുട്ടികൾ ഉള്ള അച്ഛന്മാരെ കാണുമ്പോൾ ഒരു സന്തോഷമാണ്. 
കാരണം,  എനിക്ക് ഉള്ള അതെ സന്തോഷം അവർക്കുമുണ്ടല്ലോ എന്നോർത്ത് !!

സന്തോഷമുള്ളവരെ കാണുന്നത് തന്നെ സന്തോഷമാണ്..

Sunday, October 11, 2020

എവിടെയും സ്പർശിക്കാതെ പോകുന്ന കാലമാണ്. 
മനസുകൊണ്ടുപോലും; 
അതാണീ ഒറ്റപ്പെടൽ വേദനിപ്പിക്കുന്നത്.

Thursday, October 1, 2020

സ്വപ്നങ്ങളിൽ മണം അറിയാൻ കഴിയില്ലെന്ന് എനിക്ക് ഇന്നലെയാ മനസിലായത്

Sunday, September 20, 2020

പറഞ്ഞിട്ടും 
പറഞ്ഞിട്ടും 
തീരാത്ത 
എന്ത് രഹസ്യമാണ് 
നിന്റെ ചുണ്ടുകൾ 
എന്റെ കഴുത്തില്‍ 
പറഞ്ഞുകൊണ്ടിരുന്നത്.. ..

Wednesday, September 2, 2020

ജീവിതത്തിന്റെ അരികിൽ നിൽക്കുന്നവരാണ് ഈ ബഹളമൊക്കെ ഉണ്ടാകുന്നത്. 

ചിലർ ഇപ്പോഴും തീരങ്ങളിലാണ്.  തിരമാലകളെ പോലെയാണ് അവര്‍.  നിരന്തരം പ്രതികരിച്ചുകൊണ്ടേയിരിക്കും.. കുറച്ചെങ്കിലും ഉള്ളിലേക്ക് കടന്നവർ ശാന്തരായിരിക്കും.  ഉള്‍കടലിലെന്നതുപോലെ.  ചിലർ പ്രായം കൊണ്ട് ശാന്തരാകും,  ചിലർ അനുഭവം കൊണ്ടും  മറ്റുചിലർ അവരുടെ ജ്ഞാനം കൊണ്ടും ശാന്തരായിരിക്കും.

Friday, August 28, 2020

Lgbt

ഒഴിവാക്കപ്പെടുന്നവർ.

സ്ത്രീയും പുരുഷനുമല്ലാത്തവർക്കൊക്കെ ഇടമില്ലെന്ന് കരുതുന്ന മനുഷ്യരുടെ ഇടയിൽ ജീവിച്ചിരുന്ന കാലത്തിൽ നിന്നും സമൂഹം പിന്നെയും മുന്നോട്ട് പോയിട്ടുണ്ട്.  മാറ്റിനിർത്തുന്നതിന്റെ, ഒഴിവാകുന്നതിന്റെ വേദനയറിയണമെങ്കിൽ നമ്മൾ അതാകണമെന്ന് പറയുന്നത് ബാലിശമാണ്. നമ്മൾ അതല്ലെങ്കിലും ആണെങ്കിലും മനസിലാക്കാൻ കഴിയണം.  നമ്മൾ ആയിരിക്കുന്ന ജൻഡർ ഐഡന്റിറ്റി നമ്മുടെ തീരുമാനമല്ല. അതുപോലെ അവരുടേതും. അപ്പോൾ അവരെ മാറ്റിനിർത്താനും അവരെ വിമർശിക്കാനും നമ്മൾ ആരാണ്.

ഞാൻ ചെറുപ്പത്തിൽ ഇവരിൽ പല വിഭാഗങ്ങളെയും അടുത്ത് കണ്ടിട്ടുള്ളതാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ഇവർ ഇരുട്ടിന്റെ മറവിൽ നിന്ന് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. വെളിച്ചത്തിൽ അവരെ കുറ്റപ്പെടുത്തുന്നവർ, അവരെ തല്ലുന്നവർ, ഇരുട്ടിൽ അവരെ തേടി പോകുന്നത്. എറണാകുളം റയിൽവേ സ്റ്റേഷൻ ന്റെ അടുത്ത് ഒരു ബാർ ഉണ്ട്. അങ്ങോട്ട് പോകുമ്പോഴൊക്കെ കാണാം നിഴലുകളിൽ മറഞ്ഞിരിക്കുന്നവരെ. അവർക്ക് അങ്ങനെയാകേണ്ടി വന്നത് സമൂഹം അവരോട് അങ്ങനെ പെരുമാറുന്നതുകൊണ്ടാണ്. അതിൽ നിന്നൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇനിയും ഒരുപാട് മാറാനുമുണ്ട്. നിലനില്പിനായി ശ്രമിക്കുന്ന അവരുടെ പ്രവർത്തനങ്ങളിൽ അവരോടൊപ്പമാകാനായില്ലെങ്കിലും മനസ്സ് അവരോടൊപ്പമാണ്.

Friday, August 14, 2020

ആകാശത്തിനൊരു ആകാംഷയുള്ളതുപോലെ തോന്നുന്നില്ലേ.. 
മഴ പെയ്യാൻ പോകുന്നതിന്റെയായിരിക്കും !!

Saturday, August 1, 2020

ഒരോരുത്തരേയും പരിഗണിക്കുക എന്നത് നമ്മള്‍ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നു.  

ചിലപ്പോൾ അവരെ മനസിലാക്കുന്നതിനേക്കാൾ നല്ലത്.

Wednesday, July 29, 2020

ഒരേ കാട് കാണുന്ന നമ്മൾ 
ഒരേ മഴ നനയുന്ന നമ്മൾ 
ഒരേ വെയിൽ പൊള്ളുന്ന നമ്മൾ 
ഒരേ കാറ്റിൽ തണുക്കുന്ന നമ്മൾ

Tuesday, July 14, 2020

ഇരുട്ടിൽ വെളിച്ചം കലർത്തുമ്പോഴാണ് നമുക്ക് കാണാൻ പറ്റുന്നത്. പക്ഷെ എന്തുകൊണ്ടാണ് വെളിച്ചത്തിൽ ഇരുട്ട് കലർത്താൻ പറ്റാത്തത്.

Saturday, July 11, 2020

രാവിലെയായിയിട്ടും ഇരുട്ട് മാറാത്ത ഒരു ദിവസമാണ്,.. 
ഒരു ചിത്രശലഭം ജനൽ പടിയിലിരുന്ന് എന്നെ നോക്കുന്നത് കണ്ടത്. 
 അപ്പോൾ, ഈ ലോകത്ത് ഞാൻ തനിച്ചല്ലെന്ന് എനിക്ക് തോന്നി. 
ഇപ്പോൾ പുറത്തൊക്കെ വെളിച്ചമുണ്ട്. 
..........

വിഷാദത്തിനിടയിലും ചിത്രശലഭങ്ങളെ കാണുന്നവർ..

Saturday, June 27, 2020

അധികം വെളിച്ചമില്ലാത്ത ഒരു പകലിൽ നിറയെ പൂക്കളുള്ള വലിയ മരങ്ങൾക്ക് താഴെ കൂടി നമുക്ക് കൈകൾകോർത്തു നടക്കാം. 

കൊടൈക്കനാൽ.

Sunday, June 21, 2020

എവിടെ നിന്നോ ഒരു വിഷമം 
മനസിലേക്ക് ഒഴുകി വരുന്നുണ്ടോ. 

എന്താ കാരണമെന്ന് മനസിലാകുന്നില്ല. 

പെയ്യാൻ തുടങ്ങുന്നതിന് മുൻപ് 
ആകാശമിരുണ്ടുവരുന്നതുപോലെ; 

പെയ്യുമ്പോഴേ അറിയൂ 
എന്തായിരുന്നു കാരണമെന്ന്. 

ചിലപ്പോ 
അറിയാതെയും 
അത് ഒഴുകിപ്പോകാം.

Monday, June 1, 2020

പ്രണയത്തെ  മനോഹരമാക്കുന്നത്  അതിന്റെ  പ്രതിഫലനങ്ങളാണ്

Sunday, May 31, 2020

മരിച്ചവർ നമ്മെ ഓർക്കുന്നുണ്ടാകുമോ 

നമ്മൾ ഇടയ്കിടയ്ക്ക് അവരെ ഓർക്കുന്നപോലെ!

Sunday, May 24, 2020

വിഷാദത്തിന്റെ 
വേലിയേറ്റങ്ങളിൽ 
ദ്വീപുകളായി 
പരിണമിക്കുന്ന 
മനുഷ്യർ ..

Thursday, May 21, 2020

കാണാനെന്താണൊരു വഴി..? 

ഏതു വഴിയിലൂടെ വന്നാലും എന്നെ കാണാം.
 ഞാൻ നീ വരുന്ന വഴിയിലാണ് ഉള്ളത് ..  ..

Sunday, May 10, 2020

വിചാരിതം

നേരം ഉച്ചകഴിഞ്ഞു. പുറത്ത് വെയിലില്ല. കുറേനേരമായി മുറിയിൽ എന്ത്ചെയ്യണമെന്ന് ആലോചിച്ചിരിക്കയാണ്. അവളെ കേൾക്കാതെ, എന്തുചെയ്യുന്നുവെന്ന് പോലുമറിയാതെ ഇന്നേക്ക് 18 ദിവസങ്ങൾ. 18ദിവസങ്ങൾ ചിലപ്പോൾ വലിയൊരു വിടവ് ആയിരിക്കില്ലെന്ന് തോന്നാം. പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല . അവസാനം കണ്ടതിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയതാണ് മനസിന്റെ ഈ അങ്കലാപ്പ്.അവളെ കാണാതിരുന്നിട്ട്. എങ്ങിനെ കാണുമെന്നോർത്ത് കുറച്ച് ദിവസങ്ങൾ പോയി. ഇങ്ങനെ ശ്രമിക്കാം അങ്ങനെ നോക്കാം എന്നൊക്കെ വിചാരിച്ച് പിന്നെയും ദിവസങ്ങൾ പോയി. പിന്നെ ഇന്നാണ് അവളുടെ വീടിന്റെ അടുത്ത് വരെ വെറുതെ പോകാമെന്നോർത്തത്. എന്തെങ്കിലും വിവരം കിട്ടിയാലോ ചിലപ്പോൾ കാണാനും സാധിച്ചേക്കും. അങ്ങനെ വിചാരിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ എവിടെ നിന്നെന്നറിയാതെ ഒരു മഴ പെയ്തുനിറഞ്ഞത്. പിന്നെ തോർന്നു. വലിയൊരു മഴ തോർന്നു കഴിഞ്ഞതിന്റെ തണുപ്പുണ്ട് പുറത്ത്. ഇപ്പോൾ മഴയിലെങ്കിലും ആകാശം ഇരുണ്ടുതന്നെ നിൽക്കുന്നു. സന്ധ്യയായി. പുറത്തേക്കിറങ്ങി അവളുടെ വീടിന്റെ അരികിലുള്ള തടകത്തിന്റെ കരയിൽ ചെന്നിരിക്കാമെന്നോർത്താണ് നടന്നത്. ഇങ്ങനെ തീരുമാനിക്കാൻ, ഇവിടെ വരാൻ, ഇത്രയും ദിവസം ആലോചിക്കേണ്ടിയിരുന്നില്ലല്ലോ എന്നോർത്തു. അവളെ കണ്ടു തിരിച്ചുപോന്നതിന്റെ പിറ്റേ ദിവസം തന്നെയാകമായിരുന്നില്ലേ. എന്തായാലും നടന്നു അവിടെ എത്താറായപ്പോഴേക്കും ആകാശം തെളിഞ്ഞിരുന്നു. ചന്ദ്രൻ പതിവിലധികം തെളിച്ചത്തോടെ ചിരിക്കുന്നു. അവിടെ  എത്താറായാപ്പോഴാണ് ശ്രദ്ധിച്ചത് അവിടെ ആരോ ഉണ്ട്. നോക്കിയപ്പോൾ അവളാണ്. ഞാൻ അടുത്തെത്തിയപ്പോൾ മുഖത്തേക്ക് നോക്കാതെ തന്നെ അവൾ ചോദിച്ചു. എന്താ ഇത്ര വൈകിയതെന്ന്. എന്ത്, ഇത്രയും ദിവസം വൈകിയതെന്നാണോ അതോ ഇന്നത്തെ കാര്യമാണോ അവൾ ഉദേശിച്ചത്. ഞാൻ ചോദിച്ചില്ല. അതിനും മുൻപേ അവൾ അത് വ്യക്തമാക്കി. ഇന്ന് എന്താ വരാൻ വൈകിയതെന്ന്. എനിക്ക് അത്ഭുതം തോന്നി. എന്റെ കാര്യങ്ങൾ അവൾ നേരത്തെ അറിയുന്നുണ്ടോ. ഇന്ന് ഞാനിവിടെ വരുമെന്ന് അവൾക്ക് എങ്ങിനെ മനസിലായി. എനിക്കപ്പോൾ ഒരു കാര്യം മനസിലായി. ഇന്ന് ഞാനിവിടെ ആയിരിക്കുന്നത് ഞാൻ തീരുമാനിച്ചതുകൊണ്ടല്ല. അവൾ ആഗ്രഹിച്ചതുകൊണ്ടാണെന്ന്. അപ്പോൾ അവൾ എന്തുകൊണ്ട് നേരത്തെ ആഗ്രഹിച്ചില്ല എന്ന ചോദ്യമില്ല. അവൾക്ക് ഇന്നാണ് ഇവിടെ വരാൻ സാധിച്ചത്. അപ്പോൾ ഞാനും.

Friday, May 1, 2020

മഴ വന്നു മഴ പോയി അതിനിടയിലൊരുപുഴപടർന്നൊഴുകി..

Wednesday, April 29, 2020

ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. 
നീയെന്നോട് മിണ്ടുന്നുണ്ടോ 
 മിണ്ടാതിരിക്കുന്നുണ്ടോ 
 എന്നൊക്കെ നോക്കുന്നു. 
Just for my selfishness.

Sunday, April 19, 2020

നീയാരാണെന്നും എന്താണെന്നും അറിയുന്നതിന് ഒരുപാട് നാളുകൾക്ക് മുൻപ് പ്രണയം എന്നത് എനിക്കൊരു വാക്ക് മാത്രമായിരുന്നു.

Saturday, April 11, 2020

Love everybody, but never sell your sword!


------------

Paulo Coelho

Thursday, April 2, 2020

ഇന്നലെ വൈകുന്നേരം ആ പെൺകുട്ടി എന്നോട് കുറെ നേരം സംസാരിച്ചു. ഏതോ ഒരു പരിപാടിക്കിടയിലാണ് ഞങ്ങൾ കണ്ടത്. വിവാഹ റിസപ്ഷൻ എന്തോ ആണെന്ന് തോന്നുന്നു. അത്ര വ്യക്തമല്ല, കുറെ ആളുകൾ ഉണ്ടായിരുന്നു. പിന്നെ പതിയെ എല്ലാവരും പോയി ഞങ്ങൾ മാത്രമായി. പരിപാടിക്ക് വന്ന ആളുകളൊക്കെ പോയിക്കഴിഞ്ഞിട്ടും നേരം കുറെ വൈകിയിട്ടും അവൾ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പോഴേ എനിക്കറിയാമായിരുന്നു ഇത് ഒരു സ്വപ്നം ആണെന്ന്. എനിക്ക് ഉണരണമെന്നുണ്ടായിരുന്നെങ്കിലും ആ കൗതുകത്തിൽ നിന്നും അങ്ങനെ പോരാൻ തോന്നിയില്ല. അതുകൊണ്ട് ഉണർന്നില്ല. അവളുടെ ഇഷ്ടങ്ങളെ കുറിച്ചൊക്കെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.

പക്ഷെ എന്നെ ഇപ്പോൾ അത്ഭുതപെടുത്തുന്നത് അതൊന്നുമല്ല. ഇന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോരുമ്പോൾ ഒരു പെൺകുട്ടി വഴിയിൽ വച്ച് പറഞ്ഞു നമുക്ക്, ഇന്നലെ സംസാരിച്ചിരുന്നതുപോലെ കുറെ നേരം സംസാരിക്കണമെന്ന്!

Tuesday, March 17, 2020

കുറെ നാൾ കഴിഞ്ഞ് അവൾ പറഞ്ഞു, 
അവൾ പ്രണയിക്കുന്നത് അവളെ തന്നെയാണെന്ന്.


..
..
എനിക്കത് നേരത്തെ മനസിലായതാണ്. !!

Tuesday, March 10, 2020

ഉടലിൽ നിറഞ്ഞിരുന്ന ശ്വാസം പോലെ ശരീരമാകെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിന്റെ തണുപ്പ്. തനിച്ചു കിട്ടുന്നവരുടെ രക്തം ഊറ്റുന്ന യക്ഷിയെ പോലെ..  എന്റെ ശരീരത്തിലെ ഓരോ അരികുകളിലൂടെയും അത് എന്നിലേക്ക് കടന്നു വരാൻ ശ്രമിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

----------------

ദൃഢമായ മൺവഴികളിൽ നിന്നും മൃദുലമായ പരവതാനികണക്കെയുള്ള  മഞ്ഞിന്റെ നനുത്ത വഴികൾ ആദ്യകാഴ്ച്ചയിൽ എന്നിൽ അത്ഭുതമാണ് ഉണർത്തിയത്. മഞ്ഞിന്റെ വഴികളെ ഇത്രയടുത്ത് കാണുന്നതും അനുഭവിക്കുന്നതും ആദ്യമായാണല്ലോ.  തവിട്ടുനിറമുള്ള മൺവഴികൾ അവസാനിക്കുന്നത് ഒരു ചെറിയ അരുവിയുടെ തീരത്താണ്. അവിടെ നിന്നും  മഞ്ഞിന്റെ 'വെളുത്ത'  വഴികൾ  തുടങ്ങുന്നു. ഇടയ്ക്കിടെ ഇരുണ്ട പച്ചനിറങ്ങളിൽ കുറെ പൈൻ മരങ്ങളും.

യാത്ര തുടങ്ങിയത് മുതൽ ഉയരത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. അതെന്താ ഇപ്പോ ഇതിന് ഇറക്കമില്ലേ എന്നൊന്നും ചോദിക്കരുത്. ഇറക്കം വരും; രണ്ടു ദിവസം കഴിയുമ്പോൾ.  സത്യത്തിൽ നിരപ്പായ സ്ഥലം അങ്ങനെ ഇല്ലെന്ന് തന്നെ പറയാം. മഞ്ഞിൽ നടക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ ആ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെയായി. കാരണം അതിജീവിക്കാൻ ശ്രമിക്കുന്നത് ആ ബുദ്ധിമുട്ടുകളല്ല നമ്മളെ തന്നെയാണ്. മഞ്ഞിൽ ഇടയ്ക്കിടെ കാണുന്ന മരങ്ങൾ ഒഴിച്ചാൽ എല്ലായിടത്തും വെളുപ്പ് തന്നെ. ചിലഭാഗങ്ങളിൽ ചവിട്ടുമ്പോൾ കാലുകൾ ഒരടിയോളം താഴ്ന്നു പോകും. അടുത്ത ചുവട് വയ്ക്കുന്നത് ചിലപ്പോൾ അതിനേക്കാൾ താഴ്ച്ചയിലേക്കായിരിക്കും. ശരിക്കും അതിന് താഴെ എന്താണെന്ന് ആർക്കറിയാം. നടന്നുനടന്നു വൈകുന്നേരത്തിന് മുൻപ് ക്യാമ്പിലെത്തി. ആദ്യദിവസം അവസാനിക്കാറായപ്പോഴേക്കും  മഞ്ഞിന്റെ വെളുപ്പ് എന്നില്‍ മടുപ്പുണ്ടാക്കിയിരുന്നു. അധികം വൈകതെ സൂര്യൻ 'എവിടെയോ' അസ്തമിച്ചു. കുറെ നേരം ഞങ്ങള്‍ വെര്‍തെ അവിടെയൊക്കെ നടന്നും മഞ്ഞുവീഴാത്ത മരതടികളിലിരുന്നും സമയം കളഞ്ഞു. അപ്പോഴേക്കും ചായ റെഡിയായെന്ന് ഡൈനിങ്ങ് ടെന്റില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു. എല്ലാവരും കൂടി ഡൈനിങ്ങ് ടെന്റിലേക്ക് നടന്നു. തണുപ്പായതുകൊണ്ടാണോ എന്നറിയില്ല. നല്ല ഉഗ്രന്‍ ചായ.

...............
...............
രാത്രി.

തണുപ്പ് കൂടിവരുന്നുണ്ട്. കാൽവിരലുകൾ യാത്ര തുടങ്ങിയപ്പഴേ മരവിച്ചുതുടങ്ങിയതാണ്. അത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ രാത്രിയിൽ തണുപ്പിന്റെ കാഠിന്യം അസഹ്യമായി. നാളെ ഞാൻ ഉണ്ടാകുമോന്നുള്ള വിദൂരമായൊരു ചിന്ത മനസ്സിലേക്ക് വന്നു. മൈനസ് 15 താപനിലയെ അതിജീവിക്കാനുള്ള ജാക്കറ്റ് എനിക്കുണ്ടായിരുന്നില്ല. നേരത്തെ എടുത്തുവയ്ക്കേണ്ടതായിരുന്നു. അല്ലെങ്കിലും പല കാര്യങ്ങളിലും എനിക്ക് കുറച്ച് ലാഘവത്വം കൂടുതലാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. രാവിലെ തിരികെ പോകുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം ക്യാമ്പ് ചെയ്യുന്നത് ഇപ്പോഴുള്ളതിനേക്കാൾ ഉയരത്തിലുമാണ്.

സുഹൃത്തുക്കൾ താഴെ ബേസ്ക്യാമ്പിൽ നിന്നും ജാക്കറ്റ് കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ഞാൻ അപ്പോഴേക്കും തിരിച്ചു പോരാനുള്ള മനസ്സിലേക്കെത്തിയിരുന്നു. എല്ലാവരും നാളെ രാവിലെ തീരുമാനിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു രാവിലത്തെ കാര്യങ്ങളല്ല രാത്രിയിലെ തണുപ്പാണ് എന്നെ പരീക്ഷിക്കുന്നതെന്ന്. നാളത്തെ ക്യാമ്പിംഗ് എനിക്ക് കടന്നുപോകാൻ കഴിയാതെ ടീം മുഴുവനുമായി തിരിച്ചു വരേണ്ട സാഹചര്യം വന്നാൽ അത് എനിക്ക് കൂടുതല്‍ വിഷമമാകും. ഞാന്‍ കാരണം അവരുടെ യാത്ര മുടങ്ങുവാന്‍ പാടില്ലെന്നുണ്ട്.

..............
..............
ഡൈനിങ്ങ് ടെന്റിൽ ചെന്ന് എല്ലാവരോടുമൊപ്പം രാത്രി ഭക്ഷണം കഴിക്കാനിരുന്നു. വെജിറ്റബള്‍ സൂപ്പും ചപ്പാത്തിയും ദാലും. സൂപ്പര്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ തണുപ്പ് കുറഞ്ഞതുപോലെ. ഡൈനിങ്ങ് ടെന്റിൽ നിന്നും എല്ലവരെക്കാളും മുന്‍പേ പുറത്തുകടന്നു.  മഞ്ഞിന്റെ പൊടികൾ പോലെ ആകാശം നിറയെ നക്ഷത്രങ്ങൾ. അപ്പോൾ എനിക്ക് തോന്നി ഞാന്‍ ഭൂമിയില്‍ നിന്നും അകലെയെവിടെയോ വേറേതോ ഗ്രഹത്തിലാണെന്ന്. ആ കാണുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് ഞാന്‍ താമസിച്ചിരുന്ന ഭൂമി.

...............
...............
ഭക്ഷണം കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. അധികം അകലേക്ക് പോകാതെതന്നെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എല്ലാവരും കൂടി ആ പരിസരത്തൊക്കെ നടന്നു. പിന്നെ കുറച്ച് കഴിഞ്ഞ് ഉറങ്ങാനായി ടെന്റിലേക്ക്. ഡൈനിങ്ങ് ടെന്റിൽ നിന്നും അധികം ദൂരെയല്ലാതെയാണ് ക്യാമ്പിംഗ് ടെന്റുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റില്‍ മൂന്നുപേര്‍. ഓരോരുത്തര്‍ക്കും പ്രത്യേകം സ്ലീപ്പിങ്ങ് ബാഗും സ്ലീപ്പിങ്ങ് ബെഡും. ഇതൊക്കെ ഉണ്ടായിട്ടും എനിക്ക് തണുപ്പിന് കുറവൊന്നുമില്ല.  നേരം  വെളുത്താൽ താഴേക്ക് ഇറങ്ങാമല്ലോ എന്നൊരു  ആശ്വാസത്തിന്റെ പ്രതീക്ഷയിൽ തണുപ്പിന്റെ സൂചിമുനകൾക്കുമുകളിൽ സ്ലീപിങ്ബാഗും നിവർത്തി ടെന്റിൽ ഉറങ്ങാൻ കിടന്നു. തണുപ്പിന്റെ കാഠിന്യം കാരണം ഞാൻ ഉറക്കത്തിലേക്ക് പോകുന്നുണ്ടായിരുന്നില്ല.പേശികളെല്ലാം വലിഞ്ഞിരിക്കുന്നു. ഹൃദയം മാത്രം വലിയ തിരക്കില്ലാതെ ശ്വസിച്ചുകൊണ്ടിരുന്നു. വെപ്രാളപെട്ടാൽ കൈവിട്ടുപോകുമെന്ന് ഹൃദയത്തിന് തോന്നിയിരിക്കണം. എങ്ങിനെയെങ്കിലും നേരം വെളുക്കുന്നതുവരെ പിടിച്ചു നിൽക്കണമെന്ന് രാത്രി മുഴുവൻ ഞാൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.  ആകാശത്ത്  നിന്നും ഭൂമിയിലേക്ക് തീ കൊണ്ടുവന്ന പ്രോമിത്യുസ്സിനെ പോലെ ആരെങ്കിലും കുറച്ചു ചൂടും  വെളിച്ചവുമായി വരുന്നുണ്ടോന്നറിയാൻ ഞാൻ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് ശ്രദ്ധിച്ചു. ജ്യോതിയും വന്നില്ല തീയും വന്നില്ല.. നേരം പുലരാൻ ഇനിയും എത്രയോ നാഴികകൾ ബാക്കിയാണ്.

.................
.................
രാവിലെ തണുപ്പ് കുറച്ചു കൂറവുണ്ട്. മഴ ഉണ്ടെങ്കിൽ ഇടാൻ വച്ചിരുന്ന റെയ്ൻ കോട്ട് എടുത്തിട്ട് പുറത്തിറങ്ങി. ഇപ്പോൾ തണുപ്പിൽ നിന്നും കുറച്ചുകൂടി ആശ്വാസം ഉണ്ട്. സൂര്യൻ ഉദിക്കുന്നേയുള്ളൂ. ഞാൻ വിചാരിച്ച സ്ഥലത്തല്ല സൂര്യൻ ഉദിച്ചത്. പുള്ളിക്ക് ഇഷ്ടമുള്ള സ്ഥലത്താണെന്ന് തോന്നുന്നു. കിഴക്കേത് പടിഞ്ഞാറേത് എന്ന് മനസിലാകാത്ത അവസ്ഥ.

എല്ലാവരും അടുത്ത ക്യാമ്പ് സൈറ്റിലേക്ക് പോകാന്‍ തയ്യാറായി വന്നു.
കുറച്ചുകഴിഞ്ഞ് ഒരു ഗൈഡ് വരുമെന്നും അദേഹം എന്നെ താഴേക്ക് കൊണ്ടുപോകുമെന്നും ക്യാമ്പ് ഡയറക്ടര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച്  യാത്ര പറഞ്ഞു പിരിഞ്ഞു.  അവർ രണ്ടാമത്തെ ക്യാമ്പിന്റെ  ഉയരങ്ങളിലേക്ക് പോകുന്നു. ഞാൻ തിരികെ എന്റെ പ്രതീക്ഷകളിലേക്കും.

അവർ പോയതിന് ശേഷം കടലിൽ ഒറ്റപെട്ട അവസ്ഥയായിരുന്നു എനിക്ക്. കുറച്ചുകഴിഞ്ഞ്  വരുമെന്ന പറഞ്ഞ ആള്‍ ഇതുവരെ എത്തിയിട്ടില്ല.  ചുറ്റും വെളുത്ത കടൽ പോലെ മഞ്ഞ്. ഞാൻ കണ്ണുകളടച്ചുകിടന്നു. എനിക്ക് ആ മഞ്ഞിൽ പുതഞ്ഞു കിടക്കണമെന്ന് തോന്നി. മരവിച്ചു കിടക്കാൻ. ആരും ശല്യപ്പെടുത്താതെ ആരാലും കാണപ്പെടാതെ യുഗങ്ങളോളം മഞ്ഞിന്റെ ആഴങ്ങളിൽ ഉറങ്ങാം. കണ്ണു തുറന്നപ്പോള്‍  തിരമാലകൾ പോലെ എനിക്കുമുന്നിൽ മഞ്ഞുമലകൾ ഉയർന്നും താഴ്ന്നും ഒഴുകുന്നു. വലിയ ചുഴികൾ രൂപപ്പെടുന്നു. കാഴ്ച്കള്‍ എന്നെ ഭയപെടുത്തി.  ഉന്മാദത്തിന്റെ തീരങ്ങളെ തൊട്ട് കടന്നുപോയതായിരിക്കും ഞാനപ്പോള്‍.  

രണ്ടുമൂന്നുമണിക്കൂറെങ്കിലും കഴിഞ്ഞ് ഞാന്‍ ആ മഞ്ഞിലൂടെ വെറുതെ നടന്നു. ഉള്ളിലെവിടെയോ ഒരു ചെറിയ ഭയം, വിശാലമായ ആ മഞ്ഞുകടലില്‍ ഞാന്‍ മാത്രമായിരിക്കുന്നത്കൊണ്ട്.

.................
.................
ഉച്ച കഴിഞ്ഞിട്ടും എന്നെ താഴെ  ബേസ്ക്യാമ്പിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ ഗൈഡ് വന്നിട്ടില്ല. ഇനിയും കാത്തുനിന്നാൽ പ്രശ്നമാണ്. വഴിയറിയില്ലയെങ്കിലും രാത്രി ഒറ്റയ്ക്ക് ഈ മലയിറങ്ങേണ്ടി വരുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ തനിച്ചു പുറപ്പെടുന്നതാണ് തോന്നി. മലമുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനും മറ്റുമായി കോവർകഴുതകൾ സഞ്ചരിച്ച് വഴിയെല്ലാം തെളിഞ്ഞു തന്നെ കിടപ്പുണ്ട്. അതുകൊണ്ട് വഴി തെറ്റാൻ സാധ്യതയില്ല. എന്നാലും ഒറ്റയ്ക്ക് നടന്നുപോകുന്നതിലെ ആശങ്ക എന്നിൽ വേണ്ടുവോളമുണ്ടായിരുന്നു. ഹിമപ്പുലികളൂം കരടികളുമൊക്കെ എവിടെയാണുള്ളതെന്ന് ആര്‍ക്കറിയാം. എങ്കിലും തിരികെ ഇറങ്ങി  തുടങ്ങിയതിൽപിന്നെ എന്റെ മനസ്സ് ശാന്തമായിയിരുന്നു. മഞ്ഞിന്റെ വഴികൾ മാഞ്ഞുപോകുകയും തെളിഞ്ഞു വരുകയും ചെയ്തുകൊണ്ടിരുന്നു.  തിരികെ നടന്ന വഴികളത്രയും ഞാൻ എന്നെ ശ്രദ്ധിച്ചിട്ടില്ല.  ഉയരത്തിലെത്താതെ തിരിച്ചു പോരേണ്ടിവന്നതിലേക്കും ഞാൻ അപ്പോൾ നോക്കിയില്ല.  മഞ്ഞിൽനിന്നും തന്നെ ഉറവയെടുത്ത ഒരു അരുവിപോലെ അതിൽ നിന്നും വേറെയല്ലാതെതന്നെ പതിയെ ഒഴുകുകയായിരുന്നു.


ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തിരികെ വന്ന വഴികളില്‍
ഞാൻ തീര്‍ച്ചയായും തനിച്ചായിരുന്നില്ലെന്ന് തോന്നുന്നു.

Wednesday, March 4, 2020

ഞാൻ വന്ന് വിളിച്ചാൽ നീ എന്റെ കൂടെ വരുമോ.?

ഉം..വരും
..
..
നമുക്ക് ഒളിച്ചോടിപോയി ഒരു കാപ്പി കുടിക്കണം.
പ്രണയത്തിന് കാപ്പിയുടെ മണമാണ്.

Sunday, March 1, 2020

ശിശിരനിദ്ര

നല്ല തിരക്കുള്ള ഒരു ദിവസമാണ് അവൾ ബാങ്കിൽ വന്നത്. ഇതിന് മുൻപ് എപ്പോഴെങ്കിലും അവർ ബാങ്കിൽ വന്നിട്ടുണ്ടോയെന്ന് ഓർമയില്ല. അല്ലെങ്കിലും സ്ഥിരമായി വരുന്നവരെ പോലും തനിക്കു ഓർമയിലല്ലോ എന്ന് മോഹിത് ഓർത്തു. എപ്പോഴും വരുന്നവരിൽ നിന്നും വ്യത്യസ്തമായി എങ്ങിനെയാണ് അവൾ തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് അയാൾ ചിന്തിക്കാറുണ്ട്. മിക്കവാറും ബാങ്കിംഗ് സമയം കഴിയുന്നതിന് തൊട്ടുമുൻപാകും അവർ വരുന്നത്. ബാങ്കിൽ വന്നു വെപ്രാളപ്പെട്ട് എഴുതുന്നത് കാണുമ്പോൾ സമയം കഴിയാറായാലും അവർക്ക് വേണ്ടി കുറച്ചുകൂടി കാത്തിരിക്കാൻ താൻ തയ്യാറാണെന്ന് അവരോട് പറയണമെന്ന് തോന്നും. പക്ഷെ ഇതുവരെ ഒരു സ്ത്രീയോടും അങ്ങനെ തുറന്ന് സംസാരിച്ചു ശീലമില്ലാത്തതിനാൽ അതൊന്നും പുറത്തേക്ക് വന്നില്ല.

തിരികെ താമസസ്ഥലത്തേക്ക് പോകുമ്പോൾ അയാൾ തന്റെ അമ്മയെ ഓർത്തു. ജോലിയുടെ തിരക്കുകൾ കാരണം വീട്ടിലേക്ക് പോകാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഈ പ്രായത്തിലും അമ്മയെ ഇങ്ങനെ തനിച്ചാക്കേണ്ടിവരുന്നതില്‍ കുറ്റബോധം തോന്നി. അതിരാവിലെ താമസസ്ഥലത്തു നിന്നും പുറപ്പെട്ടാലേ വൈകിട്ടെങ്കിലും വീട്ടിലെത്തൂ. പിന്നെ ഒരു ദിവസം അവധി എടുക്കാതെ അവിടുന്ന് തിരിച്ചു വരാനും പറ്റില്ല. അമ്മയ്ക്കാണെങ്കിൽ പണ്ടത്തെ പോലെയല്ല. താൻ അടുത്തില്ലാത്തതിന്റെ ആശങ്ക ഇപ്പോൾ കൂടുതലാണ്. അതുകൊണ്ട് എന്തായാലും ഈ ആഴ്ചയവസാനം വീട്ടിൽ പോകണമെന്ന് മോഹിത് തീരുമാനിച്ചു.

"ഇവിടെ അടുത്താണോ ബീച്ച്."

അവളുടെ ആ ചോദ്യം കേട്ടെങ്കിലും അത് തന്നോട് തന്നെയാണോ എന്നുറപ്പാക്കാൻ അയാൾ കുറച്ചു സമയമെടുത്തു.

"ഇവിടുന്ന് എത്ര ദൂരമുണ്ട്?."

ചോദ്യം തന്നോട് തന്നെ.

"രണ്ടു കിലോമീറ്റർ."

"നടന്നുപോകാനാണെങ്കിൽ ഇവിടെ നിന്നും ഒരു ഇരുപത് മിനിറ്റെങ്കിലും എടുക്കും"

അവരുടെ കണ്ണുകളിലേക്ക് നോക്കാതെയാണ് അത് പറഞ്ഞത്. എന്തിനാണ് താൻ ഇപ്പോഴും സ്ത്രീകളുടെ മുഖത്ത് നോക്കാൻ ഭയപെടുന്നതെന്ന് അയാളോർത്തു.

പിന്നീട് പല ദിവസങ്ങളിലും ബർസ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. പതിയെ അയാൾക്കുണ്ടായിരുന്ന മാനസികമായ ആ ഉൾവലിവ് നഷ്ടപ്പെട്ടു. അവൾ എല്ലാ ദിവസവും ബാങ്കിൽ വന്നിരുന്നെങ്കിലെന്ന് മനസ്സിൽ ആഗ്രഹിക്കുകയും ചെയ്തു.

"ഒരു ദിവസം നമുക്ക് ഒരുമിച്ച് പോയാലോ"
അവളുടെ ചോദ്യം പെട്ടന്നായിരുന്നു.

"എവിടെ?
ബീച്ചിൽ !
ഇതുവരെ പോയില്ലേ?
ഇല്ല,  തനിച്ചു പോകാൻ തോന്നിയില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ"

ബാങ്കിൽ നിന്നും വളരെ ദൂരെയൊന്നുമല്ലെങ്കിലും താൻ ഒരിക്കൽ പോലും കടല് കാണാൻ പോയിട്ടില്ല. പോകണമെന്ന് ആലോച്ചിക്കുമ്പോഴൊക്കെ മനസ്സിലേക്ക്  എന്താണെന്നറിയാതെ ഒരു വിഷമം വരും.

ബർസയുടെ കൂടെ നടക്കുമ്പോഴും മോഹിത്  തന്റെ മനസിനെ കുറിച്ചോർത്തു ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് താൻ ഇപ്പോഴും തനിച്ചു നടക്കാൻ ഇഷ്ടപെടുന്നതെന്ന്. തന്റെ അപകർഷതാബോധത്തിൽ നിന്നും രക്ഷപെടാൻ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അയാൾക്ക് മനസിലാകുന്നുണ്ട്. അല്ലെങ്കിലും ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ തനിക്ക് പുതിയതാണല്ലോ.

വെളുത്ത മണൽത്തരികൾ ചെരിപ്പിനിടയിൽ കുടുങ്ങി കാൽപാദങ്ങളെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

"നമുക്ക് എവിടെയെങ്കിലും ഇരിക്കാം."

അവൾ തന്റെ മണൽ മൂടിയ കാൽപാദങ്ങളെ നോക്കി പറഞ്ഞു. സായാഹ്നനിറങ്ങളിൽ അവളുടെ കൺപീലികൾ അരുണാഭമായി തിളങ്ങുന്നുണ്ടായിരുന്നു, മയില്‍പീലികള്‍ പോലെതന്നെ.

കടൽത്തീരത്ത്  ഇരിക്കുമ്പോഴാണ് ബർസ അവളുടെ വീട്ടിലേക്ക് ഒരിക്കൽ പോകാമെന്ന് പറഞ്ഞത്. 

"മോഹിതിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് .
അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞു. 
കണ്ടു സംസാരിച്ചിട്ട് എല്ലാം തീരുമാനിക്കാമെന്ന്.."

എന്ത്‌ കാര്യമാണ് തന്നെ കുറിച്ച് ബർസ പറഞ്ഞിട്ടുണ്ടാവുകയെന്ന് ഓർത്തെങ്കിലും അതേകുറിച്ച് ഒന്നും ചോദിച്ചില്ല.

തിരമാലകൾ തുടർച്ചയായി കരയിലേക്ക് വന്നുകൊണ്ടിരുന്നു. എന്തിനാണ് തിരകൾ പിന്നെയും പിന്നെയും കരയിലേക്ക് വരുന്നതെന്ന് അയാളോർത്തു. എന്നാലും എന്തായിരിക്കും ബർസ തന്നെകുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ടാവുക. വിവാഹത്തെ കുറിച്ചാകുമോ. അതിനും മാത്രം അടുപ്പം തങ്ങള്‍ തമ്മില്‍ ഇല്ലല്ലോ. ഇതുവരെ താൻ അങ്ങനെയൊന്നും  ആലോചിച്ചിട്ടില്ല.  വിവാഹത്തെക്കാളും മുന്നേ അറിഞ്ഞുപോകേണ്ട എത്രയോ കാര്യങ്ങളുണ്ട്. പ്രണയത്തിനും മുൻപേ ഉണ്ടാകേണ്ട അടുപ്പത്തെകുറിച്ചും വെളിപ്പെടുത്തലുകളെക്കുറിച്ചുമാണ് താൻ ചിന്തിക്കുന്നത്.

തിരികെ റൂമിലേക്ക് നടക്കുന്നതിനിടയിൽ അയാൾ ബർസയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവൾ തന്റെ ജീവിതത്തിലേക്ക് വരുന്നതിനെക്കുറിച്ച്. എന്തെക്കെയോ സന്ദേഹത്തോടെയാണ് അയാൾ ഉറങ്ങാൻ കിടന്നത്. ഉണർന്നപ്പോൾ ബർസയുടെ മെസ്സേജ് ഉണ്ടായിരുന്നു.
"വൈകിട്ട് നമുക്ക് എവിടെയെങ്കിലും കണ്ടാലോ".

ബാങ്കിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. വൈകുന്നേരം ഇറങ്ങിയപ്പോഴേക്കും ഒരുപാട് വൈകി. റൂമിൽ ചെന്ന് കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി വെറുതെ പുറത്തേക്കിറങ്ങാമെന്നോർത്തപ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.

"ഇന്ന് വിളിച്ചില്ലല്ലോ"

അപ്പോഴാണ് മോഹിത് വൈകിട്ട് ബർസ കാണാമെന്ന് പറഞ്ഞ കാര്യമോർത്തത്.
തന്റെ ഓർമ്മകൾ വഴിമാറിപോയതോർത്തപ്പോൾ  അയാൾക്ക് വിഷമമായി. നാളെ എന്തായാലും അവളെ കാണണം.

പിറ്റേന്ന് അതിരാവിലെ ഉണർന്നെങ്കിലും കുറെ നേരം കൂടി വെറുതെ കിടന്നു. പിന്നീട് പെട്ടെന്നെന്തോ ഓർമ്മവന്നതുപോലെ അയാൾ റെഡി ആയി ഓഫിസിലേക്കിറങ്ങി. നിഴലുകൾക്ക് മുകളിലൂടെ നടന്നുതുടങ്ങി. പരിചിതമല്ലാത്ത ഏതോ വഴിയിലൂടെയാണ് താൻ ഇപ്പോൾ നടക്കുന്നതെന്ന് അയാൾക്ക് തോന്നി. ഈ നഗരത്തിൽ വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെങ്കിലും ബാങ്കിലേക്ക് പോകാൻ താൻ എപ്പോഴും സ്ഥിരമായി ഒരു വഴി മാത്രമാണ്  തിരഞ്ഞെടുക്കാറുള്ളതെന്ന് അയാൾ ഓർത്തു. ഇന്നേതായാലും ഈ പുതിയ വഴിയിലൂടെ തന്നെ പോയിനോക്കാം.

ബാങ്കിലേക്ക് കടന്നപ്പോൾ മോഹിത് വാച്ചിലേക്ക് നോക്കി. പത്ത് മണി ആകുന്നേയുള്ളൂ. വൈകാതെ ബാങ്കിൽ എത്തിയതിൽ അയാൾക്ക് ആശ്വാസം തോന്നി.

"ഇന്നലെ ബാങ്കിൽ കണ്ടില്ലല്ലോ"

ബർസയാണ്   കൗണ്ടറിന്റെ പുറത്ത് നിന്നും തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്.

"ഇന്നലെ നല്ല സുഖമില്ലായിരുന്നു."

സന്ദേഹത്തോടെയാണ് മോഹിത് അത് പറഞ്ഞത്. താൻ ഇന്നലെ ബാങ്കിൽ വന്നില്ലേ  എന്ന് അയാൾ തന്നോടുതന്നെ ചോദിക്കുകയും ചെയ്തു.

ദിവസങ്ങൾ കഴിയുംതോറും മോഹിത് ബാങ്കിൽ പോകുന്നത് കുറഞ്ഞുവന്നു. ബാങ്കിൽ നിന്നും വിളിക്കുമ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുക്കാൻ തുടങ്ങി. തുടർച്ചയായി അങ്ങനെ ലീവ് എടുത്ത് റൂമിലിരുന്ന ഒരു ദിവസം രാത്രിയിലാണ് ഫോൺ വന്നത്.

"ഹലോ "
"ആരാണ്"
"ഞാൻ..
ഞാൻ ബർസയാണ്."

മുൻപ് എപ്പോഴെങ്കിലും അങ്ങനെയൊരു പേര് കേട്ടതായി ഓർക്കാത്തത് പോലെ മോഹിത് വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിച്ചു.

നീണ്ടൊരു നിശബ്ദതയ്ക്കു ശേഷം കോൾ കട്ടായി.

ആരാണ് വിളിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഹിത് മുറിയിലെ ജനാലകൾ തുറന്നിട്ട് പുറത്തേക്ക് നോക്കിനിന്നു. നേരം വളരെ വൈകിയിരുന്നു. ഇരുട്ടിന്റെ സമുദ്രത്തിൽ നങ്കൂരമിട്ട കപ്പലുകൾ പോലെ ആകാശത്ത് നക്ഷത്രങ്ങൾ ഇടവിട്ട്  തിളങ്ങുന്നുണ്ടായിരുന്നു.  ശിശിരകാലം തുടങ്ങുന്നതേയുള്ളൂ. തണുപ്പ് എല്ലായിടത്തേക്കും എത്തിയിട്ടില്ല. തണുത്ത കാറ്റിൽ നിദ്രയുടെ ചിറകടികൾ കേൾക്കുന്നുണ്ട്. അവ്യക്തമായ കുറെ ഓർമ്മകളോടെ മോഹിത് ബെഡ്റൂമിലേക്ക് ചെന്ന് വെറുതെ കിടന്നു.  വൈകാതെ ഓര്‍മ്മകളൂടെ ഭാരം കുറഞ്ഞ് ശിശിരനിദ്രകളിലെന്നപോലെ  ദീർഘകാല സുഷുപ്തിയുടെ നീണ്ട മറവിയിലേക്ക് മോഹിത് യാത്ര തുടങ്ങി.

.. 
ഉണർന്നാൽ മോഹിത് പുതിയൊരു മനുഷ്യനായിരിക്കും. ഓർമകളുടെ അധികഭാരങ്ങളില്ലാതെ ജനിച്ച ഒരു കുഞ്ഞിനെപോലെ.

Thursday, February 27, 2020

രാജാവ് തന്റെ സംശയം സന്യാസിയോട് പറഞ്ഞു,  ഞാന്‍ കുറച്ച് ദിവസമായി സ്വപ്നത്തില്‍ ഒരു കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ടായിരുന്നു.. ദിവസം കഴിയും തോറും ആ ശബ്ദത്തിന് തെളിച്ചം കൂടി വന്നുകൊണ്ടിരുന്നു. പക്ഷെ എന്തോ ഇന്നലെ ഞാനത് കേട്ടില്ല!!.

കുറച്ചൊന്നു ആലോചിച്ചതിനു ശേഷം സന്ന്യാസി രാജാവിനോട് പറഞ്ഞു.

ഇന്ന് രാത്രി അങ്ങ് മരിക്കും.


??

Friday, February 21, 2020

പുനർജന്മത്തിലൊന്നും എനിക്ക് തീരെ വിശ്വാസമില്ലായിരുന്നു..,
നിന്നെ കാണുന്നതുവരെ. 

ഇനിയിപ്പോള്‍ എനിക്കതില്‍ വിശ്വസിക്കാതിരിക്കാനാവില്ലല്ലോ

Monday, February 10, 2020

ഇനിയും  ഒരുപാട്  ദൂരം  പോകാനുണ്ടെന്ന്  അവളുടെ  ചുണ്ടുകൾ. 
എന്നിലേക്കും  നിന്നിലേക്കും  ഒരേ  ദൂരം  തന്നെയെന്ന്  ഞാനും. 
ആ  സമയങ്ങളിൽ  ഞങ്ങൾ  ശ്വസിച്ചത്  ചുണ്ടുകളിലൂടെയായിരുന്നു.

Thursday, January 30, 2020

വനത്തിലൂടെ  ഒരു  പുഴയൊഴുകുന്നു.

തനിച്ചല്ല.

ഉറവയായി  മാറും  മുൻപേ  മരത്തിന്റെ  ശിഖരങ്ങളിലൂടെ  പിടിവിടാതൊഴുകി  മണ്ണിൽ ചേരുവോളം  ചിത്രശലഭങ്ങളും  പുഴുക്കളും  കൂട്ടുണ്ടായിരുന്നു.  ഉറവയായപ്പോൾ  മണ്ണിരകളും  തവളകളും.   പുഴയായി  തെളിഞ്ഞതിൽ  പിന്നെ  എണ്ണമില്ലാത്തത്രയും  ജീവികൾ  എന്നെ  കാത്തുനിൽക്കുന്നത്  ഞാനറിഞ്ഞു.   അതിൽ  മനുഷ്യരും  ഉൾപെടും.   പിന്നീട്  മീനുകൾ  കൂടെ  വന്നു.   ഇരുട്ടിൽ  വഴിയറിയാതെ  ഒഴുകുമ്പോൾ  മിന്നാമിനുങ്ങുകൾ  വഴികളായി.

Monday, January 27, 2020

എനിക്ക് പോകാൻ കഴിയാത്തതിൽ വിഷമമില്ല.  യാത്ര മുന്നോട്ടായാലും പിന്നോട്ടായാലും അതിലെ ഓരോ നിമിഷവും അനിർവചനീയമായ ഒരു തുടക്കമാണ്. ഓരോ നിമിഷത്തിലും 'ഞാൻ' ഉണ്ട് എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും.  അതിന് ഞാൻ മാത്രമല്ലാതൊരു കാരണമുണ്ടാകും.  അത് നീയാകാം.  നിന്റെ അംശമുള്ള പ്രകൃതിയാകാം  മറ്റു പലരുമാകാം,  പലതുമാകാം.  ഇതുപോലെ നിന്റെ ശ്രദ്ധ എല്ലായിടത്തും ഉണ്ടെന്നുള്ളതാണ് എന്റെ സന്തോഷം.

വട്ടവടയിൽ ചെന്ന് കുറച്ച് അന്വേഷിച്ചപ്പോൾ അയാളെ കണ്ടെത്തി.  തന്നിരിക്കുന്ന ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.  പിന്നെ നേരത്തെ സംസാരിച്ചത് വച്ചു അന്വേഷിച്ചപ്പോൾ മുത്തുവിന്റെ പച്ചക്കറി തോട്ടം കണ്ടെത്തുകയും അയാളോടൊപ്പം അവിടെയാകെ ഒന്ന് സഞ്ചരിക്കുകയും ചെയ്തു.  അയാളാണ് ഞങ്ങൾക്ക് വട്ടവട നിന്നും  ക്ലാവര,  പൂണ്ടി വഴി കൊടൈക്കനാലിലേക്ക് പോകുന്നതിന് വേണ്ട നിർദേശങ്ങളും മറ്റും നൽകിയത്.  കുറച്ച് നേരം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഞങ്ങൾ പുറപ്പെടാൻ തയ്യാറായി.  പോകുന്നവഴി ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കോവിലിൽ പ്രാർഥിച്ചിട്ട് വേണം പോകാനെന്നു പ്രത്യേകം പറഞ്ഞിരുന്നു.  അവിടെയുള്ള എല്ലാവരും മല കയറുന്നതിനു മുൻപ് അവിടെ പ്രാർഥിച്ചിട്ടാണ് പോകാറുള്ളതെന്നും അല്ലാതെ പോയാൽ പോയ കാര്യം സാധിക്കാതെ തിരികെ വരേണ്ടിവരുമെന്നുമാണ് അവരുടെ വിശ്വാസം.  എന്തായാലും ഈ കോവിലിൽ പ്രാർത്ഥിക്കുന്ന  കാര്യം മറന്നു പോയി.  പിന്നെ യാത്ര മുഴുമിപ്പിക്കാതെ തിരിച്ചു ഗ്രാമത്തിലെത്താറായപ്പോഴാണ് ഞാൻ ഈ കാര്യം ഓർക്കുന്നത് തന്നെ.  ഓർത്തതും കോവിൽ കണ്ണിൽപെട്ടതും ഒരുമിച്ചാണ്.  അതിനു മുന്നിൽ കുറച്ചു നേരം നിന്നു.  യാത്ര തുടങ്ങിയപ്പോൾ ഇവിടെ വന്നു പ്രാർത്ഥിക്കാതെ പോയതുകൊണ്ടാവുമോ ഞങ്ങൾ വിചാരിച്ച പോലെ യാത്ര പൂർത്തിയാക്കാതെ തിരികെ വരേണ്ടി വന്നതെന്ന് ഞാനോർത്തു.  അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ ഞാൻ നിർബന്ധിക്കപെടുന്നത്  പോലെ.  എങ്കിലും ഞാൻ ചിന്തിക്കുന്നത് വേറൊന്നാണ്.  

Sunday, January 19, 2020

ഒരു  മൈക്രോസ്കോപ്പിൽ  കാണുന്നത്ര  ചെറുതായ  നിന്റെ  മുറിവുകൾ  നീ  കാണിക്കുമ്പോൾ  ഞാൻ  നിന്റെ  അടുത്തിരുന്ന്  ആശ്വസിപ്പിക്കുന്നത്  ഞാൻ  നിന്റെ  കൂടെ  എപ്പോഴും  ഉണ്ടാകുമെന്ന്  പറയാതെ  പറയുന്നതാണ്.   അല്ലാതെ  ഞാനില്ലെങ്കിൽ  നിനക്ക്  ഇതൊന്നും  അതിജീവിക്കാനാവില്ല  എന്നൊരു  തെറ്റിദ്ധാരണ  ഉള്ളതുകൊണ്ടല്ല.  


Thursday, January 9, 2020

സത്യത്തിൽ  ഞാൻ  ഉറങ്ങുകയോ  ഉണരുകയോ  ചെയ്യുന്നില്ല.   ഉറക്കം  പതുങ്ങി  വന്ന്  എന്റെ  കണ്ണുകൾക്കുള്ളിലിരുന്ന്  ഉറങ്ങുന്നു.    രാവിലെയാകുമ്പോൾ   'ഉറക്കം'   ഉണർന്ന്  ആരോടും  പറയാതെ  വന്ന  വഴിയേ  തിരികെ  പോകുന്നു.  

? ?  

.................................

അങ്കമാലിയിലെ  അമ്മാവൻ  ആരാണെന്നാ  പറഞ്ഞത് !!


Wednesday, January 1, 2020

രാത്രി ഏറെ വൈകിയാണ് അവിടെനിന്നും പുറപ്പെട്ടത്.   അതുകൊണ്ടുതന്നെ വഴികൾ പല ഭാഗത്തും വിജനമായിരുന്നു.   മഴപെയ്തൊഴിഞ്ഞ വഴികളിൽ വിളക്കുകാലുകൾക്ക് താഴെ വെളിച്ചം പരന്നൊഴുകിയിരുന്നു.   ചില ഭാഗങ്ങളിൽ വെളിച്ചം ചെറിയ തുരുത്തുകൾപോലെ അനാഥമായി കാണപ്പെട്ടു.

കായലിന് സമാന്തരമായാണ് നഗരത്തിലേക്കുള്ള ആ റോഡ്  കടന്നുപോകുന്നത്.    കുറച്ചുദൂരം കൂടി മുന്നോട്ട്പോയി നഗരത്തിലേക്കുള്ള പാലത്തിന്  മുന്നിൽ വഴി അവസാനിക്കും.   നഗരവെളിച്ചം പ്രതിഫലിക്കുന്ന കായലിന് കുറുകെ ഒരു കറുത്ത തുരങ്കം പോലെ ആ പാലം നഗരത്തിലേക്ക് നീണ്ടുകിടന്നു.

പാലത്തിലേക്ക് കയറിയപ്പോൾതന്നെ വെളിച്ചമില്ലാത്ത ഒരു ഇടിവാൾ,   ശബ്ദം മാത്രമായി തന്റെ വലതുവശത്ത് കായലിലേക്ക് പതിച്ചതായി അവന് തോന്നി.   നല്ല മഴക്കോളുണ്ടായിരുന്നത്കൊണ്ട് നക്ഷത്രങ്ങളില്ലാതെ ആകാശം പതിവിലും ഇരുണ്ടിരുന്നു.   പാലത്തിന് മദ്ധ്യത്തിൽ എത്തിയപ്പോഴുണ്ടായ  ശക്തമായ മിന്നലില്‍  ആ പ്രദേശമാകെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞ്,   നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഇരുട്ടിലേക്ക് മറഞ്ഞു.    ആ ഒരു നിമിഷം,    അവന്റെ കണ്ണുകൾ പാലത്തിന്റെ കൈവരികളിൽ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയെയും അവരുടെ നെഞ്ചിൽ കിടക്കുന്ന ഒരു കുഞ്ഞിനേയും കണ്ടതുപോലെ.   പിന്നീട് ഒരിക്കൽ കൂടി അവിടേക്ക് നോക്കിയെങ്കിലും കനത്ത ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല.

അവൻ  കൈവരിയുടെ ഓരത്തുകൂടി അവരെ കണ്ട സ്ഥലത്തേക്ക്  വേഗത്തില്‍  നടന്നു.   അവിടെ അങ്ങനെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല.   ആ ഇരുട്ടിൽ കുറച്ചുനേരം പുഴയിലേക്ക് തന്നെ നോക്കിനിന്നു.   തിരികെ പോരാൻ നേരത്ത് വീണ്ടും ഒരു  ഇടിമിന്നലിൽ ആ പ്രദേശമാകെ തിളങ്ങുകയും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഒരു കുഞ്ഞിന്റെ ഞരക്കം പോലൊരു കനം കുറഞ്ഞ ശബ്ദം അവന്റെ കാതുകളിൽ വീഴുകയും ചെയ്തു.


continue..