Tuesday, December 28, 2021

നിന്നെക്കുറിച്ചോർക്കാത്ത ഒരു നിമിഷം പോലും എന്നിലില്ല.
 .... 
..
.. 
നിനക്കെങ്ങനെ ഇത്ര മനോഹരമായി 
 കള്ളം പറയാൻ കഴിയുന്നു.!

Monday, December 20, 2021

ഞാനാലോചിക്കുന്നു. 
എപ്പോഴാണ് എന്നിൽ പ്രണയം സംഭവിച്ചത്. 

പ്രണയം കാലങ്ങളിലൂടെ എന്നിലേക്ക് കൈമാറി വന്നതാണെന്ന് ഞാൻ വിചാരിക്കുന്നു. അത് ഒരിക്കലും വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാത്രമുള്ളതല്ല. എനിക്ക് ചുറ്റുമുള്ളതിൽ അതുണ്ടായിരുന്നു. ഒരു പകലിനോട് രാത്രിയോട് ഏകാന്തതയോട് മഴയോട് വെയിലോട് മഞ്ഞിനോട് ഒരു ശബ്ദത്തിനോട് നിശബ്ദതയോട് ഉറക്കത്തോട് സ്വപ്നങ്ങളോട് അങ്ങനെ പലതിലും പലതിനോടും എനിക്കുണ്ടായിരുന്നത് ഇത് തന്നെയാണ്. ഇതൊന്നുമില്ലാതെ ഒരാൾക്ക് എങ്ങിനെ പ്രണയിക്കാനാവും. ഒടുവിൽ അത് എനിക്ക് മുന്നിൽ, എനിക്ക് മനസിലാക്കാനാവും വിധം പ്രകടമായത് നിന്നിലൂടെയാണ്.
എന്നിലുണ്ടായിരുന്നത് തന്നെ. എന്നിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണെന്ന് . .

Wednesday, December 15, 2021

മൗനത്തിന്റെ പ്രത്യേകത; 

അത് പറയാൻ പറ്റില്ലെങ്കിലും 
രണ്ടും പേർക്കും 
ഒരുപോലെ 
കേൾക്കാൻ പറ്റുമെന്നതാണ്. !!

Monday, December 6, 2021

പുഴയിലേക്ക് നടന്ന് 
ഒരു നാലോ അഞ്ചോ ചുവട് കഴിയുമ്പോഴേക്കും 
കാലുകൾ ചെറുതായി ചെളിയിൽ താഴ്ന്ന് തുടങ്ങും. 
ശ്രദ്ധിച്ചാൽ കണങ്കാലുകൾക്ക് മുകളിൽ 
പുഴയുടെ തണുപ്പും 
ഉള്ളംകാലിൽ ചെളിയുടെ ചൂടും 
പ്രത്യേകമായി തന്നെ മനസിലാകും. 
പിന്നെ ചെളിയിൽ നിന്നും കാലുകൾ 
പതിയെ വലിച്ചെടുത്ത് 
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും 
രണ്ടു മൂന്ന് ചുവടുകൾ കൂടി മുന്നോട്ടുവയ്ക്കാം. 
അപ്പോഴേക്കും വെള്ളത്തിന്റെ അടിയൊഴുക്കുകൾ
 നിങ്ങളുടെ കാലുകളെ ഭൂമിയിൽ നിന്നും 
സ്വതന്ത്രമാക്കിയിരിക്കും. 
പിന്നെ നിങ്ങൾ സ്വതന്ത്രരാണ്. 
ആരും നിങ്ങളെ നിയന്ത്രിക്കാനോ 
വഴി തിരിച്ചു വിടാനോ ഇല്ല. 
എന്തിനധികം നിങ്ങൾക്ക് പോലും 
പിന്നെ നിങ്ങളെ നയിക്കാനാവില്ല. 
പുഴയ്ക്ക് മുകളിൽ 
ആയാസമില്ലാതെ ശ്വസിച്ചിരുന്ന കാലങ്ങളെ 
നിങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കും. 
അപ്പോൾ ജീവിതത്തിന്റെ ലാഘവത്വത്തെയും
ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്ന 
ജീവിതത്തിന്റെ ശാന്തതയെയും 
നിങ്ങൾ പ്രണയിക്കും. 
പക്ഷെ അപ്പോഴേക്കും 
ഒരു തിരിച്ചുപോക്ക് ഉണ്ടാകാത്തവിധം 
നിങ്ങൾ അതിന്റെ 
ആഴങ്ങളിലേക്ക് എത്തിയിട്ടുണ്ടാവും. 
അല്ലെങ്കിലും പുഴ അതിന്റെ 
വാത്സല്യപൂർണമായ കൈകളിൽ 
നിങ്ങളെ താങ്ങുമ്പോൾ 
നിങ്ങൾക്ക് എങ്ങിനെ 
അത് കണ്ടില്ലെന്ന് നടിച്ച് 
അതിൽ നിന്നും പോരാനാവും. 

പുഴ പ്രണയം പോലെയാണ്, 
ഒരിക്കൽ അതിലേക്കിറങ്ങിയാൽ 
പിന്നെ തിരിച്ചു പോകാനാവില്ല. 

നിനക്കിതൊക്കെ എങ്ങിനെ അറിയാം.? 

അതൊക്കെയറിയാം . .
മൂന്ന് ദിവസം മുൻപേ ഞാൻ അങ്ങനെയൊന്ന് പോയതാ. !!

Wednesday, December 1, 2021

വാക്ക് പാലിക്കുന്നതിനേക്കാൾ ധൈര്യം വേണം ചില നേരത്ത് അത് പാലിക്കാതിരിക്കാൻ. 

ഇനി നിന്നോട് ഞാൻ മിണ്ടില്ലെന്ന് പറഞ്ഞാലും ഞാൻ മിണ്ടാൻ വരും. ഇനി എന്നോട് നീ മിണ്ടണ്ട എന്ന് ഞാൻ പറഞ്ഞാൽ കുറച്ചുകഴിഞ്ഞ് നീ മിണ്ടണമെന്ന് ഞാൻ ആഗ്രഹിക്കും. ഇനി കാണാൻ വരുന്നില്ല എന്ന് പറഞ്ഞാലും നീ വരുന്ന വഴിയിൽ ഞാനുണ്ടാവും. 

വാക്ക് പറഞ്ഞാൽ പാലിക്കാനുള്ളതാണെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ എന്റെ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.

Sunday, November 21, 2021

പ്രണയത്തിലാകും വരെ ഞാൻ നിന്നെ അറിഞ്ഞുകൊണ്ടിരുന്നു. 
ഇപ്പോൾ, ഞാൻ എന്നെ അറിയുന്നു.

Monday, November 15, 2021

നിന്റെ കൺപുരികങ്ങളുടെ അവസാനത്തെ ചരിവിലാണ് എന്റെ വിരലുകൾ ഇപ്പോഴും. പൂർത്തിയാകാതെ പോയ ഒരു ചിത്രം പോലെയോ മഞ്ഞിൽ മാഞ്ഞു തുടങ്ങിയ ശിശിരമരശിഖരങ്ങൾ പോലെയോയുള്ള തെളിച്ചം കുറഞ്ഞ ആ കറുപ്പ് വരകളിൽ..

Thursday, November 11, 2021

നമുക്ക് പ്രണയിക്കാൻ മാത്രമേ പറ്റൂ. 
പരസ്പരം ആശ്വസിപ്പിക്കാൻ കഴിയില്ല.

Monday, November 1, 2021

നിറങ്ങൾ പോലെ മനുഷ്യരും വ്യത്യസ്തമായിരിക്കുന്നു. 

ഏതൊക്കെ നിറങ്ങൾ ചേരുമ്പോഴാണ് പുതിയ നിറങ്ങൾ ഉണ്ടാകുന്നത്. അതുപോലെ മനുഷ്യരുടെ basic സ്വഭാവങ്ങളും പുറത്തേക്ക് വരുന്ന സ്വഭാവങ്ങളും മാറും. പ്രൈമറി കളറും സെക്കന്ററി കളറും ടെർട്ടിയറി കളറും കഴിഞ്ഞാണ് ശരിക്കും മനുഷ്യരുടെ സ്വഭാവത്തിന്റെ തനിമ തുടങ്ങുന്നത്. പിന്നെ ഇതെല്ലാം കഴിഞ്ഞ് 4th factor അവരുടെ സാഹചര്യങ്ങളിൽ കറുപ്പും വെളുപ്പും പോലെ അത് കൂടുതൽ expose ആകുകയോ silent ആകുകയോ ചെയ്യുന്നു. കൂടുതൽ ആളുകളും മറ്റുള്ളവരെ മനസിലാകുന്നത് മൂന്നാമത്തെ കോമ്പിനേഷൻ വരെയാണ്. അതിൽ നിന്നും ആളുകളെ പൂർണമായും അവർക്ക് മനസിലായെന്ന് അവർ പറയും. എന്നാൽ പ്രധാനപെട്ട മനസിലാക്കലുകളിലേക്ക് അവർ കടന്നിട്ടേയുണ്ടാവില്ല. 

 നിറങ്ങൾ ചേരുന്നതുപോലെ മനുഷ്യരുടെ അടിസ്ഥാന സ്വഭാവങ്ങൾ ചേർന്ന് വ്യക്തിത്വവും പ്രകടനതയും വ്യത്യാസപ്പെട്ടിരിക്കുന്നു

Monday, October 25, 2021

എനിക്ക് എന്നോട് കള്ളം പറയാനാവില്ല ; 

നീയെന്നെ തിരക്കുകൾക്കിടയിൽ കണ്ടുമുട്ടിയേക്കാം.
പക്ഷെ തനിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 

നീ നോക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ മുറിയിലാണ്. 
പക്ഷെ എനിക്ക് പുറത്തേക്ക് യാത്ര ചെയ്യാനാണ് ആഗ്രഹം. 

എനിക്ക് എന്റെ ജോലി ചെയ്യണമെന്നുണ്ട് 
പക്ഷെ എനിക്ക് ഇപ്പോൾ വെറുതെയിരിക്കാനാണ് തോന്നുന്നത്. 

ഞാൻ തുടർച്ചയായി പുസ്തകങ്ങൾ വായിക്കാറില്ല.
പക്ഷെ ഒരു പുസ്‌തകമെങ്കിലും കൂടെയില്ലാതെയിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ മാസങ്ങളോളം വായിക്കാതെ തന്നെ അത് കയ്യിലിരിക്കുകയും ചെയ്യും. 

ചില ഭംഗിയുള്ള വസ്തുക്കൾ കാണാൻ എനിക്കിഷ്ടമാണ്. 
പക്ഷെ അതൊന്നും സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, 
കാരണം എനിക്കതൊക്കെ കാണുവാന്‍ മാത്രമാണ് ഇഷ്ടം. 

എനിക്ക്  എന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നുണ്ട്. 
പക്ഷെ എന്റെ അലസത അതിനേക്കാൾ മുകളിലാണ്. 

എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല. 
പക്ഷെ നിന്നോട് സംസാരിക്കാൻ തോന്നുന്നുണ്ട്.

Sunday, October 10, 2021

ചെറിയ ചരിവുള്ള പുൽമേടിലിരുന്ന് ദൂരെ മഞ്ഞിന്റെ നിഴലുകൾക്കപ്പുറം വിരിയുന്ന സൂര്യനെ നോക്കിയിരിക്കുന്ന എന്നെ നോക്കുന്ന നീ.

Friday, October 1, 2021

ഹൃദയമല്ല ഞാൻ അന്വേഷിക്കുന്നത്,   
കിടക്കാനൊരിടമാണ്..!!..!!

Wednesday, September 29, 2021

വിഷമം വരുമ്പോൾ ഉറക്കം വരും. 
നിന്റെ മടിയിൽ കിടക്കണമെന്ന് തോന്നും, 
.  .
നിന്നോടാണ് വഴക്കിട്ടതെങ്കിൽകൂടി..


Saturday, September 18, 2021

രാത്രി ആകാശത്ത് നിറയെ വെളുത്ത മറുകുകൾ.

Friday, September 10, 2021

യാത്രകളിലെ നിമിഷങ്ങൾ

അതൊരു മഴക്കാലമായിരുന്നു. ഇരുണ്ടിരുന്ന ആകാശത്തിനൊപ്പം ഭൂമിയിലെ ഇലകളും ഇരുണ്ട പച്ചനിറത്തിലായിരുന്ന വൈകുന്നേരം പരുന്തുംപാറയിലേക്ക് തിരിയുന്നവിടെ വച്ചാണ് മഴപെയ്തുതുടങ്ങിയത്. ആ വഴി ഉയരത്തിലേക്കായതുകൊണ്ട് ബൈക്ക് വളരെ പതുക്കെയാണ് കയറുന്നത്. കൂടാതെ മഴ കാഴ്ചയെ മറയ്ക്കുന്നുമുണ്ട്. യാത്രയും കാഴ്ച മറയ്ക്കുന്ന മഴയുടെ വെളുത്ത നിറവും ഇലകളുടെ ഇരുണ്ട പച്ചനിറവും മനസിലുണ്ട്.

Saturday, September 4, 2021

നമുക്കെപ്പോഴെങ്കിലും ,  കടൽ തീരത്ത് പോകുമ്പോൾ നമ്മുടെ കാലുകളെ തൊടുന്ന ഒരേ തിരയുടെ ഒരു ഫോട്ടോ എടുക്കണം.

Wednesday, August 25, 2021

കണ്ണുകളിലെ  ഭാരം  കുറഞ്ഞ്  കുറഞ്ഞ്  ഞാൻ  ഉറക്കത്തിലായി. 
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു, 

ഒരു  വെളുത്ത  മരുഭൂമി,   അതിൽ  മഞ്ഞിന്റെ  പലരുകൾ  നിറഞ്ഞ,   ദീർഘാവൃത്താകൃതിയിലുള്ള   തടാകം,   അതിന്റെ  നടുക്ക്  ഒരു  വലിയ  മരം.   അതിൽ  നിറയെ  വെളുത്ത  പക്ഷികൾ.  തടാകത്തിന്റെ  നീളം  കുറഞ്ഞ  ഭാഗത്തുള്ള  ഒരു  വലിയ  പാറയുടെ  മുകളിൽ  ഒരാൾ  എന്നെതന്നെ  നോക്കിനിൽക്കുന്നു.   ഞാൻ  പതിയെ  അയാളുടെ  നേർക്ക്  നടന്നു.   അയാളുടെ അടുത്തെത്താറായതും  അയാൾ  എന്റെ  നേരെ  കൈ  വീശി.   ഉടനെ  എന്റെ  പിന്നിൽ  നിന്നും  എണ്ണമറ്റ  വെളുത്ത  പറവകൾ  ആ  തടാകത്തിലെ  മരത്തിലേക്ക്  പോയി ചേർന്നു. 

ഞാൻ  അയാളോട്  ചോദിച്ചു   ഈ  പറവകൾ  ഇപ്പോൾ  എവിടെ  നിന്ന്  വന്നു. 

അത്  നിന്നിൽ  നിന്ന്  തന്നെ,  അയാൾ  പറഞ്ഞു. 

നിന്റെ  ഓർമകളാണ്  അത്.   
മരിച്ചുകഴിഞ്ഞവർക്ക്  
ഇനി  ഓർമകളുടെ  ആവശ്യമില്ല !!

Sunday, August 8, 2021

പ്രളയം  വന്നതിന് ശേഷം  ഇപ്പോ  മഴയോട്  വലിയ  ഇഷ്ടമൊന്നുമില്ല.!!

Wednesday, July 28, 2021

ഞാനും  നീയും  കണ്ടുമുട്ടിയപ്പോൾ  ഒരു കടൽ  അതിന്റെ  തീരത്തെ   കണ്ടെത്തിയതുപോലെയല്ലായിരുന്നു.   ഒരു  കടൽ  വേറൊരു  കടലിനോട്   ചേർന്നതുപോലെയായിരുന്നു   അത്.. 

അതുകൊണ്ടാണ് ; 
ഇനിയൊരിക്കലും, 
ചേർന്നതിനെ തിരിച്ചെടുക്കാനാവാത്തവിധം 
നമ്മള്‍ കടന്നുപോകുന്നത് .. !!

Wednesday, July 21, 2021

എപ്പോഴാണ് മനുഷ്യർ ഒറ്റപ്പെടുന്നത്. 

ദ്വീപുകൾ സൃഷ്ടിക്കപ്പെടുന്നത് ഭൂമി ഉയർന്നുവരുന്നത് കൊണ്ടുമാത്രമല്ല. 
അതുവരെ നിറഞ്ഞുനിന്നിരുന്ന കടൽ പിൻവാങ്ങുന്നതുകൊണ്ടുംകൂടിയാണ്.

Friday, July 16, 2021

രാത്രി ഒരു   10   മണിയെങ്കിലും ആയിക്കാണും.   പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ കടന്നുകഴിഞ്ഞ് ഒരാൾ എന്റെ ബൈക്കിന്   ലിഫ്റ്റ്   ചോദിച്ചു.   ഞാൻ പൊതുവെ ആർക്കും ലിഫ്റ്റ് കൊടുക്കാറുണ്ട്,  പലരും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും.   ബൈക്ക് നിർത്തി ഉടനെ ആൾ കയറി.   കുറച്ച് ദൂരം പോയിട്ടും പുറകിലിരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ല.   സാധാരണ കയറുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട് ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം.   ഇതിപ്പോൾ   'കുട്ടി മിണ്ടുന്നില്ല'.   കുറച്ച് ദൂരം കൂടി പോയി കഴിഞ്ഞ് പുള്ളി എന്റെ ഷോള്‍ഡറില്‍ തട്ടി എന്തെക്കെയോ പറയാൻ ശ്രമിക്കുന്നു.   അപ്പോഴാണ് എനിക്കത് മനസിലായത് പുള്ളിക്കാരന് സംസാരിക്കാൻ കഴിയില്ലെന്ന്.   ഇറങ്ങാനുള്ള സ്ഥലം ആയെന്ന് പറഞ്ഞതാണ്.   ഇറങ്ങി കഴിഞ്ഞ് പിന്നെയും അവ്യക്തമായ ശബ്ദങ്ങൾ കൊണ്ട് എന്നോട്  എന്തെക്കെയോ  നിറയെ സംസാരിച്ചു കൊണ്ടിരുന്നു.   ഞാനും  സംസാരിച്ചു.   കുറെ കഴിഞ്ഞ് ഞാന്‍ അവിടുന്ന് പോന്നു.   

അന്നാണ് എനിക്ക് മനസിലായത് 
സംസാരിക്കാൻ കഴിയുമെങ്കിലും 
എന്റെ സംസാരം എത്ര അപൂർണമാണെന്ന്. !!

Sunday, July 11, 2021

മായാനദി ഒരു ക്ലാസിക് ഫിലിം ആണെന്ന് വിചാരിക്കുന്നു.   അതിലെ പ്രണയത്തെക്കാളും എന്റെ മനസ്സിൽ നിൽക്കുന്നത് അതിലെ രാഷ്ട്രീയമാണ്.

Thursday, July 8, 2021

ഒഴുകുന്ന കാർമേഘങ്ങൾ 
ഇരുണ്ട മരങ്ങൾ 
തണുത്ത കാറ്റ് 
ചിറകറ്റു വീഴുന്ന ഇലകൾ 

 ഒരേ ജലപാളിയിൽ മുഖം നോക്കുന്ന നമ്മൾ !!

Thursday, July 1, 2021

 രാത്രി പുഴയുടെ അടിയിലായിരിക്കുമ്പോ മീനുകൾക്ക് പേടിയാവില്ലേ !!

Wednesday, June 30, 2021

Kurumbiness..

Sunday, June 27, 2021

ജന്മാന്തരം

വെയില്‍ മുഖത്തടിച്ചപ്പോഴാണ് അയാള്‍ എഴുന്നേറ്റത്. ചുറ്റും പലതരം ശബ്ദങ്ങള്‍. എല്ലാം അയാള്‍ക്ക് അരോചകമായി തോന്നി. ആളുകളെന്തിനാണാവോ ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്. പതിയെ സംസാരിച്ചാല്‍ കേള്‍ക്കാന്‍ പറ്റത്തവിധം മനസ്സ് അത്ര കഠിനമായതുകൊണ്ടാവും. എന്തൊക്കെയോ മാറ്റുന്നതിന്റെയും നിരക്കിനീക്കുന്നതിന്റെയുമൊക്കെ ശബ്ദം. കഴിഞ്ഞ ദിവസം മകള്‍ പറഞ്ഞത് അയാള്‍ ഓര്‍ത്തു. അടുത്തവീട്ടിലെ താമസക്കാര്‍ അവിടെ നിന്നും മാറുകയാണ്. അല്ലെങ്കിലും ഈ ഫ്ലാറ്റുകളിലെ ജീവിതം എത്ര മടുപ്പുളവാക്കുന്നതാണ്. സ്വതന്ത്രമായിട്ട് ഒന്ന് പുറത്തേക്കിറങ്ങാന്‍കൂടി പറ്റില്ല. എന്തായലും കുറച്ചുനാളുകള്‍ക്കുളില്‍തന്നെ സ്വന്തമായി ഒരു വീട് പണിത് ഈ വാടകജീവിതം അവസാനിപ്പിക്കണമെന്നയാള്‍ ഓര്‍ത്തു. മകള്‍ അതിനുവേണ്ടി ഇപ്പോഴെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. 

 വലിയൊരു ശബ്ദം അയാളുടെ ചെവിയില്‍ വന്നലച്ചു. കുറച്ച് നേരത്തേക്ക് വേറൊന്നും അയാള്‍ക്ക് കേള്‍ക്കാന്‍പറ്റുന്നുണ്ടായിരുന്നില്ല. ചെവി കൊട്ടിയടച്ചപോലെ ഒരു മൂളല്‍ മാത്രം. അയാള്‍ പുറത്തേക്ക് നോക്കി. ഒന്നും കാണാനാവത്തത്ര വെളിച്ചം. ആകെ ഒരു മഞ്ഞളിപ്പ്. രാവിലെയാണെങ്കിലും വെയിലിന് നല്ല ചൂടുണ്ട്. ഈ ചൂടിലും ആളുകള്‍ തിരക്ക്പിടിച്ച് നടക്കുന്നു. ഓഫീസില്‍ പോകുന്നവരുടെ, സ്കൂളില്‍ പോകുന്ന കുട്ടികളുടെ, അങ്ങനെ അസംഖ്യം ജീവിതങ്ങളുടെ തിരക്ക്പിടിച്ച ശബ്ദങ്ങളും വെളിച്ചവും എല്ലാംകൂടി അയാള്‍ക്ക് അസഹ്യമായി തോന്നി. രാവിലെ മുതല്‍ രാത്രിയാകുവരെ എല്ലവര്‍ക്കും തിരക്കാണ്. വര്‍ത്തമാനം പറയാനോ പരിചയക്കാരേ നോക്കി ചിരിക്കാനോ നേരമില്ലാതെ എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. 

 വെയില്‍ മുഖത്തേക്കടിച്ചപ്പോഴാണ് അയാള്‍ വിചാരങ്ങളില്‍ന്നിന്നുണര്‍ന്നത്. വെയിലിനോടൊപ്പം വീശീയ ശക്തമായ കാറ്റ് അയാളെ പരിഭ്രമിപ്പിച്ചു. നില്‍ക്കുന്ന സ്ഥലം മുഴുവന്‍ ആകെ ഇളകുന്ന പോലെ. കാറ്റില്‍ ഈ കെട്ടിടങ്ങള്‍ മുഴുവന്‍ തകര്‍ന്നുവീഴുമോയെന്ന് അയാള്‍ പേടിച്ചു. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. താന്‍ കിടന്നിരുന്നതിന്റെ അരികില്‍ ഒരു വലിയ പൂവ് വിടര്‍ന്നിരിക്കുന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. അയാള്‍ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലയെങ്കിലും അയാള്‍ക്ക് തന്റെ കാലുകള്‍ പതിയെ അനക്കമെന്നായി. അയാള്‍ നടക്കാന്‍ ശ്രമിച്ചു. താന്‍ നിന്നിരുന്ന ആ ചെറിയ ചില്ലയില്‍ നിന്നും ചുവന്ന നിറമുള്ള ആ പൂവിനരുകിലേക്ക് .. 
തന്റെ അസംഖ്യം കാലുകള്‍ കൊണ്ട്..

Thursday, June 17, 2021

നീയെന്നോട് ഓർമകളെ കുറിച്ച് പറഞ്ഞില്ലേ. .. 

ഞാനോർക്കുന്നു.  ..
എനിക്കുള്ളത് ഇന്നത്തെയോ ഇന്നലത്തെയോ ഓർമകളല്ല. അത് നൂറ്റാണ്ടുകൾക്ക് മുന്നേ എന്റെ പ്രാണൻ കടന്നുപോയ വഴികളാണ്. അന്ന് ഞാൻ ഏതോ രാജാവ് ഭരിച്ചിരുന്ന വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ കുശവൻ ആയിരുന്നു. മൺകുടങ്ങളുമായി കാളവണ്ടിയിൽ പോകുന്ന എന്നെ എനിക്കോർമ്മയുണ്ട്. വഴികൾ പൊടിനിറഞ്ഞിരുന്നു. അതിനു ഇരുവശത്തുമായി കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടങ്ങൾ.  .  .
.  .  .  .  . .

Tuesday, June 1, 2021

ഒന്നും മിണ്ടാതെയിരിക്കുമ്പോഴും നിന്നെ കേൾക്കാനാകുന്നുവെന്നതാണ് പ്രണയം.

Monday, May 24, 2021

'സ്ത്രീയായിരിക്കുക' എന്നത് തന്നെ സന്തോഷിക്കാനും അഹങ്കരിക്കുവാനുമുള്ള കാരണമായിരിക്കെ നീയെന്തിനാണ് ചിറകുവിടര്‍ത്താന്‍ വൈകുന്നത്!

Monday, May 17, 2021

വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന, 

എപ്പോൾ  പെയ്യുമെന്നോ 
പെയ്തു നിറയുമെന്നോ, 
എപ്പോൾ  മഞ്ഞാകുമെന്നോ 
മഞ്ഞിൽ  മൂടിനിൽക്കുമെന്നോ, 
എപ്പോൾ  വേനലാകുമെന്നോ 
വേനലിൽ  തനിച്ചിരിക്കുമെന്നോ 
പറയാനാവാത്ത 

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, 
പ്രവചനാതീതമായ 
ഋതുവാണ്  നീ..

Saturday, May 8, 2021

ഉമ്മ വച്ച് തീർക്കാൻ കഴിയാത്ത പരിഭവങ്ങളൊന്നും ഭൂമിയിലില്ലെന്ന് തോന്നുന്നു.

Sunday, May 2, 2021

'സമ്മർ ഇൻ ബേത്ലേഹിമിൽ'   പൂച്ചയെ അയച്ചത് ആരാണെന്ന് എനിക്ക് മനസിലായി.

Saturday, May 1, 2021

അടച്ചുവച്ച  പ്രണയം  ക്ലാവ്  പിടിച്ചു  പൂത്തുപോകുമെന്നല്ലാതെ 
മുന്തിരിച്ചാറുപോലെ  വീര്യം  കൂടുകയില്ല. !! 

അതുകൊണ്ട്  പ്രകടിപ്പിക്കാനുള്ളത്  പ്രകടിപ്പിച്ചുതന്നെയാകണം.

Monday, April 26, 2021

ചുംബിക്കുമ്പോൾ 
നമ്മൾ ദുർബലരാകുന്നു. 
 നീയില്ലാതെ എനിക്കോ 
 ഞാനില്ലാതെ നിനക്കോ 
 ജീവിക്കാൻ പറ്റില്ലെന്ന് തോന്നും.

Saturday, April 10, 2021

എനിക്കറിയില്ല ; പനിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ വന്നാൽ എന്റെ മനസ്സ് എന്തിനാണ് എന്നെ രാത്രിയിൽ ഉറക്കത്തിലേക്ക് വിടാതെ പിടിച്ചു വച്ചിരിക്കുന്നതെന്ന്.  വെറുതെ ഒരാവശ്യവുമില്ലാതെ അപ്പോൾ മനസിലേക്ക് വരുന്ന രൂപങ്ങൾ, വരകൾ, നിറങ്ങൾ, പാറ്റേണുകൾ..  അതിനൊക്കെ സൊല്യൂഷൻ കൊടുക്കാൻ ശ്രമിക്കുന്ന ഞാൻ,  എത്ര സൊല്യൂഷൻ കൊടുത്താലും പിന്നെയും അതിന്റെ കോംപ്ലിക്കേഷൻസ് ചിന്തിക്കുന്ന എന്റെ മനസ്സ്.   എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് രാത്രി തന്നെ ഇതൊക്കെ ആലോചിക്കുന്നതെന്ന എനിക്ക് മനസിലാകാത്തത് . .!!

Monday, April 5, 2021

ഓർമ്മകൾ കൂടി ഇല്ലായിരുന്നെങ്കിൽ 
നമ്മൾ പ്രണയിച്ചത് 
നമുക്ക് തന്നെ മനസിലാകാതെ പോയേനെ..

Wednesday, March 24, 2021

ഒരു മുറി 
 നിനക്ക് വേണ്ടി
 ഒഴിച്ചിടണമെന്ന് 
 നീ പറഞ്ഞില്ലേ. 

 നിനക്ക് വേണ്ടി 
 എന്റെ നാലു മുറികളാണ് 
 ഒഴിച്ചിട്ടിരിക്കുന്നത്.
!!

Sunday, March 14, 2021

നിന്നോടുള്ള പ്രണയം ഇല്ലെന്ന് നടിക്കുന്നതും  നിന്റെ പ്രണയത്തെ പ്രതിഫലിക്കാതെ പോകുന്നതും  എന്റെ അതിജീവനത്തിന്റെ ഭാഗമാണ്. 

അല്ലാതെ ജീവിച്ചിരിക്കേണ്ടതിന്.. 
എനിക്ക് വേറെ വഴിയില്ല.;

Monday, March 1, 2021

ഇങ്ങനെയുള്ള അവസരങ്ങളിൽ സാധാരണ ഞെട്ടിയാണ് ഉണരാറുള്ളത്. 
പക്ഷെ ഇന്ന് എന്തോ, ഞെട്ടിയുണർന്നാൽ ഞാൻ മരിച്ചു പോകുമെന്ന് എനിക്ക് തോന്നി.
 ........

എഴുന്നേറ്റപ്പോൾ തന്നെ ഉച്ചയായി. 

സ്വാഭാവികം! 

സ്വപ്നത്തിൽ ..,.., ഇളം നീലനിറമുള്ള പുഴയുടെ മുകളിൽ നിന്നും അധികം ആഴത്തില്ലാതെ ഞാൻ, എനിക്ക് വേണ്ടാഞ്ഞിട്ടും നിറയെ വെള്ളം കുടിക്കുകയായിരുന്നു.. ഓരോ തവണ ശ്വാസം എടുക്കാൻ നോക്കുമ്പോഴും ശ്വാസത്തോടൊപ്പം വെള്ളവും നിറഞ്ഞുകൊണ്ടിരുന്നു. ഞാൻ കുടിച്ച വെള്ളത്തിന്റെ ഭാരം കൊണ്ടാണോന്നറിയില്ല പുഴയ്ക്ക് മുകളിലേക്ക് ഉയർന്നു വരാൻ പറ്റുന്നേയില്ല.

ആ സമയത്ത് എനിക്ക് എന്നോട് ഒരുപാട് ഇഷ്ടം തോന്നി. ഉണരും മുൻപ് എങ്ങിനെയെങ്കിലും പുഴയ്ക്ക് മുകളിൽ എത്തണമെന്നും. അല്ലാതെ മരിച്ചുകഴിഞ്ഞ് ഉണർന്നിട്ടെന്തുകാര്യം. ഒഴുക്കിൽ പെട്ട് ആഴംകുറഞ്ഞ ഭാഗത്ത് എത്തിപെട്ടതുകൊണ്ടായിരിക്കും എങ്ങിനെയൊക്കെയോ പുഴയുടെ മുകളിൽ വന്നു ശ്വാസമെടുത്തു.. 

അതിനുശേഷമാണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്. 

അല്ലാതെ.. 
അങ്ങനെയുള്ള എന്നെ അവിടെ വിട്ടിട്ട് ഞാൻ എങ്ങിനെയാണ് പോരുന്നത്!!

Wednesday, February 24, 2021

സത്യത്തിൽ   നീ  ചുംബിക്കുമ്പോൾ  ഞാൻ  എല്ലാം  മറന്നുപോകുന്നുണ്ട്.
വേറൊന്നിനെക്കുറിച്ചും  ഞാനപ്പോൾ  ചിന്തിക്കുന്നില്ല.   ആ  ചുംബനത്തിന്റെ മാസ്മരികതയിൽ  ആയിരിക്കുന്നുവെന്നല്ലാതെ. !! 


!!  
എന്റെ  ചിന്തകളെ  മായിച്ചുകളയുന്ന  മഷിപച്ചയാണ്  നിന്റെ  ചുംബനങ്ങൾ

Tuesday, February 16, 2021

സബ്ടൈറ്റിൽ ഉള്ള other language ഫിലിംസ് കണ്ട് കണ്ട് ഇപ്പോ മലയാളം ആണെങ്കിലും സബ്ടൈറ്റിൽ നോക്കാതെ കഥ മനസിലാകാതെയായി.

Saturday, February 6, 2021

The earth, for sale;

സെന്റോറിയിൽനിന്ന് 4.24 ly മാത്രം അകലെ.  സൂര്യനില്‍  നിന്ന് മൂന്നാമത്തെ ഗ്രഹം. വലിയ തണുപ്പോ ചൂടോ ഇല്ല.  4 സീസൺസ് ഉണ്ട്.  മഴ മഞ്ഞ് വെയിൽ എല്ലാം പല സ്ഥലങ്ങളിലും പലതായി ഉണ്ട്.  കരയേക്കാളും കടൽ ആണ് കൂടുതല്‍.  ഇപ്പോ മഞ്ഞ് കുറച്ചുണ്ടെങ്കിലും കുറച്ച് ലക്ഷം വർഷത്തിനുള്ളിൽ അത് മുഴുവനുമായി ഇല്ലാതായി കര പിന്നെയും കുറഞ്ഞുവന്ന് മുഴുവനും കടല്‍ ആകും.  അപ്പോൾ ഇത് വാങ്ങുന്നവർക്ക് വല്ല മീൻജാതി കൃഷിയും നടത്തി ജീവിക്കാം.

Saturday, January 30, 2021

എന്നെ  പ്രണയിക്കുന്നില്ലെന്ന്  ഇനി  നീ  എപ്പോഴാണ്  മനസിലാക്കുന്നത്.

Tuesday, January 26, 2021

കുറെ വർഷങ്ങൾ കഴിഞ്ഞ് 
എന്റെ ഓർമകളെല്ലാം 
നഷ്ടപ്പെടുകയാണെങ്കിൽ
 നീയെന്നെ കാണാൻ വരരുത്. 
നിന്നെ ഓർക്കാത്ത എന്നെ, 
നീ കാണുന്നത്.., 
നിന്നെക്കെന്നപോലെ 
എനിക്കും വിഷമമാണ്. ..

Friday, January 22, 2021

ശലഭയോർമ്മകൾ

ഞാൻ സ്ഥിരമായി പള്ളിയിൽ പോകുന്നത് കണ്ടിട്ട് എന്റെ ക്ലാസ്സ്‌ ടീച്ചറിന് തോന്നിയിട്ടുണ്ടാകും ഞാനൊരു പള്ളിലച്ചനാകുമെന്ന്. പള്ളി വക സ്കൂളിൽ ആയിരുന്നു ഏഴാം ക്ലാസ്സ്‌ വരെ പഠിച്ചത്. പള്ളിയും കോൺവെന്റും പള്ളിസ്കൂളും വീടും എല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെയായിരുന്നതും കോൺവെന്റിലെ സിസ്റ്റേഴ്സ് തന്നെയായിരുന്നു ഞങ്ങളുടെ ടീച്ചേഴ്‌സ് എന്നതും ആ സമയത്തെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു. വീട്ടിലെ കാര്യം സിസ്റ്റേഴ്സിനും സ്കൂളിലെ കാര്യം വീട്ടിലും വള്ളിപുള്ളി തെറ്റാതെ അറിയാമായിരുന്നു. അവരറിയാത്ത കാര്യങ്ങളൊന്നും ഇല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ചുറ്റുവട്ടത്തിലുള്ള എല്ലാവരുടെയും സ്ഥിതി ഇതുതന്നെ. ഞായറാഴ്ചകളിലോ അവധി ദിവസങ്ങളിലോ കോൺവെന്റിലെ സിസ്റ്റേഴ്സ് എല്ലാ വീട്ടിലും ചെന്ന് വിശേഷങ്ങൾ തിരക്കുകയും കുട്ടികളുടെ പഠനകാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞായറാഴ്ച പള്ളിയിൽ കണ്ടിലെങ്കിൽ സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർ ചോദിക്കും എന്നുള്ളത്കൊണ്ട് ഞാൻ മുടങ്ങാതെ ഞായറാഴ്ച പള്ളിയിൽപോയിരുന്നു. സ്ഥിരമായി അൾത്താരബാലകന്മാരായി നിന്നിരുന്ന എന്റെ കൂട്ടുക്കാർ (അങ്ങനെ പറയാമോ എന്നറിയില്ല. ഞാൻ അങ്ങനെ ആരോടും പ്രത്യേകിച്ച് സംസാരിക്കുകയോ സൗഹൃദങ്ങൾ നിലനിർത്തുകയോ ചെയ്തിരുന്നില്ല. പിന്നെയും ഒരു എട്ടാം ക്ലാസ്സിലൊക്കെ എത്തിയപ്പോഴാണ് സ്ഥിരമായി ക്രിക്കറ്റ്‌ കളിക്കാനും ബാസ്കറ്റ് ബോൾ കളിക്കാനും പോകുമ്പോഴുള്ള ബന്ധം സൗഹൃദങ്ങളായി വളർന്നത്. ഒരു പ്രീഡിഗ്രി ഒക്കെ ആയപ്പോൾ അതൊക്കെ വല്ലപ്പോഴും മാത്രമാകുകയും പൊതുവെ ആരോടും സംസാരിക്കാത്ത ഞാൻ എന്റെ മാത്രം ലോകത്താകുകയും ചെയ്തു. എന്നാലും ഇടയ്ക്ക് കാണുമ്പോഴൊക്കെ സംസാരിക്കുകയും ബന്ധങ്ങൾ തുടർന്നുപോകുകയും ചെയ്തു.) ഇല്ലാത്ത ദിവസങ്ങളിൽ എനിക്കും അവിടെ അൽത്താരാബാലനായി അവിടെ നിൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നീടെപ്പോഴോ ഞായറാഴ്ച എന്നത് കൂടാതെ ഞാൻ ബുധനാഴചകളിലും പള്ളിയിൽ പോയി തുടങ്ങി. പിന്നെ തിരുബാലസഖ്യം, കെ എൽ സി സി എന്നിവയിൽ എങ്ങിനെയോ ഞാൻ ഉൾപ്പെട്ടു. പള്ളികാര്യങ്ങളിൽ എന്റെ താല്പര്യം കണ്ടിട്ടാവണം, ഒരിക്കൽ ഗബ്രിയേൽ സിസ്റ്റർ വീട്ടിൽ വന്നപ്പോൾ ഇവനെ നമുക്ക് സെമിനാരി ചേർക്കാം, ഇവന് അതിലൊക്കെ താല്പര്യമുണ്ടെന്ന് തോന്നുന്നുവെന്ന് പറഞ്ഞത്. അഞ്ചാം ക്ലാസ്സിലെ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ഗബ്രിയേൽ സിസ്റ്റർ. എന്തായലും ഒരു എട്ടാം ക്ലാസ്സൊക്കെ ആകട്ടെ അപ്പോഴേ അറിയാൻ പറ്റൂ എന്നൊക്കെ എന്റെ അമ്മച്ചിയോടു പറഞ്ഞു. അമ്മച്ചിക്ക് നേരത്തെ അറിയാമെന്ന് തോന്നുന്നു, ഇവനെകൊണ്ട് അതിനൊന്നും പറ്റില്ലെന്ന്. അതുകൊണ്ട് അമ്മച്ചി അതത്ര കാര്യമാക്കിയില്ല. എന്തായാലും പിന്നീട് ഞാൻ, മനഃപൂർവം തീരിമാനിച്ചതല്ല, എങ്ങിനെയോ പള്ളിയുടെ കാര്യങ്ങളിൽ അത്ര ശ്രദ്ധിക്കാതെയായി. ചിലപ്പോൾ സിസ്റ്റർ പറഞ്ഞപോലെ ഞാൻ എട്ടാം ക്ലാസ്സൊക്കെ എത്തിയപ്പോൾ എന്റെ ചിന്തകൾ പലവഴിക്ക് തിരിഞ്ഞതായിരിക്കും. അത്കഴിഞ്ഞ് പള്ളിയിൽ പോകുന്നത് നന്നേകുറഞ്ഞുവെങ്കിലും വിശ്വാസത്തിന് ഒരു കുറവും വന്നില്ലെന്ന് മാത്രമല്ല, പള്ളിയിൽ പോകാത്തതിന്റെ കുറ്റബോധം ആയിരുന്നു മനസ്സിൽ നിറയെ. ആ കുറ്റബോധം കാരണം ഞാൻ കുമ്പസരിക്കാൻ പോകുമ്പോൾ ഭയമായിരുന്നു മനസ്സിൽ. അച്ഛൻ എന്തെങ്കിലും പറയുമോ എന്ന്. കാരണം കടമുള്ള ദിവസം പള്ളിയിൽ പോകാത്തത്, ഞാൻ ചെയ്യുന്നത് പൊറുക്കാനാകാത്ത ഒരു തെറ്റായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. അങ്ങനെ പള്ളിയിൽ പോകാതിരുന്നതിലും അതിന്റെ ശിക്ഷയായി നരകത്തിൽ പോകേണ്ടി വരുമല്ലോ എന്നൊക്കെ ഓർത്തു ഞാൻ കുറെ പേടിക്കുകയും വിഷമിക്കുകയും ചെയ്തിരുന്നു.

Thursday, January 14, 2021

പ്രണയിക്കുന്ന  രണ്ടുപേർക്കുള്ളിൽതന്നെ  അവർ  പരസ്പരം  ഇനിയും  എത്തിചേരാത്ത  ദ്വീപുകൾ  ഉണ്ടാകും.  പ്രണയംകൊണ്ട്  മാത്രം  നിർവ്വചിക്കാനാവാത്ത  ഭൂമികൾ.