Wednesday, June 30, 2021

Kurumbiness..

Sunday, June 27, 2021

ജന്മാന്തരം

വെയില്‍ മുഖത്തടിച്ചപ്പോഴാണ് അയാള്‍ എഴുന്നേറ്റത്. ചുറ്റും പലതരം ശബ്ദങ്ങള്‍. എല്ലാം അയാള്‍ക്ക് അരോചകമായി തോന്നി. ആളുകളെന്തിനാണാവോ ഇത്ര ഉച്ചത്തില്‍ സംസാരിക്കുന്നത്. പതിയെ സംസാരിച്ചാല്‍ കേള്‍ക്കാന്‍ പറ്റത്തവിധം മനസ്സ് അത്ര കഠിനമായതുകൊണ്ടാവും. എന്തൊക്കെയോ മാറ്റുന്നതിന്റെയും നിരക്കിനീക്കുന്നതിന്റെയുമൊക്കെ ശബ്ദം. കഴിഞ്ഞ ദിവസം മകള്‍ പറഞ്ഞത് അയാള്‍ ഓര്‍ത്തു. അടുത്തവീട്ടിലെ താമസക്കാര്‍ അവിടെ നിന്നും മാറുകയാണ്. അല്ലെങ്കിലും ഈ ഫ്ലാറ്റുകളിലെ ജീവിതം എത്ര മടുപ്പുളവാക്കുന്നതാണ്. സ്വതന്ത്രമായിട്ട് ഒന്ന് പുറത്തേക്കിറങ്ങാന്‍കൂടി പറ്റില്ല. എന്തായലും കുറച്ചുനാളുകള്‍ക്കുളില്‍തന്നെ സ്വന്തമായി ഒരു വീട് പണിത് ഈ വാടകജീവിതം അവസാനിപ്പിക്കണമെന്നയാള്‍ ഓര്‍ത്തു. മകള്‍ അതിനുവേണ്ടി ഇപ്പോഴെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. 

 വലിയൊരു ശബ്ദം അയാളുടെ ചെവിയില്‍ വന്നലച്ചു. കുറച്ച് നേരത്തേക്ക് വേറൊന്നും അയാള്‍ക്ക് കേള്‍ക്കാന്‍പറ്റുന്നുണ്ടായിരുന്നില്ല. ചെവി കൊട്ടിയടച്ചപോലെ ഒരു മൂളല്‍ മാത്രം. അയാള്‍ പുറത്തേക്ക് നോക്കി. ഒന്നും കാണാനാവത്തത്ര വെളിച്ചം. ആകെ ഒരു മഞ്ഞളിപ്പ്. രാവിലെയാണെങ്കിലും വെയിലിന് നല്ല ചൂടുണ്ട്. ഈ ചൂടിലും ആളുകള്‍ തിരക്ക്പിടിച്ച് നടക്കുന്നു. ഓഫീസില്‍ പോകുന്നവരുടെ, സ്കൂളില്‍ പോകുന്ന കുട്ടികളുടെ, അങ്ങനെ അസംഖ്യം ജീവിതങ്ങളുടെ തിരക്ക്പിടിച്ച ശബ്ദങ്ങളും വെളിച്ചവും എല്ലാംകൂടി അയാള്‍ക്ക് അസഹ്യമായി തോന്നി. രാവിലെ മുതല്‍ രാത്രിയാകുവരെ എല്ലവര്‍ക്കും തിരക്കാണ്. വര്‍ത്തമാനം പറയാനോ പരിചയക്കാരേ നോക്കി ചിരിക്കാനോ നേരമില്ലാതെ എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. 

 വെയില്‍ മുഖത്തേക്കടിച്ചപ്പോഴാണ് അയാള്‍ വിചാരങ്ങളില്‍ന്നിന്നുണര്‍ന്നത്. വെയിലിനോടൊപ്പം വീശീയ ശക്തമായ കാറ്റ് അയാളെ പരിഭ്രമിപ്പിച്ചു. നില്‍ക്കുന്ന സ്ഥലം മുഴുവന്‍ ആകെ ഇളകുന്ന പോലെ. കാറ്റില്‍ ഈ കെട്ടിടങ്ങള്‍ മുഴുവന്‍ തകര്‍ന്നുവീഴുമോയെന്ന് അയാള്‍ പേടിച്ചു. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. താന്‍ കിടന്നിരുന്നതിന്റെ അരികില്‍ ഒരു വലിയ പൂവ് വിടര്‍ന്നിരിക്കുന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. അയാള്‍ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലയെങ്കിലും അയാള്‍ക്ക് തന്റെ കാലുകള്‍ പതിയെ അനക്കമെന്നായി. അയാള്‍ നടക്കാന്‍ ശ്രമിച്ചു. താന്‍ നിന്നിരുന്ന ആ ചെറിയ ചില്ലയില്‍ നിന്നും ചുവന്ന നിറമുള്ള ആ പൂവിനരുകിലേക്ക് .. 
തന്റെ അസംഖ്യം കാലുകള്‍ കൊണ്ട്..

Thursday, June 17, 2021

നീയെന്നോട് ഓർമകളെ കുറിച്ച് പറഞ്ഞില്ലേ. .. 

ഞാനോർക്കുന്നു.  ..
എനിക്കുള്ളത് ഇന്നത്തെയോ ഇന്നലത്തെയോ ഓർമകളല്ല. അത് നൂറ്റാണ്ടുകൾക്ക് മുന്നേ എന്റെ പ്രാണൻ കടന്നുപോയ വഴികളാണ്. അന്ന് ഞാൻ ഏതോ രാജാവ് ഭരിച്ചിരുന്ന വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ കുശവൻ ആയിരുന്നു. മൺകുടങ്ങളുമായി കാളവണ്ടിയിൽ പോകുന്ന എന്നെ എനിക്കോർമ്മയുണ്ട്. വഴികൾ പൊടിനിറഞ്ഞിരുന്നു. അതിനു ഇരുവശത്തുമായി കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടങ്ങൾ.  .  .
.  .  .  .  . .

Tuesday, June 1, 2021

ഒന്നും മിണ്ടാതെയിരിക്കുമ്പോഴും നിന്നെ കേൾക്കാനാകുന്നുവെന്നതാണ് പ്രണയം.