Friday, August 31, 2012

അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

ആ അപകടത്തില്‍ അവളോടൊപ്പം വള്ളത്തിലുണ്ടായിരുന്ന  പതിനൊന്നു പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.  ഇനിയെന്തെങ്കിലും വിവരം കിട്ടാനുള്ളത് അവളെകുറിച്ചു മാത്രമാണ്.

കാന്തി ഗ്രാമം മുഴുവന്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു. അവരുടെ നിലവിളികള്‍ പുഴയ്ക്ക് മുകളിലൂടെ നീന്തി കരപറ്റിയതല്ലാതെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.


അതൊരു മഴക്കാലമല്ലാതിരുന്നിട്ടും
അപ്പോള്‍, അവള്‍ അവിടെ ആ കടവില്‍ കാത്തിരിക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

അവള്‍ നനഞ്ഞുകൊണ്ടു തന്നെ കടവില്‍ നിന്നും വഞ്ചിക്കാരനെ കൈകാട്ടി വിളിച്ചു.

ശക്തമായ മഴകോളുള്ളപ്പോള്‍ വഞ്ചിക്കാരന്‍ തുഴയെറിയാത്തതാണ്. എന്നാലും അമ്മു അക്കരയ്ക്ക് കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ വഞ്ചിയിറക്കി. അവളെകൂടാതെ ആ കടവില്‍ അപ്പോഴേക്കും ഒരു പത്തു പേരോളം വന്നു കഴിഞ്ഞിരുന്നു.

ഈ പുഴയില്‍ സിംഹവും കുതിരയും പുലിയുമെല്ലാം ഉണ്ടെന്നാണ് അമ്മൂമ്മ പറഞ്ഞത്.
അവള്‍ക്ക് അതിയായ അത്ഭുതം തോന്നി.
കരയിലുള്ളതെല്ലം വെള്ളത്തിലുമുണ്ടാകുമോ.!

ഒരുപ്രാവിശ്യം അവയെല്ലാം പുഴയ്ക്ക് മുകളിലേക്ക് വന്നിരുന്നെങ്കില്‍ ഒന്നുകാണാമായിരുന്നു.!
അവള്‍ ആരോടെന്നപോലെ പറഞ്ഞു.

ഈ കടവില്‍ ഇങ്ങനെ കാത്തിരിക്കുന്ന നേരമത്രയും പുഴയെ നോക്കിയിരിക്കാന്‍ നല്ല രസമാണെന്ന് അവള്‍ക്ക് തോന്നി.

അവളുടെ യാത്ര അവള്‍ വിചരിച്ചതിലും വേഗത്തില്‍ പുഴയുടെ നടുവില്‍ അവസാനിച്ചു.; എല്ലാവരുടെയും.

അവള്‍ നിലവിളിച്ചു.

ഒരു ആശ്വസത്തിനായ് പുഴ അപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു..

പുഴയുടെ ഓളങ്ങള്‍ക്കൊപ്പം അവള്‍ ഒഴുകി നീങ്ങി..പുഴയുടെ തണുപ്പില്‍ അവള്‍ക്ക് ഭാരം നഷ്ട്പ്പെട്ടതുപോലെ തോന്നി. പിന്നെ ആഴങ്ങളിലേക്ക് ചിറക് വിടര്‍ത്തി തുഴയെറിഞ്ഞു. ആഴങ്ങളിലേക്ക് പോകും തോറും ജീവവായു കുറഞ്ഞു വരുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ ഒരിറ്റു ശ്വാസം കിട്ടാതായപ്പോള്‍ പുഴയുടെ അടിത്തട്ടില്‍  മുഖമമര്‍ത്തി ഒരു മത്സ്യത്തിന്റെതുപോലെ വീണ്ടും ശ്വസിച്ചു തുടങ്ങി. അവളുടെ ചെവിപൂക്കള്‍ വിടര്‍ന്നുവന്നിരുന്നു. പിന്നെ ഒരു വലിയ മത്സ്യം പോലെ  ഒഴുക്കിനെതിരെ അവള്‍ തുഴഞ്ഞു നിന്നു.

രാത്രിയില്‍ അവള്‍ പുഴയുടെ മുകളിലേക്ക് നീന്തി വന്ന് അവള്‍ വൈകുന്നേരങ്ങളില്‍ കാത്തിരിക്കാറുള്ള കടവില്‍ ചെന്നിരിക്കും. പിന്നെ പുലരും മുന്‍പേ വീണ്ടും പുഴയുടെ നിഗൂഡ്ഡതയിലേക്ക്  നീന്തിമറയും. അവിടെ അവള്‍ക്ക് പ്രിയപ്പെട്ടവരായ  ആനയും പുലിയും കുതിരയുമെല്ലാം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

പുഴയ്ക്ക് മുകളില്‍;
അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ  അമ്മ  അവള്‍ക്ക് വേണ്ടി കാത്തിരുന്നു.

Thursday, August 9, 2012

അവന് അവളോട് പ്രണയമാണെന്ന്..
അവന്‍ പറഞ്ഞത് കേട്ട് അവള്‍ ചിരിച്ചു
ചിരിച്ചു ചിരിച്ചു അവള്‍ മരിച്ചു പോയി..

അവന്റെ കണ്ണുകളില്‍ നിഴല്‍ വീണു.
അവനു വിഷമമായി

എങ്കിലും അവള്‍ക്ക് ഒരു മറുപടി പറഞ്ഞിട്ട് മരിക്കാമായിരുന്നു..