Thursday, November 27, 2008

നിന്നെ കാണുന്നതിന് മുന്‍പ്‌ ഞാന്‍ നക്ഷത്രങ്ങളെയും നിശാഗന്ധികളെയും പ്രണയിച്ചിരുന്നു.. ഇപ്പോഴില്ല..

ഇപ്പോഴെനിക്ക്‌ നീയില്ലേ ..
നിന്റെ ചൊടികളില്‍ വിരിയുന്നത് പൂക്കളും കണ്ണുകളില്‍ തിളങ്ങുന്നത് നക്ഷത്രങ്ങളുമല്ലേ..

നക്ഷത്രങ്ങള്‍ ജനിക്കുന്നത്..

നിന്നെ ആദ്യം കാണുമ്പോള്‍ നേരം പുലരുന്നതെയുണ്ടായിരുന്നുള്ളൂ.. ചാരനിറമുള്ള ആ പുലരിയില്‍ എനിക്ക് നിന്റെ മുഖം വ്യക്തമായില്ല.. തമ്മില്‍ പരിചയപ്പെടുമ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു.. പിന്നീട് മദ്ധ്യാഹ്നം വരെ നമ്മള്‍ സംസാരിച്ചിരുന്നു.. നിന്നെ ഇഷ്ടപെടാനുള്ള കാരണങ്ങള്‍.. ഒരുപാട് ഉണ്ടായിരുന്നുവെനിക്ക്.. ഞാന്‍ ഒറ്റയ്ക്ക് നടന്നിരുന്ന വീതികുറഞ്ഞ വഴികളില്‍ എന്നെ കാത്തുനിന്ന മരങ്ങളുടെ ചുവട്ടില്‍ നിന്നെ ഞാന്‍ പ്രതീക്ഷിച്ചുവോ ..അതെനിക്കറിയില്ല. എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോഴേക്കും കാലം സൂര്യന്റെ കൈകളില്‍ വിലങ്ങിട്ടു കടലില്‍ താഴ്ത്തിയിരുന്നു.. ആ വിരഹത്തില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായ് നിന്നിരുന്ന മേഘങ്ങള്‍ തളര്‍ന്നുറങ്ങും വരെ ഞാന്‍ കാത്തിരുന്നു നിന്റെ മറുപടിക്കായ്.. രാവേറെ ചെന്നപ്പോള്‍ ഞാന്‍ നിദ്രയില്‍ മുഖമമര്‍ത്തി ..പിറ്റേന്ന് പുലര്‍ച്ചെ നിന്റെ മറുപടിക്കായ് കാത്തു നിന്നെങ്കിലും നീ വന്നില്ല. എന്നാല്‍ അന്ന് രാത്രി ആകാശത്ത് തിളങ്ങിയ നക്ഷത്രങ്ങളിലോന്നിനു നിന്റെ ചിരിയായിരുന്നു.. കണ്ണുകളില്‍ പ്രണയം ഉറങ്ങിയിരുന്നു.. അത് നീ തന്നെയെന്ന്‌ മനസിലാക്കാന്‍ ഞാന്‍ പിന്നെയും ഒരു രാത്രികൂടി എടുത്തു.

നിന്നെ കാണാന്‍ ഞാനിപ്പോള്‍ രാത്രിയാകും വരെ കാത്തിരിക്കണം..
ഞാനൊരു നക്ഷത്രമല്ലലോ..

Saturday, November 22, 2008

i love you *

-----------------
*conditions apply

Wednesday, November 19, 2008

ആത്മഹത്യകുറിപ്പുകള്‍

നീയാണെന്റെ ജീവന്‍.. എന്റെ ഹൃദയതുടിപ്പുകളുടെ താളം. എനിക്ക് വസന്തവും ശിശിരവും വേനലും നീ തന്നെ. മഴയെന്നാല്‍ എനിക്ക് നീയാണ് ഇടിമിന്നല്‍ നിന്റെ പൊട്ടിച്ചിരിയും. കടലിന്റെ അഗാധതയെക്കാള്‍ നിന്റെ കണ്ണിലെ ആഴങ്ങലെയാണ് ഞാന്‍ സ്നേഹിച്ചത്. നിന്റെ മുടിയിഴകള്‍ മയില്‍പ്പീലികള്‍ പോലെയാണ്. ..ചിലപോഴെല്ലാം ഞാന്‍ നിന്നെ കാത്തിരിക്കുമ്പോള്‍ യുഗങ്ങള്‍ കടന്നു പോകുന്നത് പോലെ ...ഓരോ നിമിഷവും. നീ വരാന്‍ വൈകിയാല്‍ ഞാനൊരു ട്രെയിനിനു മുന്നില്‍ പെട്ടത് പോലെ പകച്ചു പോകാറുണ്ട് ..നിന്നെ ആദ്യമായി കണ്ടപ്പോഴും എനിക്ക് ഇതു തന്നെയാണ് തോന്നിയത്. നിന്നോടൊപ്പം നടക്കുവാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍ പതുക്കെ നടക്കുവാന്‍ പഠിച്ചത്. നീ ദേഷ്യപ്പെടുമ്പോള്‍ കടലില്‍ മഴ പെയ്യുന്നത് പോലെ .. നിന്റെ ചിരി എന്നെ ജന്മന്തരങ്ങളിലെക് കൂട്ടികൊണ്ടുപോകുന്നു. ..എത്രയോ ജന്മങ്ങളാണ് നമ്മള്‍ ഒരുമിച്ചു ജീവിച്ചത്. (ഇനി ഒരു മാറ്റം ഒക്കെ ആവാം). നിന്റെ ചേട്ടന്മാര്‍ എനിക്ക് ഒരുപാട് 'ലാസ്റ്റ് വാണിംഗ്' തന്നതാണ്.. എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നത്.. നീ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്. പുലരികളില്‍ മഞ്ഞു വീണു കുതിര്‍ന്ന വഴികളിലൂടെ നടക്കുമ്പോള്‍ നീ എന്റെ കൂടെയുണ്ടായിരുനെങ്കില്‍ എന്നുഞാന്‍ ആഗ്രഹിക്കാറുണ്ട്.. അതിരാവിലെ നിന്റെ വീട്ടില്‍ വന്നു നിന്നെ വിളിക്കുക എന്നത് ആത്മഹത്യപരമാനെന്നതിനാല് ഞാനത് ഉപേക്ഷിച്ചു‌.

Tuesday, November 18, 2008

നീ എന്നെ ഇങ്ങനെ വേദനിപ്പിക്കരുത്..

ഇനി ഒരുപക്ഷെ.. ഒരിക്കല്‍ കൂടി.. നിനക്കെന്നെ വേദനിപ്പിക്കാന്‍ ഞാന്‍ അവസരം തന്നുവെന്നുവരില്ല.

നിനക്കെന്നെ ഇഷ്ടമല്ല എന്നതല്ല .. നീ അവനെ ഇഷ്ടപ്പെടുന്നു എന്നതാണ് എന്നെ വേദനിപ്പിച്ചത്. നിനക്കെന്നെ മറക്കാം .. നീ അവനെ ഓര്‍ക്കുന്നതും അത് എന്നെ ഓര്‍മിപ്പിക്കുന്നതും എനിക്ക് ഇഷ്ടമല്ല..

Monday, November 17, 2008

ഒരു നുള്ള് പ്രാണനെ പൂക്കളില്‍ നിവേശിപ്പിച്ചു അകലങ്ങളില്‍ മറയുന്ന ആത്മാക്കള്‍, ഭൂമിയെ ഒരുപാട് സ്നേഹിച്ച അവര്‍ രാത്രിയുടെ വിദൂരതയില്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു.. രാത്രികളില്‍ വിടരുന്ന പൂക്കളെ പ്രണയിക്കുവാന്‍. നിശാഗന്ധികള്‍ വിടരുന്നത് അവര്‍ക്ക് വേണ്ടിയാണു .. എന്നെപോലുള്ള ആത്മാകള്‍ക്ക് വേണ്ടി..

Sunday, November 16, 2008

പ്രണയം മയില്‍ പീലിപോലെയെന്നു നീ തന്നെയല്ലേ എന്നോട് പറഞ്ഞത്..
അത് കൊണ്ടാണ് എന്റെ പ്രണയം നീ അറിയാതെ പോയത്..