Tuesday, December 15, 2009

നിന്റെ പ്രണയം എനിക്ക് അസ്തമയവര്‍ണങ്ങളുടെ നേര്‍കാഴ്ച്ചയാണ്. അതെന്നെ ഒരേ സമയം ആഹ്ലാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. കാഴ്ച്ചയുടെ സൗന്ദര്യവും മനസിന്റെ വിങ്ങലും ആ നിറങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു.

കടല്‍ചിപ്പികള്‍

രാത്രിയുടെ വിജനതയില്‍ കടല്‍ത്തീരത്ത് ഒരു ‍ചിപ്പി അതിനുള്ളിലെ മുത്തിന്റെ പ്രഭയില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഓരോ കടല്‍ചിപ്പിക്കുള്ളിലും ഇതു പോലെ മുത്തുകളുണ്ടാവും. പ്രണയത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച ഹൃദയങ്ളില്‍ നിന്നും പ്രണയം മേഘങ്ങളിലേക്ക് പറന്നു പോകും. അവിടെ ആ മേഘങ്ങളീല്‍ നിന്ന് മഴയായും മരങ്ങളില്‍ നിന്ന് മരം പെയ്ത്തുകളായും പ്രണയം ഭൂമിയുടെ ഞരമ്പുകളിലൂടെ ഒഴുകി അരുവിയായും പുഴയായും പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ കടലിന്റെ ആഴങ്ങളില്‍ ചെന്നു ചേരുന്നു. ജന്മന്തരങ്ങള്‍ കഴിയുമ്പോള്‍ അതൊരു ചിപ്പിയുടെ മുത്തായി, ഹൃദയമായി നിനക്കും എനിക്കുമിടയില്‍ ഇങ്ങനെ തിളങ്ങി നില്‍ക്കും, നമുക്കിടയിലൂടെ കടന്നു പോയ യുഗങ്ങളെയും തമ്മില്‍ അറിയാതെ പോയ ജന്മങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട്.

ഒന്നും എവിടെയും അവസാനിക്കുന്നില്ല.. ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കും, ജന്മങ്ങളില്‍ പുനര്‍ജന്മങ്ങളിലേക്കും ഞാനും നീയും നിന്നില്‍ പൂര്‍ണമാകാതിരുന്ന എന്റെ പ്രണയവും.. കടല്‍ച്ചിപ്പികളിലൂടെ യാത്ര തുടരും.

Monday, December 7, 2009

ആകാശവും ആഴിയും പോലെയാണ് നീയും ഞാനും. വിദൂരതകളില്‍ അത് ഒന്നായിതീരുന്നുവെന്ന് തോന്നും. യാഥാര്‍ത്ഥ്യങ്ങളില്‍ അതു ഒരിക്കലും എവിടെയും ചേരുന്നില്ല.
കറുപ്പ് നിറം ഒന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല്ലല്ലോ..

അതുകൊണ്ടാവണം എന്റെ പ്രണയം
നിന്നില്‍ നിന്നും പ്രതിഫലിക്കാതെ പോയത്.
ഞങ്ങള്‍ നക്ഷത്രങ്ങളെ കുറിച്ചും മഴയെകുറിച്ചും സംസാരിച്ചു.
കമ്മുണിസത്തെകുറിച്ചും ഭൗതികവാദത്തെകുറിച്ചും നിയോറിയലിസത്തെപറ്റിയും
ജീവശാസ്ത്രത്തെകുറിച്ചും രസതന്ത്രത്തെകുറിച്ചും കഥയെയും കഥാപാത്രങ്ങളെകുറിച്ചും സംസാരിച്ചു.
ഞാന്‍ അവളെകുറിച്ചോ അവള്‍ എന്നെകുറിച്ചോ ചോദിച്ചില്ല.
വാക്കുകള്‍ക്കൊടുവിലുള്ള നിശബ്ദതയിലാണ് ഞങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നത്.

Saturday, October 10, 2009

നൊമ്പരപ്പൊട്ട്

ഓഫിസില്‍ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് പോകുന്നതിനിടയിലാണ് എന്റെ മിഴികള്‍ അവളില്‍ പതിഞ്ഞത്. എവിടെയോ കണ്ടുമറന്നതു പോലെ.. എവിടെയോ അല്ല.. ഹൃദയത്തില്‍ നിന്നും നഷ്ടപ്പെട്ട ഒരു മയില്‍പ്പീലിതുണ്ട് പോലെ അവളുടെ കൗതുകം നിറഞ്ഞ ആ മിഴികള്‍.. അതെന്റെ ഹൃദയത്തില്‍ ഒരു റോസാചെടിയുടെ മുള്ള് കൊണ്ട് വരയുന്നതു പോലെ.

കുറെനാളായി എന്റെ ശ്രീമതിയുടെ കണ്ണുകളുടെ സൗന്ദര്യത്തോട് കിടപിടിക്കാന്‍ പറ്റിയ മാന്മിഴികളെ വേറെ ആരിലും കാണുകയുണ്ടായില്ല. ഇതിനു മുന്‍പ് അങ്ങനെയൊന്നു കണ്ടതിന്റെ പാര്‍ശ്വഫലങ്ങള്‍ എനിക്ക് ചിലപ്പോഴെല്ലാം അവളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവളിതൊന്നും സീരിയസ്സായി കാണില്ലെന്ന് എനിക്കറിയാം. എനിക്കതറിയാമെന്ന് അവള്‍ക്കുമറിയാം. അവള്‍ക്ക് എന്നേക്കാള്‍ ഹ്യൂമര്‍സെന്‍സുള്ളതുകൊണ്ട് വെറുതെയൊരു തമാശയ്ക്ക് ഞാനിതെല്ലാം പോയി അവളോട് പറയാറുണ്ട്. ഫാഷന്‍ ഫോട്ടോഗ്രഫി തലക്കുപിടിച്ചു നടന്നപ്പോള്‍ പരിചയപ്പെട്ടതാണ് ഞാനിവളെ. അന്നുമുതല്‍ ഇന്നുവരെ എന്റെ ചെറിയൊരു നോട്ടത്തിന്റെ അര്‍ത്ഥം വരെ ഇവള്‍ക്ക് മനസിലാകും.

ആ കണ്ണുകള്‍, അതിന്റെ ഭാവചലനങ്ങള്‍ എന്നെ കാലങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടികൊണ്ടുപോകുന്നതു പോലെ. ഫാഷന്‍ ഫോട്ടോഗ്രഫറായെപിന്നെ സ്ത്രീസൗന്ദര്യത്തിന്റെ വിവിധഭാവങ്ങള്‍ പല രൂപങ്ങളില്‍ എന്റെ മുന്നില്‍ കൂടി കടന്നു പോയിരുന്നു. അങ്ങനെയെന്റെ ക്യമറയില്‍ പതിഞ്ഞ ഏതെങ്കിലും മുഖവുമായുള്ള സാദൃശ്യം. ഞാന്‍ വെറുതെയൊന്ന് ഓര്‍ത്തുനോക്കിയെന്നെയുള്ളൂ. അങ്ങനെയൊന്നുമല്ല.. അങ്ങനെയൊരു നേരമ്പോക്കുകളില്‍ പതിഞ്ഞ മുഖമല്ല അവളുടേത്.

ചിന്തകള്‍ പല പല രൂപങ്ങള്‍ സ്വീകരിക്കുന്ന മേഘശകലങ്ങളെപോലെ അലക്ഷ്യമായ് അനസ്യൂതം കടന്നുപോയ്കൊണ്ടിരുന്നു. ഫ്ലാറ്റില്‍ചെന്ന് കേറും വരെ ആ മിഴികള്‍ എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നു. കോളിങ് ബെല്‍ അടിച്ചതും ശ്രീമതി വാതില്‍ തുറന്നതും ഒരുമിച്ചാണ്. ഈ betterhalf ന്റെ ഒരുകാര്യം.. ഇവളെന്താ വാതിലില്‍തൂങ്ങി നില്‍ക്കുകയായിരുന്നോ. ശരിക്കും അവളെന്റെ പകുതിയേയുള്ളൂ. അവള്‍ ഡയറ്റിങ്ങിലാണ്.. അതുകൊണ്ട് നിവൃത്തിയില്ലതെ ഞാനും. ഇവളുടെ കൂടെ കൂടിയെപിന്നെയാണ് ഞാന്‍ സ്ഥിരമായി പച്ചക്കറി കഴിച്ചു ശീലിച്ചത്. ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങളെല്ലാം ഒതുക്കുന്നതിനിടയില്‍ ശ്രീമതിയുടെ ഒരു ചോദ്യം. ഇന്നെന്താണ് ഒരു മൗനം. നന്നാകാന്‍ തീരുമാനിച്ചോ..

ഏയ് അല്ല.. ഞാനെന്റെ നഷ്ടങ്ങളുടെ കണക്കെടുക്കുകയായിരുന്നു, ജീവിതത്തിലെ ഓര്‍മകളുടെ. പതിവില്ലാതെ എന്റെ ഫിലോസഫി കേട്ട് അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. എനിക്കവളോടെന്തോ പറയാനുണ്ട് എന്നു കരുതി അവള്‍ അടുത്തേക്ക് നിന്നു. എനിക്കെന്തെങ്കിലും സംസാരിക്കാന്‍ അവള്‍ മാത്രമെയുള്ളൂ. ഞാനൊരു അന്തര്‍മുഖനായതുകൊണ്ടല്ല.. സ്വാകാര്യാമായതിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ട് വേറെ ആരോട് പറയുന്നതിനേക്കാള്‍ ഇവളോട് പറയുന്നതാണ് എനിക്കിഷ്ടം. ഇവളെനിക്ക് ഒരേസമയം എന്റെ ഭാര്യയും കൂട്ടുകാരിയുമാണ്. അവളുടെ ചില കുറുമ്പുകള്‍ കാണുമ്പോള്‍ അവളെന്റെ മകളാണെന്ന് തോന്നാറുണ്ട്. വീട്ടുകാരെയും എതിര്‍ത്ത് ഞാന്‍ ഇവളുടെ കൈപിടിച്ചിറങ്ങുമ്പോള്‍ ആകെയുണ്ടായിരുന്നത് കുറെ വിശ്വാസങ്ങള്‍ മാത്രമാണ്. അതില്‍നിന്നും ഇവിടെവരെ എത്തിയില്ലേ.

ഉറങ്ങാന്‍ കിടക്കും മുന്‍പായി ഞാന്‍ അവളോട് പറഞ്ഞു. ശ്രീ ഞാന്നിന്നൊരു പെണ്‍കുട്ടിയെ കണ്ടു. നല്ല പരിചയമുള്ള മുഖം. പക്ഷേ എത്ര ആലോചിചിട്ടും ആ പരിചയത്തിന്റെ കാരണം കിട്ടിയില്ല.

പിന്നെ ശ്രീകൃഷ്ണനാണല്ലോ.. കണ്ട പെണ്‍കുട്ടികളെയെല്ലാം വായ്നോക്കിനടക്കുമ്പോള്‍ ആലോചിക്കണം. ഇവളുമാരെയൊക്കെ പിന്നീടെപ്പോഴേലും വീണ്ടും കാണുമെന്ന്.

ഏയ് അത്ര 'ദൂരത്തല്ല'. വളരെ അടുത്ത പരിചയം പോലെ. നിന്നെ കെട്ടിയെപിന്നെ ഓര്‍മ്മകളെ ഞാനധികം പുതുക്കാറില്ലല്ലോ. അതുകൊണ്ടാണീ ഓര്‍മ്മപിശക്.

പെട്ടെന്നൊരു വെളിപാട് കിട്ടിയപോലെ ശ്രീമതി പറഞ്ഞു..'ശ്രീ പറയാന്‍ മറന്നു. ഇന്നു ശ്രീക്കൊരു ലെറ്റര്‍ വന്നു ഞാനത് ആ ടി. വി സ്റ്റാന്‍ഡിനു മുകളില്‍ വച്ചിടുണ്ട്'. അവളുടെ വെളിപെടുത്തലില്‍ എന്റെ ചിന്തകളെ അവിടെ ഉപേക്ഷിച്ച് ഒട്ടൊരു ആകാംഷയോടെ ആ കത്തെടുത്ത് പൊട്ടിച്ചുവായിച്ചു.

എന്റെ ശ്രീക്ക്..
നിന്നെക്കെന്നെ ഓര്‍മയുണ്ടാവണമെന്ന് ഞാന്‍ വാശിപിടിക്കില്ല. എങ്കിലും എന്നും നിന്നെ ഓര്‍ക്കുവാന്‍ നീയെനിക്ക് തന്ന ചുംബനം..അതിന്റെ ചൂട് എന്റെ മിഴികളില്‍ ഇപ്പോഴുമുണ്ട്. കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്കും അതില്‍നിന്ന് ജീവിതത്തിലേക്കും കടന്ന നീ ഇതൊന്നും ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന കാര്യമല്ല എന്നെനിക്കറിയാം. എനിക്ക് നിന്നോടുണ്ടായിരുന്ന പ്രണയം ഇന്നു നിന്നില്‍ അപ്രസക്തമാണെന്നും. എങ്കിലും നിന്നെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. നിനക്ക് സൗകര്യപ്പെടുമെങ്കില്‍ ഈ നമ്പറില്‍ എന്നെ വിളിക്കാം. രണ്ടു ദിവസംകൂടി ഞാനീ നഗരത്തില്‍ കാണും.
എന്ന് സ്വന്തം, സംഗീത.

പുറത്ത് മഴ ചാറുന്നുണ്ട്. തണുപ്പ് എന്റെ ശരീരത്തിലേക്ക് പതിയെ അരിച്ചിറങ്ങുന്നു.. അവളെ കുറിച്ചുള്ള ഓര്‍മകളും. കൗമാരത്തിന്റെ ഇടവഴികളില്‍ എന്നോടെപ്പമുണ്ടായിരന്ന അവളുടെ ആ മുഖം..എനിക്കെങ്ങനെ അവളെ മറക്കാന്‍ കഴിഞ്ഞു. ഒരുപക്ഷേ എനിക്ക് അവളോടുണ്ടായിരുന്ന സ്നേഹം കൗമാരത്തിന്റെ നേരമ്പോക്കുകള്‍ മാത്രമായിരുന്നിരിക്കാം. എങ്കില്‍ പിന്നെ എന്തിനാണ് എന്റെ ചുംബനം ഞാനവള്‍ക്ക് നല്‍കിയത്. ഒരു സ്ത്രീ എന്താണെന്നറിയാനുള്ള കൗതുകത്തിന്റെ പേരില്‍ മാത്രമാണോ ഞാനന്ന് അങ്ങനെ ശ്രമിച്ചത്. അന്നത് ശരിക്കും പ്രണയചാപല്യങ്ങളുടെ കാലമായിരുന്നു.

ഞാന്‍ പതിയെ ബാല്‍ക്കണിയില്‍ നിന്നും തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ വരവും കാത്ത് ഓളംതല്ലുന്ന കണ്‍പീലികളുമായ് ഏതോ മാസിക അലക്ഷ്യമായ് മറിച്ചു കൊണ്ടിരിക്കുന്ന എന്റെ ശ്രീമതിയെയാണ്. ഞാനൊരു പ്രയോഗികബുദ്ധിയുള്ള ഭര്‍ത്താവയതിനാലോ..അതിലുപരി സ്വാര്‍ത്ഥനായതിനാലോ ഞാനപ്പോള്‍ ചിന്തിച്ചത് എന്റെ ശ്രീയെക്കുറിച്ച് മാത്രമാണ്. പ്രണയത്തെ അതിന്റെ തീവ്രമായ ആന്തരികാര്ത്ഥ്ത്തില്‍ ഞാനപ്പോള്‍ മനസിലാക്കുകയായിരുന്നു.

എന്റെ ജീവിതമെന്നു പറയുന്നത് ഇവളാണ്.. ശ്രീമതി അനഘ നായര്‍. എന്റെ ഭാര്യ. അതുകൊണ്ട്തന്നെ കൗമാരത്തിന്റെ പ്രണയചാപല്യങ്ങളുടെ നൊമ്പരപ്പൊട്ടുള്ള ആ കത്ത് നിശബ്ധമായ് പെയ്യുന്ന രാത്രി‍മഴയിലേക്ക് തുണ്ടുകളായി വാരിയെറിഞ്ഞ് ഞാന്‍ അനഘയുടെ അടുത്തുചെന്ന് അവളുടെ കാതുകളില്‍ പതിയെ പറഞ്ഞു.. ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന്. നിന്നെ മാത്രമെ പ്രണയിച്ചിട്ടുള്ളുവെന്നും..

ഒരു കുട്ടിയുടെ കൗതുകത്തോടെ അവള്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു..പിന്നെ എന്നോട് പറഞ്ഞു

കള്ളം പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്ന്..

Tuesday, September 22, 2009

സ്വാര്‍ത്ഥത

നീ പോരുന്നോ എന്റെ കൂടെ..
നിന്നെ ഒറ്റയ്ക്കാക്കി പോകാന്‍ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ നീ ഇടറുന്നത് കാണാന്‍ എനിക്കാവില്ല.
ഉഷ്ണക്കാറ്റുവീശുന്ന മരുഭൂമിയുടെ വിജനതയില്‍, യാഥാര്‍ത്യങ്ങളുടെ കനല്‍കൂടാരങ്ങളില്‍ നീ തനിച്ചായി പോകുന്നത് എനിക്ക് നൊമ്പരമാണ്.
നിന്റെ നെറുകയില്‍ ഒരു ചുംബനം തരാനും നീ തളര്‍ന്നു പോകുമ്പോള്‍ നിന്നെ മുറുകെ പിടിക്കാനും എനിക്ക് പിന്നീട് കഴിയില്ലല്ലോ.
ഞാന്‍ സ്വാര്‍ത്ഥനാണല്ലോ.. അതുകൊണ്ട് ചോദിക്കട്ടെ, നീ പോരുന്നോ എന്റെ കൂടെ.. മരണത്തിലേക്ക്.

Monday, August 24, 2009

ഋതുഭേതങ്ങള്‍

നിന്നെ ഞാനിനി പ്രണയിക്കില്ല..
കാലം പൂക്കളെ ചുംബിക്കുന്നതും വിടരുന്നതും കൊഴിയുന്നതും
ഞാനറിയാതെ പോകും

ബോഗെന്‍വില്ലകള്‍ ചാഞ്ഞു നില്‍ക്കുന്ന ഇടവഴികളില്‍
ഞാന്‍ നിന്നെ കാത്തുനില്‍ക്കില്ല
മഞ്ഞു പൊഴിയുന്ന ഡിസംബറുകളിലും വസന്തത്തിന്റെ തുടക്കങ്ങളിലും
നിറഞ്ഞു പെയ്യുന്ന വര്‍ഷത്തിലും ഞാന്‍ നിന്നെ ഓര്‍ക്കില്ല
രാത്രിമഴയുടെ പ്രണയസല്ലാപങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കില്ല
പ്രണയം.. എനിക്കും നിനക്കും ഒരുപോലെയല്ലല്ലോ..

എന്റെ പ്രണയത്തിനു മുന്‍‍പില്‍ കാലം നിശബ്ധമായിരുന്നു..
പക്ഷെ ഋതുക്കള്‍ക്ക് നിന്നില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞുവെന്ന്
ഞാന്‍ അറിയുന്നു. ശരിയാണ്..
നീയെപ്പോഴും നീ തന്നെയാണ്
ഞാന്‍.. ഞാന്‍ മാത്രവും

കാലത്തിന്റെ മരംപെയ്ത്തുകള്‍ക്കൊടുവില്‍ ബന്ധങ്ങള്‍ അലിഞ്ഞു പോകും
രാവില്‍ നിന്നും പുലരിയിലേക്ക് സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപോലെ
നിന്റെ കണ്ണില്‍ നിന്നും ഞാന്‍ മറയും
നിന്നെ ഞാന്‍ പ്രണയിക്കുന്നതെങ്ങനെ ..
പ്രണയം.. അതിനി എനിക്കും നിനക്കും ഒരുപോലെയല്ലല്ലോ.
ആഴങ്ങള്‍ നിഷേധിക്കപ്പെട്ട കടല്‍ശംഖില്‍ നിന്നുയരുന്ന
തേങ്ങലുകള്‍ പോലെ നിന്റെ വിരഹത്തില്‍
എന്റെ ഹൃദയം നൊമ്പരപ്പെടുന്നു..
നീ ഉണരുന്നത് എനിക്ക് നൊമ്പരമാണ്..

പുലരികളില്‍ മരങ്ങളെ പുതഞ്ഞു നില്‍ക്കുന്ന മഞ്ഞിന്റെ ആര്‍ദ്രമായ സ്വപ്നം പോലെയായിരുന്നു നമ്മുടെ പ്രണയം.. മുടിയില്‍ തഴുകിയും മൃദുവായ് ചുംബിച്ചും നീയെന്റെ മാറില്‍ മയങ്ങുമ്പോഴെല്ലാം നീ ഒരിക്കലും ഉണരാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഒരു സ്വാര്‍ത്നാണല്ലോ. . നിന്നെ നഷ്ടപെടുത്താന്‍ എനിക്കാവില്ലായിരുന്നു. നീ ഉണരുമ്പോള്‍ ഇതെല്ലം നിന്റെ വിസ്മൃതിയില്‍ മറയുമെന്നെനിക്കറിയാം. എനിക്കതറിയാവുന്നതു കൊണ്ട് ഞാന്‍ ഉണരില്ല. കാലഭേദങ്ങളറിയാതെ ഞാന്‍ ഉറങ്ങും. ഒരിക്കലും ഉണരണമെന്നില്ലാതെ..

Friday, July 24, 2009

പുനര്‍വായന

-- മരണം ഒരു ലക് ഷ്യമാണ് .. ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ലക് ഷ്യം. --

ആകാശത്തിനു പതിവിലേറെ തിളക്കമുണ്ടായിരുന്ന ദിവസമാണ് അവന്‍ ആ തീരുമാനമെടുത്തത്. ആത്മാവിനെ അവന്റെ ഇടുങ്ങിയ മനസില്‍ നിന്നും വിശാലമായ നക്ഷത്രങ്ങളുടെ ലോകത്തിലേക്ക് സ്വതന്ത്രമാക്കാന്‍, മരണത്തിനു മുന്‍പില്‍ തോല്‍ക്കാന്‍ അവന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട്.

അടുത്ത ശരത്കാലാത്തിനു മുന്‍പ് എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന മരണത്തിന്റെ ആ തണുത്ത തലോടലിനായ് കാത്തു നില്‍ക്കാന്‍ അവനാവില്ലായിരുന്നു. ഏതെങ്കിലും ഒരു പുലരിയില്‍ അവന്റെ അനുവാദത്തിനായ് കാത്തുനില്‍ക്കാതെ മരണം അവന്റെ ആത്മാവിനെ അപഹരിക്കുമോയെന്ന് അവന്‍ ഭയന്നു. അങ്ങനെ യാത്ര പറയാതെ പോകേണ്ടി വരുന്നതിനെകുറിച്ച്..

ഹൃദയങ്ങള്‍ക്ക് നേരെ അവന്‍ കണ്ണടച്ചു. പ്രണയത്തിന്റെ, സ്നേഹത്തിന്റെ, വാല്‍സല്യത്തിന്റെ, പ്രതികാരത്തിന്റെ എല്ലാത്തിന്റെയും നേരെ അവന്റെ ഹൃദയം പുറംതിരിഞ്ഞു നിന്നു. ചിന്തകള്‍ ആഴങ്ങളിലേക്ക് വേരൂന്നുകയായിരുന്നു. അതിജീവനത്തിന്റെ വാതിലുകള്‍ അവന്റെ മുന്‍പില്‍ ഓരോന്നായി അടയ്ക്കപ്പെട്ടു. ഏതു നിമിഷവും അടര്‍ന്നു വീഴാവുന്ന നരച്ച ഇലകളെ പോലെ ചിന്തകളില്‍ നിന്നും ചിന്തകളിലേക്ക് അവന്റെ അല്പപ്രാണനായ ഹൃദയം സഞ്ചരിക്കുകയാണ് അവന്റെ ഗതകാലങ്ങളിലേക്ക്. പുതിയതൊന്ന് ചിന്തിക്കുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടാവണം ഹൃദയം ഓര്‍മകളുടെ ഒരു പുനര്‍‌വായനയ്ക്കൊരുങ്ങിയത്. ഓര്‍മ്മകള്‍ ചെന്നവസാനിച്ചത് വീണ്ടും അവളുടെ കണ്ണുകളിലാണ്..

തമോഗര്‍ത്തങ്ങള്‍ പോലെയായിരുന്നു അവളുടെ മിഴികള്‍.. ഒരിക്കല്‍ പോലും അവന്റെ പ്രണയം അവളുടെ കണ്ണുകളില്‍ നിന്നും പ്രതിഫലിച്ചിരുന്നില്ല. ഒരു സ്ത്രീയുടെ മനസിന്റെ സഹജമായ ആഴങ്ങളിലേക്ക് അതു ആണ്ടുപോയിരുന്നു. ജീവിതം അവനു മുന്‍പില്‍ ഉടനെ അസ്തമിക്കുമെന്നുള്ളതുകൊണ്ട് അവനത് വാക്കുകളിലൂടെ പ്രകടിപ്പിക്കുവാനും ശ്രമിച്ചില്ല.

ജീവിതത്തെകുറിച്ച് നിശിതമായ തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ അവനായില്ല. ദിനങ്ങള്‍ സമയസൂചികയുടെ ചിറകുകളില്‍ പറക്കുകയായിരുന്നു, വെളുത്ത മഞ്ഞുമേഘങ്ങള്‍ പോലെ. കാലങ്ങള്‍ നിമിഷങ്ങള്‍പോലെ കടന്നു പോയി.

ജീവിതത്തിന്റെ പുനര്‍വായനയ്ക്ക് അവനെ പ്രേരിപ്പിച്ച, അവളുടെ മിഴികളില്‍ നിന്നും ഒരിക്കലും പ്രതിഫലിക്കാതിരുന്ന അവന്റെ നിശബ്ധ പ്രണയം ഡെമോക്ലസിന്റെ വാള്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നതായി അവനു തോന്നി.പിറ്റേന്ന് പുലര്‍ച്ചെ മലയിടുക്കുകളില്‍ തട്ടിച്ചിതറി കൂവിയാര്‍ത്തു വരുന്ന മഞ്ഞിന്റെ നനവുള്ള കാറ്റിലേക്ക്, കോടമഞ്ഞു പുതഞ്ഞു നില്‍ക്കുന്ന നിഗുഡ്ഡമായ ആഴങ്ങളിലേക്ക് അവന്‍ കുറെനേരം നോക്കിനിന്നു. ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ഗം അവന്റെ കൈയെത്തും ദൂരത്താണെന്നു അവനു തോന്നി. മലനിരകളെ ചുംബിച്ച് പറന്നുപോകുന്ന മഞ്ഞിന്റെ കനത്ത മേഘക്കെട്ടുകളിലേക്ക്, മരണത്തിന്റെ ആഴങ്ങളിലേക്ക് അവന്‍ സ്നേഹപൂര്‍വ്വം നോക്കിനിന്നു..

---------------

വഴിതെറ്റുന്ന ചിന്തകളില്‍ നിന്നും എന്നെ തിരികെ കൊണ്ടുവരുന്ന എന്റെ പ്രിയ കൂട്ടുക്കാരിക്ക് ഞാനിത് സമര്‍പ്പിക്കുന്നു..

Tuesday, July 7, 2009

ആഴങ്ങളില്‍ നിന്നും കടംകൊണ്ടല്ലാതെ മനസ്സിന്റെ ഉപരിതലങ്ങളില്‍ നിന്നെടുത്ത വാക്കുകള്‍ കൊണ്ട് നമുക്ക് സംസാരിക്കാം. ആഴങ്ങള്‍ ഹൃദയത്തെ അതിലേക്ക് ആകര്‍ഷിക്കുന്നു. നിന്റെ ആഴങ്ങള്‍ എന്റെ ഹൃദയത്തെ നിന്നിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു; തിരിച്ചും.
ഹൃദയങ്ങള്‍ സ്വതന്ത്രമായിരിക്കട്ടെ..!

Monday, July 6, 2009

നീ എന്നില്‍ നിന്നും ഇങ്ങനെ കുതറിമാറുമ്പോള്‍ ഞാന്‍ കടല്‍ത്തിരകളെ ഓര്‍ക്കാറുണ്ട്.. ആ കടല്‍ത്തിരകളെ പോലെയാണ് നീ..

Saturday, May 23, 2009

മാര്‍ച്ച്

നഷ്ടപ്പെടുന്ന ഒരു ഓര്‍മ്മയുടെ നൊമ്പരമാണിത്..

ചില ചുവന്ന സായാഹ്നങ്ങളില്‍ ഒരു വിഷാദ രാഗം പോലെ മഴ പെയ്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ക്കാറുണ്ട്. നമ്മള്‍ വിട പറഞ്ഞിറങ്ങിയ ആ സായാഹ്നത്തിനും ഇതേ വിഷാദ ഭാവമായിരുന്നു. വെറുതെ ഒന്നോര്‍ത്തെന്നേയുള്ളൂ.. നിന്നെ കാണണമെന്നു തോന്നുന്നു. ഒരു പൂവ് വിടരുന്നതുപോലെയായിരുന്നു നിന്റെ ചിരി. നിന്റെ ചിരിക്കുന്ന ആ അധരങ്ങളെക്കാള്‍ എനിക്കോര്‍മ്മയുള്ളത് തമ്മില്‍ പിരിയുമ്പോള്‍ നിറഞ്ഞുതുളുമ്പിയ നിന്റെ വിടര്‍ന്ന മിഴികളെയാണ്.

പ്രണയം വിടര്‍ന്നു നില്‍ക്കുന്ന ആ പൂവാകയുടെ ചുവട്ടിലാണു ഞാനിപ്പോള്‍. ഈ തണല്‍മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് സൗഹൃദം പങ്കുവെച്ചവരുടെ കുസൃതികളും പൊട്ടിച്ചിരികളും ഇവിടെ ഇപ്പോഴും മുഴങ്ങുന്നുണ്ട്. കലാലയത്തിലെ ഈ തണല്‍മരങ്ങള്‍ നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ.. എത്ര ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ചെവിയോര്‍ത്തതാണീ വഴിമരങ്ങള്‍. ഇതിനു ചുവട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാനെന്റെ പ്രണയം നിന്നോട് പറയാന്‍ ആഗ്രഹിച്ചിട്ടുണ്ട്.. നിന്നോടെന്തോ അനാവശ്യം പറഞ്ഞുവെന്നു പറഞ്ഞ് നീ ആ പ്രിന്‍സിന്റെ മൂക്കിന്റെ പാലം ഇടിച്ചൊടിച്ചത് എനിക്കോര്‍മ്മയുണ്ട്. അതോടെ അവന്‍ 'പഠിച്ചു' ഫിസിയോതെറാപ്പിസ്റ്റ് ആയി.. നിന്റെയൊരു കൈപ്പുണ്യം.. സമ്മതിക്കണം. അതെന്തായാലും അതു കഴിഞ്ഞു എന്റെ പ്രണയം നിന്നെ അറിയിക്കാന്‍ ഞാന്‍ ഭയന്നു. എന്റെ ആവശ്യം നിനക്ക് അനാവശ്യമായി തോന്നിയാലോ. കൂടാതെ നിന്റെ സൗഹൃദം എനിക്കാവശ്യമായിരുന്നു. നിന്നെ എനിക്ക് പൂര്‍ണമായി നഷടപ്പെടുന്നതിനേക്കാള്‍ നീയെന്റെ കൂട്ടുക്കാരിയായിരിക്കുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

സൗഹൃദം പ്രണയത്തിനു വഴിമാറുന്നു എന്നു തോന്നിയപ്പോഴൊക്കെ നീ എന്നില്‍ നിന്നും അകലം സൂക്ഷിച്ചു. എനിക്ക് വിഷമമില്ല. നിശബ്ധമായിരിക്കുന്ന പ്രണയം സ്വതന്ത്രമാണ്.. കൂട്ടത്തില്‍ ഞാനും സ്വതന്ത്രമായിരിക്കും. എങ്കിലും നിന്റെ ഹൃദയത്തിനു മാത്രം കേള്‍ക്കാവുന്ന ശബ്ധത്തില്‍ ഞാനത് എത്രയോവട്ടം പറഞ്ഞിരിക്കുന്നു.. നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്ന്.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്. വിടപറച്ചിലിന്റെ വികാരവിക്ഷുബ്ധതയില്‍ മൃദുലഭാവങ്ങളില്‍ നിഴല്‍ വീഴുന്ന മാസം. നീ പറഞ്ഞതു പോലെ.. നാം ഇനി ഒരിക്കലും തമ്മില്‍ കണ്ടുമുട്ടിയില്ലെന്നുവരും.. എങ്കിലും വിരഹനൊമ്പരങ്ങള്‍ ഹൃദയസ്പന്ദനങ്ങളെ നിയന്ത്രിക്കുന്ന കാലത്തോളം ഈ സൗഹൃദം നിലനില്‍ക്കും. നിന്റെ ഹൃദയത്തില്‍ ചിറകുകള്‍ക്കായി കാത്തിരുന്ന എന്റെ പ്രണയവും.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്..!

വിദൂരസ്വപ്നങ്ങള്‍

നിറമില്ലാത്ത ആകാശത്തേക്ക് നോക്കിനില്‍ക്കെ ജീവിതത്തോടു അവന് വിരസത തോന്നി. വിദൂരതയിലേക്ക് പറന്നു പോകുന്ന കടവാതിലുകളെ പോലെ അവനും അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. ഒരിക്കലും തിരികെ വരണമെന്നില്ലാതെ.
നിഗൂഢമായ വഴികളിലൂടെയുള്ള യാത്രയ്ക്കൊടുവില്‍ അവന്‍ ചെന്നെത്തിയത് മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു അരുവിയുടെ തീരത്താണ്. കാടിന്റെ അതിര്‍ത്തിയിലൂടെയാണ് ആ അരുവിയൊഴുകുന്നത്. അവിടെ നിന്നും നോക്കിയാല്‍ കാടിന്റെ വന്യമായ സൗന്ദര്യം അതിന്റെ ഉന്നതങ്ങളില്‍ ദര്‍ശിക്കാം. ആ അരുവി എവിടെയാണ് ഉത്ഭവിക്കുന്നതെന്നോ എവിടെ ചെന്നുചേരുന്നതെന്ന് ആര്‍ക്കുമറയില്ല. അതിദൂരങ്ങളില്‍ അരുവി മഞ്ഞിനോട് ചേര്‍ന്ന് അപ്രത്യക്ഷമാകുന്നു. അവിടെയാണ് ആത്മാക്കള്‍ നിഴല്‍ രൂപങ്ങളായി സഞ്ചരിക്കുന്നത്..

ഒരു ഒഴുക്കില്‍പ്പെട്ടതു പോലെയാണ് അവന്‍ ആ നിഴല്‍രൂപങ്ങള്‍ക്കിടയിലേക്ക് ചെന്നത്. അനേകം ആത്മാക്ക‍ളോടൊപ്പം അവനും ചേര്‍ന്നുനിന്നു. അവരില്‍ ചിലരുടെയെല്ലാം കണ്ണുകളിലെ തിളക്കം അപ്പോഴും അണഞ്ഞിരുന്നില്ല. അവരെല്ലാം മരിച്ചിട്ട് അധികനേരമായിട്ടില്ല.
ജീവിതകാലത്ത് ഒരോരുത്തരും ചെയ്ത പ്രവൃത്തിയുടെ പ്രതിഫലനമാണ് ഒരോ നിഴല്‍രൂപങ്ങളിലും തെളിയുന്നത്. ചില ആത്മാക്കള്‍ക്ക് തേളിന്റെയും ഒട്ടകത്തിന്റെയും നിഴലുകളാണ്.. മറ്റു ചിലതിന് കഴുകന്റെയും പ്രാവിന്റെയും നിഴലുകള്‍. പുനര്‍ജന്മങ്ങള്‍ കാത്തിരിക്കുന്ന ഇവര്‍ ഇനിയൊരു ദേഹം കിട്ടുന്നതു വരെ ഇത്തരം നിഴല്‍രൂപങ്ങളില്‍ തുടരും.
കൂട്ടത്തില്‍ നിന്നും പരുന്തിന്റെ രൂപഭാവങ്ങളുള്ള ഒരു നിഴല്‍ അവനരികിലേക്ക് വന്നു.
നിന്റെ പേരെന്താണ്..
അവനോട് ചേര്‍ന്നു നിന്നുകൊണ്ട് ആ നിഴല്‍രൂപം അവനോട് ചോദിച്ചു.
ഗ്രാമി..!!
അവന്റെ കണ്ണുകളീല്‍ ഭയത്തേക്കാളേറെ കൗതുകമായിരുന്നു.. ഇത്ര നാളത്തെ യാത്രയ്ക്കിടയില്‍ ഇങ്ങനെയൊരു സ്ഥലത്തെ കുറിച്ച് അവന്‍ കേട്ടിട്ടുപോലുമില്ല. അവന്റെ ഉള്ളില്‍ ഉണരുന്ന ഭയത്തെ ഒളിപ്പിച്ചുനിര്‍ത്തി അവന്‍ ആ നിഴല്‍രൂപത്തിനോട് ആ സ്ഥലത്തെകുറിച്ച് അന്വേഷിച്ചു.
സ്വപ്നങ്ങള്‍ നിഗൂഡതയിലേക്കുള്ള വാതിലുകളാണ്. ചിലപ്പോള്‍ മരണത്തിലേക്കുള്ളതും..
അങ്ങനെയൊരു മുഖവുരയോടെയാണ് ആ നിഴല്‍ അവനോട് സംസാരിച്ചു തുടങ്ങിയത്.
ഇതു ആത്മക്കളുടെ ലോകമാണ്.. സ്വപ്നത്തിന്റെ തരംഗങ്ങളില്‍ കൂടി വഴിതെറ്റി സഞ്ചരിക്കുകയായിരുന്ന നിന്റെ ആത്മാവ് ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. നീ സ്വപ്നങ്ങളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടവാം അവ നിന്റെ ആത്മാവിനെയുംകൊണ്ട് ഇവിടെയെത്തിയത്. അതെന്തായാലും നിനക്കിനി ഇവിടെനിന്നും തിരികെ പോകാനാവില്ല. നീ നിന്റെ ഹൃദയത്തില്‍ നിന്നും ഒരുപാട് അകലെയാണിപ്പോള്‍. ഹൃദയസ്പന്ദനങ്ങള്‍.. അതിന്റെ സംഗീതം നിനക്ക് നഷ്ടമായികഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ ഹൃദയം സംസാരിക്കില്ല.
കടലിന്റെ ആഴങ്ങളും കാടിന്റെ നിഗൂഡ്ഡതയും ആകാശത്തിന്റെ വിശാലതയുമെല്ലാം നിനക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. നിഴല്‍ രൂപം സംസാരിച്ചു നിറുത്തി.
ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന അവന്റെ കണ്ണുകള്‍ പതിയെ നിറം മങ്ങിയ കാഴ്ച്ചകളുമായി പൊരുത്തപ്പെടുകയായിരുന്നു.. ഭൂമിയുടെ വശ്യമനോഹാരിത വിദൂരസ്മൃതികളായ് അവന്റെ ഓര്‍മകളില്‍ നിറഞ്ഞു. ഒട്ടൊരു നൊമ്പരത്തോടെ നിറഞ്ഞ കണ്ണുകളുമായി ഇരുണ്ട ഇടനാഴിയിലേക്ക് നോക്കിനില്‍ക്കെ പതിയെ അവന്റെ കൈകള്‍ ചിറകുകളായി മാറി.. അവനൊരു കടവാതിലിന്റെ നിഴലായി മാറുകയായിരുന്നു.. .. അവനാഗ്രഹിച്ചതുപോലെ. പെട്ടെന്ന്..

എടാ എഴുന്നേക്കടാ.. 8.45 ആയി. നിനക്കിന്നു ഓഫീസില്‍ പോകേണ്ടേ..
--------------------

Note: കഥയില്‍ ചോദ്യമില്ല.

Friday, February 20, 2009

സഹയാത്രിക

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഞാന്‍ അഞ്ജലിയെ പരിചയപ്പെടുമ്പോള്‍ നിന്നോടുള്ള അപൂര്‍ണമായ പ്രണയത്തില്‍ വിരിഞ്ഞ നൊമ്പരങ്ങളെ ഒഴിവാക്കാന്‍ ഒരു കാരണം..അതു മാത്രമായിരുന്നു എന്റെ മനസില്‍.. എന്നാല്‍ ഇന്നിപ്പോള്‍ ഇവളെനിക്ക് എല്ലാമാണ്. നീയെന്നെ കടന്നുപോയതില്‍ പിന്നെ എന്റെ പ്രണയം തുടര്‍ന്നു പോകുന്നതും ഞാന്‍ സൗന്ദര്യങ്ങള്‍ ആസ്വദിക്കുന്നതും ഇവളിലൂടെയാണ്..

നീ അംഗീകരിക്കാതിരുന്ന എന്നിലെ ആ പ്രണയം ഇന്നിപ്പോള്‍ ഇവളുടെ സ്വന്തമാണ്.. നീ പറയും പോലെ യാത്രയിലെ ചില എടുപ്പുകളില്‍ കാണുന്ന നേരമ്പോക്കുകളായിരുന്നില്ല എനിക്കത്. അതുകൊണ്ടു തന്നെ എനിക്ക് നിന്നോട് തോന്നിയ വികാരം സ്നേഹമെന്നതിനെക്കാള്‍ പ്രണയമായിരുന്നു.

നിന്നെ കുറിച്ച് ചിലപ്പോഴെല്ലാം ഞാന്‍ അഞ്ജലിയോട് പറയാറുണ്ട്.. എന്നിലെ പ്രണയം കണ്ടെടുത്തത് നീയാണെന്ന്. ഞാന്‍ ആദ്യമായി കാണുന്ന കടല്‍ നിന്റെ കണ്ണുകളിലാണെന്ന് (ചുമ്മ വെറുതെ)..നിന്റെ മുടിയിഴകളില്‍ എപ്പോഴും പാലപ്പൂവിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് .. നീയൊരു യക്ഷി ആയിരുന്നോ..
ഒട്ടൊരു നിസംഗതയോടെ അവളതൊക്കെ കേട്ടിരിക്കും.

ഞാന്‍ നിന്നെ കുറിച്ച് സൂചിപ്പിക്കുമ്പോഴൊക്കെ അവളിലെ പരിഭവങ്ങള്‍ക്കു മുകളില്‍, പലപ്പോഴും അവള്‍ ആ നിസംഗതയെ എടുത്തണിഞ്ഞിരുന്നു. പിന്നെപ്പിന്നെ നിന്നെ കുറിച്ച് ഞാന്‍ അവളോട് ഒന്നും സംസാരിക്കാറില്ല. അവളുടെ ആ അതിഭാവുകത്വത്തിന്റെ മുഖം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ എല്ലായ്പ്പോഴും അതെടുത്തണിയാന്‍ അവള്‍ക്കും താല്‍പ്പര്യം കാണില്ല. എന്റെ ആദ്യ പ്രണയിനി എന്ന നിലയ്ക്ക് അവള്‍ക്ക് നിന്നോട് ചെറിയൊരു അസൂയയുമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിന്റെ കല്ലറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അഞ്ജലിയുണ്ട് എന്റെ കൂടെ. ഇവള്‍ക്ക് നിന്നെ നേരില്‍ കാണാണമെന്നുണ്ടായിരുന്നുവത്രെ. വളരെ കുറച്ചു ദൂരമാണെങ്കിലും.. ഒരു കാലത്ത് നീയെന്റെ സഹയാത്രികയായിരുന്നല്ലോ. പക്ഷെ മരണത്തിന്റെ നേര്‍ക്കുള്ള നിന്റെ അവകാശവാദത്തിന്റെ ആഴങ്ങളെകുറിച്ചൊന്നും അവള്‍ക്കറിയില്ലായിരുന്നു. ജനിമൃതിക്കള്‍ക്കിടയിലെ നിന്റെ യാത്രയുടെ ദൂരം നിശ്ചയിക്കാന്‍മാത്രം നീ സ്വതന്ത്രയുമായിരുന്നല്ലോ.

Thursday, February 19, 2009

മഴ നനഞ്ഞും നനയാതെയും ഒരുമിച്ചു നടന്നിരുന്ന വര്‍ഷകാല ദിനങ്ങളിലെന്നോ നീ എന്റെ കയ്യില്‍ ഏല്‍പ്പിച്ചതാണിത്.. നിന്റെ ഹൃദയം.. ഇതു ഞാന്‍ നിനക്ക് തിരികെ തരുന്നു.. രണ്ടു ഹൃദയങ്ങള്‍ സൂക്ഷിക്കുവാനുള്ള പക്വത എനിക്കായിട്ടില്ല. പിന്നെ ഇതു കയ്യിലിരിക്കുമ്പോള്‍ എനിക്കു തോന്നും നീ എന്റേതു മാത്രമാണെന്ന്.. അങ്ങനെയൊരു തെറ്റിദ്ധാരണയുടെ നിറങ്ങളില്‍ ജീവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല.

Thursday, February 5, 2009

ഞാനൊരു തിരയും നീയൊരു തീരവുമായിരിക്കുന്നിടത്തോളം കാലം..
എനിക്ക് നിന്നില്‍ നിന്നും അങ്ങനെയൊന്നും അകലാന്‍ സാധിക്കില്ല. നീയൊരു മേഘവും ഞാനൊരു മഴയുമായിരിക്കുന്നിടത്തോളം കാലം.. എനിക്ക് നിന്നെ മറന്നൊരു യാത്രയുമില്ല.

Wednesday, January 7, 2009

വിസ്മൃതികള്‍

കടല്‍ പാലത്തിന്റെ കൈവരികളില്‍ ചാഞ്ഞുനിന്നു താഴെ ഇരമ്പിമറിയുന്ന കടലിലേക്കു അവന്‍ നിസംഗതയോടെ നോക്കി നിന്നു.. ആഴങ്ങള്‍ അവനെ അതിലേക്കു ആകര്‍ഷിക്കുന്നു എന്നു തോന്നിയതുകൊണ്ടാവണം അവന്‍ പൊടുന്നനെ കരയിലേക്കു നോക്കിയത്. ഒരു പെണ്‍കുട്ടി പാലത്തിലേക്കു കയറി അവനടുത്തേക്കു വരുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച കാല്‍ചുവടുകളോടെ അവള്‍..കാലത്തെ തോല്‍പ്പിക്കുന്ന വേഗതയില്‍ നടന്നടുത്തുകൊണ്ടിരുന്നു. പാതിയടഞ്ഞ അവളുടെ നിഗൂഡ്ഡമായ കണ്ണുകള്‍ ആരെയും ശ്രദ്ധിച്ചിരുന്നില്ല.. ഒരു കൊടുംങ്കാറ്റിന്റെ വേഗതയില്‍ അവള്‍ അവനെ കടന്നുപോയി. ഒരു നിമിഷം അവള്‍ ആ കടല്‍പാലത്തിന്റെ അവസാനത്തില്‍ നിന്നും അതിന്റെ ആഴങ്ങളിലേക്കു നോക്കിനിന്നു.. പിന്നെ..

ഒരു ഇതള്‍ അടര്‍ന്നു വീഴുന്ന ലാഘവത്തോടെ അവള്‍.. അവിടെ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു..

അവനവളെ തിരികെ വിളിക്കാമായിരുന്നു, ജീവിതത്തിലേക്കു. എന്നാല്‍ അവനതു ചെയ്തില്ല. നിസംഗതയോടെ കടലിന്റെ ആഴങ്ങളെ നോക്കിനിന്നിരുന്ന അവന്‍ അതെ നിസംഗതയോടെയായിരിക്കണം അവളുടെ ജീവിതത്തെയും കണ്ടത്. അല്ലെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ അവള്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെന്നു അവനു തോന്നിയിരിക്കാം.

തണുത്ത പുലരികളില്‍ അവതരിപ്പിക്കപ്പെടുന്ന സ്വപ്ന നാടകങ്ങളിലെ നായികയെ പോലെ അവള്‍.. അവന്റെ ദുരന്തസ്മൃതികളില്‍ തിളങ്ങി നില്‍ക്കുന്നു.

ചുവന്ന ഇതളുകള്‍

ആഴിയുടെ അകലങ്ങളില്‍ കാണുന്ന ദീപ്തങ്ങള്‍ ആകാശത്തു നിന്നും അടര്‍ന്ന നക്ഷത്രങ്ങളെ പോലെ കണ്‍ചിമ്മുന്നുണ്ടായിരുന്ന ആ രാത്രിയില്‍ ഞാന്‍ അവളോടു പറഞ്ഞു.. തമ്മില്‍ പിരിയാന്‍ കാലമായെന്ന്, അവളുടെ ഹൃദ്യമായ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും അവളില്‍ നിന്നും അടര്‍ത്തിയെടുത്തുകൊണ്ട്.

പരിഭവങ്ങള്‍ പറഞ്ഞു തീരാത്ത തിരയും..തിരയുടെ പരിഭവങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത തീരവും അവളിലെ ആ ഭാവപതര്‍ച്ചയെ തിരിച്ചറിഞ്ഞിരിക്കാം.. ഞാനതു കണ്ടില്ലെന്നു നടിച്ചു.

ഞാന്‍ അവളോട് പിന്നെയും എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു.... ചിലനേരങ്ങളില്‍ ഞാന്‍ അവളോടല്ല, തിരകളോടാണു സംസാരിക്കുന്നതെന്നു തോന്നി.. അപ്പോള്‍ എന്റെ സംസാരങ്ങള്‍ക്കു മറുപടിയായി തിരകളുടെ നേര്‍ത്ത തേങ്ങലുകള്‍ മാത്രമെ കേള്‍ക്കാനുണ്ടായിരുന്നുളളു.. അവളുടെ ഹൃദയത്തിന്റെ ശൂന്യമായ തീരങ്ങളിലേക്കു തിരകള്‍ ഇരമ്പികയറുന്നതിന്റെ ശബ്ദം.

പിരിയാന്‍ നേരം ഞാന്‍ അവളോടു പറഞ്ഞത്.. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിക്കാമെന്നാണ്.

എനിക്കു തരാന്‍ അവള്‍ കയ്യില്‍ കരുതിയിരുന്ന കുറെ ചുവന്ന ഇതളുകള്‍ .. എന്റെ കടുത്ത തീരുമാനങ്ങള്‍ക്കൊടുവില്‍ പ്രണയത്തിന്റെ നിറം നഷ്ടമായ അവയെ എനിക്കു തരുന്നതിനിടയില്‍ അവളെന്നോടു പറഞ്ഞു..

പ്രണയത്തിന്റെ നിറം നിന്റെ കണ്ണുകള്‍ക്ക് ഇനിയൊരിക്കലും മനസ്സിലാകിലെങ്കിലും.. ഈ ഇതളുകള്‍.. എനിക്കതെപ്പോഴും ചുവപ്പ് തന്നെയായിരിക്കും..

ഞാനൊരു സാഡിസ്റ്റ് ആകാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.