Thursday, March 17, 2011

എന്റെ ചിന്തകള്‍ക്കു മുകളില്‍
അവളൊരു കൂടാരം പണിതു..
പിന്നിടൊരിക്കലും..
എന്റെ ചിന്തകള്‍
അവളിലൂടെയല്ലാതെ
പുറത്തേക്കു പോയില്ല.

Wednesday, March 2, 2011

സമയദൂരങ്ങള്‍

പതിനഞ്ചാം നൂറ്റണ്ടിലെ ഒരു പകലില്‍... കാക്കകള്‍ ഉണരുന്നതിനും മുന്‍പ് അയാള്‍ വീട്ടില്‍ നിന്നിറങ്ങി. സൂര്യന്‍ നഗരത്തിന്റെ ചെരുവില്‍ തെളിഞ്ഞുവരുന്നതേയുള്ളൂ. മഞ്ഞുമൂടിയ വഴിയിലെ അവ്യക്തമായ കാഴചകള്‍‍ക്കിടയിലൂടെ അയാള്‍ വേഗത്തില്‍ നടന്നു. ഒടുവില്‍ നഗരാതിര്‍ത്തിയിലുള്ള പോസ്റ്റല്‍ ഓഫീസിന്റെ മതില്‍ക്കെട്ടിനു പുറത്ത് ആ യാത്ര അവസാനിച്ചു. ഡേവിഡ് തന്റെ കയ്യിലിരുന്ന ചാരനിറമുള്ള കവറിലേക്ക് നോക്കി അതിലെഴുതിയിരുന്ന അഡ്രസ്സ് ഒരിക്കല്‍ കൂടി വായിച്ചു.
ജാന്‍ഹസ്സ്, ജഗ്നാഥ്പുരി, ഒഡീശ, ഇന്ത്യ.
-----
രണ്ടുദിവസത്തിനകം ആ കത്ത് യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കപ്പലില്‍ പുറപ്പെട്ടു. പിന്നീട് ഗ്രേയ്സ് ഡ്യൂ എന്ന കപ്പലും ചാരനിറമുള്ള ആ കത്തും പ്രകൃതിയില്‍ വീണ കാലത്തിന്റെ നിഴലുകളില്‍ മറഞ്ഞുപോയി. കാലം പിന്നെ സമയത്തിന് വഴിമാറികൊടുത്തു. അത് നിശ്ചിതങ്ങളല്ലാത്ത ദൂരത്തേക്ക് കാലത്തെയും കൊണ്ട് പറന്നുപോയി.
-----
നാട്ടിലെ രാഷ്ട്രീയ അസന്തുലിതാവസ്ഥയില്‍ മനംമടുത്ത് അത് ഏല്ലാത്തിനോടുമുള്ള പ്രതിഷേധമായ് വളരാന്‍ തുടങ്ങിയപ്പോഴാണ് ചേതന് കനേഡിയന്‍ പസ്ഫിക്കില്‍ നിന്നും വിസ വരുന്നത്. ഒരു സുഹൃത്ത് വഴി കിട്ടിയതാണ്. പോകാന്‍ വേണ്ടി അപേക്ഷിച്ചതല്ല. അവന്റെ നിര്‍ബന്ധം. നാട്ടില്‍ പണിയൊന്നുമില്ലാതെ വെറുതെ നിന്നാല്‍ ഞാനൊരു അരാജകവാദിയായിപോകുമെന്ന്. എനിക്കൊരു ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അമ്മാവനും അമ്മയിക്കും സന്തോഷമായി.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 1936 മാര്ച്ച് മാസം പതിനേഴാം തിയതി നാട്ടിലേക്ക് തിരിച്ചുവരാനായ് ചേതന്‍ എയര്‍പ്പോര്‍ട്ട് ലോഞ്ചില്‍ ഇരിക്കുകയാണ്. വിശാലമായ വരണ്ട മണല്‍ഭൂമിയില്‍ നിന്ന് നനവുള്ള ഊഷരമായ മണ്ണിലേക്കുള്ള യാത്ര. അവനിലേക്ക് 16 വര്‍ഷം മുന്‍പുള്ള ചേതന്‍ തിരികെ വനിരിക്കുന്നു. നാടിന്റെ സുരക്ഷിതത്തിലേക്കുള്ള മടക്കയാത്രയെകുറിച്ച് കുറെനേരം ചിന്തിച്ചിരുന്നു. നാടിനെ കുറിച്ചുള്ള ചിന്ത അവനില്‍ വലിയൊരളവില്‍ സന്തോഷം നിറച്ചിരുന്നു. സൂര്യവെളിച്ചം കനംകുറഞ്ഞ പാടപോലെ ആകാശയാനത്തിന്റെ ജാലകചില്ലുകളിലൂടെ ഒഴുകിയിറങ്ങി. മേച്ചില്‍പുറങ്ങളിലേക്ക് നയിക്കപ്പെടുന്ന ആടുകളുടെ മാനസികാവസ്ഥയോടെ വിമാനം അതിന്റെ ഇടത്തിലേക്ക് യാത്രതുടങ്ങി.

നിശബ്ദതയിലേക്കാണ് അവന്‍ ഫ്ലൈറ്റിറങ്ങിയത്. എയര്‍പ്പോര്‍ട്ടിനു പുറത്ത് നഗരം ശ്മശാനമൂകതയില്‍ തണുത്തുനിന്നു. അതിരാവിലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ ആ തീരദ്ദേശനഗരവും അതിനോട് ചേര്‍ന്നുകിടന്നിരുന്ന അവന്റെ ഗ്രാമവും തകര്‍ന്നുപോയിരുന്നു. കുഴഞ്ഞുമറിഞ്ഞ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയലൂടെ അവന്‍ തന്റെ ഗ്രാമത്തിലേക്ക് നടന്നു. ചിന്തകളില്‍ വീടും പരിസരങ്ങളും അവന്റെ ബാല്യവും കൗമാരവും എല്ലാം നിറഞ്ഞുനിന്നു. വേരുകള്‍ മുറിഞ്ഞു പോയ ഒരു മരം പിന്നെ എന്തിന്റെ പേരിലാണ് നിലനില്‍ക്കേണ്ടത്. താന്‍ ആര്‍ക്കുവേണ്ടിയാണോ എന്തിനുവേണ്ടിയാണോ തിരികെവന്നത് ആ കാരണങ്ങളൊന്നും ഇപ്പോള്‍ ഇല്ല എന്നത് അവനെ ആഴത്തില്‍ വേദനിപ്പിച്ചു. ചേതന്‍ തന്റെ വീട് നിന്നിരുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ ജീര്‍ണിച്ച മരപലകകളും നിലതെറ്റിയ മരങ്ങളും അനിതരസാധരണമായ സംഗീതമിശ്രണം പോലെ ചിതറികിടന്നിരുന്നു. തനിക്ക് വേണ്ടപ്പെട്ടവര്‍ ഇതിനടിയില്‍ മണ്ണുപുതച്ച് കിടക്കുകയാവും. ആ സുരക്ഷിതവലയത്തിനുള്ളിലേക്ക് ഒരു ദുരന്തത്തിനും കടന്നുചെല്ലാനാവില്ല.

കുറച്ചുദിവസം അവന്‍ ആ നഗരത്തിന് പുറത്ത് താമസിച്ചു. പിന്നീട് തന്റെ പുതിയ വീട്ടിലേക്ക് താമസം മാറി. ദിവസത്തില്‍ നിന്ന് രാത്രികളെ അടര്‍ത്തിമാറ്റി പകലുമുഴുവന്‍ ഏകാന്തതയെ പ്രണയിച്ചു. രാത്രി തനിച്ചിരിക്കാന്‍ സ്വപ്നങ്ങള്‍ അവനെ അനുവദിച്ചില്ല. രാത്രി കാണുന്ന നക്ഷത്രങ്ങളെ പകലുകാണാത്തതിനെകുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് അയാള്‍ അവിടേക്ക് കടന്നുവരുന്നത്. വന്നവഴിയെ അയാള്‍ പുതിയ താമസക്കാരനെ പരിചയപ്പെട്ടു.

'നിങ്ങക്കൊരു കത്തുണ്ട്. കുറച്ചു പഴയതാണ്'. ഇതുനു മുന്‍പ് പലപ്രവിശ്യം വന്നപ്പോഴും ഇങ്ങനൊരാള്‍ ഇവിടില്ലെന്നു പറഞ്ഞു മടക്കികൊണ്ടുപോയി.

നൂറ്റാണ്ടുകളുടെ പഴക്കം തോന്നിച്ച ഒരു നേര്‍ത്ത ചിരിയോടെ തന്റെ സഞ്ചിയില്‍ നിന്നും ആ ചാരനിറമുള്ള കത്തെടുത്ത് അയാള്‍ തന്റെ പുതിയ മേല്‍വിലാസക്കാരന് കൊടുത്തു. ആപേക്ഷികമായ സമയദൂരങ്ങള്‍ക്കിടയില്‍, നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് അവന്‍ ആ കത്ത് വായിച്ചു തുടങ്ങി....

ചേതന്‍ ജാന്‍ഹസ്സ് .............................................................................