Thursday, February 11, 2016

കല്പ

അടുത്ത അഞ്ച് മിനിറ്റിൽ സംഭവിക്കാൻ പോകുന്ന കാര്യം എന്താണെന്നു അയാൾക്ക് അറിയാൻ കഴിയും. അതിന് അയാൾക്ക്  ആകെ വേണ്ടത് ആരുടെയെങ്കിലും കണ്ണുകളിലേക്ക് നോക്കണമെന്ന് മാത്രം.

അഞ്ച് മിനിറ്റിന്റെ ആനൂകൂല്യത്തിൽ  ഭാവി അറിഞ്ഞിട്ട് എന്തിനാണ് ?

......

അമർനാഥ് നിന്നും ഷിംലയിലേക്കുള്ള ബസ് യാത്രയിൽ പേരറിയാത്ത  ഏതോ സ്ഥലത്ത് കുറച്ച് നേരം നിർത്തിയിട്ടപ്പോഴാണ് അവളെ ആദ്യം കാണുന്നത്. സത്യത്തിൽ അവളെയല്ല, ആ കണ്ണുകളെ, പൊടിപിടിച്ച് മങ്ങി തുടങ്ങിയ ബസിന്റെ ചില്ലുജാലകത്തിലൂടെയുള്ള അവന്റെ  നോട്ടത്തിന്റെ അരികുകളിൽ അവൾ പെട്ടുപോകുകയായിരുന്നു. ബസിലേക്ക് കയറുന്നതിനിടയിൽ,  അശ്രദ്ധമായെന്ന് തോന്നിപ്പിക്കും വിധം അവൾ അവനെതന്നെ  ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ കണ്ണുകൾ എന്തോ പറയുന്നുണ്ടായിരുന്നു. അവന് ഉണ്ടെന്ന് പറയപ്പെടുന്ന ആ കഴിവ് മൂലം അത് എന്താണെന്ന് അവളിൽ നിന്നും വായിച്ചെടുക്കാൻ അവന് നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. മരണം. മരണത്തെ കുറിച്ചാണ് അവൾ ചിന്തിക്കുന്നത്. ഒരുപക്ഷെ അവന് അത് മനസിലാകുന്നുണ്ടെന്ന് തോന്നിയിട്ടാവണം, അവൾ പെട്ടെന്നു തന്നെ അവിടെനിന്നും മാറി. 

സത് ലജ് നദിയുടെ അരികുകളിലൂടെ, പർവതത്തിന്റെ ചരിവുകളിൽ വെട്ടിയെടുത്ത, വഴിയെന്ന് കൃത്യമായി പറയാനാവാത്തവിധം ദുർഘടമായ ആ ഇടുങ്ങിയ മലമ്പാതയിലൂടെ ബസ് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ചില ഭാഗങ്ങളിൽ വലിയ പാറക്കല്ലുകല്ലുകളോടൊപ്പം മഞ്ഞിന്റെ പൊടികൾ റോഡിലേക്ക് വീണുകിടന്നിരുന്നു. അടുത്ത രണ്ടു സ്റ്റോപ്പുകൾക്കപ്പുറം അവൾക്ക് ഇറങ്ങാനുള്ളതാണ്. 

കല്പ.  ഇടുങ്ങിയ വഴികളുടെ മനോഹരമായ ഭൂപ്രദേശം. 

അവളോടൊപ്പം അവനും അവിടെയിറങ്ങി. ബസ് കടന്നുപോയ വഴിയേ, യാതൊരു തിരക്കുകളുമില്ലാതെ അവൾ പതിയെ നടന്നു തുടങ്ങി. കുറച്ച് ദൂരം നടന്നതിന് ശേഷം അവൾ തിരിഞ്ഞുനിന്ന് പരിചിത ഭാവത്തിൽ അവനെ നോക്കി. ഇപ്പോൾ അവളുടെ കണ്ണുകൾക്ക് മുന്നിൽ മങ്ങിയ ആ ചില്ലുജാലകങ്ങളില്ല. ഇപ്പോൾ അവന്‌ വ്യക്തമായി കാണാം അവളുടെ കണ്ണുകളെ. അവളുടെ അഞ്ചു മിനിറ്റിന്റെ ദൂരങ്ങളും. അവളുടെ കണ്ണുകളിൽ അപ്പോൾ അവൻ കണ്ടത് അവനെ തന്നെയാണ്. അവന്റെ വെളുത്ത മരണത്തെ. അവന് അത്  വ്യക്തമായിതുടങ്ങിയപ്പോഴേക്കും  പർവതത്തിന്റെ ഉയരങ്ങളിൽ നിന്നും മഞ്ഞിന്റെ തണുപ്പ് അവന്റെ രക്തത്തിന്റെ ചൂടിനെ പൊതിയാൻ തുടങ്ങിയിരുന്നു ....