Wednesday, January 1, 2020

രാത്രി ഏറെ വൈകിയാണ് അവിടെനിന്നും പുറപ്പെട്ടത്.   അതുകൊണ്ടുതന്നെ വഴികൾ പല ഭാഗത്തും വിജനമായിരുന്നു.   മഴപെയ്തൊഴിഞ്ഞ വഴികളിൽ വിളക്കുകാലുകൾക്ക് താഴെ വെളിച്ചം പരന്നൊഴുകിയിരുന്നു.   ചില ഭാഗങ്ങളിൽ വെളിച്ചം ചെറിയ തുരുത്തുകൾപോലെ അനാഥമായി കാണപ്പെട്ടു.

കായലിന് സമാന്തരമായാണ് നഗരത്തിലേക്കുള്ള ആ റോഡ്  കടന്നുപോകുന്നത്.    കുറച്ചുദൂരം കൂടി മുന്നോട്ട്പോയി നഗരത്തിലേക്കുള്ള പാലത്തിന്  മുന്നിൽ വഴി അവസാനിക്കും.   നഗരവെളിച്ചം പ്രതിഫലിക്കുന്ന കായലിന് കുറുകെ ഒരു കറുത്ത തുരങ്കം പോലെ ആ പാലം നഗരത്തിലേക്ക് നീണ്ടുകിടന്നു.

പാലത്തിലേക്ക് കയറിയപ്പോൾതന്നെ വെളിച്ചമില്ലാത്ത ഒരു ഇടിവാൾ,   ശബ്ദം മാത്രമായി തന്റെ വലതുവശത്ത് കായലിലേക്ക് പതിച്ചതായി അവന് തോന്നി.   നല്ല മഴക്കോളുണ്ടായിരുന്നത്കൊണ്ട് നക്ഷത്രങ്ങളില്ലാതെ ആകാശം പതിവിലും ഇരുണ്ടിരുന്നു.   പാലത്തിന് മദ്ധ്യത്തിൽ എത്തിയപ്പോഴുണ്ടായ  ശക്തമായ മിന്നലില്‍  ആ പ്രദേശമാകെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞ്,   നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഇരുട്ടിലേക്ക് മറഞ്ഞു.    ആ ഒരു നിമിഷം,    അവന്റെ കണ്ണുകൾ പാലത്തിന്റെ കൈവരികളിൽ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയെയും അവരുടെ നെഞ്ചിൽ കിടക്കുന്ന ഒരു കുഞ്ഞിനേയും കണ്ടതുപോലെ.   പിന്നീട് ഒരിക്കൽ കൂടി അവിടേക്ക് നോക്കിയെങ്കിലും കനത്ത ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല.

അവൻ  കൈവരിയുടെ ഓരത്തുകൂടി അവരെ കണ്ട സ്ഥലത്തേക്ക്  വേഗത്തില്‍  നടന്നു.   അവിടെ അങ്ങനെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല.   ആ ഇരുട്ടിൽ കുറച്ചുനേരം പുഴയിലേക്ക് തന്നെ നോക്കിനിന്നു.   തിരികെ പോരാൻ നേരത്ത് വീണ്ടും ഒരു  ഇടിമിന്നലിൽ ആ പ്രദേശമാകെ തിളങ്ങുകയും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഒരു കുഞ്ഞിന്റെ ഞരക്കം പോലൊരു കനം കുറഞ്ഞ ശബ്ദം അവന്റെ കാതുകളിൽ വീഴുകയും ചെയ്തു.


continue..

No comments: