Saturday, January 30, 2021

എന്നെ  പ്രണയിക്കുന്നില്ലെന്ന്  ഇനി  നീ  എപ്പോഴാണ്  മനസിലാക്കുന്നത്.

Tuesday, January 26, 2021

കുറെ വർഷങ്ങൾ കഴിഞ്ഞ് 
എന്റെ ഓർമകളെല്ലാം 
നഷ്ടപ്പെടുകയാണെങ്കിൽ
 നീയെന്നെ കാണാൻ വരരുത്. 
നിന്നെ ഓർക്കാത്ത എന്നെ, 
നീ കാണുന്നത്.., 
നിന്നെക്കെന്നപോലെ 
എനിക്കും വിഷമമാണ്. ..

Friday, January 22, 2021

ശലഭയോർമ്മകൾ

ഞാൻ സ്ഥിരമായി പള്ളിയിൽ പോകുന്നത് കണ്ടിട്ട് എന്റെ ക്ലാസ്സ്‌ ടീച്ചറിന് തോന്നിയിട്ടുണ്ടാകും ഞാനൊരു പള്ളിലച്ചനാകുമെന്ന്. പള്ളി വക സ്കൂളിൽ ആയിരുന്നു ഏഴാം ക്ലാസ്സ്‌ വരെ പഠിച്ചത്. പള്ളിയും കോൺവെന്റും പള്ളിസ്കൂളും വീടും എല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെയായിരുന്നതും കോൺവെന്റിലെ സിസ്റ്റേഴ്സ് തന്നെയായിരുന്നു ഞങ്ങളുടെ ടീച്ചേഴ്‌സ് എന്നതും ആ സമയത്തെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു. വീട്ടിലെ കാര്യം സിസ്റ്റേഴ്സിനും സ്കൂളിലെ കാര്യം വീട്ടിലും വള്ളിപുള്ളി തെറ്റാതെ അറിയാമായിരുന്നു. അവരറിയാത്ത കാര്യങ്ങളൊന്നും ഇല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ചുറ്റുവട്ടത്തിലുള്ള എല്ലാവരുടെയും സ്ഥിതി ഇതുതന്നെ. ഞായറാഴ്ചകളിലോ അവധി ദിവസങ്ങളിലോ കോൺവെന്റിലെ സിസ്റ്റേഴ്സ് എല്ലാ വീട്ടിലും ചെന്ന് വിശേഷങ്ങൾ തിരക്കുകയും കുട്ടികളുടെ പഠനകാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞായറാഴ്ച പള്ളിയിൽ കണ്ടിലെങ്കിൽ സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർ ചോദിക്കും എന്നുള്ളത്കൊണ്ട് ഞാൻ മുടങ്ങാതെ ഞായറാഴ്ച പള്ളിയിൽപോയിരുന്നു. സ്ഥിരമായി അൾത്താരബാലകന്മാരായി നിന്നിരുന്ന എന്റെ കൂട്ടുക്കാർ (അങ്ങനെ പറയാമോ എന്നറിയില്ല. ഞാൻ അങ്ങനെ ആരോടും പ്രത്യേകിച്ച് സംസാരിക്കുകയോ സൗഹൃദങ്ങൾ നിലനിർത്തുകയോ ചെയ്തിരുന്നില്ല. പിന്നെയും ഒരു എട്ടാം ക്ലാസ്സിലൊക്കെ എത്തിയപ്പോഴാണ് സ്ഥിരമായി ക്രിക്കറ്റ്‌ കളിക്കാനും ബാസ്കറ്റ് ബോൾ കളിക്കാനും പോകുമ്പോഴുള്ള ബന്ധം സൗഹൃദങ്ങളായി വളർന്നത്. ഒരു പ്രീഡിഗ്രി ഒക്കെ ആയപ്പോൾ അതൊക്കെ വല്ലപ്പോഴും മാത്രമാകുകയും പൊതുവെ ആരോടും സംസാരിക്കാത്ത ഞാൻ എന്റെ മാത്രം ലോകത്താകുകയും ചെയ്തു. എന്നാലും ഇടയ്ക്ക് കാണുമ്പോഴൊക്കെ സംസാരിക്കുകയും ബന്ധങ്ങൾ തുടർന്നുപോകുകയും ചെയ്തു.) ഇല്ലാത്ത ദിവസങ്ങളിൽ എനിക്കും അവിടെ അൽത്താരാബാലനായി അവിടെ നിൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നീടെപ്പോഴോ ഞായറാഴ്ച എന്നത് കൂടാതെ ഞാൻ ബുധനാഴചകളിലും പള്ളിയിൽ പോയി തുടങ്ങി. പിന്നെ തിരുബാലസഖ്യം, കെ എൽ സി സി എന്നിവയിൽ എങ്ങിനെയോ ഞാൻ ഉൾപ്പെട്ടു. പള്ളികാര്യങ്ങളിൽ എന്റെ താല്പര്യം കണ്ടിട്ടാവണം, ഒരിക്കൽ ഗബ്രിയേൽ സിസ്റ്റർ വീട്ടിൽ വന്നപ്പോൾ ഇവനെ നമുക്ക് സെമിനാരി ചേർക്കാം, ഇവന് അതിലൊക്കെ താല്പര്യമുണ്ടെന്ന് തോന്നുന്നുവെന്ന് പറഞ്ഞത്. അഞ്ചാം ക്ലാസ്സിലെ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ഗബ്രിയേൽ സിസ്റ്റർ. എന്തായലും ഒരു എട്ടാം ക്ലാസ്സൊക്കെ ആകട്ടെ അപ്പോഴേ അറിയാൻ പറ്റൂ എന്നൊക്കെ എന്റെ അമ്മച്ചിയോടു പറഞ്ഞു. അമ്മച്ചിക്ക് നേരത്തെ അറിയാമെന്ന് തോന്നുന്നു, ഇവനെകൊണ്ട് അതിനൊന്നും പറ്റില്ലെന്ന്. അതുകൊണ്ട് അമ്മച്ചി അതത്ര കാര്യമാക്കിയില്ല. എന്തായാലും പിന്നീട് ഞാൻ, മനഃപൂർവം തീരിമാനിച്ചതല്ല, എങ്ങിനെയോ പള്ളിയുടെ കാര്യങ്ങളിൽ അത്ര ശ്രദ്ധിക്കാതെയായി. ചിലപ്പോൾ സിസ്റ്റർ പറഞ്ഞപോലെ ഞാൻ എട്ടാം ക്ലാസ്സൊക്കെ എത്തിയപ്പോൾ എന്റെ ചിന്തകൾ പലവഴിക്ക് തിരിഞ്ഞതായിരിക്കും. അത്കഴിഞ്ഞ് പള്ളിയിൽ പോകുന്നത് നന്നേകുറഞ്ഞുവെങ്കിലും വിശ്വാസത്തിന് ഒരു കുറവും വന്നില്ലെന്ന് മാത്രമല്ല, പള്ളിയിൽ പോകാത്തതിന്റെ കുറ്റബോധം ആയിരുന്നു മനസ്സിൽ നിറയെ. ആ കുറ്റബോധം കാരണം ഞാൻ കുമ്പസരിക്കാൻ പോകുമ്പോൾ ഭയമായിരുന്നു മനസ്സിൽ. അച്ഛൻ എന്തെങ്കിലും പറയുമോ എന്ന്. കാരണം കടമുള്ള ദിവസം പള്ളിയിൽ പോകാത്തത്, ഞാൻ ചെയ്യുന്നത് പൊറുക്കാനാകാത്ത ഒരു തെറ്റായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. അങ്ങനെ പള്ളിയിൽ പോകാതിരുന്നതിലും അതിന്റെ ശിക്ഷയായി നരകത്തിൽ പോകേണ്ടി വരുമല്ലോ എന്നൊക്കെ ഓർത്തു ഞാൻ കുറെ പേടിക്കുകയും വിഷമിക്കുകയും ചെയ്തിരുന്നു.

Thursday, January 14, 2021

പ്രണയിക്കുന്ന  രണ്ടുപേർക്കുള്ളിൽതന്നെ  അവർ  പരസ്പരം  ഇനിയും  എത്തിചേരാത്ത  ദ്വീപുകൾ  ഉണ്ടാകും.  പ്രണയംകൊണ്ട്  മാത്രം  നിർവ്വചിക്കാനാവാത്ത  ഭൂമികൾ.