Sunday, May 15, 2011

കാക്കപൂക്കള്‍

രാത്രി ഏറെനേരം തനിച്ചിരുന്നു. നേരം പുലരാറായപ്പോഴാണ് അയാള്‍ വന്നത്. കാക്കപ്പൂക്കളുടെ നിറമായിരുന്നു അയാള്‍ക്ക്. വന്ന ഉടനെ അയാള്‍ എന്നെയും വിളിച്ച് പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും നല്ല ഉറക്കമായിരുന്നു അതുകൊണ്ട് പുറത്തേക്ക് പോകുന്ന കാര്യം ആരോടും പറയാന്‍ പറ്റിയില്ല.

നമ്മള്‍‍ എവിടേക്കാണ് പോകുന്നത്..

എന്റെ ജിജ്ഞാസയുടെ നേര്‍ക്ക് അയാള്‍ വെറുതെ ചിരിക്കുകമാത്രം ചെയ്തു. കാക്കപൂക്കള്‍ നിറഞ്ഞ ഒരു പുല്‍മേടിലൂടെയാണ് ഞങ്ങള്‍ നടന്നത്. കാക്കപ്പൂക്കള്‍ വിരിയുന്നത് രാത്രിയിലാണോ!.. പോകുന്ന വഴിയില്‍ നിന്നെല്ലാം കാക്കപൂക്കള്‍ ശേഖരിച്ചു അയാള്‍ എന്റെ കൈയില്‍ വച്ചു തന്നു. വയലറ്റ് നിറമുള്ള കുഞ്ഞു പൂക്കള്‍.

ഈ പൂക്കളെന്തിനാ!!
നമ്മളെവിടേക്കാണ് പോകുന്നത്!!

എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാതെ അയാള്‍ ദൂരെ കാണുന്ന കുന്നിനെ ലക്ഷ്യമാക്കി നടന്നു. ഓടികിതച്ചു ഞാനും അയാള്‍ക്കൊപ്പമെത്തി. വഴിയോരങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന കാക്കപൂക്കള്‍ എന്റെ ഉള്ളംകൈ നിറച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങള്‍ ആ കുന്നിന് മുകളിലെത്തി. എന്റെ കയ്യില്‍ നിന്നും കാക്കപൂക്കളെടുത്ത് അയാള്‍ ആകാശത്തേക്കെറിഞ്ഞു..താഴേവീഴും മുന്‍പ് അവയെല്ലം തുമ്പികളായി മാറി പറന്നു പോയി. വയലറ്റ് നിറമുള്ള ചിറകുള്ള കൊച്ചുതുമ്പികള്‍.

അയാള്‍ എന്നെ അരികില്‍ വിളിച്ച് പറഞ്ഞു. നിനക്കും അവരുടെ കൂടെ പറന്നുപോവാം..
അതെങ്ങനെ പോകാന്‍ പറ്റും. പറക്കാന്‍ എനിക്ക് അവയെ പോലെ ചിറകുകളിലല്ലോ.
അപ്പോള്‍ പ്രാപ്പിടിയന്റെ കണ്ണുകളുമുള്ള അയാള്‍ എന്നോട് പറഞ്ഞു..

ആത്മാക്കള്‍ക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ടെന്ന്.