Monday, January 27, 2020

എനിക്ക് പോകാൻ കഴിയാത്തതിൽ വിഷമമില്ല.  യാത്ര മുന്നോട്ടായാലും പിന്നോട്ടായാലും അതിലെ ഓരോ നിമിഷവും അനിർവചനീയമായ ഒരു തുടക്കമാണ്. ഓരോ നിമിഷത്തിലും 'ഞാൻ' ഉണ്ട് എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും.  അതിന് ഞാൻ മാത്രമല്ലാതൊരു കാരണമുണ്ടാകും.  അത് നീയാകാം.  നിന്റെ അംശമുള്ള പ്രകൃതിയാകാം  മറ്റു പലരുമാകാം,  പലതുമാകാം.  ഇതുപോലെ നിന്റെ ശ്രദ്ധ എല്ലായിടത്തും ഉണ്ടെന്നുള്ളതാണ് എന്റെ സന്തോഷം.

വട്ടവടയിൽ ചെന്ന് കുറച്ച് അന്വേഷിച്ചപ്പോൾ അയാളെ കണ്ടെത്തി.  തന്നിരിക്കുന്ന ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.  പിന്നെ നേരത്തെ സംസാരിച്ചത് വച്ചു അന്വേഷിച്ചപ്പോൾ മുത്തുവിന്റെ പച്ചക്കറി തോട്ടം കണ്ടെത്തുകയും അയാളോടൊപ്പം അവിടെയാകെ ഒന്ന് സഞ്ചരിക്കുകയും ചെയ്തു.  അയാളാണ് ഞങ്ങൾക്ക് വട്ടവട നിന്നും  ക്ലാവര,  പൂണ്ടി വഴി കൊടൈക്കനാലിലേക്ക് പോകുന്നതിന് വേണ്ട നിർദേശങ്ങളും മറ്റും നൽകിയത്.  കുറച്ച് നേരം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഞങ്ങൾ പുറപ്പെടാൻ തയ്യാറായി.  പോകുന്നവഴി ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കോവിലിൽ പ്രാർഥിച്ചിട്ട് വേണം പോകാനെന്നു പ്രത്യേകം പറഞ്ഞിരുന്നു.  അവിടെയുള്ള എല്ലാവരും മല കയറുന്നതിനു മുൻപ് അവിടെ പ്രാർഥിച്ചിട്ടാണ് പോകാറുള്ളതെന്നും അല്ലാതെ പോയാൽ പോയ കാര്യം സാധിക്കാതെ തിരികെ വരേണ്ടിവരുമെന്നുമാണ് അവരുടെ വിശ്വാസം.  എന്തായാലും ഈ കോവിലിൽ പ്രാർത്ഥിക്കുന്ന  കാര്യം മറന്നു പോയി.  പിന്നെ യാത്ര മുഴുമിപ്പിക്കാതെ തിരിച്ചു ഗ്രാമത്തിലെത്താറായപ്പോഴാണ് ഞാൻ ഈ കാര്യം ഓർക്കുന്നത് തന്നെ.  ഓർത്തതും കോവിൽ കണ്ണിൽപെട്ടതും ഒരുമിച്ചാണ്.  അതിനു മുന്നിൽ കുറച്ചു നേരം നിന്നു.  യാത്ര തുടങ്ങിയപ്പോൾ ഇവിടെ വന്നു പ്രാർത്ഥിക്കാതെ പോയതുകൊണ്ടാവുമോ ഞങ്ങൾ വിചാരിച്ച പോലെ യാത്ര പൂർത്തിയാക്കാതെ തിരികെ വരേണ്ടി വന്നതെന്ന് ഞാനോർത്തു.  അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ ഞാൻ നിർബന്ധിക്കപെടുന്നത്  പോലെ.  എങ്കിലും ഞാൻ ചിന്തിക്കുന്നത് വേറൊന്നാണ്.  

No comments: