Saturday, November 11, 2017

ഞാൻ കേൾക്കുന്നതല്ലാതെയെന്തോ അയാൾ കേൾക്കുന്നുണ്ടാകും.  ഞാൻ പറയുന്നതിനേക്കാൾ കൂടുതലായി അയാൾ എന്തൊക്കെയോ പറയുന്നുമുണ്ടാകും.

എന്നിട്ടും അതൊക്കെ എന്താണെന്ന് എനിക്ക് കേൾക്കുവാനോ മനസ്സില്ലാക്കുവാനോ സാധിച്ചില്ല.

Sunday, October 1, 2017

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം നിരാശയുടെ , വിഷാദത്തിന്റെ മേഘങ്ങളിലായിരിക്കേണ്ടിവന്നു. ഇപ്പോഴും എന്നിൽ മായാതെ നിൽക്കുന്നൊരു വിഷാദത്തിന്റെ നിറങ്ങൾ എന്നെ ചെറുതായി ഭയപെടുത്തിയെങ്കിലും സത്യസന്ധമായിരിക്കുന്ന ഞാനാണ് എന്റെ സന്തോഷമെന്നത് എനിക്ക് സന്തോഷം നൽകുന്നുണ്ട്.

Monday, September 11, 2017

സ്വപ്നത്തിൽ
എന്നെ പേടിപ്പിക്കാൻ 
വരാറുണ്ടായിരുന്ന
ആ ആന 
ഇപ്പോൾ 
എവിടെയാണോ എന്തോ.. 
കുറെ നാളായി കണ്ടിട്ട് !

Sunday, September 3, 2017

എന്നും  നേരം സായാഹ്നത്തോടടുക്കുമ്പോൾ അവൾ,  കഴുത്തിൽ പിങ്ക് റിബൺ കെട്ടിയ തന്റെ കറുത്ത പൂച്ചകുഞ്ഞുമായി,  വീടിന്റെ ഒന്നാം  നിലയിലെ,  വെളുത്ത കുമ്മായ പാളികൾ ചുവരുകളിൽ നിന്നും എപ്പോഴും അടർന്നുവീഴുന്ന  ആ ചെറിയ മുറിയിലേക്ക് ചെന്ന്,  ഇരുണ്ട പച്ചനിറം പൂശിയ വാതിൽപാളികളിലെ  ഇനിയും പൊട്ടിത്തീരാത്ത നിറമുള്ള ചില്ലുജാലകങ്ങൾ കൂടുതലിളകാതെ പതിയെ തുറന്ന്,  വെയിലും മഴയുമേറ്റ് മങ്ങിയ,  ചാരനിറമായ മരപാളികൾ പാകിയ ബാൽക്കണിയിൽ ചെന്ന് നിരത്തിലൂടെ നടന്നു പോകുന്ന ആളുകളെ നോക്കിയിരിക്കും. അധികം വൈകാതെതന്നെ അവനും  ആ വഴി വരുമെന്ന് അവൾക്കറിയാം.

ചുവന്ന ബോഗൺവില്ലകൾ ഒഴുകിയിറങ്ങിയ ആ ബാൽക്കണിയിലിരുന്നാൽ അവൾക്ക് ആ തെരുവ് മുഴുവനും കാണാം.

ആകാശത്തിൽ ഒരു മെഴുകുതിരിവെളിച്ചം ബാക്കി നിൽക്കെ,  എല്ലാ ദിവസവും അവൻ  അവളുടെ വീടിനു മുന്നിലുള്ള ആ വീതികൂടിയ വഴിയിലൂടെ എല്ലാവരോടുമായി സംസാരിച്ചും ചിരിച്ചും കടന്നുപോയ്കൊണ്ടിരുന്നു.  അത്ര നിശബ്ദമായിരുന്ന ആ തെരുവ് അവൻ വരുന്നതോടെ തിരക്കുള്ളതാകും.  അവനെ കാണുമ്പോൾ തന്നെ ആളുകൾ അടുത്ത് വന്ന് സംസാരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയുമൊക്കെ  ചെയ്തിരുന്നത് അവൾക്ക് അത്ഭുതമായിരുന്നു.  സൂര്യൻ മറഞ്ഞതിനുശേഷവും ബാക്കിയായ ആ നേർത്ത മഞ്ഞവെളിച്ചത്തിലും അവന്റെ മുഖം അവൾക്ക് വ്യക്തമായിരുന്നു.  ഇടത്തേക്കണ്ണിനു താഴെയായി തവിട്ടുനിറത്തിൽ കരുവാളിച്ച് കിടന്നിരുന്ന,  അതിനും താഴെ,  ചുണ്ടകൾക്ക് മുകളിൽ,  ചെറിയ ചുളിവുകളോടെ,  ഉണങ്ങിയ ചായക്കൂട്ട് പോലെ മാംസവും ചർമവും കൂടിക്കലർന്നിരുന്ന അവന്റെ മുഖം അമൂർത്തമായ ഒരു ഛായാചിത്രം പോലെയായിരുന്നു.

ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടപെട്ട പെൺകുട്ടികളെ കുറിച്ചേ അവൾ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.  അങ്ങനെയൊരു ആൺകുട്ടിയെ അവൾ ആദ്യം കാണുകയായിരുന്നു.

Tuesday, August 15, 2017

ഒരു പെൺകുട്ടിയുടെ കണ്ണുകളിലേക്ക് 
നോക്കിയിരിക്കുന്നത് എത്ര  മനോഹരമാണ്. 
അവളുടെ ഹൃദയത്തെ കേൾക്കുന്നത് 
അതിലുമേറെ മനോഹരമായിരിക്കും..

Wednesday, July 5, 2017

സ്മൃതിഭ്രംശം

ആകാശത്തിന്റെ പടിഞ്ഞാറെചരുവിലെ ചുവപ്പ് രാശിയിൽ സൂര്യൻ മറയാൻ തുടങ്ങുന്നു. ചരിത്രത്തിന്റെ ഗന്ധം ഇപ്പോഴും മങ്ങാതെ നിൽക്കുന്ന കൊച്ചിയുടെ പുരാതന തീരങ്ങളിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന ബോട്ടുകൾ. അതിലൊന്നിൽ കയറിപ്പറ്റുവാൻ അയാൾ നന്നേ വിഷമിച്ചു. വൈകുന്നേരമായാൽ ജോലികഴിഞ്ഞ് വീട്ടിലെത്താൻ തിരക്കുപിടിച്ചു പോകുന്നവരാണ്  അധികവും. ബോട്ട്ജെട്ടിയുടെ മുകളിലും പുഴയുടെ ഓളങ്ങൾ പോലെ യാത്രക്കാരുടെ തലകൾ പൊങ്ങിയും താഴ്ന്നും ബോട്ടിലേക്കൊഴുകുകൊണ്ടിരുന്നു. ബോട്ടിന്റെ ഉൾവശം നിറഞ്ഞതോടെ ആ ഒഴുക്ക് നിലച്ചു. സൂര്യൻ ചക്രവാളത്തിലേക്ക് പൂർണമായും മറഞ്ഞിരുന്നു. സന്ധ്യയുടെ നിറങ്ങളിൽ പുഴ ഒരു കുഞ്ഞിനെ പോലെയെന്ന് അയാൾക്ക് തോന്നി.

തന്റെ കയ്യിലിരുന്ന പാക്കറ്റുകൾ ശ്രദ്ധയോടെ സീറ്റിനോട് ചേർത്ത് അടുക്കി വച്ചു. ഒരു ആശ്വാസം പോലെ ഭൂമിയിൽ അപ്പോഴും ഒരു നേർത്തവെളിച്ചം ബാക്കിനിന്നിരുന്നു. സീറ്റ്‌ കിട്ടിയതിനാൽ ബോട്ടിലെ തിരക്ക് തന്നെ അധികം ബാധിക്കുന്നില്ലെന്ന് അയാൾക്ക് തോന്നി. എന്നാലും മനസ്സ് അസ്വസ്ഥമായിരിക്കുന്നു. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. ഒരു ചെറിയ നക്ഷത്രം അതിന്റെ നിഷ്കളങ്കതയിൽ പ്രകാശിച്ചുതുടങ്ങുന്നേയുള്ളൂ. ആകാശത്തിന്റെ വെളിച്ചം ചേർന്നുപോകുന്നതിന് കുറച്ച് നിമിഷങ്ങൾ മുൻപ് മാത്രം ഉദിച്ച ആ വെള്ളിനക്ഷത്രത്തെ കണ്ടപ്പോൾ അയാൾക്ക് തന്റെ മകളെ  ഓർമവന്നു. അവൾക്കുള്ള കളിപ്പാട്ടങ്ങളാണ് അയാളുടെ ബാഗിൽ നിറയെ. മഞ്ഞ നിറമുള്ള താറാവും, ശബ്ദം കേട്ടാൽ ചിലയ്ക്കുന്ന പക്ഷിയും എല്ലാം അവൾക്കിഷ്ടമുള്ളതുതന്നെ. 

അയാൾ ബോട്ടിറങ്ങി പടിഞ്ഞാറ് നിന്നുള്ള കാറ്റിനോടൊപ്പം വേഗത്തിൽ നടന്നു തുടങ്ങി. അവൾ ഉണരുന്നതിന് മുമ്പുതന്നെ വീട്ടിലെത്തണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നപോലെ.

വീട്ടില്‍ ചെന്നയുടനെ അയാൾ കളിപ്പാട്ടങ്ങൾ പുറത്തെടുത്ത് ഭാര്യയെ കാണിച്ചു പറഞ്ഞു, ഇതല്ലേ കുഞ്ഞിന് വേണമെന്ന് പറഞ്ഞ കളിപ്പാട്ടങ്ങൾ. 

അയാൾ കളിപ്പാട്ടങ്ങൾ എടുത്തു കുഞ്ഞിന്റെ തൊട്ടിലിന്റെ മുകളിൽ ഞാത്തിയിടുകയും കുറച്ചെണ്ണം അവൾ ഉണരുമ്പോൾ കാണാൻ പാകത്തിന് ആ മുറിയുടെ പല ഭാഗത്തായി വയ്ക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അയാൾ മുറിയുടെ വാതിൽക്കലേക്ക് നീങ്ങിനിന്നു.  അവൾ ഉണരുമ്പോൾ..അതെല്ലാം കാണുമ്പോൾ അവൾക്ക് സന്തോഷമാകുന്നതും അവൾ നിർത്താതെ ചിരിക്കുന്നതുമെല്ലാമോർത്ത്  അയാൾ ആ വാതിൽപ്പടിയിൽ തന്നെ  ചാരിനിന്നു. 

അങ്ങനെ എത്രനേരം നിന്നുവെന്നറിയില്ല. പുഴയുടെ മുകളിലൂടെ ഒഴുകിവന്ന കാറ്റ് അയാളെയും കടന്ന് അവളുടെ ചിത്രത്തിനു താഴെ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിനാളങ്ങളെയും ഉലച്ച് കടന്നുപോയി.  

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

Thursday, June 1, 2017

നിലയ്ക്കാതെ പെയ്യുന്ന നിന്റെ ഹൃദയമിടിപ്പുകൾക്കിടയിൽ നിന്നും ഒരു തുള്ളി പോലും നഷ്ടപെടുത്താനാവാത്തതുകൊണ്ടാണ് നിന്റെ മാറോടുചേർന്ന്, ആ ഹൃദയമിടിപ്പുകളുടെ കൂടെ ഞാൻ ഒരിക്കലും ഉണരാതെ ഉറങ്ങുന്നത്.

Wednesday, May 3, 2017

നിശബ്ദതയും തണുപ്പും ഇരുട്ടും ഒരുപോലെയാണ്.
എന്തിന്റെയെങ്കിലും അഭാവത്തിൽ മാത്രം അസ്തിത്വമുള്ളവര്‍..

Sunday, April 2, 2017


നമുക്കിടയിലെ മൗനം 
അലിഞ്ഞില്ലാതായതിനു ശേഷവും 
നമ്മൾ 
നിശബ്ദതയെ 
അന്വേഷിക്കുന്നുവെങ്കിൽ 

നമ്മൾ പ്രണയത്തിലാണ്.

Tuesday, February 7, 2017

കൂട്ട്

ഓഫീസിൽ വന്ന കാലം മുതൽ കാണുന്നതാണ് ഞാൻ അയാളെ. പൊതുവെ നിശബ്ദനായൊരാൾ. അങ്ങനെ ആരോടെങ്കിലും അയാൾ പൊതുവെ സംസാരിച്ചു കാണാറില്ല. ഉണ്ടെങ്കിൽതന്നെ വളരെ കുറച്ച് മാത്രം. അല്ലെങ്കിൽ ആർക്കും ഉപദ്രവമില്ലാത്ത ഒരു ചെറിയ ചിരി. ഇത്രയും മാത്രമായിരുന്നു പലപ്പോഴും അയാളിൽ നിന്നും വന്നിരുന്നത്.

പലപ്പോഴും ഓഫിസ് സമയം കഴിഞ്ഞ് ഒരു നിമിഷം പോലും കളയാതെ അയാൾ ഇറങ്ങും. ചോദിക്കുമ്പോഴൊക്കെ മകളുമായി പുറത്തേക്കൊക്കെ പോകണമെന്ന് പറയും. ഞങ്ങൾ എല്ലാവരും വെറുതെ സംസാരിച്ചിരിക്കുമ്പോഴും അയാൾ ഒന്നിലും കൂടാറില്ല. ഓഫീസിൽ  എന്തെങ്കിലും പ്രോഗ്രാമുകൾ ഉള്ളപ്പോഴും അയാൾ  മകളെയും കൂട്ടി പുറത്തുപോകാനുണ്ട് എന്ന് പറഞ്ഞ് ഒഴിവാകുകയാണ് പതിവ്.  അങ്ങനെ തുടർച്ചയായി കുറച്ച് ദിവസങ്ങൾ കടന്നുപോയപ്പോഴാണ് ഞാൻ കാശിയെ നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിച്ചത്. അയാൾ പലതും പറഞ്ഞ കൂട്ടത്തിൽ അയാളുടെ കുട്ടി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണെന്നും ബാക്കിയെല്ലാം പിന്നെ സംസാരിക്കാമെന്നും പറഞ്ഞു. എന്താ എന്ന് ഞാൻ ചോദിച്ചെങ്കിലും അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. പിന്നെയും ചോദിച്ചപ്പോൾ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

പിറ്റേദിവസവും അതു കഴിഞ്ഞും ഞാൻ കാശിയോട് ഒന്നും  സംസാരിച്ചില്ല. കാശിയുടെ ആ തുറന്നുപറച്ചിലോടെ ഞാനും നിശബ്ദമായിപോയിരുന്നു. എന്താണ് ആ നിശബ്ദതയ്ക്കു പിന്നിലെന്ന് ചോദിച്ചാൽ എനിക്ക് പെട്ടെന്നു ഉത്തരം തരാൻ പറ്റിയില്ലെങ്കിലും എനിക്കറിയാം ഞാൻ ചിന്തിക്കുന്നത് അയാളെ കുറിച്ചും അയാളുടെ ചുറ്റുപാടുകളെ കുറിച്ചുമാണെന്ന്. കുട്ടിക്ക് എങ്ങിനെ അത് വന്നുവെന്നും, ഇനി അയാൾക്കും അതുണ്ടാകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. കാശിക്ക് അതൊരു പുതിയ കാര്യമല്ലാതിരുന്നകൊണ്ടും എന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാത്തതുകൊണ്ടും കാശിയും എന്നോട് സംസാരിക്കാതെ കടന്നുപോയി.

പതിയെ ഞാൻ യാഥാർഥ്യത്തിലേക്ക് വന്നു. അങ്ങനെ മാറിനിൽക്കാൻ എനിക്ക് ആകുന്നുണ്ടായിരുന്നില്ല. ഞാൻ സ്വയം മാറിനിൽക്കുമ്പോഴും മനസ്സിൽ എന്തോ കുറ്റബോധം നിറഞ്ഞുനിന്നിരുന്നു. അല്ലെങ്കിൽ തന്നെ ആളുകളെ മാറ്റിനിർത്താൻ ഞാൻ ആരാണ്. ഞാൻ ഇങ്ങനെയായിരിക്കുന്നത് എന്റെ മാത്രം മിടുക്കല്ലാതിരിക്കെ. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കാശിയോട് പഴയപോലെ ആകാൻ ശ്രമിക്കുകയായിരുന്നു. യാതൊരു പരിഭവങ്ങളും കാണിക്കാതെ കാശിയും.

ഓഫീസിൽ അയാളെ  തനിച്ചു കിട്ടുമ്പോഴൊക്കെ ഞാൻ കുട്ടിയെ കുറിച്ച് അന്വേഷിച്ചു. അവൾക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും വൈകാതെ വീട്ടിലേക്ക് പോകാനാകുമെന്നും പറഞ്ഞു. 

പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ കുറച്ച് ദിവസങ്ങളായി കാശി ഓഫീസിൽ വന്നിട്ട്. എന്താണെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും കാശിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളൊന്നും ഇല്ല. ഓഫീസിൽ കൊടുത്തിരിക്കുന്ന നമ്പറാണെങ്കിൽ കിട്ടുന്നുമില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാശി പതിവുപോലെ ഓഫീസിൽ വന്നു. അയാൾ കൂടുതൽ തനിച്ചായതുപോലെതോന്നിയെങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല. വെറുതെ വിഷമങ്ങളെ പിന്നെയും ഓർത്തെടുക്കുന്നതെന്തിന്. ഞാൻ മനഃപൂർവം അന്വേഷിക്കാത്തതാണെന്ന് അയാൾക്കും മനസിലായിട്ടുണ്ടാകും.

ഉച്ചഭക്ഷണസമയത്തും എല്ലാവരുടെ കൂടെയിരിക്കുമ്പോഴും ഞാൻ കാശിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പതിവില്ലാത്തവിധം തനിച്ചായിരുന്നു അയാൾ. എനിക്ക് എന്തെങ്കിലും പറഞ്ഞ് സംസാരിക്കമെന്നുണ്ടായിരുന്നു. പക്ഷെ അറിയില്ല എന്താ പറയേണ്ടതെന്ന്. എന്ത് പറഞ്ഞ് തുടങ്ങുമെന്ന്.അല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള അറിവെനിക്കില്ല.

അയാൾ പെട്ടെന്ന് ഭക്ഷണം കഴിച്ചെന്നുവരുത്തി സീറ്റിൽ പോയിരുന്നു ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വാക്കുകളിൽ അയാൾ കൂടുതൽ തനിച്ചാകുന്നപോലെ തോന്നി. പക്ഷെ എന്തെങ്കിലും സംസാരിക്കാനോ ചോദിക്കാനോ ഉള്ള സാഹചര്യം കിട്ടിയില്ല.

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും പോയതാണ് അയാൾ. പിന്നെ ഞാൻ കേൾക്കുന്നത് കാശിയുടെ മരണമാണ്. എനിക്ക് കുറ്റബോധം തോന്നി. ഞാൻ സംസാരിക്കേണ്ടതായിരുന്നു എന്തെങ്കിലും. അടുത്തുണ്ടാകേണ്ടതായിരുന്നു, ഒന്നും പറഞ്ഞില്ലയെങ്കിലും, പറയുന്നത് കേൾക്കാണെങ്കിലും ഉണ്ടാകണമായിരുന്നു. അയാളുടെ ജീവിതം ഞാൻ കാരണം നഷ്ടപെട്ടത് പോലെ തോന്നി. 

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാശിയുടെ വീട് വരെ പോകണം. ഓഫീസിൽ നിന്നും അഡ്രസ് എടുത്തു പെട്ടെന്നിറങ്ങി. ചോദിച്ചും പറഞ്ഞും അവിടെ എത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. വീടിന് മുന്നിൽ ചെന്നപ്പോൾ കുറച്ച് നാളായി അടഞ്ഞു കിടന്നതിന്റെ ലക്ഷണങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഞാൻ അവിടെ ചുറ്റിത്തിരിയുന്നത് കണ്ടപ്പോൾതന്നെ അടുത്തുണ്ടായിരുന്നവർ വന്നു കാര്യം അന്വേഷിച്ചു. കാശിയുടെ കാര്യം അവർക്കും വിഷമമായിരുന്നു. കാശിയും മകളും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആ കുട്ടിയെ കാശി അടുത്തുള്ള അനാഥാലയത്തിൽ നിന്നും ദത്തെടുക്കുകയായിരുന്നു. ജനിച്ചപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ്. എച്ച് ഐ വി എന്ന് അറിഞ്ഞപ്പോൾ മുതൽ അനാഥാലയത്തിലും അവൾ തനിച്ചായിരുന്നു.  അതറിഞ്ഞുകൊണ്ടാണ് അയാളും അവളെ സ്വീകരിച്ചത്. തനിച്ചായിപ്പോകുന്നതിന്റെ വേദന അയാള്‍ക്ക് നല്ലതുപോലെ അറിയാലോ.. !

അവൾ മരിച്ചതിൽ പിന്നെ അയാൾ ആശങ്കയോടെയാണ് ജീവിച്ചത്. അവൾ അവിടെ തനിച്ചാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.  ആ  കരുതലുകൊണ്ടാണ്  അയാളും..

Wednesday, January 25, 2017

നിസഹായത ഒരു കടലാണ്.  

ആഴവും പരപ്പുമുള്ള ആ കടലിൽ നമുക്ക് നമ്മെ നഷ്ടപ്പെടുമെന്ന് തോന്നും. എന്നാലും ശാന്തമായിരിക്കുക.  അപ്പോൾ പതിയെ നീന്തുവാനുള്ള ഒരു ആശ്വാസം നമുക്ക് കിട്ടും.   നീന്താൻ തുടങ്ങിയാൽ ആ കടൽ പെട്ടെന്നൊരു തടാകമായി മാറിയതുപോലെ തോന്നും.   ശാന്തമായിരിക്കുക.   പതിയെ നമ്മൾ അതും കടന്നു പോകും.