Sunday, December 9, 2018

നിന്നെ  എനിക്ക്  എത്രമാത്രം  വേണമെന്നറിയോ. 
അതറിയണമെങ്കില്‍  നീ  ഞാനാകണം!

Saturday, December 1, 2018

ആരാണത്?
പുതിയ കഥയാണോ
അതോ മരണമോ

....

ഇലകൾ ഭൂമിയെ തൊടാതെ പറക്കുകയാണ്. ഇതുപോലൊരു കാറ്റ് അയാൾ ഇതുവരെ കണ്ടിട്ടില്ല. കുറച്ചു നേരം ആ വരാന്തയിൽ തന്നെയിരുന്ന് ഇലകൾ പറക്കുന്നതും നോക്കിയിരുന്നിട്ട് അകത്തേക്ക് പോയി. അയാൾ തന്നെ ഉണ്ടാക്കിയ കഞ്ഞിയും വറ്റൽമുളകിന്റെ ചമ്മന്തിയും കൂട്ടി ഊണ് കഴിക്കാനിരുന്നു. കാറ്റ് അയാളെ വരാന്തയിൽ കാണാഞ്ഞിട്ട് വീടിനകത്തേക്ക് വന്ന് പല മുറികളിലൂടെ കടന്നു ഊണുമുറിയിൽ ചെന്ന് അടുക്കള വഴി തൊടിയിലേക്ക് പോയി. കാറ്റിൽ ഊണ് മേശമേൽ ഉണ്ടായിരുന്ന പേപ്പറുകൾ ഇളകിയെങ്കിലും അവ പറന്നു പോകാതിരിക്കാൻ അയാൾ ശ്രമിച്ചില്ല. അയാളെ വിട്ടുപോകാൻ അവയ്ക്ക്  അശേഷം താല്പര്യമില്ലാത്തത് കൊണ്ട് പേപ്പറുകൾ അവിടെ നിന്ന് അനങ്ങിയതുപോലുമില്ല. 

ആറു മാസം മുൻപ് അയാൾ അവസാനമായി ശബ്ദം കൊടുത്ത കഥാപാത്രത്തിന്റെ സംഭാഷണങ്ങളാണ് അതിൽ.  മറ്റുള്ളവർ എഴുതികൊണ്ടുവരുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങളിലൂടെ ജീവിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം. ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ജീവിക്കാൻ തുടങ്ങിട്ട് എത്രയോ വർഷങ്ങളായി. ഇതിനിടയിൽ വീട്ടിൽ പോയത് ഒന്നോ രണ്ടോ തവണ മാത്രം. സ്വന്തം ജീവിതത്തെ കുറിച്ചു പോലും ചിന്തിക്കാൻ സമയമില്ലാതെ ജോലിതിരക്കുകളിൽ കുടുങ്ങികിടന്ന ദിവസങ്ങൾ.

വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് അയാൾ ഓരോ കഥാപാത്രത്തിന്റെയും സാഹചര്യങ്ങളെ  പ്രതിഫലിപ്പിച്ചിരുന്നത്. ചിലപ്പോൾ ഒരു അട്ടഹാസം. ചിലപ്പോൾ ശബ്ദം പുറത്തേക്ക് വരാത്ത ഒരു തേങ്ങൽ. മനസിനുള്ളിൽ പിടയ്ക്കുന്ന ആ ശബ്ദം കേൾക്കാനാകണം. ദൃശ്യങ്ങളുടെ ആനുകൂല്യം ഇല്ലാതെ തന്നെ കേൾവിക്കാരന് ഭാവനാപൂർണമായി സന്ദർഭങ്ങളെ സങ്കൽപ്പിക്കാൻ കഴിയണം.

തന്റെ ജോലിയിൽ പനാർ അങ്ങേയറ്റം ആത്മാർത്ഥയോടെയാണ് ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ നേരത്തെ തന്നെ അയാൾക്ക് കിട്ടണമെന്നുണ്ട്,  കഥാപാത്രമാകുവാനുള്ള ആ  സമയവും.  കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം മനസിലേക്കെടുത്ത് ആ കഥാപാത്രമായാണ് അയാൾ സ്റ്റുഡിയോയിലേക്ക് എത്തുന്നതുതന്നെ. അവിടെ അയാൾക്ക് പകരം മറ്റൊരാളില്ല.

അയാൾ തന്നെകുറിച്ചുതന്നെ ആലോചിച്ചിരുന്നു. എത്ര നാളുകളായി തന്റെ അടുത്തേക്ക് ഒരു കഥ വന്നിട്ട്, താനൊരു കഥാപാത്രമായിട്ട്. ഇങ്ങനെ പോയാൽ തന്റെ മാനസികനില തെറ്റുമെന്ന് അയാൾക്ക് തോന്നി. എടുത്ത ഭക്ഷണം മുഴുവനക്കാതെ എഴുന്നേറ്റു. ബാക്കിവന്നത് തൊടിയിലേക്കെറിഞ്ഞ് പാത്രങ്ങൾ കഴുകി അടപ്പിനോട് ചേർന്ന കടസ്ലാബിൽ കമഴ്ത്തി വച്ചു. 

പുറത്തേക്ക് ചെന്ന് അയാൾ തന്റെ ചാരുകസേര വരാന്തയുടെ മൂലയിലേക്ക് വലിച്ചിട്ട് അതിലിരുന്ന് കാലുകളെ അരമതിലിൽ വിശ്രമിക്കാനനുവദിച്ച് നിവർന്ന് കിടന്നു.  മദ്ധ്യാഹനം കഴിഞ്ഞിരിക്കുന്നു. കാറ്റിന് ഇപ്പോൾ ചെറിയ ശമനമുണ്ട്. 

"കഥാപാത്രങ്ങളുടെ ജീവിതത്തിൽ വിഹരിക്കുന്നത് ഒരു ലഹരി തന്നെ. നമ്മളെ നേരിട്ട് ബാധിക്കാതെ ദിവസങ്ങളോളം നീളുന്ന  സ്വപ്നം പോലെ.."

വർഷങ്ങളായി താൻ അങ്ങനെ മാത്രമാണ് ജീവിച്ചതെന്നോർത്തപ്പോൾ അയാൾക്ക് സന്ദേഹമുണ്ടായി. നിലവിലുള്ള തന്റെ ഇഷ്ടങ്ങൾ, പെരുമാറ്റങ്ങൾ - അങ്ങനെയൊന്നുണ്ടെങ്കിൽ - എല്ലാംതന്നെ തന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെയുമാണെന്നൊരു തോന്നൽ. ഈ ചിന്തകളിൽ നിന്നും പുറത്തുകടക്കുവാൻ വീട്ടിൽ പോകാമെന്ന് വച്ചാൽ എന്തുകൊണ്ടോ അയാളുടെ മനസ്സ് അതിനു സമ്മതിച്ചില്ല. കഥയുടെ കാല്പനിക ലോകത്തുനിന്ന് തിരികെ വരാനോ യാഥാർഥ്യങ്ങളിൽ ജീവിക്കാനോ അയാൾ തയ്യാറായില്ല. കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയല്ലാതെ തനിക്ക് പ്രത്യേകമായൊരു ജീവിതം ഉണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.

വെറുതെയിരുന്നിട്ട് മനസ്സ് കൂടുതൽ സങ്കുചിതമാകുന്നു. ശ്വാസം കിട്ടാതെ താൻ മരിച്ചു പോകുമെന്ന് അയാൾക്ക് തോന്നി. കസേരയിൽ നിന്നെഴുന്നേറ്റ് പതിയെ  മുറ്റത്തേക്കിറങ്ങി. നിരനിരയായി നിന്നിരുന്ന ചെമ്പരത്തിച്ചെടികൾക്കിടയിലൂടെ പറമ്പിന്റെ അതിരിലേക്ക് നടന്നു. വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. ഭയപ്പെടുത്തുന്ന ആ കാറ്റ് ഇപ്പോഴില്ല. ഒരു സ്വകാര്യം പോലെ കനമില്ലാത്ത കാറ്റ്  പൂവിനോടും ഇലകളോടും സംസാരിച്ച് പതിയെ അയാളോടൊപ്പം അവിടെയെല്ലാം നടന്നു. ആരെങ്കിലും ഒരു പുതിയ കഥ കൊണ്ടുവരുമെന്നും താൻ ആ കഥാപാത്രമായി ഇനിയും കുറച്ച് നാൾകൂടി ജീവിക്കുമെന്നും അയാൾക്ക് തോന്നി.

കാറ്റിനെ പുറത്തുനിർത്തി തിരികെ വീട്ടിലേക്ക് കയറാൻ ഭാവിക്കുമ്പോഴാണ് വീടിന്റെ ഗേറ്റും കടന്ന് ആരോ അകത്തേക്ക് വരുന്നത് അയാൾ  ശ്രദ്ധിച്ചത്. 

....

Wednesday, November 21, 2018

നദികൾ  വിശ്രമിക്കുന്നത്  അവ  ഒഴുകുമ്പോഴാണെന്ന്  കേട്ടിട്ടില്ലേ.

നാളത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുവെങ്കില്‍,  കഴിയുമെങ്കിൽ ഇന്നത്തെ കുറിച്ചും  ഇന്നത്തെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ ആകുന്നുണ്ടെങ്കിൽ  ഈ നിമിഷത്തെ കുറിച്ചും മാത്രം ചിന്തിക്കുക.  ആ നിമിഷത്തെ ഹൃദയമിടിപ്പുകളുടെ സൗന്ദര്യം ശ്രദ്ധിക്കുക.

ആ  പുഴയുടെ  ഒഴുക്കിൽ  വിശ്രമിക്കുക.

സമാധാനമായിരിക്കുക.

Wednesday, October 17, 2018

സത്യസന്ധരായിരിക്കുക  എന്നാൽ  സ്വാതന്ത്രയായിരിക്കുക  എന്നാണ്.
അവർ  സത്യസന്ധരല്ലെങ്കിൽ  അവർ  സ്വാതന്ത്രരുമല്ല.
സ്വാതന്ത്രയിരിക്കുന്നവരെല്ലാം  സത്യസന്ധരായിരിക്കുകയും  ചെയ്യും.
അപ്പോൾ  എന്താണ്  സ്വാതന്ത്ര്യം.

Wednesday, October 10, 2018

മഴയുടെ  തണുപ്പ്  അതിന്റെ  കൂടെയുള്ളത്  പോലെ
മഞ്ഞിന്  അതിന്റെ  കുളിരു  കൂടെയുള്ളത്  പോലെ
നിന്നോടൊപ്പം  ഞാനും
എപ്പോഴും..

Wednesday, August 15, 2018

യാത്ര

അതിരാവിലെ ഉറക്കമുണരുന്ന ശീലം പണ്ടേയില്ല..   നാട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും..

ഉറങ്ങുന്നതിനു മുൻപ് വരെ. . . . ,  അതിരാവിലെ ഉണരാനും  കാഴ്ച മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലായിരിക്കാനുമാണ്  ഞാൻ ആഗ്രഹിക്കുന്നത്.  എന്നിട്ടും നിദ്രയുടെ ആഴങ്ങളിൽ നിന്നും  ഞാനുണരുമ്പോഴേക്കും വൈകും.  പതിവുപോലെ ഏറ്റവും അവസാനത്തെ ആളായി യാത്രയിലേക്ക് ചേരുന്നു..

ഒരുപാട്  ആളുകളോടൊപ്പമാണ് നമ്മൾ യാത്ര തുടങ്ങുന്നതെങ്കിലും സമയം പോകെ നമ്മൾ ആ യാത്രയിൽ തനിച്ചാകും.  നമുക്ക് മുന്നിലും പിന്നിലും നമുക്ക് കൂട്ടായി ഈ  മനോഹരമായ, അത്ഭുതപ്പെടുത്തുന്ന,  ചിലപ്പോൾ മാത്രം ഭയപ്പെടുത്തുന്ന പ്രകൃതിയല്ലാതെ മറ്റൊന്നുമില്ല.  അത് ചിലപ്പോൾ മഴയാകാം,  വെയിലാകാം,  മഞ്ഞാകാം,  അത് ചിലപ്പോൾ  ഉറവയാകാം,   അരുവിയാകാം,   പുഴയാകാം,   അത് ചിലപ്പോൾ  പുല്ലകാം,  പുല്ലാനിയാകാം,  പൂമ്പാറ്റയാകാം,  മാനാകാം,  കാട്ടുപോത്താകാം,  കടുവയാകാം

അങ്ങനെ നമ്മൾ നമ്മെ മാത്രം അറിയുന്ന യാത്രകൾ. നമ്മെ  ഉന്മാദിയാക്കുന്ന നിമിഷങ്ങൾ.

യാത്രയുടെ ഉയരങ്ങളിൽ ഞാനിപ്പോൾ തനിച്ചാണ്.

നിൽക്കുന്നയിടംവരെ മറയ്ക്കുന്ന മഞ്ഞിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലുവാൻ എനിക്ക് മുൻപിൽ ഇപ്പോൾ നിദ്രയുടെ തടസങ്ങളില്ല.  കാറ്റിൽ തെളിഞ്ഞും മറഞ്ഞും ഒഴുകുന്ന മഞ്ഞിൽ  കടൽത്തിരകൾപോലെ ഇളകുന്ന പുൽപ്പരപ്പുകളിലേക്ക്  ഞാനെന്റെ പ്രാണനെ സ്വാതന്ത്രമാക്കുന്നു.  ഈ  ശക്തമായ കാറ്റിൽ മഞ്ഞിനോടൊപ്പം ഞാനും ഭൂമിയിൽ നിന്നും  അടർന്നുപോകട്ടെ.

മഴയുടെ നനവായി,  ചിലപ്പോൾ പുൽമേടുകളെ തഴുകുന്ന കാറ്റായി,  നിന്റെ നിദ്രകളെ അപഹരിക്കുന്ന മഞ്ഞിന്റെ സ്പർശമായി,  ഞാൻ നിന്നിലേക്കെത്തും വരെ നീ  കാത്തിരിക്കുക.

Wednesday, August 1, 2018

ചെറിയ ഉരുളൻ കല്ലുകളെ തൊടാതെ അവ ഒഴുകുകയായിരുന്നു.   ഒഴുക്കിന്റെ വേഗത കുറഞ്ഞപ്പോൾ അതെല്ലാം പുഴയുടെ ആഴങ്ങളിലെ കല്ലുകളെ അന്വേഷിച്ചു പോയി.   കുറച്ച് തീരത്തേക്കൊഴുകി പഞ്ചാരമണൽതരികൾക്ക് നിറം കൊടുത്തു.   കുറച്ച് പായലുകളുടെ പച്ചനിറത്തോട്  ചേർന്നൊഴുകി.   പിന്നെയും ബാക്കിയായത് മീനുകളുടെ കണ്ണുകൾക്ക് മുന്നിൽ നേർത്ത ഒരു പാട പോലെ പടർന്നു അവരെ അത്ഭുതപെടുത്തി.

പുഴയിലേക്കിറങ്ങുന്ന കൽപടവിലെ മഴപ്പായലിൽ കിടന്ന് തന്റെ ഇടത്തെ കയ്യിലെ തടിച്ച രണ്ടു ഞരമ്പുകളിലൊന്നിൽ നിന്നും അവൻ പ്രാണൻ  പുഴയിലേക്ക് പകർന്നുകൊണ്ടേയിരുന്നു..

Monday, July 30, 2018

 പ്രണയം  ഒരു  പ്രീ  മാരിറ്റല്‍  കോഴ്സാണ്.

Thursday, July 19, 2018

രാത്രിയിൽ നിന്നും പുലരിയിലേക്കുള്ള ദൂരം മുഴുവൻ 
എനിക്ക് നിന്നോടൊപ്പം നടക്കണം.

Tuesday, July 10, 2018

ഇന്ന്  ഈ  നിമിഷം  എന്റെ  മനസ്സ്  ശാന്തമായ  കടൽ  പോലെയാണ്.
എത്ര നേരത്തേക്കെന്നറിയില്ല..
എവിടെനിന്നെങ്കിലും ഒരു കാറ്റ്
എന്റെ തീരങ്ങളെ മുക്കിക്കളയാൻ
പുറപ്പെട്ടിട്ടുണ്ടാവുമോ
എന്ന് ഞാൻ പേടിക്കുന്നുണ്ട്.
അത്രയും സമയമേ ഇനി എനിക്ക്  ബാക്കിയുള്ളൂ.
ശാന്തമായിരിക്കാൻ..
ഞാൻ ഉറങ്ങട്ടെ

Sunday, July 1, 2018

വിഷാദം

ഞാൻ എന്നെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്
ഞാൻ കണ്ടുകൊണ്ടിരുന്ന സ്വപ്നം മുറിഞ്ഞുപോയിരിക്കുന്നു.
എനിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു അത്.
ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. 
ഇനി ഞാൻ എങ്ങോട്ടാണ് പോകേണ്ടത്.
അറിയില്ല.
ഞാൻ വഴികൾ കാണുന്നില്ല.
മുന്നോട്ടുള്ള വഴി കാണുന്നില്ലെങ്കിൽ
ഞാൻ ഇതല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.
ഇന്നിപ്പോൾ നീയെന്നെ കുറ്റപ്പെടുത്തുന്നു.
ഒരു രാത്രിക്ക് മുൻപേ നീയെന്നോട് സംസാരിച്ചിരുന്നുവെങ്കില്‍
ഞാൻ നിന്നോടൊപ്പം ഇപ്പോഴും ഉണ്ടാകുമായിരുന്നു.
വിഷാദം.
കണ്ണുതുറന്നാലും കാണുന്ന ഇരുട്ട്
കേൾക്കാൻ ശ്രമിച്ചാലും കേൾക്കുന്നത്  നിശബ്ദത മാത്രമാണ്.
അല്ല, അല്ലെങ്കിലും എനിക്ക് ഒന്നും കേൾക്കാനാവുന്നിലല്ലോ.
ഞാൻ നിങ്ങളുടെ കൂടെയല്ല.
നിങ്ങളെന്നെ അറിയുക പോലുമില്ലെന്ന് തോന്നുന്നു.
നിങ്ങളെ ഞാൻ നോക്കുന്നുണ്ടെങ്കിലും
ഞാൻ എന്നെ മാത്രമേ കാണുന്നുള്ളൂ.
നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിലും
അതൊന്നും എനിക്ക് വേണ്ടിയെന്ന് ഞാൻ കരുതുന്നില്ല.
ഇങ്ങനെ ആരും കൂടെയില്ലാത്തോരാൾക്ക്
വഴികാണിക്കുവാൻ
മരണത്തിനല്ലാതെ
വേറെ
ആർക്കാണ് കഴിയുക.
വിഷാദം.
സായാഹ്നത്തിൽ നിന്നും രാത്രിയിലേക്ക് ഒഴുകുന്ന പുഴയാണത്. 
ഇരുട്ടിൽ  കണ്ണുകളടച്ച്  തനിച്ചൊഴുകുന്നത് എവിടേയ്ക്കാണെന്ന് ആർക്കറിയാം.
ഈ ഇരുട്ട് എന്നെ കടന്നു പോകുമോ എന്നറിയില്ല.
എനിക്ക്  ഇരുട്ടിനെ പേടിയാണ്.
അത്കൊണ്ട് ഞാന്‍ കണ്ണുകളടച്ച്
ആരെങ്കിലും എന്നെ വിളിക്കുന്നതും കാത്തിരിക്കയാണ്
വഴികൾ തെളിഞ്ഞു വരുവോളം കാത്തിരിക്കാനാവില്ല എന്ന്
എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്.
എങ്കിലും ഈ ഇരുട്ടിലൂടെ ഞാൻ കുറച്ചു നേരം കൂടിയൊഴുകട്ടെ.
ചിലപ്പോൾ പുലരിയിലേക്ക് ഇനി അധികദൂരമില്ലെങ്കിലോ..

Thursday, June 14, 2018

അവളുടെ മുപ്പത്തിയാറമത്തെ വയസിലാണ്
അവൾ തന്റെ പ്രണയം കണ്ടെത്തുന്നത്. 
അവൾക്ക് അത് മനസിലാക്കാൻ പിന്നെയും
രണ്ടുവർഷത്തോളമെടുത്തു.
അന്ന് മുതൽ അവളുടെ ആകാശവും  ഭൂമിയും,
കാഴ്ചയും  സംസാരവും
എല്ലാം മാറ്റങ്ങൾക്ക് വിധേയപ്പെട്ടു. 
ആദ്യമാദ്യം വല്ലപ്പോഴും മാത്രം
തമ്മിൽ കണ്ടിരുന്ന
അവർക്കിടയിൽ
വർഷങ്ങൾ കഴിയുംതോറും
തമ്മിൽ കാണാതിരിക്കുന്ന ഇടവേളകള്‍
കുറഞ്ഞുവന്നത്
അവൾ ശ്രദ്ധിച്ചിരുന്നു. 
അവനോടൊപ്പം രാത്രിയിൽ
ഏറെ നേരം സംസാരിച്ചിരിക്കാനും
മഴനൂലുകൾക്കിടയിലൂടെ വീശുന്ന
കാറ്റിനോടൊപ്പമായിരിക്കാനും
അവൾ ആഗ്രഹിച്ചു. 
പുലരിയിലെ മഞ്ഞിന്  കനം വയ്ക്കുമ്പോൾ
അവളുടെ ഹൃദയം കൂടുതൽ ദുര്‍ബലമാകും.
ഹൃദയത്തിലേക്ക് തണുപ്പ് ഒഴുകുന്നത്പോലെ തോന്നും.
അപ്പോള്‍ അവനെയും ചുറ്റിപ്പിടിച്ചു
തണുപ്പിനെ പ്രതിരോധിക്കാനും
അവന്റെ കൈകൾക്കുള്ളിലിരുന്ന്
അങ്ങനെ ശാന്തമായി ഉറങ്ങാനും
അവൾ ആഗ്രഹിച്ചു.
ഒരു  ചിത്രശലഭത്തിന്റെ
നൂറ്റിയിരുപത്തിരട്ടി
ആയുസ്സ്  കൂടി ബാക്കിയുള്ള
അവളുടെ  ജീവനെയും  മുറുകെ  പിടിച്ചു
ആ  ആശുപത്രി  കിടക്കയില്‍
അവളുടെ  മനസ്സിനോടൊപ്പം  അവനും.

Friday, June 1, 2018

അവളുടെ  കണ്ണുകളിൽ  നിറയുന്ന  കാഴ്ചകളോട്  എനിക്ക്  അസൂയയാണ് ..

Sunday, May 27, 2018

അകത്തിരിക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നത്
അകത്ത് മഴ പെയ്യുന്നത് കൊണ്ടാണോ !

Friday, May 11, 2018

കടൽപറവ

അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഹൃദയത്തിൽ നിന്നും കടൽപറവകളുടെ ചിറകടി ശബ്ദം പോലൊന്ന് അവൾ കേട്ടു.  ശ്രദ്ധിക്കുംതോറും അതിന്റെ ആവൃത്തി കൂടി വരുന്നത് പോലെ.

അവളുടെ ആഴങ്ങളിലേക്ക് അവൻ പറന്നു തുടങ്ങുന്നതേയുള്ളൂ..

കടലിലേക്ക് നീണ്ടുനിൽകുന്ന ആ ചെറിയ തുരുത്തിന് ചുറ്റും തിരകൾ ശബ്ദമുണ്ടാക്കാതെ വരുകയും പോകുകയും ചെയ്തു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. കടലിന്റെ ആലസ്യമുണ്ടായിരുന്ന അവളുടെ  കണ്ണുകളിലേക്ക് അങ്ങനെ എത്ര നേരം നോക്കിനിന്നുവെന്നറിയില്ല.

നക്ഷത്രങ്ങൾ വിരിഞ്ഞു തുടങ്ങിയ നേരത്താണ് അവർ അവിടെ എത്തിയത്. അവനും അവളും മാത്രമായ ആകാശത്തിന് ചുവട്ടിലിരിക്കാൻ. അവൾ കണ്ണുകളടച്ച് അവനോട്‌ ചേർന്നിരുന്നു. അവൾ വീണ്ടും ശ്രദ്ധിച്ചു. കടൽപറവയുടെ ചിറകടി ശബ്ദം പോലെ എന്തോ ഒന്ന്  അപ്പോഴും അവന്റെ ഹൃദയത്തിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം അവളോർത്തു അവനൊരു പക്ഷിയാണോ എന്ന്.

കടലിൽ നിന്നും വരുന്ന കാറ്റിന് പതിവിലും കൂടുതൽ തണുപ്പുണ്ടായിരുന്നതുകൊണ്ടാവണം അവൾ ചെറുതായി വിറയ്ക്കുന്നതുപോലെ തോന്നി. അവൾക്ക് തണുക്കാതിരിക്കാൻ അവൻ തന്റെ കൈകൾക്കുള്ളിൽ അവളെ ചേർത്തു പിടിച്ചു. അവൾ ആ കൈകളിൽ തൊട്ടു നോക്കി. തൂവലുകളുടെ മൃദുലതയുണ്ടായിരുന്നു ആ കൈകള്‍ക്ക്..  അവന്റെ കൈകൾക്കുള്ളിലിരുന്നതുകൊണ്ട് തണുപ്പ് കൂടി വരുന്നത് അവളറിയുന്നുണ്ടായിരുന്നില്ലെങ്കിലും  അവനത് മനസിലാകുന്നുണ്ടായിരുന്നു.  അല്ലെങ്കിലും പക്ഷികൾക്ക് പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യരെക്കാളും മുന്‍പേ അറിയാൻ കഴിയുമല്ലോ.

തണുപ്പിനോടൊപ്പം ഇതുവരെ നിശബ്ദമായിരുന്ന തിരകളുടെ ശബ്ദം കൂടുന്നതും വെള്ളമണൽത്തരികൾ നിറഞ്ഞ ആ ചെറിയ തുരുത്തിലേക്ക് കടൽ കയറിവരാൻ തുടങ്ങുന്നതും അവൻ അറിഞ്ഞു. വരാൻപോകുന്ന പ്രളയത്തെക്കുറിച്ച് അവന്റെ ഹൃദയത്തിൽ വിചാരമുണ്ടായി.  അവന്റെ കൈകളിലെ രോമങ്ങൾ തൂവൽനൂലുകളായി മാറി.  അവൻ അവളെ തന്നോട്  ചേർത്തുപിടിച്ച് പതിയെ എഴുന്നേറ്റു.  അപ്പോഴേക്കും അവന്റെ കൈകൾ വലിയ ചിറകുകളായി മാറിയിരുന്നു.  അവളെ പൊതിഞ്ഞുപിടിച്ച  തൂവലുകളുടെ നേർത്ത ചൂടിൽ അപ്പോഴും ഇതൊന്നുമറിയാതെ അവൾ..,   അപ്പോൾ  മാത്രം  ജനിച്ച  സ്വപ്നത്തിന്റെ  പിന്നാലെ  യാത്രചെയ്യുകയായിരുന്നു.

Wednesday, March 21, 2018

ഇപ്പോൾ  കൂടുതലും  കുട്ടികളെ കുറിച്ചാണ്  ചിന്ത.   യുദ്ധമോ  പട്ടിണിയോ  വിശപ്പോ  എല്ലാം  കേൾക്കുമ്പോൾ  ഞാൻ  കുട്ടികളെ  കുറിച്ച്  ചിന്തിക്കുന്നു.   അവർ  ഇതിനെയെല്ലാം  എങ്ങനെ  അതിജ്ജീവിക്കുമെന്നോർത്തു  വിഷമിക്കുന്നു.    അവർക്ക്  ബുദ്ധിമുട്ടുകൾ  വരുമ്പോൾ  കരയാനല്ലാതെ  വേറെന്തിന്  സാധിക്കും.  

 പാവം  കുട്ടികൾ.   ഭക്ഷണം  കഴിക്കാനില്ലാതെ ,    സുരക്ഷിതമായി താമസിക്കാൻ  വീടില്ലാതെ  എത്രയോ  കുട്ടികൾ.   അവരെകുറിച്ചോർക്കുമ്പോൾ തന്നെ  ഹൃദയത്തിൽ  ഒരു  വേദനയാണ്.    പ്രായപൂർത്തിയാകുന്നതുവരെയെങ്കിലും  അവരെ  നമ്മൾ  അവരുടെ  സാഹചര്യങ്ങളിൽ  സുരക്ഷിതമാക്കേണ്ടതാണ്.  

 കുട്ടികൾ  എല്ലാവരുടേതുമാണ് . .! !

Tuesday, January 23, 2018

എല്ലാ ജീവികളുടെയും സ്വാഭാവമുള്ള ഒരു പ്രത്യേക ജീവിയാണ് മനുഷ്യന്‍

Saturday, January 20, 2018

കുറെയേറെ യാത്രചെയ്തിട്ടും
എനിക്ക് നിന്നിലെവിടെയും
എത്തിചേരാനായില്ലല്ലോ എന്നത്
എന്നെ നിശ്ശബ്ദനാക്കുന്നു.

ഇപ്പോൾ നിന്നിലായിരിക്കുന്ന എന്റെ ചിന്ത
നിന്റെ ആഴങ്ങളിലേക്കുള്ള വഴികളെക്കുറിച്ചല്ല, 
പകരം എന്നിലേക്ക് തിരിച്ചുപോകേണ്ടിവന്നാൽ
വഴിയറിയാതെ
ഞാൻ അനാഥമായി
പോകുന്നതിനെകുറിച്ചാണ്.

Tuesday, January 9, 2018

സ്വാതന്ത്ര്യം

അങ്ങനെ കാണാമറയത്ത്..

മലമുകളിൽ ഇരുണ്ട ആകാശവും നോക്കി ഭൂമിയില്‍ ചേര്‍ന്നുകിടക്കെ അവൻ തനിക്ക് കിട്ടിയ പുതിയ സ്വാതന്ത്ര്യത്തെകുറിച്ചോർത്തു.

മഴമേഘങ്ങൾക്കൊപ്പം അവനും പറക്കുകയാണെന്ന് അവന് തോന്നി..
ഇത്രയും നാളുകളായിട്ടും  അവനനുഭവിക്കാത്ത സ്വാതന്ത്ര്യം അവനെത്തേടിവരുകയായിരുന്നു.

മഴ നിറഞ്ഞ മേഘങ്ങൾ പെയ്തുകൊണ്ടേയിരുന്നു. മഴയുടെ കുളിരുന്ന സ്പർശനത്തിൽ മണ്ണിൽ മുഖമമര്‍ത്തി കണ്ണുകളടച്ച് കിടന്നു. ഭൂമിയിൽ വിത്തുകൾ മുളപൊട്ടുന്നതിന്റെ ശബ്ദം അവന് കേള്‍ക്കാം.. ഇത്രയും നാൾ താൻ ശ്രദ്ധിക്കാതെ പോയ ശബ്ദങ്ങൾ. അവൻ ഭൂമിയിൽ ചെവിയോർത്തിരുന്നു.

മഴ മണ്ണിൽ വീഴുന്നതിന്റെ, പുഴകൾ ഉറവകളായി യാത്ര തുടങ്ങുന്നതിന്റെ, പുൽക്കൊടികൾ കാറ്റിൽ ഇളകുന്നതിന്റെ, നിശാശലഭങ്ങൾ ചിറകടിച്ചുയരുന്നതിന്റെ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ശബ്ദങ്ങൾ അവന്റെ കാതുകളിൽ മുഴങ്ങി.  ഇനിയെങ്കിലും ആരെയും ശ്രദ്ധിക്കാതെ തനിക്ക്  സ്വാതന്ത്ര്യമായിരിക്കാമല്ലോ;  മഴ നനഞ്ഞുകൊണ്ടിരിക്കെ അവൻ ചിന്തിച്ചത് തനിക്ക് കിട്ടിയ ആ പുതിയ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു.

ആ മലമുകളിൽ അവനെ അടക്കം ചെയ്തതിന്റെ മൂന്നാം നാൾ തുടങ്ങിയ
മഴയാണ്..