Saturday, September 4, 2010

മഴക്കാലങ്ങള്‍

എനിക്കാദ്യം അസൂയയായിരുന്നു..മഴയോട്. എന്നെ സ്നേഹിക്കുന്നതിനേക്കാളുമധികം അവള്‍ മഴയെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

രാത്രിമഴയുടെ തരളമായ തണുപ്പോടെ എന്നോട് ചേര്‍ന്നിരിക്കുമ്പോള്‍ അവള്‍ പറയും അവള്‍ക്കൊരു മഴയായ് മാറണമെന്ന്..നിലയ്ക്കാതെ എന്നില്‍ ഇങ്ങനെ പെയ്തുകൊണ്ടിരിക്കാന്‍. എന്നോട് പരിഭവപ്പെടുന്ന സമയങ്ങളില്‍ അവള്‍ മഴയിലേക്ക് നോക്കിനില്‍ക്കും. മഴയൊഴുകും വഴികളിലൂടെ അവള്‍ തനിയെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടു. നീ എന്നെ ഇങ്ങനെ തനിച്ചാക്കി പോകല്ലേയെന്ന് ഞാന്‍ പറയാതെ പറയും. അപ്പോള്‍ മഴപെയ്തൊഴിഞ്ഞ വൈകുന്നേരങ്ങള്‍ പോലെ അവളുടെ കണ്ണുകള്‍ എന്നെ നോക്കി ചിരിക്കും. പിന്നീട് മഴ തോര്‍ന്നിട്ടാവും അവള്‍ എന്നിലേക്ക് തിരികെ വരിക, മഴ തോര്‍ന്നതിന്റെയോ മഴയായ് തോരാത്തതിന്റെയോ നൊമ്പരങ്ങളുമായ്, ഒരു മഴ ചരിഞ്ഞു പെയ്യുന്നത് പോലെ.

ചിലപ്പോള്‍ ഞാന്‍ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയാലും അവളെത്തിയിട്ടുണ്ടാവില്ല. പതിവുപോലെ മഴനനഞ്ഞു നടന്ന് വരികയാവും. ഒരു ഓട്ടോ വിളിച്ച് വന്നൂടെ എന്ന് ചോദിച്ചാല്‍ പരിഭവങ്ങളുടെ പെരുമഴയായി. പിന്നെ അന്നു മുഴുവന്‍ അവള്‍ക്കൊരു ചാറ്റല്‍മഴയുടെ മുഖമായിരിക്കും. അതുകൊണ്ട് അവളുടെ അത്തരം കുസൃതികള്‍ക്ക് നേരെ ഞാന്‍ നിര്‍ബന്ധം പിടിക്കാറില്ല.

അങ്ങനെ നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്ന ഒരു വര്‍ഷക്കാലദിവസമാണ് മഴ എന്നില്‍ നിന്നും അവളെ തട്ടിയെടുത്തത്. മഴനൂലുകളില്‍ സ്വയം നഷ്ടപ്പെടാനുള്ള അവളുടെ ആത്മാര്‍ഥതയെ കണ്ടിലെന്ന് നടിക്കാന്‍ കാലത്തിനു കഴിയാതെപോയത്കൊണ്ടാവണം.

അപകടസ്ഥലത്തേക്ക് ഞാന്‍ ചെല്ലുമ്പോഴും അവളുടെ ഹൃദയം പ്രാണനുവേണ്ടി ശക്തമായ് മിടിക്കുന്നുണ്ടായിരുന്നു. പിന്നീട് ഋതുസഞ്ചാരങ്ങളില്‍ ഇലയുടെ നിറം മാറിവരും പോലെ, അത്ര നിശബ്ദമായ്...., അവളെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു.
രക്തം ചിതറിയ അവളുടെ വസ്ത്രങ്ങളിലേക്ക് മഴ അപ്പോഴും ശക്തമായ് പെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ ചുവന്നമഴവെള്ളത്തോടൊപ്പം അവള്‍ എനിക്കു ചുറ്റും പടര്‍ന്ന് ഭൂമിയുടെ അടരുകളിലേക്ക് നഷ്ടപ്പെട്ടു.

അവളില്ലാതെ കടന്നുപോകുന്ന ആദ്യത്തെ മഴക്കാലമാണിത്.
ഇപ്പോള്‍ ഞാന്‍ മഴയോട് അസൂയപ്പെടാറില്ല, അവള്‍ മഴയായിരുന്നല്ലോ. ചിലപ്പോള്‍ എനിക്ക് തോന്നും മഴയിലൂടെ അവളെന്നെ പ്രണയിക്കുകയാണെന്ന്..

ഋതുക്കള്‍ സഞ്ചരിക്കുന്നത് മഴക്കാലങ്ങളിലേക്കാണ്.. മഴയില്‍ തുടങ്ങി മഴയില്‍ അവസാനിക്കുന്ന യാത്രകള്‍..