Friday, August 31, 2012

അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

ആ അപകടത്തില്‍ അവളോടൊപ്പം വള്ളത്തിലുണ്ടായിരുന്ന  പതിനൊന്നു പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.  ഇനിയെന്തെങ്കിലും വിവരം കിട്ടാനുള്ളത് അവളെകുറിച്ചു മാത്രമാണ്.

കാന്തി ഗ്രാമം മുഴുവന്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു. അവരുടെ നിലവിളികള്‍ പുഴയ്ക്ക് മുകളിലൂടെ നീന്തി കരപറ്റിയതല്ലാതെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.


അതൊരു മഴക്കാലമല്ലാതിരുന്നിട്ടും
അപ്പോള്‍, അവള്‍ അവിടെ ആ കടവില്‍ കാത്തിരിക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..

അവള്‍ നനഞ്ഞുകൊണ്ടു തന്നെ കടവില്‍ നിന്നും വഞ്ചിക്കാരനെ കൈകാട്ടി വിളിച്ചു.

ശക്തമായ മഴകോളുള്ളപ്പോള്‍ വഞ്ചിക്കാരന്‍ തുഴയെറിയാത്തതാണ്. എന്നാലും അമ്മു അക്കരയ്ക്ക് കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ വഞ്ചിയിറക്കി. അവളെകൂടാതെ ആ കടവില്‍ അപ്പോഴേക്കും ഒരു പത്തു പേരോളം വന്നു കഴിഞ്ഞിരുന്നു.

ഈ പുഴയില്‍ സിംഹവും കുതിരയും പുലിയുമെല്ലാം ഉണ്ടെന്നാണ് അമ്മൂമ്മ പറഞ്ഞത്.
അവള്‍ക്ക് അതിയായ അത്ഭുതം തോന്നി.
കരയിലുള്ളതെല്ലം വെള്ളത്തിലുമുണ്ടാകുമോ.!

ഒരുപ്രാവിശ്യം അവയെല്ലാം പുഴയ്ക്ക് മുകളിലേക്ക് വന്നിരുന്നെങ്കില്‍ ഒന്നുകാണാമായിരുന്നു.!
അവള്‍ ആരോടെന്നപോലെ പറഞ്ഞു.

ഈ കടവില്‍ ഇങ്ങനെ കാത്തിരിക്കുന്ന നേരമത്രയും പുഴയെ നോക്കിയിരിക്കാന്‍ നല്ല രസമാണെന്ന് അവള്‍ക്ക് തോന്നി.

അവളുടെ യാത്ര അവള്‍ വിചരിച്ചതിലും വേഗത്തില്‍ പുഴയുടെ നടുവില്‍ അവസാനിച്ചു.; എല്ലാവരുടെയും.

അവള്‍ നിലവിളിച്ചു.

ഒരു ആശ്വസത്തിനായ് പുഴ അപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു..

പുഴയുടെ ഓളങ്ങള്‍ക്കൊപ്പം അവള്‍ ഒഴുകി നീങ്ങി..പുഴയുടെ തണുപ്പില്‍ അവള്‍ക്ക് ഭാരം നഷ്ട്പ്പെട്ടതുപോലെ തോന്നി. പിന്നെ ആഴങ്ങളിലേക്ക് ചിറക് വിടര്‍ത്തി തുഴയെറിഞ്ഞു. ആഴങ്ങളിലേക്ക് പോകും തോറും ജീവവായു കുറഞ്ഞു വരുന്നത് അവള്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ ഒരിറ്റു ശ്വാസം കിട്ടാതായപ്പോള്‍ പുഴയുടെ അടിത്തട്ടില്‍  മുഖമമര്‍ത്തി ഒരു മത്സ്യത്തിന്റെതുപോലെ വീണ്ടും ശ്വസിച്ചു തുടങ്ങി. അവളുടെ ചെവിപൂക്കള്‍ വിടര്‍ന്നുവന്നിരുന്നു. പിന്നെ ഒരു വലിയ മത്സ്യം പോലെ  ഒഴുക്കിനെതിരെ അവള്‍ തുഴഞ്ഞു നിന്നു.

രാത്രിയില്‍ അവള്‍ പുഴയുടെ മുകളിലേക്ക് നീന്തി വന്ന് അവള്‍ വൈകുന്നേരങ്ങളില്‍ കാത്തിരിക്കാറുള്ള കടവില്‍ ചെന്നിരിക്കും. പിന്നെ പുലരും മുന്‍പേ വീണ്ടും പുഴയുടെ നിഗൂഡ്ഡതയിലേക്ക്  നീന്തിമറയും. അവിടെ അവള്‍ക്ക് പ്രിയപ്പെട്ടവരായ  ആനയും പുലിയും കുതിരയുമെല്ലാം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

പുഴയ്ക്ക് മുകളില്‍;
അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ  അമ്മ  അവള്‍ക്ക് വേണ്ടി കാത്തിരുന്നു.

Thursday, August 9, 2012

അവന് അവളോട് പ്രണയമാണെന്ന്..
അവന്‍ പറഞ്ഞത് കേട്ട് അവള്‍ ചിരിച്ചു
ചിരിച്ചു ചിരിച്ചു അവള്‍ മരിച്ചു പോയി..

അവന്റെ കണ്ണുകളില്‍ നിഴല്‍ വീണു.
അവനു വിഷമമായി

എങ്കിലും അവള്‍ക്ക് ഒരു മറുപടി പറഞ്ഞിട്ട് മരിക്കാമായിരുന്നു..

Friday, June 29, 2012

ഞാന്‍ ഓര്‍ക്കുകയായിരുന്നു..

അന്ന് ആദ്യമായ് ഞാന്‍ നിന്റെ കയ്യില്‍ പിടിച്ചപ്പോള്‍
എനിക്കു ചുറ്റും ഒരു തണുപ്പ് നിറയുന്നുണ്ടായിരുന്നു.
എത്ര വ്യാഴവര്‍ഷങ്ങള്‍ നമുക്കിടയില്‍ കടന്നുപോയി.
നിന്റെ കരസ്പര്‍ശത്തില്‍ എനിക്കിപ്പോഴും തണുക്കുന്നു.

നമുക്കിടയിലെ കാലം നിദ്രയിലാന്നെന്നു തോന്നുന്നു.

കാലം ഉണരും വരെ നമുക്കുണര്‍ന്നിരിക്കാം..
ഉണരുമ്പോള്‍ നമ്മള്‍ പുതിയ ദേശങ്ങളിലും കാലങ്ങളിലുമായിരിക്കും..
ഒരു ജന്മം യാത്ര ചെയ്തതിന്റെ തണുപ്പുണ്ടാവും
അപ്പോള്‍ നിന്റെ കൈകള്‍ക്ക്..


Thursday, May 31, 2012

എനിക്ക് നിന്നോട് പറയാനുണ്ടായിരുന്നത്..


എനിക്ക് നിന്നോട് സംസാരിക്കണം

അവന്‍ അവളോട് പറഞ്ഞു.
അവള്‍ കാതോര്‍ത്തു..
നിമിഷങ്ങളും മണിക്കൂറുകളും കടന്നുപോയി
അവന്‍ ഒന്നും പറഞ്ഞില്ല.
മഴ പെയ്തു, വെയില്‍..മഞ്ഞ്..
ഋതുക്കള്‍ മാറിവന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
ശബ്ദം അവന്റെ ഹൃദയത്തിന്റെ നിലവറയ്ക്കുള്ളില്‍ എവിടെയോ ഒളിച്ചിരുന്നു..

പിന്നീട് അവന്‍ സംസാരിച്ചു തുടങ്ങി
പക്ഷേ അവന്‍ സംസാരിച്ചതെന്താണെന്ന് ആര്‍ക്കും മനസിലായില്ല.
അവള്‍ മാത്രം ശ്രദ്ധിച്ചു,
അവന്‍ സംസാരിക്കുമ്പോള്‍ ഇലകള്‍ കാറ്റിലാടുന്നത്..
അവന്റെ ശബ്ദം മാറുമ്പോള്‍ അവയെല്ലം
അടര്‍ന്നു വീഴുന്നത്..
അവന്റെ ശബ്ദവിന്യാസത്തിനനുസരിച്ച്
വെയില്‍ തെന്നിമായുന്നത്..

കടല്‍ത്തീരത്തുകൂടി അവനോടെപ്പം നടക്കുമ്പോള്‍ അവള്‍ കണ്ടു,
അവന്റെ ശബ്ദത്തിനനുസരിച്ച് തിരകള്‍ ഉയര്‍ന്നുവരുന്നത്..
അവള്‍ അവനോട് ചോദിച്ചു..
നീ എന്നോട് എന്താണ് പറയാന്‍ ശ്രമിക്കുന്നത്?

പെട്ടെന്ന് ഒരു തിര വന്ന് അവനെയും അവളെയും കൊണ്ടു കടലിന്റെ ആഴങ്ങളിലേക്ക് പോയി..

അവന് പറയനുണ്ടായിരുന്നത് മുഴുവന്‍ അതിലുണ്ടായിരുന്നു.

Wednesday, May 9, 2012

എന്തുകൊണ്ടാണ്..
നീ നിശബ്ദമാകുമ്പോള്‍ ഞാനെന്റെ
ഹൃദയത്തിന്റെ ശബ്ദം മാത്രം കേള്‍ക്കുന്നത്?

Tuesday, May 1, 2012


നിന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എനിക്ക് കടലിന്റെ ഇരമ്പല്‍ കേള്‍ക്കാം
മേഘങ്ങളിലേക്ക് മഴ ഒഴുകിയെത്തുന്നതിന്റെ ശബ്ദം കേള്‍ക്കാം..
നിന്റെ അധരങ്ങള്‍ക്ക് കടലിന്റെ ഉപ്പുരസം
നീയാരാണ്..
എന്റെ പ്രണയത്തെ നിര്‍വ്വചിക്കാന്‍ പുനര്‍ജനിച്ച മത്സ്യകന്യകയാണോ നീ

Monday, April 2, 2012


മഴനൂലുകള്‍ക്കിടയിലെ അകലം പോലുമില്ല
നമുക്കിടയിലെ ദൂരത്തിന്..
എന്നിട്ടും ചിലപ്പോഴൊക്കെ അറിയാതെ പോകുന്നുണ്ടോ..

Monday, March 19, 2012


എന്റെ
പ്രണയത്തിനു
ചിറക് മുളയ്ക്കും
വരെ
നിന്റെ
ഹൃദയത്തില്
ഞാന്‍‍
ഉറങ്ങുകയായിരുന്നു..

Wednesday, February 15, 2012

എന്റെ വിരലുകളില്‍ ചുവപ്പ് പടര്‍ന്നപ്പോള്‍
ഞാന്‍ കരുതി നിന്റെ പ്രണയം എന്നിലേക്ക് പടര്‍ന്നതായിരിക്കുമെന്ന്..

നിന്നിലെ കൂര്‍ത്ത മുള്ളുകളെ കുറിച്ച് ഞാന്‍ ഓര്‍ത്തില്ല.
നിന്റെ ചുവന്ന ഇതളുകളെ മാത്രമാണല്ലോ ഞാന്‍ ശ്രദ്ധിച്ചത്..

Sunday, January 29, 2012

മഴ

ഇവിടെ മഴയാണല്ലോ
ഒന്നിവടെ വരെ വരുമോ?
അവളുടെ ശബ്ധം മഴ നനഞ്ഞ് കുതിര്‍ന്നിരുന്നു.
കുറച്ചു നേരം കൂടി ക്ഷമിക്ക്..
മഴ മാറുമോയെന്നു നോക്കാം.
എന്റെ ആ അഭിപ്രായത്തില്‍
കുറച്ചൊരു പരിഭവത്തോടെ അവള്‍ റിസീവര്‍ കട്ട് ചെയ്തു.
മണിക്കൂറുകള്‍ കടന്നു പോയി. മഴ മാറുന്ന ലക്ഷണമൊന്നുമില്ല
ഇനി കാത്തിരിക്കാന്‍ വയ്യ
ഞാന്‍ വരാം നീ എവിടെയാന്നെങ്കിലും.
അവന്‍ ആത്മഗതം പരഞ്ഞു..
എന്തുകൊണ്ടോ അവന്റെ ഹൃദയം ശക്തമായി മിടിച്ചു തുടങ്ങിയിരുന്നു
അവന്‍ ഇറങ്ങാന്‍ തുടങ്ങും മുന്‍പ് അവളെത്തി,
ഹൃദയത്തിന്റെ കടലിരമ്പങ്ങളില്ലാതെ..
ഒന്നും സംഭവിക്കാത്തതുപോലെ..
മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു

Monday, January 9, 2012

നിലാവ് നിറഞ്ഞ ആ രാത്രിയില്‍ അവന്‍
കടലിലേക്ക് നടന്നുപോയ അവളുടെ കാല്‍പാടുകളെ നോക്കിയിരുന്നു

അവള്‍ തിരികെ വരുന്നതും കാത്ത്
അവന്‍ ആ മണല്‍ത്തരികളില്‍ ചേര്‍ന്നുകിടന്നു
കാലം പോകവെ അവന്‍ ആ തരികളായി മാറി.
തിര അവനെയും കൊണ്ട് ആഴങ്ങളിലേക്ക് മറഞ്ഞു
അതിന്നും ഒരുപാട് മുന്‍പ്
കടന്നുപോയ കാലത്തിന്റെ തിരകളില്‍ പെട്ട് അവളുടെ കാല്‍പാടുകള്‍ മാഞ്ഞു പോയിരുന്നു..