Sunday, February 24, 2013

നീ ആ പൂവിനെ നോക്കി ചിരിച്ചല്ലോ
എന്തേ എന്നെ നോക്കിയില്ല
ഒരു പൂവിന്റെ ഹൃദയമാണ് എനിക്കുള്ളതെന്ന്
നീ.. അറിയാതെ പോയോ.

Tuesday, February 5, 2013

നിന്നിലെ ഞാന്‍

ഇന്നലെ പുലര്‍ച്ചെ ഞങ്ങള്‍ ഒരു പൂവ് അന്വേഷിച്ചിറങ്ങി..
ഇതുവരെ ആരും കാണാത്ത ഒരു പൂവ്
ഇന്നു പുലര്‍ച്ചെ അതു ഞങ്ങളെ തേടിവന്നു..

വിടരണോ കൊഴിയണോ എന്നറിയാതെ ആ പൂവ് ഞങ്ങളെ നോക്കി.
കാലം ചലിക്കുന്നത് അത് ഇനിയും അറിഞ്ഞിട്ടില്ല.

കാലത്തിന്റെ സ്പന്ദനങ്ങള്‍ അതിനെ ഇനിയും സ്പര്‍ശിച്ചിട്ടില്ല..
പ്രണയം പോലെ അതിപ്പോഴും കാലത്തിനതീതമായി നില്‍ക്കുന്നു.

കാലം ഉണ്ടെന്ന് തന്നെ അറിയാതെ ആ പൂവ്..

ഇപ്പോള്‍ അവളുടെ സമുദ്രത്തിനുള്ളില്‍ ഒരു ചിപ്പിയില്‍ അത് ഉറങ്ങുകയാണ്.
അതിന്റെ സൂര്യനും ഭൂമിയും ജലവും അഗ്നിയും ശ്വാസവും എല്ലാം അവള്‍ തന്നെ..
അവള്‍ ചിന്തിക്കുന്നതും കാണുന്നതുമെല്ലം ആ പൂവ് അറിയുന്നുണ്ട്

ആ പൂവിനോട് എനിക്ക് അസൂയ തോന്നുന്നു..
എനിക്കും നിന്റെ ആ കൂടാരത്തില്‍ ഉറങ്ങണം..വിടരണം..

നിന്റെ ചിന്തകളും പ്രവര്‍ത്തികളും എല്ലാം ഞാനുമറിയും..
ഒരു മഴ നനഞ്ഞാല്‍ ..
നിന്നില്‍ ഒരു വെയില്‍ പെയ്താല്‍ ..
നിന്റെ കണ്ണില്‍ ഒരു തിരയിളകിയാല്‍ .. എല്ലാം..
നീയില്ലാതെ ഞാനില്ലല്ലോ.. നിന്നിലൂടെ ഞാന്‍ കാലത്തിനതീതനായിത്തീരും
ഇനിയും കാലത്തിന്റെ സ്പന്ദനങ്ങളറിയാത്ത ആ പൂവ് പോലെ..

നാളെ നീയും ഞാനുമുണ്ടാവില്ല..
എങ്കിലും നമ്മുടെ ഈ പ്രണയം പ്രപഞ്ചം ഉള്ളടുത്തോളാം കാലം നിലനില്‍ക്കും..

അതെ ആ പൂവ് വിടര്‍ന്നു കഴിഞ്ഞു..
നാളെ അതു കൊഴിഞ്ഞു പോയെന്നാലും അതിന്റെ യാത്ര അവസാനിക്കുന്നില്ലല്ലോ
അതു നമ്മളിലേക്ക് വീണ്ടും വരുന്നതു വരെ നമുക്ക് കാത്തിരിക്കാം..
അതിനു വേണ്ടിയും അല്ലാതെയും എല്ലാ ജന്മങ്ങളിലും നമുക്കൊരുമിച്ചായിരിക്കാം..

എങ്കിലും എനിക്ക് അസൂയയാണ്.. ആ പൂവിനോട്..നിന്നോട്..എന്നോട് തന്നെ..