Tuesday, January 21, 2014

പച്ചകടല്‍

പച്ചനിറമുള്ള കടല്‍ പോലെ തോന്നിച്ച, മരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ആഴങ്ങളിലേക്ക് അവന്‍ നോക്കി നിന്നു. കാറ്റടിക്കുമ്പോള്‍ വൃക്ഷതലപ്പുകള്‍ ചാഞ്ഞും ചരിഞ്ഞും തിരമാലകള്‍ പോലെ ഇളകുന്നുണ്ടായിരുന്നു.

കാറ്റ് ശബ്ധത്തോടെ നിരന്തരമായി വീശികൊണ്ടിരുന്നു. അതിനും താഴെ അവളുടെ നേര്‍ത്ത ശബ്ധത്തിനു വേണ്ടി അവന്‍ ചെവിയോര്‍‍ക്കായായിരുന്നു. അവിടെ ആ സമുദ്രത്തിനുള്ളില്‍ അവള്‍ ജീവനുവേണ്ടി ദാഹിക്കുന്നുണ്ടാവും. അവള്‍ കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കയാവും, കണ്ണുകളിലൂടെ പ്രാണന്‍ നഷ്ടപ്പെടാതിരിക്കാന്‍.

അവന്‍ അത് കേട്ടന്നു തോന്നുന്നു.. തിടുക്കത്തില്‍ ചെന്ന് വടവും കപ്പിയുമായി പാറക്കൂട്ടത്തിന്റെ അരുകില്‍ ചെന്ന് ഒരു വലിയ പാറയുമായ് വടം ചേര്‍ത്തുകെട്ടിയതിനു ശേഷം അവന്‍ ഉടുമ്പിനെ പോലെ പാറകളില്‍ പിടിച്ചും പാമ്പിനെ പോലെ ഊര്‍ന്നും ആഴങ്ങളിലേക്ക് ഇറങ്ങികൊണ്ടിരുന്നു. പക്ഷേ ഒരോ ചുവടുകഴിയുമ്പോഴും താന്‍ ഉയരങ്ങളിലേക്ക് പോകുന്നതായാണ് അവനു തോന്നിയത്.

ഹൃദയം എന്തെക്കെയോ അവളോട് സംസാരിച്ചുകൊണ്ടിരുന്നു.. അവളോട് പേടിക്കരുതെന്ന് പറഞ്ഞു.. അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. അവന്‍ വരുമെന്ന് അവളോട് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു തരിപോലും പ്രാണന്‍ പുറത്തുപോകാതിരിക്കാന്‍,
അവന്‍ വരുന്നതുവരെയെങ്കിലും..

അരികിലെവിടെയോ വീഴുന്ന നേര്‍ത്ത ജലപാതത്തിന്റെ ശബ്ദവും തണുപ്പും അവളുടെ ശരീരത്തിലെ വേദനകളെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിച്ചു. ഇന്ന് രാവിലെയാണ്‍ അവള്‍ സൂയിസൈഡ്പോയിന്റിന്റെ അരികില്‍ നിന്നും പച്ചകടലിന്റെ ആഴം നോക്കിയത്. അവള്‍ വിചരിച്ചതിലും ആഴം അതിലേക്കുണ്ടെന്ന് ഹൃദയം അവളോട് പറയുന്നുണ്ടായിരുന്നു. അവള്‍ അത് ശ്രദ്ധിക്കാത്തപോലെ കണ്ണുകളടച്ച് ജലത്തിലേക്കെന്നപോലെ വായൂവിലൂടെ ഊളിയിട്ടു. പിന്നെ എവിടെയോ തട്ടി എല്ലുകള്‍ നുറുങ്ങുന്നതിന്റെ ശബ്ദം കേട്ടു. നീലഞരമ്പുകളീല്‍ നിന്നല്ലാതെ രക്തം ഉറവപ്പൊട്ടി അവളെ ആകെ നനച്ചു. പിന്നെ ശിഖരങ്ങള്‍ക്കിടയിലൂടെ ജലപാതം പോലെ ചുവന്ന നിറത്തില്‍ അവള്‍ താഴേക്ക് ഒഴുകിയിറങ്ങി.

എന്തിനുവേണ്ടിയെന്നു ചോദിച്ചാല്‍ അവള്‍ പറയും അവനെ കാണാനാണെന്ന്..അവനേടൊപ്പം ജീവിക്കാനാണെന്ന്. അവള്‍ക്കവനെ വേണമായിരുന്നു. ഇവിടെ അവള്‍ തനിച്ചാണെന്നറിഞ്ഞാല്‍ എവിടെയാണെങ്കിലും അവന്‍ വരുമെന്ന് അവള്‍ക്കറിയാം

ദൂരെ വീഴുന്ന ജലപാതത്തിന്റെ ശബ്ദത്തിനിടയില്‍ നിന്നും അവന്റെ കാലടികളുടെ ശബ്ദം അവള്‍ക്കിപ്പോള്‍ കേള്‍ക്കാം.. അവളുടെ ഹൃദയമിടിപ്പുകളേക്കാള്‍ വേഗതയില്‍ അവന്‍ നടന്നുവരുന്നത് അവളറിഞ്ഞു... അവളുടെ ഹൃദയം അവളോട് കണ്ണുകള്‍ തുറക്കാന്‍ പറഞ്ഞു. പക്ഷേ അവള്‍, അവന്‍ അടുത്തുവന്ന് തന്നെ വിളിക്കുന്നതും കാത്തിരുന്നു. അവന്റെ വിളി കേട്ട് കണ്ണുകള്‍ തുറക്കാന്‍ അവള്‍ ആഗ്രഹിച്ചു.

അവന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് എത്തുന്നതും കാത്ത് അവള്‍ ആ വലിയ മരങ്ങള്‍ക്കിടയില്‍ ചുവപ്പുനിറമുള്ള ഒരു ഇല പോലെ അതിന്റെ വേരുകള്‍ക്കിടയില്‍ കിടന്നു.

പിന്നീട് അവള്‍ ഒന്നും അറിഞ്ഞില്ല....
അവന്‍ അവളുടെ അരികില്‍ വന്നതും..വിളിച്ചതും..
അവളെ ചേര്‍ത്തുപിടിച്ചതും ഒന്നും.
അവളുടെ ഹൃദയം പറയുന്നതും..പിന്നീട് അവള്‍ കേട്ടില്ല.
പച്ചകടലിന്റെ ആഴങ്ങളില്‍ അവന്‍ തനിച്ചു നിന്നു.