Thursday, January 30, 2020

വനത്തിലൂടെ  ഒരു  പുഴയൊഴുകുന്നു.

തനിച്ചല്ല.

ഉറവയായി  മാറും  മുൻപേ  മരത്തിന്റെ  ശിഖരങ്ങളിലൂടെ  പിടിവിടാതൊഴുകി  മണ്ണിൽ ചേരുവോളം  ചിത്രശലഭങ്ങളും  പുഴുക്കളും  കൂട്ടുണ്ടായിരുന്നു.  ഉറവയായപ്പോൾ  മണ്ണിരകളും  തവളകളും.   പുഴയായി  തെളിഞ്ഞതിൽ  പിന്നെ  എണ്ണമില്ലാത്തത്രയും  ജീവികൾ  എന്നെ  കാത്തുനിൽക്കുന്നത്  ഞാനറിഞ്ഞു.   അതിൽ  മനുഷ്യരും  ഉൾപെടും.   പിന്നീട്  മീനുകൾ  കൂടെ  വന്നു.   ഇരുട്ടിൽ  വഴിയറിയാതെ  ഒഴുകുമ്പോൾ  മിന്നാമിനുങ്ങുകൾ  വഴികളായി.

Monday, January 27, 2020

എനിക്ക് പോകാൻ കഴിയാത്തതിൽ വിഷമമില്ല.  യാത്ര മുന്നോട്ടായാലും പിന്നോട്ടായാലും അതിലെ ഓരോ നിമിഷവും അനിർവചനീയമായ ഒരു തുടക്കമാണ്. ഓരോ നിമിഷത്തിലും 'ഞാൻ' ഉണ്ട് എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും.  അതിന് ഞാൻ മാത്രമല്ലാതൊരു കാരണമുണ്ടാകും.  അത് നീയാകാം.  നിന്റെ അംശമുള്ള പ്രകൃതിയാകാം  മറ്റു പലരുമാകാം,  പലതുമാകാം.  ഇതുപോലെ നിന്റെ ശ്രദ്ധ എല്ലായിടത്തും ഉണ്ടെന്നുള്ളതാണ് എന്റെ സന്തോഷം.

വട്ടവടയിൽ ചെന്ന് കുറച്ച് അന്വേഷിച്ചപ്പോൾ അയാളെ കണ്ടെത്തി.  തന്നിരിക്കുന്ന ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.  പിന്നെ നേരത്തെ സംസാരിച്ചത് വച്ചു അന്വേഷിച്ചപ്പോൾ മുത്തുവിന്റെ പച്ചക്കറി തോട്ടം കണ്ടെത്തുകയും അയാളോടൊപ്പം അവിടെയാകെ ഒന്ന് സഞ്ചരിക്കുകയും ചെയ്തു.  അയാളാണ് ഞങ്ങൾക്ക് വട്ടവട നിന്നും  ക്ലാവര,  പൂണ്ടി വഴി കൊടൈക്കനാലിലേക്ക് പോകുന്നതിന് വേണ്ട നിർദേശങ്ങളും മറ്റും നൽകിയത്.  കുറച്ച് നേരം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്ന് ഞങ്ങൾ പുറപ്പെടാൻ തയ്യാറായി.  പോകുന്നവഴി ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കോവിലിൽ പ്രാർഥിച്ചിട്ട് വേണം പോകാനെന്നു പ്രത്യേകം പറഞ്ഞിരുന്നു.  അവിടെയുള്ള എല്ലാവരും മല കയറുന്നതിനു മുൻപ് അവിടെ പ്രാർഥിച്ചിട്ടാണ് പോകാറുള്ളതെന്നും അല്ലാതെ പോയാൽ പോയ കാര്യം സാധിക്കാതെ തിരികെ വരേണ്ടിവരുമെന്നുമാണ് അവരുടെ വിശ്വാസം.  എന്തായാലും ഈ കോവിലിൽ പ്രാർത്ഥിക്കുന്ന  കാര്യം മറന്നു പോയി.  പിന്നെ യാത്ര മുഴുമിപ്പിക്കാതെ തിരിച്ചു ഗ്രാമത്തിലെത്താറായപ്പോഴാണ് ഞാൻ ഈ കാര്യം ഓർക്കുന്നത് തന്നെ.  ഓർത്തതും കോവിൽ കണ്ണിൽപെട്ടതും ഒരുമിച്ചാണ്.  അതിനു മുന്നിൽ കുറച്ചു നേരം നിന്നു.  യാത്ര തുടങ്ങിയപ്പോൾ ഇവിടെ വന്നു പ്രാർത്ഥിക്കാതെ പോയതുകൊണ്ടാവുമോ ഞങ്ങൾ വിചാരിച്ച പോലെ യാത്ര പൂർത്തിയാക്കാതെ തിരികെ വരേണ്ടി വന്നതെന്ന് ഞാനോർത്തു.  അവരുടെ വിശ്വാസത്തിൽ വിശ്വസിക്കാൻ ഞാൻ നിർബന്ധിക്കപെടുന്നത്  പോലെ.  എങ്കിലും ഞാൻ ചിന്തിക്കുന്നത് വേറൊന്നാണ്.  

Sunday, January 19, 2020

ഒരു  മൈക്രോസ്കോപ്പിൽ  കാണുന്നത്ര  ചെറുതായ  നിന്റെ  മുറിവുകൾ  നീ  കാണിക്കുമ്പോൾ  ഞാൻ  നിന്റെ  അടുത്തിരുന്ന്  ആശ്വസിപ്പിക്കുന്നത്  ഞാൻ  നിന്റെ  കൂടെ  എപ്പോഴും  ഉണ്ടാകുമെന്ന്  പറയാതെ  പറയുന്നതാണ്.   അല്ലാതെ  ഞാനില്ലെങ്കിൽ  നിനക്ക്  ഇതൊന്നും  അതിജീവിക്കാനാവില്ല  എന്നൊരു  തെറ്റിദ്ധാരണ  ഉള്ളതുകൊണ്ടല്ല.  


Thursday, January 9, 2020

സത്യത്തിൽ  ഞാൻ  ഉറങ്ങുകയോ  ഉണരുകയോ  ചെയ്യുന്നില്ല.   ഉറക്കം  പതുങ്ങി  വന്ന്  എന്റെ  കണ്ണുകൾക്കുള്ളിലിരുന്ന്  ഉറങ്ങുന്നു.    രാവിലെയാകുമ്പോൾ   'ഉറക്കം'   ഉണർന്ന്  ആരോടും  പറയാതെ  വന്ന  വഴിയേ  തിരികെ  പോകുന്നു.  

? ?  

.................................

അങ്കമാലിയിലെ  അമ്മാവൻ  ആരാണെന്നാ  പറഞ്ഞത് !!


Wednesday, January 1, 2020

രാത്രി ഏറെ വൈകിയാണ് അവിടെനിന്നും പുറപ്പെട്ടത്.   അതുകൊണ്ടുതന്നെ വഴികൾ പല ഭാഗത്തും വിജനമായിരുന്നു.   മഴപെയ്തൊഴിഞ്ഞ വഴികളിൽ വിളക്കുകാലുകൾക്ക് താഴെ വെളിച്ചം പരന്നൊഴുകിയിരുന്നു.   ചില ഭാഗങ്ങളിൽ വെളിച്ചം ചെറിയ തുരുത്തുകൾപോലെ അനാഥമായി കാണപ്പെട്ടു.

കായലിന് സമാന്തരമായാണ് നഗരത്തിലേക്കുള്ള ആ റോഡ്  കടന്നുപോകുന്നത്.    കുറച്ചുദൂരം കൂടി മുന്നോട്ട്പോയി നഗരത്തിലേക്കുള്ള പാലത്തിന്  മുന്നിൽ വഴി അവസാനിക്കും.   നഗരവെളിച്ചം പ്രതിഫലിക്കുന്ന കായലിന് കുറുകെ ഒരു കറുത്ത തുരങ്കം പോലെ ആ പാലം നഗരത്തിലേക്ക് നീണ്ടുകിടന്നു.

പാലത്തിലേക്ക് കയറിയപ്പോൾതന്നെ വെളിച്ചമില്ലാത്ത ഒരു ഇടിവാൾ,   ശബ്ദം മാത്രമായി തന്റെ വലതുവശത്ത് കായലിലേക്ക് പതിച്ചതായി അവന് തോന്നി.   നല്ല മഴക്കോളുണ്ടായിരുന്നത്കൊണ്ട് നക്ഷത്രങ്ങളില്ലാതെ ആകാശം പതിവിലും ഇരുണ്ടിരുന്നു.   പാലത്തിന് മദ്ധ്യത്തിൽ എത്തിയപ്പോഴുണ്ടായ  ശക്തമായ മിന്നലില്‍  ആ പ്രദേശമാകെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞ്,   നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഇരുട്ടിലേക്ക് മറഞ്ഞു.    ആ ഒരു നിമിഷം,    അവന്റെ കണ്ണുകൾ പാലത്തിന്റെ കൈവരികളിൽ പിടിച്ചു നിൽക്കുന്ന ഒരു സ്ത്രീയെയും അവരുടെ നെഞ്ചിൽ കിടക്കുന്ന ഒരു കുഞ്ഞിനേയും കണ്ടതുപോലെ.   പിന്നീട് ഒരിക്കൽ കൂടി അവിടേക്ക് നോക്കിയെങ്കിലും കനത്ത ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല.

അവൻ  കൈവരിയുടെ ഓരത്തുകൂടി അവരെ കണ്ട സ്ഥലത്തേക്ക്  വേഗത്തില്‍  നടന്നു.   അവിടെ അങ്ങനെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല.   ആ ഇരുട്ടിൽ കുറച്ചുനേരം പുഴയിലേക്ക് തന്നെ നോക്കിനിന്നു.   തിരികെ പോരാൻ നേരത്ത് വീണ്ടും ഒരു  ഇടിമിന്നലിൽ ആ പ്രദേശമാകെ തിളങ്ങുകയും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഒരു കുഞ്ഞിന്റെ ഞരക്കം പോലൊരു കനം കുറഞ്ഞ ശബ്ദം അവന്റെ കാതുകളിൽ വീഴുകയും ചെയ്തു.


continue..