Sunday, March 1, 2020

ശിശിരനിദ്ര

നല്ല തിരക്കുള്ള ഒരു ദിവസമാണ് അവൾ ബാങ്കിൽ വന്നത്. ഇതിന് മുൻപ് എപ്പോഴെങ്കിലും അവർ ബാങ്കിൽ വന്നിട്ടുണ്ടോയെന്ന് ഓർമയില്ല. അല്ലെങ്കിലും സ്ഥിരമായി വരുന്നവരെ പോലും തനിക്കു ഓർമയിലല്ലോ എന്ന് മോഹിത് ഓർത്തു. എപ്പോഴും വരുന്നവരിൽ നിന്നും വ്യത്യസ്തമായി എങ്ങിനെയാണ് അവൾ തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് അയാൾ ചിന്തിക്കാറുണ്ട്. മിക്കവാറും ബാങ്കിംഗ് സമയം കഴിയുന്നതിന് തൊട്ടുമുൻപാകും അവർ വരുന്നത്. ബാങ്കിൽ വന്നു വെപ്രാളപ്പെട്ട് എഴുതുന്നത് കാണുമ്പോൾ സമയം കഴിയാറായാലും അവർക്ക് വേണ്ടി കുറച്ചുകൂടി കാത്തിരിക്കാൻ താൻ തയ്യാറാണെന്ന് അവരോട് പറയണമെന്ന് തോന്നും. പക്ഷെ ഇതുവരെ ഒരു സ്ത്രീയോടും അങ്ങനെ തുറന്ന് സംസാരിച്ചു ശീലമില്ലാത്തതിനാൽ അതൊന്നും പുറത്തേക്ക് വന്നില്ല.

തിരികെ താമസസ്ഥലത്തേക്ക് പോകുമ്പോൾ അയാൾ തന്റെ അമ്മയെ ഓർത്തു. ജോലിയുടെ തിരക്കുകൾ കാരണം വീട്ടിലേക്ക് പോകാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഈ പ്രായത്തിലും അമ്മയെ ഇങ്ങനെ തനിച്ചാക്കേണ്ടിവരുന്നതില്‍ കുറ്റബോധം തോന്നി. അതിരാവിലെ താമസസ്ഥലത്തു നിന്നും പുറപ്പെട്ടാലേ വൈകിട്ടെങ്കിലും വീട്ടിലെത്തൂ. പിന്നെ ഒരു ദിവസം അവധി എടുക്കാതെ അവിടുന്ന് തിരിച്ചു വരാനും പറ്റില്ല. അമ്മയ്ക്കാണെങ്കിൽ പണ്ടത്തെ പോലെയല്ല. താൻ അടുത്തില്ലാത്തതിന്റെ ആശങ്ക ഇപ്പോൾ കൂടുതലാണ്. അതുകൊണ്ട് എന്തായാലും ഈ ആഴ്ചയവസാനം വീട്ടിൽ പോകണമെന്ന് മോഹിത് തീരുമാനിച്ചു.

"ഇവിടെ അടുത്താണോ ബീച്ച്."

അവളുടെ ആ ചോദ്യം കേട്ടെങ്കിലും അത് തന്നോട് തന്നെയാണോ എന്നുറപ്പാക്കാൻ അയാൾ കുറച്ചു സമയമെടുത്തു.

"ഇവിടുന്ന് എത്ര ദൂരമുണ്ട്?."

ചോദ്യം തന്നോട് തന്നെ.

"രണ്ടു കിലോമീറ്റർ."

"നടന്നുപോകാനാണെങ്കിൽ ഇവിടെ നിന്നും ഒരു ഇരുപത് മിനിറ്റെങ്കിലും എടുക്കും"

അവരുടെ കണ്ണുകളിലേക്ക് നോക്കാതെയാണ് അത് പറഞ്ഞത്. എന്തിനാണ് താൻ ഇപ്പോഴും സ്ത്രീകളുടെ മുഖത്ത് നോക്കാൻ ഭയപെടുന്നതെന്ന് അയാളോർത്തു.

പിന്നീട് പല ദിവസങ്ങളിലും ബർസ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. പതിയെ അയാൾക്കുണ്ടായിരുന്ന മാനസികമായ ആ ഉൾവലിവ് നഷ്ടപ്പെട്ടു. അവൾ എല്ലാ ദിവസവും ബാങ്കിൽ വന്നിരുന്നെങ്കിലെന്ന് മനസ്സിൽ ആഗ്രഹിക്കുകയും ചെയ്തു.

"ഒരു ദിവസം നമുക്ക് ഒരുമിച്ച് പോയാലോ"
അവളുടെ ചോദ്യം പെട്ടന്നായിരുന്നു.

"എവിടെ?
ബീച്ചിൽ !
ഇതുവരെ പോയില്ലേ?
ഇല്ല,  തനിച്ചു പോകാൻ തോന്നിയില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ"

ബാങ്കിൽ നിന്നും വളരെ ദൂരെയൊന്നുമല്ലെങ്കിലും താൻ ഒരിക്കൽ പോലും കടല് കാണാൻ പോയിട്ടില്ല. പോകണമെന്ന് ആലോച്ചിക്കുമ്പോഴൊക്കെ മനസ്സിലേക്ക്  എന്താണെന്നറിയാതെ ഒരു വിഷമം വരും.

ബർസയുടെ കൂടെ നടക്കുമ്പോഴും മോഹിത്  തന്റെ മനസിനെ കുറിച്ചോർത്തു ആശ്ചര്യപ്പെട്ടു. എന്തുകൊണ്ടാണ് താൻ ഇപ്പോഴും തനിച്ചു നടക്കാൻ ഇഷ്ടപെടുന്നതെന്ന്. തന്റെ അപകർഷതാബോധത്തിൽ നിന്നും രക്ഷപെടാൻ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അയാൾക്ക് മനസിലാകുന്നുണ്ട്. അല്ലെങ്കിലും ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ തനിക്ക് പുതിയതാണല്ലോ.

വെളുത്ത മണൽത്തരികൾ ചെരിപ്പിനിടയിൽ കുടുങ്ങി കാൽപാദങ്ങളെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.

"നമുക്ക് എവിടെയെങ്കിലും ഇരിക്കാം."

അവൾ തന്റെ മണൽ മൂടിയ കാൽപാദങ്ങളെ നോക്കി പറഞ്ഞു. സായാഹ്നനിറങ്ങളിൽ അവളുടെ കൺപീലികൾ അരുണാഭമായി തിളങ്ങുന്നുണ്ടായിരുന്നു, മയില്‍പീലികള്‍ പോലെതന്നെ.

കടൽത്തീരത്ത്  ഇരിക്കുമ്പോഴാണ് ബർസ അവളുടെ വീട്ടിലേക്ക് ഒരിക്കൽ പോകാമെന്ന് പറഞ്ഞത്. 

"മോഹിതിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് .
അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞു. 
കണ്ടു സംസാരിച്ചിട്ട് എല്ലാം തീരുമാനിക്കാമെന്ന്.."

എന്ത്‌ കാര്യമാണ് തന്നെ കുറിച്ച് ബർസ പറഞ്ഞിട്ടുണ്ടാവുകയെന്ന് ഓർത്തെങ്കിലും അതേകുറിച്ച് ഒന്നും ചോദിച്ചില്ല.

തിരമാലകൾ തുടർച്ചയായി കരയിലേക്ക് വന്നുകൊണ്ടിരുന്നു. എന്തിനാണ് തിരകൾ പിന്നെയും പിന്നെയും കരയിലേക്ക് വരുന്നതെന്ന് അയാളോർത്തു. എന്നാലും എന്തായിരിക്കും ബർസ തന്നെകുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ടാവുക. വിവാഹത്തെ കുറിച്ചാകുമോ. അതിനും മാത്രം അടുപ്പം തങ്ങള്‍ തമ്മില്‍ ഇല്ലല്ലോ. ഇതുവരെ താൻ അങ്ങനെയൊന്നും  ആലോചിച്ചിട്ടില്ല.  വിവാഹത്തെക്കാളും മുന്നേ അറിഞ്ഞുപോകേണ്ട എത്രയോ കാര്യങ്ങളുണ്ട്. പ്രണയത്തിനും മുൻപേ ഉണ്ടാകേണ്ട അടുപ്പത്തെകുറിച്ചും വെളിപ്പെടുത്തലുകളെക്കുറിച്ചുമാണ് താൻ ചിന്തിക്കുന്നത്.

തിരികെ റൂമിലേക്ക് നടക്കുന്നതിനിടയിൽ അയാൾ ബർസയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവൾ തന്റെ ജീവിതത്തിലേക്ക് വരുന്നതിനെക്കുറിച്ച്. എന്തെക്കെയോ സന്ദേഹത്തോടെയാണ് അയാൾ ഉറങ്ങാൻ കിടന്നത്. ഉണർന്നപ്പോൾ ബർസയുടെ മെസ്സേജ് ഉണ്ടായിരുന്നു.
"വൈകിട്ട് നമുക്ക് എവിടെയെങ്കിലും കണ്ടാലോ".

ബാങ്കിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. വൈകുന്നേരം ഇറങ്ങിയപ്പോഴേക്കും ഒരുപാട് വൈകി. റൂമിൽ ചെന്ന് കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി വെറുതെ പുറത്തേക്കിറങ്ങാമെന്നോർത്തപ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.

"ഇന്ന് വിളിച്ചില്ലല്ലോ"

അപ്പോഴാണ് മോഹിത് വൈകിട്ട് ബർസ കാണാമെന്ന് പറഞ്ഞ കാര്യമോർത്തത്.
തന്റെ ഓർമ്മകൾ വഴിമാറിപോയതോർത്തപ്പോൾ  അയാൾക്ക് വിഷമമായി. നാളെ എന്തായാലും അവളെ കാണണം.

പിറ്റേന്ന് അതിരാവിലെ ഉണർന്നെങ്കിലും കുറെ നേരം കൂടി വെറുതെ കിടന്നു. പിന്നീട് പെട്ടെന്നെന്തോ ഓർമ്മവന്നതുപോലെ അയാൾ റെഡി ആയി ഓഫിസിലേക്കിറങ്ങി. നിഴലുകൾക്ക് മുകളിലൂടെ നടന്നുതുടങ്ങി. പരിചിതമല്ലാത്ത ഏതോ വഴിയിലൂടെയാണ് താൻ ഇപ്പോൾ നടക്കുന്നതെന്ന് അയാൾക്ക് തോന്നി. ഈ നഗരത്തിൽ വന്നിട്ട് ഇപ്പോൾ രണ്ടു വർഷമായെങ്കിലും ബാങ്കിലേക്ക് പോകാൻ താൻ എപ്പോഴും സ്ഥിരമായി ഒരു വഴി മാത്രമാണ്  തിരഞ്ഞെടുക്കാറുള്ളതെന്ന് അയാൾ ഓർത്തു. ഇന്നേതായാലും ഈ പുതിയ വഴിയിലൂടെ തന്നെ പോയിനോക്കാം.

ബാങ്കിലേക്ക് കടന്നപ്പോൾ മോഹിത് വാച്ചിലേക്ക് നോക്കി. പത്ത് മണി ആകുന്നേയുള്ളൂ. വൈകാതെ ബാങ്കിൽ എത്തിയതിൽ അയാൾക്ക് ആശ്വാസം തോന്നി.

"ഇന്നലെ ബാങ്കിൽ കണ്ടില്ലല്ലോ"

ബർസയാണ്   കൗണ്ടറിന്റെ പുറത്ത് നിന്നും തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്.

"ഇന്നലെ നല്ല സുഖമില്ലായിരുന്നു."

സന്ദേഹത്തോടെയാണ് മോഹിത് അത് പറഞ്ഞത്. താൻ ഇന്നലെ ബാങ്കിൽ വന്നില്ലേ  എന്ന് അയാൾ തന്നോടുതന്നെ ചോദിക്കുകയും ചെയ്തു.

ദിവസങ്ങൾ കഴിയുംതോറും മോഹിത് ബാങ്കിൽ പോകുന്നത് കുറഞ്ഞുവന്നു. ബാങ്കിൽ നിന്നും വിളിക്കുമ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുക്കാൻ തുടങ്ങി. തുടർച്ചയായി അങ്ങനെ ലീവ് എടുത്ത് റൂമിലിരുന്ന ഒരു ദിവസം രാത്രിയിലാണ് ഫോൺ വന്നത്.

"ഹലോ "
"ആരാണ്"
"ഞാൻ..
ഞാൻ ബർസയാണ്."

മുൻപ് എപ്പോഴെങ്കിലും അങ്ങനെയൊരു പേര് കേട്ടതായി ഓർക്കാത്തത് പോലെ മോഹിത് വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിച്ചു.

നീണ്ടൊരു നിശബ്ദതയ്ക്കു ശേഷം കോൾ കട്ടായി.

ആരാണ് വിളിച്ചതെന്ന് ഓർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോഹിത് മുറിയിലെ ജനാലകൾ തുറന്നിട്ട് പുറത്തേക്ക് നോക്കിനിന്നു. നേരം വളരെ വൈകിയിരുന്നു. ഇരുട്ടിന്റെ സമുദ്രത്തിൽ നങ്കൂരമിട്ട കപ്പലുകൾ പോലെ ആകാശത്ത് നക്ഷത്രങ്ങൾ ഇടവിട്ട്  തിളങ്ങുന്നുണ്ടായിരുന്നു.  ശിശിരകാലം തുടങ്ങുന്നതേയുള്ളൂ. തണുപ്പ് എല്ലായിടത്തേക്കും എത്തിയിട്ടില്ല. തണുത്ത കാറ്റിൽ നിദ്രയുടെ ചിറകടികൾ കേൾക്കുന്നുണ്ട്. അവ്യക്തമായ കുറെ ഓർമ്മകളോടെ മോഹിത് ബെഡ്റൂമിലേക്ക് ചെന്ന് വെറുതെ കിടന്നു.  വൈകാതെ ഓര്‍മ്മകളൂടെ ഭാരം കുറഞ്ഞ് ശിശിരനിദ്രകളിലെന്നപോലെ  ദീർഘകാല സുഷുപ്തിയുടെ നീണ്ട മറവിയിലേക്ക് മോഹിത് യാത്ര തുടങ്ങി.

.. 
ഉണർന്നാൽ മോഹിത് പുതിയൊരു മനുഷ്യനായിരിക്കും. ഓർമകളുടെ അധികഭാരങ്ങളില്ലാതെ ജനിച്ച ഒരു കുഞ്ഞിനെപോലെ.

No comments: