Monday, October 10, 2011

ആകാശദൂരം

നക്ഷത്രജന്മങ്ങളുടെ ഇടവേളകളില്‍ പ്രകാശരേഖകളായി അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്ടമായത് കൊണ്ട്..........
-------------------------------------------------------

പ്രിയപ്പെട്ട ധ്രുവ്,

പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള നീഹാരികങ്ങളില്‍ നിന്നാണ് ഈ കത്ത്.

നക്ഷത്രങ്ങളുടെ ജനിമൃതികള്‍ക്കിടയിലെ ഇടവേളയിലാണ് ഭൂമിയില്‍ ജനിക്കാന്‍ ‍നിനക്ക് അവസരം ലഭിച്ചത് എന്ന് നീ ഓര്‍ക്കുന്നുണ്ടാവുമല്ലോ.. അതും സഹസ്രകോടിവര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം സാധിക്കുന്നത്. നീ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ഒരുപാട് സ്നേഹിച്ചിരുന്നത് കൊണ്ടും അത് ഞങ്ങള്‍ മനസിലാക്കിയതുകൊണ്ടും കൂടിയാണ് പ്രപഞ്ചനിയമങ്ങള്‍ നിന്നെ അതിന് അനുവദിച്ചത്.

ഇപ്പോള്‍ നിന്നെ ഒരു കാര്യം അറിയിക്കുവനാണ് ഈ കത്ത് അയക്കുന്നത്. നിനക്ക് അനുവദിച്ച സമയം അവസാനിക്കാറായിരിക്കുന്നു. 4000 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നമ്മുടെ നക്ഷത്ര വ്യൂഹത്തിലേക്ക് നിനക്ക് തിരികെ യാത്ര ചെയ്യേണ്ടതിന് നീ ഒരുങ്ങിയിരിക്കുക. സൂര്യനില്‍ നിന്നും അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടനെ 1.28 പാര്‍സെക് ദൂരത്തിലുള്ള 'സെന്‍ടോറി' നക്ഷത്രത്തില്‍ നിന്നും നിനക്കൊരു അറിയിപ്പ് ലഭിക്കും. പൂര്‍ണസൂര്യ ഗ്രഹണ ദിവസം നിന്നെ തേടിവരുന്ന ആ നക്ഷത്ര വെളിച്ചത്തിനു വേണ്ടി നീ കാത്തിരിക്കുക. ഭൂമിയിലുള്ളവരോട് യാത്രപറയാന്‍ അതു വരെ നിനക്ക് സമയമുണ്ട്.

തമോഗര്‍ത്തങ്ങള്‍ വലവിരിച്ച് കാത്തിരിക്കുന്ന ആകാശവിശാലതയില്‍, നിന്റെ സുരക്ഷയെ കരുതി, ഭൂമിയില്‍ നിന്നും പ്രോക്സിമസെന്‍ടോറി വരെ നിന്നെ കൊണ്ടുവരാന്‍ ഒക്റ്റാന്റിസ് ധ്രുവനക്ഷത്രത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. നിന്നെ ഇത്ര വേഗം തിരികെ വിളിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ഭൂമിയില്‍ നിന്നും 700 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള 'ഹെലിക്ക്സ് നെബുല'യില്‍ സംഭവിച്ച വിസ്ഫോടനം നിന്റെ യാത്രയെ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം.അങ്ങനെയുള്ള കാലതാമസം ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. നിനക്കത് സ്വഭാവിക വേഗതിയില്‍ മനസിലാകാന്‍ ഇനിയും 700 വര്‍ഷങ്ങള്‍ കഴിയണം. അതിനര്‍ത്റ്റം നീ 700 വര്‍ഷം പുറകിലാണെന്നല്ല. നിനക്ക് ചുറ്റുമുള്ളതിനെ നീ ഭൗമസാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്ന് മനസിലാക്കുന്നത് കൊണ്ട് നിന്റെ വര്‍ത്തമാനകാലം ഞങ്ങളുടെ ഭൂതകാലമാണ്. നീ മനസിലാക്കുന്നത് പ്രകാശത്തേക്കാള്‍ വേഗതയില്‍ ആണെങ്കില്‍ അതിന്റെ അന്തരം കുറഞ്ഞിരിക്കും. അതായത് സ്ഥലവും കാലവും സമാന്തര ദിശകളില്‍ '‍നില്‍ക്കുന്ന'വയാണ്.

ഇനിയൊരു നക്ഷത്രമായ് നീ പുനര്‍ജനിക്കുന്നത് കാണാന്‍ ഞങ്ങളെല്ലവരും ഇവിടെ കാത്തിരിക്കുകയാണ്. നക്ഷത്രകദംബങ്ങളുടെ സ്നേഹദരങ്ങള്‍ നിന്നെ അറിയിച്ചുകൊണ്ട് ഈ കത്ത് ഇവിടെ ചുരുക്കുന്നു.

നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ..


എന്ന് സ്വന്തം,
ടോറസ്സ്

Friday, October 7, 2011

നക്ഷത്രങ്ങള്‍ ജനിക്കുന്നത് എങ്ങിനെയാണ്?
അറിയില്ല.
നിനക്കറിയുമോ?
ഇല്ല.
എങ്കില്‍ നമുക്ക് നക്ഷത്രരഹസ്യങ്ങള്‍ തേടി ഒരു യാത്ര പോകാം..

!
!
പിറ്റേന്ന് ആകാശസമൃദ്ധിയില്‍ പുതിയ രണ്ടു നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്നുണ്ടായിരുന്നു..

Saturday, October 1, 2011

മഴമരം

മഴവിത്ത് വിതറുന്നു ഉഴവുന്നു നനയ്ക്കുന്നു
ഒരു മഴമരം വളരുന്നു
മഴചില്ലകള്‍ വിടര്‍ത്തുന്നു
മഴയിലകള്‍ വീശുന്നു
ഒരു മഴ ഞെട്ടറ്റു വീഴുന്നു..,

മഴ വീണ് നനഞ്ഞവര്‍
തണുപ്പാറ്റാന്‍ മരത്തിന്‍ ശിഖരങ്ങള്‍ അരിഞ്ഞിട്ടു
എന്നിട്ടും തണുപ്പാറാതെ അവര്‍
മരത്തിനു ചിത തീര്‍ക്കുന്നു.

ഇപ്പോള്‍ മഴയുമില്ല മരവുമില്ല
എല്ലാം എന്റെ നിദ്രയില്‍ മാത്രം. **

------------------------------------
**ഒരു നേഴ്സറി പാട്ടിന്റെ ശൈലിയുണ്ടിതിന്. ഏതായലും എഴുതിപോയില്ലേ ഇവിടെ കിടന്നോട്ടെ. മുതിര്‍ന്നപൗരന്മാര്‍ ക്ഷമിക്കുക.