Thursday, November 10, 2016

പ്രണയിക്കുന്നവരുടെ ഇന്ദ്രിയങ്ങൾ

പഞ്ചേന്ദ്രിയങ്ങൾ പോലെ അവ പൂർണമല്ല. 
എന്നാൽ അവരുടെ ഹൃദയങ്ങൾ ഒരുമിച്ചാകുമ്പോൾ അത്  പൂർണമാകുന്നുണ്ട്. അങ്ങനെയാണ് അവർക്ക് കടലിന്റെയും തിരകളുടെയും ശലഭത്തിന്റെയും പൂക്കളുടെയും മഴയുടെയും പുഴയുടെയുമൊക്കെ  ഭാഷകൾ  മനസിലാകുന്നത്.

അവരൊരുമിച്ചല്ലാത്തപ്പോൾ അവർക്കിതൊന്നും കേൾക്കാനാവില്ല. 
അതെല്ലാം കാഴ്ച്ചകൾ മാത്രമായി മാറും. അത് നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾക്ക് അറിയാനാവില്ല. 

അതാ ഞാൻ എപ്പോഴും പറയുന്നത് ..
നീയില്ലാതെ ഞാൻ പൂർണമാകുന്നില്ലെന്ന്.

Monday, October 24, 2016

തിരക്കുകള്‍ക്കിടയില്‍  തന്നെത്തന്നെ  മറന്നു  പോകുന്ന  ഒരു  പെണ്‍ക്കുട്ടിയുണ്ട്. നിലാവില്‍  ഉറങ്ങിയും  ഉണര്‍ന്നും  അവള്‍ക്കിപ്പോള്‍  ശീലമായി. സ്വപ്നം  കാണുവനുള്ള  സമയം  പോലും  അവളിപ്പോള്‍  തികച്ച്  ഉറങ്ങാറില്ല.   അവളൊരു  കുഞ്ഞു  സ്വപ്നത്തിന്റെ  ഹൃദയത്തിലാണ്  ഇപ്പോള്‍  ജീവിക്കുന്നത്.

നിലാവില്‍  ഉണരുകയും  ഉറങ്ങുകയും  ചെയ്യുന്ന  അവള്‍ക്ക്  ചുറ്റും  ഒരു  കുഞ്ഞു  ഹൃദയം  അലയടിക്കുന്നതിന്റെ  ശബ്ധമുണ്ട്.  തിരക്കുപിടിച്ച  ജീവിതവും  അതിലേറെ  തിരക്കുപിടിച്ച  മനസ്സുമായി  ജീവികുന്നവര്‍ക്കിടയില്‍  അവള്‍  ആ  കുഞ്ഞു  ഹൃദയത്തിന്റെ  സ്വപ്നങ്ങള്‍ക്കൊപ്പം  മറ്റൊന്നും  ചിന്തികാതെ  ഒഴുകിനീങ്ങുന്നു.  അതിന്റെ  അലയടികളല്ലാതെ  അവള്‍  മറ്റൊന്നും  കേള്‍ക്കുന്നില്ല.. കാണുന്നില്ല.  അവളും  ആ  കുഞ്ഞുമനസ്സും  മാത്രം.

തിരക്കുകളെല്ലാം  കഴിയുമ്പോള്‍  അവള്‍  തനിച്ചായിപോകാതിരിക്കാന്‍  ഞാന്‍  അവളുടെ  കൂടെത്തന്നെയുണ്ട്.  ഇപ്പോള്‍  അവള്‍  അതൊന്നും   കാണുന്നില്ലെങ്കിലും.

Thursday, June 16, 2016

ചെറുപ്പത്തിലൊക്കെ  ട്രെയിൻ  കാണുമ്പോൾ എനിക്ക്  ഉള്ളിൽ   എന്ത്  പേടിയായിരുന്നു.   അതിന്റെ ശബ്ദവും വരവും കാണുമ്പോൾ ഇത് ഭൂമിയിൽ നിന്നല്ലാതെ ഏതോ അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു സാധനം പോലെയാണ് തോന്നിയിട്ടുള്ളത്.   രാത്രികളിലാണെങ്കിൽ പ്രത്യേകിച്ചും.    അതിന്റെ പുറകിലെ ചുവന്ന  വെളിച്ചം എന്നെ ഡ്രാക്കുള  നോവലിലെ നിഗൂഢ യാത്രകളെ ഓർമിപ്പിച്ചു.    രാവിലെ കാണുമ്പോൾ അത്രയും  ഭയമോ നിഗൂഢതയോ ഒന്നും  അതിന് തോന്നിയിട്ടില്ല.   എങ്കിലും രാത്രിയിൽ ട്രെയിൻ  പോകുന്നതിന്റെ ശബ്ദവും ട്രെയിൻ കംപാർട്മെന്റിൽ നിന്നും പുറത്തേക്ക് വരുന്ന വെളിച്ചവും എല്ലാം എന്നിൽ എന്തൊക്കെയോ ഭയത്തിന്റെ മാസ്മരിക ചിന്തകൾ നിറച്ചിരുന്നു.   വീട് റെയിൽവേ സ്റ്റേഷന്റെ അടുത്തായിരുന്നതിനാൽ വലുതാകുന്നത് വരെ ആ ഭയത്തിൽ നിന്നൊന്നും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. 

 പതിയെ എന്റെ ഭയമെല്ലാം മാറിവന്നു.   ഇപ്പോഴും പൂർണമായി മാറിയെന്നു ഞാൻ വിശ്വസിക്കുന്നിലെങ്കിലും,   പിന്നീട് അതേ ട്രെയിൻ യാത്രകൾ  തന്നെയാണ് എന്റെ  ജീവിത കാഴ്ച്ചകളുടെ സൗന്ദര്യം കൂട്ടിയതും.

Monday, May 2, 2016

ഞാനൊരു  തെളിച്ചമുള്ള  
ജലമായിരിക്കാൻ  ആഗ്രഹിക്കുന്നു.  
എന്നിട്ടും  ചുറ്റുപാടിലെ  
ചെറിയ  ചലനങ്ങൾ  പോലും  
എന്റെ  മനസിനെ  ഇളക്കുകയും  
ജലത്തെ  കലർപ്പുള്ളതാകുകയും  
എന്റെ  ലക്ഷ്യങ്ങളെ  എന്നിൽ  നിന്നും  
മറച്ചു  പിടിക്കുകയും  ചെയ്യുന്നു.

എന്നാലും  പിന്നെയും  
ഞാൻ  കാത്തിരിക്കുന്നു.  
ജലത്തിന്റെ  ഗുണമുള്ള  
എന്റെ  മനസ്സ്  
തെളിയുവാനും  
ആഴങ്ങളെ  
കണ്ടെത്തുവാനും.

Thursday, February 11, 2016

കല്പ

അടുത്ത അഞ്ച് മിനിറ്റിൽ സംഭവിക്കാൻ പോകുന്ന കാര്യം എന്താണെന്നു അയാൾക്ക് അറിയാൻ കഴിയും. അതിന് അയാൾക്ക്  ആകെ വേണ്ടത് ആരുടെയെങ്കിലും കണ്ണുകളിലേക്ക് നോക്കണമെന്ന് മാത്രം.

അഞ്ച് മിനിറ്റിന്റെ ആനൂകൂല്യത്തിൽ  ഭാവി അറിഞ്ഞിട്ട് എന്തിനാണ് ?

......

അമർനാഥ് നിന്നും ഷിംലയിലേക്കുള്ള ബസ് യാത്രയിൽ പേരറിയാത്ത  ഏതോ സ്ഥലത്ത് കുറച്ച് നേരം നിർത്തിയിട്ടപ്പോഴാണ് അവളെ ആദ്യം കാണുന്നത്. സത്യത്തിൽ അവളെയല്ല, ആ കണ്ണുകളെ, പൊടിപിടിച്ച് മങ്ങി തുടങ്ങിയ ബസിന്റെ ചില്ലുജാലകത്തിലൂടെയുള്ള അവന്റെ  നോട്ടത്തിന്റെ അരികുകളിൽ അവൾ പെട്ടുപോകുകയായിരുന്നു. ബസിലേക്ക് കയറുന്നതിനിടയിൽ,  അശ്രദ്ധമായെന്ന് തോന്നിപ്പിക്കും വിധം അവൾ അവനെതന്നെ  ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ കണ്ണുകൾ എന്തോ പറയുന്നുണ്ടായിരുന്നു. അവന് ഉണ്ടെന്ന് പറയപ്പെടുന്ന ആ കഴിവ് മൂലം അത് എന്താണെന്ന് അവളിൽ നിന്നും വായിച്ചെടുക്കാൻ അവന് നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. മരണം. മരണത്തെ കുറിച്ചാണ് അവൾ ചിന്തിക്കുന്നത്. ഒരുപക്ഷെ അവന് അത് മനസിലാകുന്നുണ്ടെന്ന് തോന്നിയിട്ടാവണം, അവൾ പെട്ടെന്നു തന്നെ അവിടെനിന്നും മാറി. 

സത് ലജ് നദിയുടെ അരികുകളിലൂടെ, പർവതത്തിന്റെ ചരിവുകളിൽ വെട്ടിയെടുത്ത, വഴിയെന്ന് കൃത്യമായി പറയാനാവാത്തവിധം ദുർഘടമായ ആ ഇടുങ്ങിയ മലമ്പാതയിലൂടെ ബസ് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ചില ഭാഗങ്ങളിൽ വലിയ പാറക്കല്ലുകല്ലുകളോടൊപ്പം മഞ്ഞിന്റെ പൊടികൾ റോഡിലേക്ക് വീണുകിടന്നിരുന്നു. അടുത്ത രണ്ടു സ്റ്റോപ്പുകൾക്കപ്പുറം അവൾക്ക് ഇറങ്ങാനുള്ളതാണ്. 

കല്പ.  ഇടുങ്ങിയ വഴികളുടെ മനോഹരമായ ഭൂപ്രദേശം. 

അവളോടൊപ്പം അവനും അവിടെയിറങ്ങി. ബസ് കടന്നുപോയ വഴിയേ, യാതൊരു തിരക്കുകളുമില്ലാതെ അവൾ പതിയെ നടന്നു തുടങ്ങി. കുറച്ച് ദൂരം നടന്നതിന് ശേഷം അവൾ തിരിഞ്ഞുനിന്ന് പരിചിത ഭാവത്തിൽ അവനെ നോക്കി. ഇപ്പോൾ അവളുടെ കണ്ണുകൾക്ക് മുന്നിൽ മങ്ങിയ ആ ചില്ലുജാലകങ്ങളില്ല. ഇപ്പോൾ അവന്‌ വ്യക്തമായി കാണാം അവളുടെ കണ്ണുകളെ. അവളുടെ അഞ്ചു മിനിറ്റിന്റെ ദൂരങ്ങളും. അവളുടെ കണ്ണുകളിൽ അപ്പോൾ അവൻ കണ്ടത് അവനെ തന്നെയാണ്. അവന്റെ വെളുത്ത മരണത്തെ. അവന് അത്  വ്യക്തമായിതുടങ്ങിയപ്പോഴേക്കും  പർവതത്തിന്റെ ഉയരങ്ങളിൽ നിന്നും മഞ്ഞിന്റെ തണുപ്പ് അവന്റെ രക്തത്തിന്റെ ചൂടിനെ പൊതിയാൻ തുടങ്ങിയിരുന്നു ....