Saturday, November 21, 2020

ഇരുട്ടിന് വ്യത്യസ്ത ഭാവങ്ങളില്ല. വെളിച്ചമാണ് ഇരുട്ടിന് വ്യത്യസ്തഭാവങ്ങൾ നൽകുന്നത്. മനുഷ്യരും അങ്ങനെ തന്നെ. ഓരോരുത്തരിലേക്കും എത്തുന്ന വെളിച്ചത്താൽ ഓരോരുത്തരും വ്യത്യസ്തമായിരിക്കുന്നു. കൂടുതൽ വെളിച്ചത്തെ സ്വീകരിച്ചവർ കൂടുതൽ തെളിച്ചമുള്ളവരായിരിക്കുന്നു!!

Saturday, November 14, 2020

വലിയൊരു മുഴക്കത്തോടെ തീവണ്ടി പതിയെ നീങ്ങി തുടങ്ങി. 

അവൾ തീവണ്ടിജനാലയിലൂടെ പുറത്തേക്കുതന്നെ നോക്കിയിരിക്കുകയാണ്. പുറത്ത് ആകാശത്തിന്റെ തുടർച്ച താഴെ ഭൂമിയിലേക്കും പടർന്നിരിക്കുന്നു. കുറച്ച് മുൻപ് വെപ്രാളപ്പെട്ട് ഓടിവന്ന പെൺകുട്ടിയിൽ നിന്നും കാഴ്ചയിൽ അവൾ കുറച്ച് മുതിർന്നിരിക്കുന്നത് പോലെ. 
........ 
കുറെ നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ആരും ശ്രദ്ധിക്കാതിരിക്കാനാണ് വീട്ടിൽനിന്നും ഇത്രയും ദൂരെയുള്ള, അധികം തിരക്കില്ലാത്ത സ്റ്റേഷനിൽ നിന്നും കയറാമെന്ന് അവളോട് പറഞ്ഞത്. അടുത്തത് ഷൊർണൂർ സ്റ്റേഷനാണ്. വൈകിട്ടോടെ തന്നെ ട്രെയിൻ കന്യാകുമാരിയിൽ എത്തും. തത്കാലം അവിടെ ഒരു കൂട്ടുകാരന്റെ വീട്ടിൽ നിൽക്കും. അവൻ എങ്ങിനെയൊക്കെയോ അവന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.
........ 
വെറുതെയൊരു എടുത്തുചാട്ടത്തിന് ഒളിച്ചോടിയതല്ല. ഒരു വർഷമായി ഞങ്ങൾ ഇതിനെക്കുറിച്ചു നിരന്തരമായി ആലോചിക്കുന്നു. നാട്ടിൽ നിന്നാൽ ഒരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് തോന്നിയില്ല. ആദ്യം വിചാരിച്ചത് തിരുവനന്തപുരത്ത് തന്നെ താമസിക്കാമെന്നാണ്. എന്റെ ജോലിയും അവിടെ തന്നെയാണല്ലോ. എന്നാലും ഞങ്ങൾ ഒരുമിച്ച് വന്നതറിഞ്ഞ് എന്തൊക്കെയാ പ്രശ്നങ്ങൾ ഉണ്ടാകുക എന്നറിയാത്തകൊണ്ട് ; കുറച്ച് ദിവസം ലീവെടുത്തു മാറിനിൽക്കാമെന്നോർത്തത്. 
......... 
......... 
ട്രെയിൻ മുന്നോട്ട് പോകുംതോറും മനസ്സിൽ എന്തോ വിഷമം നിറയുന്നുണ്ട്. എന്താ പെട്ടെന്ന് അങ്ങനെയെന്ന് ആലോചിച്ചെങ്കിലും മനസിലായില്ല. ഒളിച്ചോടാനുള്ള തീരുമാനം പെട്ടെന്നെടുത്ത പോലെ. ഇങ്ങനെ ചെയ്യണമായിരുന്നോ. അതോ എല്ലാവരുടെയും ഇഷ്ടത്തോടെ തന്നെ ഒരുമിച്ച് ജീവിക്കാൻ പറ്റിയാൽ അതായിരുന്നില്ലേ നല്ലത്. മനസിലാകുന്നില്ല. തിരിച്ചു പോയാലോ എന്നൊക്കെ മനസ്സിൽ തോന്നുന്നുണ്ടെന്ന് തോന്നുന്നു. നമുക്ക് തിരികെ പോയാലോ എന്ന് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു. 

അവൻ കൃതയുടെ മുഖത്തേക്ക് നോക്കി. അവളുടെ മനസ്സ് വേറെയെവിടെയോ ആണെന്ന് തോന്നുന്നു. അവളും ചിന്തിക്കുന്നത് ഇത് തന്നെയാണോ. അറിയില്ല. ചോദിക്കാനും പോയില്ല. എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത് പറഞ്ഞാൽ അവൾ എന്നെ കുറിച്ച് എന്ത് വിചാരിക്കും. അല്ലെങ്കിലും എനിക്ക് തന്നെ എന്നെ മനസിലാകുന്നില്ലല്ലോ എന്താ എന്റെ മനസ്സ് തിരിച്ചുപോയാലോന്ന് വിചാരിക്കുന്നതെന്ന്. 

 എതിരെ വന്നു കടന്നുപോയ തീവണ്ടിയുടെ മുഴക്കം കഴിഞ്ഞുള്ള നിശബ്ദയിൽ അവൾ എന്നോട് പറഞ്ഞു.  "നമുക്ക് തിരിച്ചു പോകാം". ! 

ഞാനാണോ അവളാണോ അത് പറഞ്ഞതെന്ന് എനിക്കാദ്യം മനസിലായില്ല. അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. കണ്ണുകളിൽ ചെറിയ തിരകളുണ്ടായിരുന്നു. 

എന്താ ഇപ്പോൾ അങ്ങനെ തോന്നിയതെന്ന് ഞാൻ ചോദിച്ചില്ല. ഞാനും അവളും ഒരേ ഹൃദയം പങ്കിടുന്നുവെന്ന് എനിക്കപ്പോൾ തോന്നി.
ഒന്നും സംസാരിക്കാതെ,  ഹൃദയത്തിലേക്ക് നോക്കുന്നതുപോലെ അവൾ എന്നെതന്നെ നോക്കികൊണ്ടിരുന്നു ..

Wednesday, November 4, 2020

എനിക്ക് തോന്നുന്നു സമൂഹം കാലഘട്ടങ്ങൾക്ക് പിന്നിലേക്ക് തിരിച്ചു പോകുമെന്ന്. അപ്പോൾ നമ്മൾ യുദ്ധകൊതിയന്മാരും കാടന്മാരും അടിമകളും കുരങ്ങന്മാരുമായി മാറും. അങ്ങനെ ഈ പരിണാമം പൂർത്തിയാകും.