Sunday, May 27, 2018

അകത്തിരിക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നത്
അകത്ത് മഴ പെയ്യുന്നത് കൊണ്ടാണോ !

Friday, May 11, 2018

കടൽപറവ

അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഹൃദയത്തിൽ നിന്നും കടൽപറവകളുടെ ചിറകടി ശബ്ദം പോലൊന്ന് അവൾ കേട്ടു.  ശ്രദ്ധിക്കുംതോറും അതിന്റെ ആവൃത്തി കൂടി വരുന്നത് പോലെ.

അവളുടെ ആഴങ്ങളിലേക്ക് അവൻ പറന്നു തുടങ്ങുന്നതേയുള്ളൂ..

കടലിലേക്ക് നീണ്ടുനിൽകുന്ന ആ ചെറിയ തുരുത്തിന് ചുറ്റും തിരകൾ ശബ്ദമുണ്ടാക്കാതെ വരുകയും പോകുകയും ചെയ്തു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. കടലിന്റെ ആലസ്യമുണ്ടായിരുന്ന അവളുടെ  കണ്ണുകളിലേക്ക് അങ്ങനെ എത്ര നേരം നോക്കിനിന്നുവെന്നറിയില്ല.

നക്ഷത്രങ്ങൾ വിരിഞ്ഞു തുടങ്ങിയ നേരത്താണ് അവർ അവിടെ എത്തിയത്. അവനും അവളും മാത്രമായ ആകാശത്തിന് ചുവട്ടിലിരിക്കാൻ. അവൾ കണ്ണുകളടച്ച് അവനോട്‌ ചേർന്നിരുന്നു. അവൾ വീണ്ടും ശ്രദ്ധിച്ചു. കടൽപറവയുടെ ചിറകടി ശബ്ദം പോലെ എന്തോ ഒന്ന്  അപ്പോഴും അവന്റെ ഹൃദയത്തിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം അവളോർത്തു അവനൊരു പക്ഷിയാണോ എന്ന്.

കടലിൽ നിന്നും വരുന്ന കാറ്റിന് പതിവിലും കൂടുതൽ തണുപ്പുണ്ടായിരുന്നതുകൊണ്ടാവണം അവൾ ചെറുതായി വിറയ്ക്കുന്നതുപോലെ തോന്നി. അവൾക്ക് തണുക്കാതിരിക്കാൻ അവൻ തന്റെ കൈകൾക്കുള്ളിൽ അവളെ ചേർത്തു പിടിച്ചു. അവൾ ആ കൈകളിൽ തൊട്ടു നോക്കി. തൂവലുകളുടെ മൃദുലതയുണ്ടായിരുന്നു ആ കൈകള്‍ക്ക്..  അവന്റെ കൈകൾക്കുള്ളിലിരുന്നതുകൊണ്ട് തണുപ്പ് കൂടി വരുന്നത് അവളറിയുന്നുണ്ടായിരുന്നില്ലെങ്കിലും  അവനത് മനസിലാകുന്നുണ്ടായിരുന്നു.  അല്ലെങ്കിലും പക്ഷികൾക്ക് പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യരെക്കാളും മുന്‍പേ അറിയാൻ കഴിയുമല്ലോ.

തണുപ്പിനോടൊപ്പം ഇതുവരെ നിശബ്ദമായിരുന്ന തിരകളുടെ ശബ്ദം കൂടുന്നതും വെള്ളമണൽത്തരികൾ നിറഞ്ഞ ആ ചെറിയ തുരുത്തിലേക്ക് കടൽ കയറിവരാൻ തുടങ്ങുന്നതും അവൻ അറിഞ്ഞു. വരാൻപോകുന്ന പ്രളയത്തെക്കുറിച്ച് അവന്റെ ഹൃദയത്തിൽ വിചാരമുണ്ടായി.  അവന്റെ കൈകളിലെ രോമങ്ങൾ തൂവൽനൂലുകളായി മാറി.  അവൻ അവളെ തന്നോട്  ചേർത്തുപിടിച്ച് പതിയെ എഴുന്നേറ്റു.  അപ്പോഴേക്കും അവന്റെ കൈകൾ വലിയ ചിറകുകളായി മാറിയിരുന്നു.  അവളെ പൊതിഞ്ഞുപിടിച്ച  തൂവലുകളുടെ നേർത്ത ചൂടിൽ അപ്പോഴും ഇതൊന്നുമറിയാതെ അവൾ..,   അപ്പോൾ  മാത്രം  ജനിച്ച  സ്വപ്നത്തിന്റെ  പിന്നാലെ  യാത്രചെയ്യുകയായിരുന്നു.