Sunday, December 29, 2019

 ഒറ്റയ്ക്കാകുന്ന രണ്ടുപേര്‍

Wednesday, December 4, 2019

നീ  എന്നെ  സ്നേഹിക്കുന്നുണ്ടോ  ഇല്ലയോ  എന്ന്  നിന്നെ  മനസിലാക്കി  തരാനേ  എനിക്ക്  സാധിക്കൂ.  എന്നെ  സ്നേഹിക്കണമെന്ന്  പറയാൻ  സാധിക്കില്ല.

Sunday, December 1, 2019

മറുക്

നീ  എപ്പോഴെങ്കിലും  കണ്ടിട്ടുണ്ടോ  നിന്റെ  പിൻകഴുത്തിൽ  മുടിയിഴകളാൽ  പാതിയും  മറഞ്ഞിരിക്കുന്ന  ആ  മറുക്.  

മറുകുകളോടുള്ള  ഇഷ്ടം  എന്നിൽ  എപ്പോഴാണ്  തുടങ്ങിയതെന്നറിയില്ല.   നിന്നെ കണ്ടതിന്  ശേഷമായിരിക്കും.   നിന്റെ  ചുണ്ടുകൾക്ക്   മുകളിൽ മേഘങ്ങൾക്കിടയിൽ   ഒളിച്ച   നിലാവ്   പോലെയുള്ള   മങ്ങിയ   ഒറ്റ   മറുകാണ്‌ ഞാൻ  ആദ്യം  ശ്രദ്ധിച്ചത്.   പിന്നെ  ഇടത്തെ  കവിളിൽ  കാക്കപുള്ളികൾ  പോലെ  ചെറിയ  മറുകുകൾ.   തമ്മിൽ  കാണുമ്പോഴൊക്കെ  നിന്റെ കൺപുരികങ്ങൾക്ക്  മുകളിലുള്ള  മറുക്  ഞാൻ  എത്രയോ  നേരം  നോക്കിന്നിട്ടുണ്ട്.   ചിരിക്കുമ്പോൾ  അത്  ആ  കണ്ണുകളോടൊപ്പം  വിടർന്നു വരികയും  നൊമ്പരപെടുമ്പോൾ  അത്  ചെറുതാകുകയും ചെയ്തു.   നിന്റെ കഴുത്തിൽ  നിന്നും  താഴേക്ക്  പടർന്നിറങ്ങിയ,  നക്ഷത്രരാശിയിലെ  നക്ഷത്രങ്ങളെപോലെ,   തെളിച്ചമുള്ളതും  ഇല്ലാത്തതുമായ  കുറെ  മറുകുകൾ.   നിന്റെ  മൃദുലമായ  വയറിന്റെ  ഇടത്തെ  ചരിവിൽ  ചിത്രശലഭത്തിന്റെ  കണ്ണുകൾ  പോലെയുള്ള  മറുകുകൾ.  ആ  മറുകുകളിൽ  ചുംബിക്കണമെന്ന് എനിക്ക്  എത്രയോ  വട്ടം  തോന്നിയിരിക്കുന്നു.. ഏകാന്തമായൊരു  ദ്വീപ് കണക്കെ  നിന്റെ  കൈത്തണ്ടയിലെ  തീപൊള്ളൽക്കലയോട്  ചേർന്ന്  തെളിഞ്ഞ  ആ  മറുകിന്റെ  തീരങ്ങളിൽ  നിന്നും  എനിക്ക്  ഇനിയും  പോരാനായിട്ടില്ല.   നിന്നെ കൂടുതലറിയുംതോറും നിന്നിലെ  മറുകുകളാണ്  എനിക്ക്  തെളിഞ്ഞു  വന്നത്.   നിന്റെ  കണങ്കാലുകൾക്ക്  താഴെ  തെളിയാതെപോയ  ആ  മറുകിൽ  ചുംബിച്ച്  നിന്റെ  കാലുകളെയും  ചേർത്തുപിടിച്ച്  എനിക്ക്  ഉറങ്ങണമെന്നുണ്ട്.

ഇതിപ്പോൾ  ഒരു  ചുംബനം  കൊണ്ടൊന്നും  തീരുമെന്ന്  തോന്നുന്നില്ലല്ലോ.. 

Tuesday, November 19, 2019

തോൽക്കുമെന്നറിയാമെങ്കിലും  എനിക്ക്  യുദ്ധം  ചെയ്തുകൊണ്ടിരിക്കുന്നതാണ് ഇഷ്ടം,  എന്നോട്  തന്നെ. 

Friday, October 11, 2019

എങ്ങിനെയാണ്  ഒരേ  കാര്യങ്ങൾക്ക്  രണ്ടു  ദൂരങ്ങൾ  ഉണ്ടായിരിക്കുക !!

Thursday, October 10, 2019

നമ്മളെല്ലാവരും  ജലമാണ്.   അല്ലെങ്കിൽ  ജലത്തിന്റെ  വകഭേദങ്ങൾ.  ഒന്ന്  മറ്റൊന്നിനോട്  അതിരുകൾ  നിർവ്വചിക്കാനാവാത്തവിധം  ചേർന്നിരിക്കുന്നു. 


Sunday, September 29, 2019

പെൺകുട്ടികളുടെ മുറി

അത് ചിലപ്പോൾ ഒരു വാകമരത്തിന് ചുവട്ടിലിരിക്കുന്ന പോലെ പ്രണയാർദ്രവും,   ഒരു മരപൊത്തിലെന്നപോലെ സ്വകാര്യവും  ആയിരിക്കും.   അതിന്റെ ചുവരുകളിൽ നിങ്ങൾ കാണുന്ന നിറങ്ങളല്ലാതെ മറ്റുപലതുമുണ്ടാകും.   അവളുടെ   കൗതുകങ്ങളും   പ്രണയവും   ഇഷ്ടങ്ങളും   ഇഷ്ടക്കേടുകളും  അങ്ങനെ പലതും. 

കൗമാരത്തിന്റെ തുടക്കത്തിലാണ് എനിക്ക് മാത്രമായി ഒരു മുറി കിട്ടിയത്. സ്വന്തമായി മുറിയുള്ള പെൺകുട്ടികൾ ഭാഗ്യവതികൾ ആണ്.   വിവാഹ ശേഷം അവർക്ക് നഷ്ടപ്പെടാൻ പോകുന്നതും ആ ഭാഗ്യമാണ്.   അവരുടേത് മാത്രമായ ലോകം;    രാത്രിയിൽ ആരെയും ശ്രദ്ധിക്കാതെ ആകാശം നോക്കിയിരിക്കാനും,    ആകാശം കാണാതെ ഒരു മയിൽ‌പീലിതുണ്ടായിരിക്കാനും കഴിയുന്നോരിടം.

ഉള്ളിലെ മാറ്റങ്ങളെ അറിയുവാനും  പുറമേക്ക്  മാറ്റങ്ങളേതുമില്ലാതെയിരിക്കുവാനും   അവളെ ശീലിപ്പിച്ച ഇടം.  വിഷമിക്കാനും  സന്തോഷിക്കാനും   ആർദ്രമാകാനും   പ്രണയിക്കാനും   ഉറങ്ങാതെയിരിക്കാനും   ഉണരാതിരിക്കാനും  സ്വാതന്ത്ര്യമുള്ള  ഇടം.  വിവാഹത്തോടെ വീടില്ലാതെയാകുന്ന പെൺകുട്ടികളുടെ,   ഇതുവരെ നേരിൽ കാണാത്ത  ആ മുറിയെ കുറിച്ച്,   ഞാൻ ഇനിയും എന്തെഴുതാൻ.

Saturday, September 21, 2019

നിന്റെ  കൺപീലികളുടെ  നിഴലുകളിൽ  മറഞ്ഞിരിക്കുന്ന  കടൽ.

Wednesday, September 4, 2019

സ്വപ്നത്തിൽ നിന്നും  പോരാൻ  ബുദ്ധിമുട്ടായതുകൊണ്ടാണ്  ഞാൻ  രാവിലെ  ഉറങ്ങി എഴുന്നേൽക്കാൻ വൈകുന്നത്. 

Saturday, August 10, 2019

"Necessity is the mother of invention"
ആവശ്യം സൃഷ്ടിയുടെ മാതാവ്. 

സയൻസിൽ മാത്രമല്ല 
സൈക്കോളജിയിലും അത് അങ്ങനെ തന്നെ. 

A need or problem encourages creative efforts to meet the need or solve the problem. This saying appears in the dialogue Republic, by the ancient Greek philosopher Plato. 

Sunday, August 4, 2019

രാത്രി  ഉറങ്ങാൻ  കിടക്കുമ്പോൾ 
ശരീരത്തിനുള്ളിൽ  ചീവിടിന്റെ  പോലൊരു  ശബ്ദം.

Thursday, August 1, 2019

ആവർത്തനങ്ങൾ

അവളുടെ അടിവയറിൽ നൊമ്പരചുഴികൾ തീർത്ത് ഒരു പുഴ ഒഴുകിത്തുടങ്ങുകയാണ്.   കാരണമറിയാത്ത വികാരങ്ങളുടെ വേലിയേറ്റത്തിൽ  അവൾ ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയും ഉത്തരങ്ങൾക്ക് വേണ്ടിയല്ലാതെ തർക്കിക്കുകയും  അവളോട് തന്നെ മൗനമായിരിക്കുകയും ചെയ്യുന്നു.   ഒരു പൂവ് വിടരുമ്പോൾ ചെടി നൊമ്പരപ്പെടാറുണ്ടോ  എന്നെനിക്കറിയില്ല.   പക്ഷെ നിനക്കത് മനസിലാകും.   വിഷാദത്തിന്റെ കയങ്ങളിൽ നിന്നും  ഒഴുക്കിന്റെ വേഗതകുറഞ്ഞ് കരപറ്റുവാൻ നീ കാത്തിരുന്ന നിമിഷങ്ങൾ.   നീ എന്നോ മറന്ന ദുഃഖസ്മൃതികൾ ഒരു കാരണവുമില്ലാതെ  നിന്റെ ഹൃദയത്തെ മുട്ടിവിളിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങൾ.   ജീവന്റെ മഞ്ഞുരുകി പുഴയായ് ഒഴുകുമ്പോൾ  തെളിയുന്ന അസ്ഥിരമായ വേദനകളുടെ തുരുത്തുകൾ.   അടിവയറിന്റെ നൊമ്പരങ്ങളിൽ നിന്നും  പറന്നുപോകാൻ കൊതിക്കുന്ന  വിഷാദത്തിന്റെ തണൽചില്ലയിലിരിക്കുന്ന ചിത്രശലഭങ്ങൾ. 

ഓരോ ചന്ദ്രമാസത്തിന്റെയും ഇടവേളയുടെ ദൂരത്തിൽ 
അവളിലെ പുഴ പിന്നെയും ഒഴുകാൻ തുടങ്ങുമായിരിക്കും.
ഒഴുകിയാലും ഇല്ലെങ്കിലും അവൾക്കുള്ളിലെ പ്രപഞ്ചത്തിൽ 
അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും..
നിനക്കത്  വേദനയായിരിക്കും. 
പക്ഷെ എനിക്കത്  അത്ഭുതമാണ്.
Sadist.
നീയെപ്പോഴും പറയാറുള്ളതുപോലെ.

Monday, June 10, 2019

പ്യൂപ്പയിൽ നിന്നും പുറത്തുവരികയും ചെയ്തു എന്നാൽ ചിത്രശലഭമൊട്ടായതുമില്ല. അതാണ് അവസ്ഥ. 

Tuesday, May 21, 2019

ലോകത്തുള്ള എല്ലാ കാര്യങ്ങളും വിട്ട് 
എനിക്ക് നിന്നോടൊപ്പമായിരിക്കണം. 
പക്ഷികളെ പോലെയെന്ന് തോന്നുമ്പോൾ നമ്മൾ പക്ഷികളാണ്. 
ശലഭങ്ങളെ പോലെയെന്ന് തോന്നിയാൽ നമ്മൾ ശലഭങ്ങളാണ്.
മത്സ്യത്തെ പോലെയെന്ന് തോന്നുമ്പോഴേക്കും നമ്മൾ നീന്തിതുടങ്ങിയിട്ടുണ്ടാകും. 

Wednesday, May 1, 2019

ഒരേ തൂവൽപക്ഷികളായിരിക്കുന്ന  
നമുക്കിടയിൽ 
എങ്ങിനെ  
രണ്ടകാശമുണ്ടാകും ?

Thursday, April 11, 2019

ചിലപ്പോൾ ഓർക്കും.  
ഒറ്റയ്ക്കായിരുന്നപ്പോൾ ഞാൻ എത്രയോ യാത്രചെയ്തു.
ഏതൊക്കെയോ വഴികളിലൂടെ
ഏതൊക്കെയോ കാലങ്ങളിലൂടെ
നിന്നെ പരിചയപെടുന്നതുവരെ അങ്ങനെയായിരുന്നു.

പിന്നീട് എന്റെ വഴികൾ നിന്നിലേക്കായപ്പോൾ 
ഞാൻ ഇതുവരെ യാത്രചെയ്ത വഴികൾ  മറന്നു. 
ഓർമകളിൽ ഞാൻ അവയെ കുറെ പരതിയെങ്കിലും 
എനിക്ക് പിന്നീട് കണ്ടെത്താനായില്ല. 
എത്ര പിന്നിലേക്ക് സഞ്ചരിച്ചിട്ടും 
നിന്നിൽ നിന്നും യാത്ര തുടങ്ങിയതുമുതലുള്ളത്  മാത്രമേ 
എനിക്കിപ്പോൾ ഓർമ്മയുള്ളൂ. 
അതിനു പിന്നിലുള്ളതെല്ലാം 
മഞ്ഞിൽ  മറഞ്ഞിരിക്കുന്നപോലെ അവ്യക്തമായിരിക്കുന്നു.

Thursday, February 7, 2019

ശരി ചെയ്യാനുള്ള താല്പര്യമാണ് വേണ്ടത്.
തെറ്റ് ചെയ്യാതിരിക്കാനുള്ള വിവേകമല്ല.

Sunday, January 20, 2019

അവളുടെ കൊച്ചു കുറുമ്പുകളും വാശിയും അവന്‍ നിശബ്ദമായ സന്തോഷത്തോടെ ആസ്വദിച്ചിരുന്നു. രാവിലെ ഉണർന്നു സ്കൂളിൽ പോകാൻ മടിയുള്ള കാർട്ടൂൺ കാണുമ്പോൾ അതുവരെ ഉണ്ടായിരുന്ന വേദനകളും വിഷമങ്ങളും അതെ നിമിഷത്തിൽ തന്നെ മറന്നുപോകുന്ന ആ കുഞ്ഞ് അവന്റെ സ്പന്ദനമായിരുന്നു. ചിലപ്പോഴുള്ള അവളുടെ വാശികരച്ചിലുകളെ മനപ്പൂർവം ശ്രദ്ധിക്കാതെ പോകാൻ അവൻ ഇപ്പോൾ ശീലിച്ചു വരുന്നു. അവളുടെ വാശിക്കൊപ്പം നിന്ന് കാര്യങ്ങൾ സാധിച്ചു കൊടുത്താൽ പിന്നെ അവൾ വലുതാകുമ്പോഴേക്കും വാശി കൂടിയാലോ എന്നൊരു ആശങ്കയുള്ളതുകൊണ്ടാണ്.  എന്നാലും അവളുടെ കുഞ്ഞികൈകളിൽ മുറുകെ പിടിച്ചു നടക്കാൻ,  അവളെ തോളിൽ കിടത്തിയുറക്കാൻ ഇപ്പോഴുള്ള സമയമൊന്നും പോരാതെ വരുന്നു. അവൾ  എന്നും ഇങ്ങനെയായിരുന്നെങ്കില്‍ ..  എന്നും  എപ്പോഴും..

Tuesday, January 8, 2019

മഴ നനഞ്ഞാണ്‌ വീട്ടിൽ എത്തിയത്. ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നെങ്കിലും സാധിക്കുന്നില്ല. മനസ്സിൽ ആ കുഞ്ഞിന്റെ മുഖമായിരുന്നു.  ഈ മഴയത്ത് അവർ എന്തുചെയ്യുകയായിരിക്കും. അവർക്ക് തണുക്കുന്നുണ്ടാവില്ലേ. എങ്ങിനെയാണ് അത് കടന്നുപോകുക. ഓർക്കുതോറും എനിക്ക് കിടക്കാൻ സാധിക്കുന്നില്ല. ആ കുഞ്ഞുങ്ങൾ അരക്ഷിതരായി അവിടെ മഴ നനയ്ക്കുമ്പോൾ ഞാൻ എങ്ങിനെയാണ്  വീടിനുള്ളിൽ സമാധാനമായി ഇരിക്കുന്നത്.