Saturday, September 4, 2010

മഴക്കാലങ്ങള്‍

എനിക്കാദ്യം അസൂയയായിരുന്നു..മഴയോട്. എന്നെ സ്നേഹിക്കുന്നതിനേക്കാളുമധികം അവള്‍ മഴയെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

രാത്രിമഴയുടെ തരളമായ തണുപ്പോടെ എന്നോട് ചേര്‍ന്നിരിക്കുമ്പോള്‍ അവള്‍ പറയും അവള്‍ക്കൊരു മഴയായ് മാറണമെന്ന്..നിലയ്ക്കാതെ എന്നില്‍ ഇങ്ങനെ പെയ്തുകൊണ്ടിരിക്കാന്‍. എന്നോട് പരിഭവപ്പെടുന്ന സമയങ്ങളില്‍ അവള്‍ മഴയിലേക്ക് നോക്കിനില്‍ക്കും. മഴയൊഴുകും വഴികളിലൂടെ അവള്‍ തനിയെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടു. നീ എന്നെ ഇങ്ങനെ തനിച്ചാക്കി പോകല്ലേയെന്ന് ഞാന്‍ പറയാതെ പറയും. അപ്പോള്‍ മഴപെയ്തൊഴിഞ്ഞ വൈകുന്നേരങ്ങള്‍ പോലെ അവളുടെ കണ്ണുകള്‍ എന്നെ നോക്കി ചിരിക്കും. പിന്നീട് മഴ തോര്‍ന്നിട്ടാവും അവള്‍ എന്നിലേക്ക് തിരികെ വരിക, മഴ തോര്‍ന്നതിന്റെയോ മഴയായ് തോരാത്തതിന്റെയോ നൊമ്പരങ്ങളുമായ്, ഒരു മഴ ചരിഞ്ഞു പെയ്യുന്നത് പോലെ.

ചിലപ്പോള്‍ ഞാന്‍ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയാലും അവളെത്തിയിട്ടുണ്ടാവില്ല. പതിവുപോലെ മഴനനഞ്ഞു നടന്ന് വരികയാവും. ഒരു ഓട്ടോ വിളിച്ച് വന്നൂടെ എന്ന് ചോദിച്ചാല്‍ പരിഭവങ്ങളുടെ പെരുമഴയായി. പിന്നെ അന്നു മുഴുവന്‍ അവള്‍ക്കൊരു ചാറ്റല്‍മഴയുടെ മുഖമായിരിക്കും. അതുകൊണ്ട് അവളുടെ അത്തരം കുസൃതികള്‍ക്ക് നേരെ ഞാന്‍ നിര്‍ബന്ധം പിടിക്കാറില്ല.

അങ്ങനെ നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്ന ഒരു വര്‍ഷക്കാലദിവസമാണ് മഴ എന്നില്‍ നിന്നും അവളെ തട്ടിയെടുത്തത്. മഴനൂലുകളില്‍ സ്വയം നഷ്ടപ്പെടാനുള്ള അവളുടെ ആത്മാര്‍ഥതയെ കണ്ടിലെന്ന് നടിക്കാന്‍ കാലത്തിനു കഴിയാതെപോയത്കൊണ്ടാവണം.

അപകടസ്ഥലത്തേക്ക് ഞാന്‍ ചെല്ലുമ്പോഴും അവളുടെ ഹൃദയം പ്രാണനുവേണ്ടി ശക്തമായ് മിടിക്കുന്നുണ്ടായിരുന്നു. പിന്നീട് ഋതുസഞ്ചാരങ്ങളില്‍ ഇലയുടെ നിറം മാറിവരും പോലെ, അത്ര നിശബ്ദമായ്...., അവളെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു.
രക്തം ചിതറിയ അവളുടെ വസ്ത്രങ്ങളിലേക്ക് മഴ അപ്പോഴും ശക്തമായ് പെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ ചുവന്നമഴവെള്ളത്തോടൊപ്പം അവള്‍ എനിക്കു ചുറ്റും പടര്‍ന്ന് ഭൂമിയുടെ അടരുകളിലേക്ക് നഷ്ടപ്പെട്ടു.

അവളില്ലാതെ കടന്നുപോകുന്ന ആദ്യത്തെ മഴക്കാലമാണിത്.
ഇപ്പോള്‍ ഞാന്‍ മഴയോട് അസൂയപ്പെടാറില്ല, അവള്‍ മഴയായിരുന്നല്ലോ. ചിലപ്പോള്‍ എനിക്ക് തോന്നും മഴയിലൂടെ അവളെന്നെ പ്രണയിക്കുകയാണെന്ന്..

ഋതുക്കള്‍ സഞ്ചരിക്കുന്നത് മഴക്കാലങ്ങളിലേക്കാണ്.. മഴയില്‍ തുടങ്ങി മഴയില്‍ അവസാനിക്കുന്ന യാത്രകള്‍..

Thursday, July 29, 2010

അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
അവളെന്നോട് ചോദിച്ചു
എന്താ ഇങ്ങനെ നോക്കുന്നതെന്ന്..
ഞാന്‍ പറഞ്ഞു
നീ പറയാതിരുന്ന പലതും
ഈ കണ്ണുകള്‍ എന്നോട് പറയുന്നുണ്ടെന്ന്..
പിന്നീട് ഞാന്‍ നോക്കുമ്പോഴൊക്കെ
അവള്‍ കണ്ണുകളടയ്ക്കും.

Monday, July 5, 2010

സര്‍ഗസുഷുപ്തി

നീയെന്താ ഇങ്ങനെയെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് ചോദിക്കും

നിന്നെ എനിക്ക് മനസിലാവുന്നില്ലല്ല്ലോയെന്ന്.
ഞാന്‍ അത്രയും മാറിയോ,
എന്റെ അമ്മയ്ക്ക് എന്നെ മനസിലാക്കാന്‍ സാധിക്കാത്തിടത്തോളം.

ഞാന്‍ എന്നെ മനസിലാക്കിതുടങ്ങിയപ്പോഴണോ
അമ്മയ്ക്ക് എന്നെകുറിച്ച് ഒന്നും മനസിലാകാതെയായത്.

ആകാശവിശാലത തേടുന്ന വൃക്ഷശിഖരം പോലെ എന്റെ ചിന്തകള്‍ വിസൃതമാകുമ്പോഴും അസ്തിത്വത്തിന്റെ വേരുകള്‍ അമ്മയിലൂടെയല്ലേ കടന്നുപോയിരുന്നത്
അതല്ലേ എന്നെ കാലഗതിയുമായ് ബന്ധിപ്പിച്ചിരിക്കുന്നത്
പറക്കമുറ്റാത്ത ചിറകുകളില്‍ നിന്നും ഞാനിപ്പോള്‍ വളര്‍ന്നിരിക്കുന്നു
അമ്മയില്‍ നിന്നും സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു
അമ്മയെ വേദനിപ്പിക്കുന്നുണ്ടെങ്കിലും,
അതിദൂരങ്ങളിലേക്ക് പറന്നുപോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ മിഴികള്‍ തേടുന്നത് ആകാശത്തിന്റെ അതിരുകളെയാണ്
ഞാന്‍ പ്രണയിക്കുന്നത് ആഴങ്ങള്‍ക്ക് അപ്രാപ്യമായ നിഗൂഢതയെയാണ്

എങ്കിലും ചിലപ്പോഴൊക്കെ എനിക്ക് തിരികെ ചെന്ന്
അമ്മയുടെ ചൂടുപറ്റി കിടന്നുറങ്ങണമെന്നുണ്ട്
ചിലപ്പോള്‍ ഞാനാ കൊക്കുണിനകത്ത് പതുങ്ങിയിരിക്കാന്‍ ആഗ്രഹിക്കും
ചിലപ്പോള്‍ ഒരു ചിത്രശലഭമായി പറന്നുപോകുവാനും
പറന്ന് തളര്‍ന്ന് തിരികെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞാനെത്തുമ്പോള്‍
എന്നെ കാത്തിരിക്കുന്നത് അമ്മയുടെ സ്നേഹമാണ്
ഒരു ശകാരത്തിന്റെ മൂടുപടം അതിനുണ്ടെങ്കിലും ആ സ്നേഹം,
അതെന്റെ അമ്മയാണ്.

ഇപ്പോഴായേപിന്നെ ഇന്നലെ നീ എന്തെങ്കിലും കഴിച്ചോ എന്നും,
ഇന്നലെ രാത്രി എവിടെയാണ് ഉറങ്ങിയതെന്നും അമ്മ ചോദിക്കാറുണ്ട്.
ഉത്തരങ്ങള്‍ നിശബ്ദമാകുന്നതുകൊണ്ടാവണം
അതില്‍കൂടുതലൊന്നും ചോദിക്കാറില്ല
ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ചലനങ്ങളുണ്ടാക്കി അതില്‍ തന്നെ അലിഞ്ഞു ചേരുന്നു

ഈ ആള്‍ക്കൂട്ടങ്ങളില്‍നിന്നെല്ലാം മാറി,
ചിറകുകളൊതുക്കി അമ്മയുടെ ഗര്‍ഭത്തില്‍ ഒരിക്കല്‍കൂടി എനിക്കൊന്നുറങ്ങണമെന്നുണ്ട്..
തിരികെപോയി സര്‍ഗസുഷുപ്തിയിലിരിക്കാന്‍ ..
ആ കൂടാരം അതവിടെയില്ലല്ലോ.
ഞാന്‍ കടന്നു പോകുംതോറും കാലം എനിക്കുപിന്നുലുള്ളതെല്ലാം തച്ചുടയ്ക്കുകയാണ്.


ഭൂതകാലങ്ങളില്‍ നിന്നും വാല്‍സല്യത്തിന്റെ പിന്‍വിളികള്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പുനര്‍ജന്മത്തിനായ് മാതൃത്വത്തിന്റെ സ്പന്ദനങ്ങള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു.

Tuesday, January 19, 2010

പ്രണയം നിശബ്ദമാണ്

എന്റെ പ്രണയം പ്രതിധ്വനിക്കാന്‍ മാത്രം കടുപ്പം അവളുടെ ഹൃദയഭിത്തികള്‍ക്കില്ലാത്തതുകൊണ്ട്,

രാത്രിയുടെ ഗര്‍ഭത്തില്‍ പുല്‍നാമ്പുകളില്‍ പിറവിക്കൊള്ളുന്ന
മഞ്ഞുത്തുള്ളിയുടെ മൃദുലമായ മൗനം പോലെ ..
ശൈത്യത്തില്‍ ഇലകളടര്‍ന്ന ശാഖിയുടെ ഗുപ്തമായ മൗനം പോലെ
ഞാന്‍ എന്നില്‍ തന്നെ നിശബ്ദനാകുന്നു.

പ്രണയം മൗനമാണ്..
ഒരു വലിയ മൗനം എന്റെ ഹൃദയതുടിപ്പുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു