Wednesday, July 5, 2017

സ്മൃതിഭ്രംശം

ആകാശത്തിന്റെ പടിഞ്ഞാറെചരുവിലെ ചുവപ്പ് രാശിയിൽ സൂര്യൻ മറയാൻ തുടങ്ങുന്നു. ചരിത്രത്തിന്റെ ഗന്ധം ഇപ്പോഴും മങ്ങാതെ നിൽക്കുന്ന കൊച്ചിയുടെ പുരാതന തീരങ്ങളിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന ബോട്ടുകൾ. അതിലൊന്നിൽ കയറിപ്പറ്റുവാൻ അയാൾ നന്നേ വിഷമിച്ചു. വൈകുന്നേരമായാൽ ജോലികഴിഞ്ഞ് വീട്ടിലെത്താൻ തിരക്കുപിടിച്ചു പോകുന്നവരാണ്  അധികവും. ബോട്ട്ജെട്ടിയുടെ മുകളിലും പുഴയുടെ ഓളങ്ങൾ പോലെ യാത്രക്കാരുടെ തലകൾ പൊങ്ങിയും താഴ്ന്നും ബോട്ടിലേക്കൊഴുകുകൊണ്ടിരുന്നു. ബോട്ടിന്റെ ഉൾവശം നിറഞ്ഞതോടെ ആ ഒഴുക്ക് നിലച്ചു. സൂര്യൻ ചക്രവാളത്തിലേക്ക് പൂർണമായും മറഞ്ഞിരുന്നു. സന്ധ്യയുടെ നിറങ്ങളിൽ പുഴ ഒരു കുഞ്ഞിനെ പോലെയെന്ന് അയാൾക്ക് തോന്നി.

തന്റെ കയ്യിലിരുന്ന പാക്കറ്റുകൾ ശ്രദ്ധയോടെ സീറ്റിനോട് ചേർത്ത് അടുക്കി വച്ചു. ഒരു ആശ്വാസം പോലെ ഭൂമിയിൽ അപ്പോഴും ഒരു നേർത്തവെളിച്ചം ബാക്കിനിന്നിരുന്നു. സീറ്റ്‌ കിട്ടിയതിനാൽ ബോട്ടിലെ തിരക്ക് തന്നെ അധികം ബാധിക്കുന്നില്ലെന്ന് അയാൾക്ക് തോന്നി. എന്നാലും മനസ്സ് അസ്വസ്ഥമായിരിക്കുന്നു. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. ഒരു ചെറിയ നക്ഷത്രം അതിന്റെ നിഷ്കളങ്കതയിൽ പ്രകാശിച്ചുതുടങ്ങുന്നേയുള്ളൂ. ആകാശത്തിന്റെ വെളിച്ചം ചേർന്നുപോകുന്നതിന് കുറച്ച് നിമിഷങ്ങൾ മുൻപ് മാത്രം ഉദിച്ച ആ വെള്ളിനക്ഷത്രത്തെ കണ്ടപ്പോൾ അയാൾക്ക് തന്റെ മകളെ  ഓർമവന്നു. അവൾക്കുള്ള കളിപ്പാട്ടങ്ങളാണ് അയാളുടെ ബാഗിൽ നിറയെ. മഞ്ഞ നിറമുള്ള താറാവും, ശബ്ദം കേട്ടാൽ ചിലയ്ക്കുന്ന പക്ഷിയും എല്ലാം അവൾക്കിഷ്ടമുള്ളതുതന്നെ. 

അയാൾ ബോട്ടിറങ്ങി പടിഞ്ഞാറ് നിന്നുള്ള കാറ്റിനോടൊപ്പം വേഗത്തിൽ നടന്നു തുടങ്ങി. അവൾ ഉണരുന്നതിന് മുമ്പുതന്നെ വീട്ടിലെത്തണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നപോലെ.

വീട്ടില്‍ ചെന്നയുടനെ അയാൾ കളിപ്പാട്ടങ്ങൾ പുറത്തെടുത്ത് ഭാര്യയെ കാണിച്ചു പറഞ്ഞു, ഇതല്ലേ കുഞ്ഞിന് വേണമെന്ന് പറഞ്ഞ കളിപ്പാട്ടങ്ങൾ. 

അയാൾ കളിപ്പാട്ടങ്ങൾ എടുത്തു കുഞ്ഞിന്റെ തൊട്ടിലിന്റെ മുകളിൽ ഞാത്തിയിടുകയും കുറച്ചെണ്ണം അവൾ ഉണരുമ്പോൾ കാണാൻ പാകത്തിന് ആ മുറിയുടെ പല ഭാഗത്തായി വയ്ക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അയാൾ മുറിയുടെ വാതിൽക്കലേക്ക് നീങ്ങിനിന്നു.  അവൾ ഉണരുമ്പോൾ..അതെല്ലാം കാണുമ്പോൾ അവൾക്ക് സന്തോഷമാകുന്നതും അവൾ നിർത്താതെ ചിരിക്കുന്നതുമെല്ലാമോർത്ത്  അയാൾ ആ വാതിൽപ്പടിയിൽ തന്നെ  ചാരിനിന്നു. 

അങ്ങനെ എത്രനേരം നിന്നുവെന്നറിയില്ല. പുഴയുടെ മുകളിലൂടെ ഒഴുകിവന്ന കാറ്റ് അയാളെയും കടന്ന് അവളുടെ ചിത്രത്തിനു താഴെ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിനാളങ്ങളെയും ഉലച്ച് കടന്നുപോയി.  

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.