Tuesday, March 10, 2020

ഉടലിൽ നിറഞ്ഞിരുന്ന ശ്വാസം പോലെ ശരീരമാകെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിന്റെ തണുപ്പ്. തനിച്ചു കിട്ടുന്നവരുടെ രക്തം ഊറ്റുന്ന യക്ഷിയെ പോലെ..  എന്റെ ശരീരത്തിലെ ഓരോ അരികുകളിലൂടെയും അത് എന്നിലേക്ക് കടന്നു വരാൻ ശ്രമിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

----------------

ദൃഢമായ മൺവഴികളിൽ നിന്നും മൃദുലമായ പരവതാനികണക്കെയുള്ള  മഞ്ഞിന്റെ നനുത്ത വഴികൾ ആദ്യകാഴ്ച്ചയിൽ എന്നിൽ അത്ഭുതമാണ് ഉണർത്തിയത്. മഞ്ഞിന്റെ വഴികളെ ഇത്രയടുത്ത് കാണുന്നതും അനുഭവിക്കുന്നതും ആദ്യമായാണല്ലോ.  തവിട്ടുനിറമുള്ള മൺവഴികൾ അവസാനിക്കുന്നത് ഒരു ചെറിയ അരുവിയുടെ തീരത്താണ്. അവിടെ നിന്നും  മഞ്ഞിന്റെ 'വെളുത്ത'  വഴികൾ  തുടങ്ങുന്നു. ഇടയ്ക്കിടെ ഇരുണ്ട പച്ചനിറങ്ങളിൽ കുറെ പൈൻ മരങ്ങളും.

യാത്ര തുടങ്ങിയത് മുതൽ ഉയരത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. അതെന്താ ഇപ്പോ ഇതിന് ഇറക്കമില്ലേ എന്നൊന്നും ചോദിക്കരുത്. ഇറക്കം വരും; രണ്ടു ദിവസം കഴിയുമ്പോൾ.  സത്യത്തിൽ നിരപ്പായ സ്ഥലം അങ്ങനെ ഇല്ലെന്ന് തന്നെ പറയാം. മഞ്ഞിൽ നടക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ ആ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതെയായി. കാരണം അതിജീവിക്കാൻ ശ്രമിക്കുന്നത് ആ ബുദ്ധിമുട്ടുകളല്ല നമ്മളെ തന്നെയാണ്. മഞ്ഞിൽ ഇടയ്ക്കിടെ കാണുന്ന മരങ്ങൾ ഒഴിച്ചാൽ എല്ലായിടത്തും വെളുപ്പ് തന്നെ. ചിലഭാഗങ്ങളിൽ ചവിട്ടുമ്പോൾ കാലുകൾ ഒരടിയോളം താഴ്ന്നു പോകും. അടുത്ത ചുവട് വയ്ക്കുന്നത് ചിലപ്പോൾ അതിനേക്കാൾ താഴ്ച്ചയിലേക്കായിരിക്കും. ശരിക്കും അതിന് താഴെ എന്താണെന്ന് ആർക്കറിയാം. നടന്നുനടന്നു വൈകുന്നേരത്തിന് മുൻപ് ക്യാമ്പിലെത്തി. ആദ്യദിവസം അവസാനിക്കാറായപ്പോഴേക്കും  മഞ്ഞിന്റെ വെളുപ്പ് എന്നില്‍ മടുപ്പുണ്ടാക്കിയിരുന്നു. അധികം വൈകതെ സൂര്യൻ 'എവിടെയോ' അസ്തമിച്ചു. കുറെ നേരം ഞങ്ങള്‍ വെര്‍തെ അവിടെയൊക്കെ നടന്നും മഞ്ഞുവീഴാത്ത മരതടികളിലിരുന്നും സമയം കളഞ്ഞു. അപ്പോഴേക്കും ചായ റെഡിയായെന്ന് ഡൈനിങ്ങ് ടെന്റില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു. എല്ലാവരും കൂടി ഡൈനിങ്ങ് ടെന്റിലേക്ക് നടന്നു. തണുപ്പായതുകൊണ്ടാണോ എന്നറിയില്ല. നല്ല ഉഗ്രന്‍ ചായ.

...............
...............
രാത്രി.

തണുപ്പ് കൂടിവരുന്നുണ്ട്. കാൽവിരലുകൾ യാത്ര തുടങ്ങിയപ്പഴേ മരവിച്ചുതുടങ്ങിയതാണ്. അത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ രാത്രിയിൽ തണുപ്പിന്റെ കാഠിന്യം അസഹ്യമായി. നാളെ ഞാൻ ഉണ്ടാകുമോന്നുള്ള വിദൂരമായൊരു ചിന്ത മനസ്സിലേക്ക് വന്നു. മൈനസ് 15 താപനിലയെ അതിജീവിക്കാനുള്ള ജാക്കറ്റ് എനിക്കുണ്ടായിരുന്നില്ല. നേരത്തെ എടുത്തുവയ്ക്കേണ്ടതായിരുന്നു. അല്ലെങ്കിലും പല കാര്യങ്ങളിലും എനിക്ക് കുറച്ച് ലാഘവത്വം കൂടുതലാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. രാവിലെ തിരികെ പോകുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം ക്യാമ്പ് ചെയ്യുന്നത് ഇപ്പോഴുള്ളതിനേക്കാൾ ഉയരത്തിലുമാണ്.

സുഹൃത്തുക്കൾ താഴെ ബേസ്ക്യാമ്പിൽ നിന്നും ജാക്കറ്റ് കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ഞാൻ അപ്പോഴേക്കും തിരിച്ചു പോരാനുള്ള മനസ്സിലേക്കെത്തിയിരുന്നു. എല്ലാവരും നാളെ രാവിലെ തീരുമാനിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു രാവിലത്തെ കാര്യങ്ങളല്ല രാത്രിയിലെ തണുപ്പാണ് എന്നെ പരീക്ഷിക്കുന്നതെന്ന്. നാളത്തെ ക്യാമ്പിംഗ് എനിക്ക് കടന്നുപോകാൻ കഴിയാതെ ടീം മുഴുവനുമായി തിരിച്ചു വരേണ്ട സാഹചര്യം വന്നാൽ അത് എനിക്ക് കൂടുതല്‍ വിഷമമാകും. ഞാന്‍ കാരണം അവരുടെ യാത്ര മുടങ്ങുവാന്‍ പാടില്ലെന്നുണ്ട്.

..............
..............
ഡൈനിങ്ങ് ടെന്റിൽ ചെന്ന് എല്ലാവരോടുമൊപ്പം രാത്രി ഭക്ഷണം കഴിക്കാനിരുന്നു. വെജിറ്റബള്‍ സൂപ്പും ചപ്പാത്തിയും ദാലും. സൂപ്പര്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ തണുപ്പ് കുറഞ്ഞതുപോലെ. ഡൈനിങ്ങ് ടെന്റിൽ നിന്നും എല്ലവരെക്കാളും മുന്‍പേ പുറത്തുകടന്നു.  മഞ്ഞിന്റെ പൊടികൾ പോലെ ആകാശം നിറയെ നക്ഷത്രങ്ങൾ. അപ്പോൾ എനിക്ക് തോന്നി ഞാന്‍ ഭൂമിയില്‍ നിന്നും അകലെയെവിടെയോ വേറേതോ ഗ്രഹത്തിലാണെന്ന്. ആ കാണുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് ഞാന്‍ താമസിച്ചിരുന്ന ഭൂമി.

...............
...............
ഭക്ഷണം കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. അധികം അകലേക്ക് പോകാതെതന്നെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ എല്ലാവരും കൂടി ആ പരിസരത്തൊക്കെ നടന്നു. പിന്നെ കുറച്ച് കഴിഞ്ഞ് ഉറങ്ങാനായി ടെന്റിലേക്ക്. ഡൈനിങ്ങ് ടെന്റിൽ നിന്നും അധികം ദൂരെയല്ലാതെയാണ് ക്യാമ്പിംഗ് ടെന്റുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റില്‍ മൂന്നുപേര്‍. ഓരോരുത്തര്‍ക്കും പ്രത്യേകം സ്ലീപ്പിങ്ങ് ബാഗും സ്ലീപ്പിങ്ങ് ബെഡും. ഇതൊക്കെ ഉണ്ടായിട്ടും എനിക്ക് തണുപ്പിന് കുറവൊന്നുമില്ല.  നേരം  വെളുത്താൽ താഴേക്ക് ഇറങ്ങാമല്ലോ എന്നൊരു  ആശ്വാസത്തിന്റെ പ്രതീക്ഷയിൽ തണുപ്പിന്റെ സൂചിമുനകൾക്കുമുകളിൽ സ്ലീപിങ്ബാഗും നിവർത്തി ടെന്റിൽ ഉറങ്ങാൻ കിടന്നു. തണുപ്പിന്റെ കാഠിന്യം കാരണം ഞാൻ ഉറക്കത്തിലേക്ക് പോകുന്നുണ്ടായിരുന്നില്ല.പേശികളെല്ലാം വലിഞ്ഞിരിക്കുന്നു. ഹൃദയം മാത്രം വലിയ തിരക്കില്ലാതെ ശ്വസിച്ചുകൊണ്ടിരുന്നു. വെപ്രാളപെട്ടാൽ കൈവിട്ടുപോകുമെന്ന് ഹൃദയത്തിന് തോന്നിയിരിക്കണം. എങ്ങിനെയെങ്കിലും നേരം വെളുക്കുന്നതുവരെ പിടിച്ചു നിൽക്കണമെന്ന് രാത്രി മുഴുവൻ ഞാൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.  ആകാശത്ത്  നിന്നും ഭൂമിയിലേക്ക് തീ കൊണ്ടുവന്ന പ്രോമിത്യുസ്സിനെ പോലെ ആരെങ്കിലും കുറച്ചു ചൂടും  വെളിച്ചവുമായി വരുന്നുണ്ടോന്നറിയാൻ ഞാൻ ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് ശ്രദ്ധിച്ചു. ജ്യോതിയും വന്നില്ല തീയും വന്നില്ല.. നേരം പുലരാൻ ഇനിയും എത്രയോ നാഴികകൾ ബാക്കിയാണ്.

.................
.................
രാവിലെ തണുപ്പ് കുറച്ചു കൂറവുണ്ട്. മഴ ഉണ്ടെങ്കിൽ ഇടാൻ വച്ചിരുന്ന റെയ്ൻ കോട്ട് എടുത്തിട്ട് പുറത്തിറങ്ങി. ഇപ്പോൾ തണുപ്പിൽ നിന്നും കുറച്ചുകൂടി ആശ്വാസം ഉണ്ട്. സൂര്യൻ ഉദിക്കുന്നേയുള്ളൂ. ഞാൻ വിചാരിച്ച സ്ഥലത്തല്ല സൂര്യൻ ഉദിച്ചത്. പുള്ളിക്ക് ഇഷ്ടമുള്ള സ്ഥലത്താണെന്ന് തോന്നുന്നു. കിഴക്കേത് പടിഞ്ഞാറേത് എന്ന് മനസിലാകാത്ത അവസ്ഥ.

എല്ലാവരും അടുത്ത ക്യാമ്പ് സൈറ്റിലേക്ക് പോകാന്‍ തയ്യാറായി വന്നു.
കുറച്ചുകഴിഞ്ഞ് ഒരു ഗൈഡ് വരുമെന്നും അദേഹം എന്നെ താഴേക്ക് കൊണ്ടുപോകുമെന്നും ക്യാമ്പ് ഡയറക്ടര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച്  യാത്ര പറഞ്ഞു പിരിഞ്ഞു.  അവർ രണ്ടാമത്തെ ക്യാമ്പിന്റെ  ഉയരങ്ങളിലേക്ക് പോകുന്നു. ഞാൻ തിരികെ എന്റെ പ്രതീക്ഷകളിലേക്കും.

അവർ പോയതിന് ശേഷം കടലിൽ ഒറ്റപെട്ട അവസ്ഥയായിരുന്നു എനിക്ക്. കുറച്ചുകഴിഞ്ഞ്  വരുമെന്ന പറഞ്ഞ ആള്‍ ഇതുവരെ എത്തിയിട്ടില്ല.  ചുറ്റും വെളുത്ത കടൽ പോലെ മഞ്ഞ്. ഞാൻ കണ്ണുകളടച്ചുകിടന്നു. എനിക്ക് ആ മഞ്ഞിൽ പുതഞ്ഞു കിടക്കണമെന്ന് തോന്നി. മരവിച്ചു കിടക്കാൻ. ആരും ശല്യപ്പെടുത്താതെ ആരാലും കാണപ്പെടാതെ യുഗങ്ങളോളം മഞ്ഞിന്റെ ആഴങ്ങളിൽ ഉറങ്ങാം. കണ്ണു തുറന്നപ്പോള്‍  തിരമാലകൾ പോലെ എനിക്കുമുന്നിൽ മഞ്ഞുമലകൾ ഉയർന്നും താഴ്ന്നും ഒഴുകുന്നു. വലിയ ചുഴികൾ രൂപപ്പെടുന്നു. കാഴ്ച്കള്‍ എന്നെ ഭയപെടുത്തി.  ഉന്മാദത്തിന്റെ തീരങ്ങളെ തൊട്ട് കടന്നുപോയതായിരിക്കും ഞാനപ്പോള്‍.  

രണ്ടുമൂന്നുമണിക്കൂറെങ്കിലും കഴിഞ്ഞ് ഞാന്‍ ആ മഞ്ഞിലൂടെ വെറുതെ നടന്നു. ഉള്ളിലെവിടെയോ ഒരു ചെറിയ ഭയം, വിശാലമായ ആ മഞ്ഞുകടലില്‍ ഞാന്‍ മാത്രമായിരിക്കുന്നത്കൊണ്ട്.

.................
.................
ഉച്ച കഴിഞ്ഞിട്ടും എന്നെ താഴെ  ബേസ്ക്യാമ്പിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ ഗൈഡ് വന്നിട്ടില്ല. ഇനിയും കാത്തുനിന്നാൽ പ്രശ്നമാണ്. വഴിയറിയില്ലയെങ്കിലും രാത്രി ഒറ്റയ്ക്ക് ഈ മലയിറങ്ങേണ്ടി വരുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ തനിച്ചു പുറപ്പെടുന്നതാണ് തോന്നി. മലമുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനും മറ്റുമായി കോവർകഴുതകൾ സഞ്ചരിച്ച് വഴിയെല്ലാം തെളിഞ്ഞു തന്നെ കിടപ്പുണ്ട്. അതുകൊണ്ട് വഴി തെറ്റാൻ സാധ്യതയില്ല. എന്നാലും ഒറ്റയ്ക്ക് നടന്നുപോകുന്നതിലെ ആശങ്ക എന്നിൽ വേണ്ടുവോളമുണ്ടായിരുന്നു. ഹിമപ്പുലികളൂം കരടികളുമൊക്കെ എവിടെയാണുള്ളതെന്ന് ആര്‍ക്കറിയാം. എങ്കിലും തിരികെ ഇറങ്ങി  തുടങ്ങിയതിൽപിന്നെ എന്റെ മനസ്സ് ശാന്തമായിയിരുന്നു. മഞ്ഞിന്റെ വഴികൾ മാഞ്ഞുപോകുകയും തെളിഞ്ഞു വരുകയും ചെയ്തുകൊണ്ടിരുന്നു.  തിരികെ നടന്ന വഴികളത്രയും ഞാൻ എന്നെ ശ്രദ്ധിച്ചിട്ടില്ല.  ഉയരത്തിലെത്താതെ തിരിച്ചു പോരേണ്ടിവന്നതിലേക്കും ഞാൻ അപ്പോൾ നോക്കിയില്ല.  മഞ്ഞിൽനിന്നും തന്നെ ഉറവയെടുത്ത ഒരു അരുവിപോലെ അതിൽ നിന്നും വേറെയല്ലാതെതന്നെ പതിയെ ഒഴുകുകയായിരുന്നു.


ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തിരികെ വന്ന വഴികളില്‍
ഞാൻ തീര്‍ച്ചയായും തനിച്ചായിരുന്നില്ലെന്ന് തോന്നുന്നു.

No comments: