Sunday, January 20, 2019

അവളുടെ കൊച്ചു കുറുമ്പുകളും വാശിയും അവന്‍ നിശബ്ദമായ സന്തോഷത്തോടെ ആസ്വദിച്ചിരുന്നു. രാവിലെ ഉണർന്നു സ്കൂളിൽ പോകാൻ മടിയുള്ള കാർട്ടൂൺ കാണുമ്പോൾ അതുവരെ ഉണ്ടായിരുന്ന വേദനകളും വിഷമങ്ങളും അതെ നിമിഷത്തിൽ തന്നെ മറന്നുപോകുന്ന ആ കുഞ്ഞ് അവന്റെ സ്പന്ദനമായിരുന്നു. ചിലപ്പോഴുള്ള അവളുടെ വാശികരച്ചിലുകളെ മനപ്പൂർവം ശ്രദ്ധിക്കാതെ പോകാൻ അവൻ ഇപ്പോൾ ശീലിച്ചു വരുന്നു. അവളുടെ വാശിക്കൊപ്പം നിന്ന് കാര്യങ്ങൾ സാധിച്ചു കൊടുത്താൽ പിന്നെ അവൾ വലുതാകുമ്പോഴേക്കും വാശി കൂടിയാലോ എന്നൊരു ആശങ്കയുള്ളതുകൊണ്ടാണ്.  എന്നാലും അവളുടെ കുഞ്ഞികൈകളിൽ മുറുകെ പിടിച്ചു നടക്കാൻ,  അവളെ തോളിൽ കിടത്തിയുറക്കാൻ ഇപ്പോഴുള്ള സമയമൊന്നും പോരാതെ വരുന്നു. അവൾ  എന്നും ഇങ്ങനെയായിരുന്നെങ്കില്‍ ..  എന്നും  എപ്പോഴും..

Tuesday, January 8, 2019

മഴ നനഞ്ഞാണ്‌ വീട്ടിൽ എത്തിയത്. ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നെങ്കിലും സാധിക്കുന്നില്ല. മനസ്സിൽ ആ കുഞ്ഞിന്റെ മുഖമായിരുന്നു.  ഈ മഴയത്ത് അവർ എന്തുചെയ്യുകയായിരിക്കും. അവർക്ക് തണുക്കുന്നുണ്ടാവില്ലേ. എങ്ങിനെയാണ് അത് കടന്നുപോകുക. ഓർക്കുതോറും എനിക്ക് കിടക്കാൻ സാധിക്കുന്നില്ല. ആ കുഞ്ഞുങ്ങൾ അരക്ഷിതരായി അവിടെ മഴ നനയ്ക്കുമ്പോൾ ഞാൻ എങ്ങിനെയാണ്  വീടിനുള്ളിൽ സമാധാനമായി ഇരിക്കുന്നത്.