കൗമാരത്തിന്റെ തുടക്കത്തിലാണ് എനിക്ക് മാത്രമായി ഒരു മുറി കിട്ടിയത്.
സ്വന്തമായി മുറിയുള്ള പെൺകുട്ടികൾ ഭാഗ്യവതികൾ ആണ്. വിവാഹ ശേഷം അവർക്ക് നഷ്ടപ്പെടാൻ പോകുന്നതും ആ ഭാഗ്യമാണ്. അവരുടേത് മാത്രമായ ലോകം; രാത്രിയിൽ ആരെയും ശ്രദ്ധിക്കാതെ ആകാശം നോക്കിയിരിക്കാനും, ആകാശം കാണാതെ ഒരു മയിൽപീലിതുണ്ടായിരിക്കാനും കഴിയുന്നോരിടം.
ഉള്ളിലെ മാറ്റങ്ങളെ അറിയുവാനും പുറമേക്ക് മാറ്റങ്ങളേതുമില്ലാതെയിരിക്കുവാനും അവളെ ശീലിപ്പിച്ച ഇടം. വിഷമിക്കാനും സന്തോഷിക്കാനും ആർദ്രമാകാനും പ്രണയിക്കാനും ഉറങ്ങാതെയിരിക്കാനും ഉണരാതിരിക്കാനും സ്വാതന്ത്ര്യമുള്ള ഇടം. വിവാഹത്തോടെ വീടില്ലാതെയാകുന്ന പെൺകുട്ടികളുടെ, ഇതുവരെ നേരിൽ കാണാത്ത ആ മുറിയെ കുറിച്ച്, ഞാൻ ഇനിയും എന്തെഴുതാൻ.