Friday, January 7, 2022

നിന്നെ കാണാതിരുന്നപ്പോൾ ആശങ്കപ്പെട്ടു. കുറച്ച് നാൾ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ പതിയെ മറന്നുപോയി. ഇന്ന് വീണ്ടും നിന്റെ പേരിലുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ പെട്ടെന്ന് നിന്നെ ഓർമ വന്നു. ഈ പേര് വീണ്ടും കേൾക്കുന്നത് വരെ ഇത്ര നാളും നിന്നെ ഓർത്തില്ലല്ലോ എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി. എന്ത് വന്നാലും നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ലെന്നാണ് ഞാൻ കരുതിയത്. 

മറവികൾ സംഭവിക്കുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ല. ഓർത്തിരിക്കാനുള്ള സാഹചര്യങ്ങൾ പുതുക്കപ്പെടാത്തതുകൊണ്ടാണ്.

Sunday, January 2, 2022

നേരം സന്ധ്യയാകുമ്പോൾ 
ഒരു പാത്രത്തിൽ  വെളിച്ചവും 
മറ്റൊരു പാത്രത്തിൽ  ഇരുട്ടുമായി 
അയാൾ നടക്കാനിറങ്ങും. 
ഇരുട്ട് വേണ്ടവർക്ക്  ഇരുട്ടും 
വെളിച്ചം വേണ്ടവർക്ക്  വെളിച്ചവും കൊടുത്ത് 
അയാൾ നേരം പുലരുംവരെ യാത്ര തുടരും.. 

Tuesday, December 28, 2021

നിന്നെക്കുറിച്ചോർക്കാത്ത ഒരു നിമിഷം പോലും എന്നിലില്ല.
 .... 
..
.. 
നിനക്കെങ്ങനെ ഇത്ര മനോഹരമായി 
 കള്ളം പറയാൻ കഴിയുന്നു.!

Monday, December 20, 2021

ഞാനാലോചിക്കുന്നു. 
എപ്പോഴാണ് എന്നിൽ പ്രണയം സംഭവിച്ചത്. 

പ്രണയം കാലങ്ങളിലൂടെ എന്നിലേക്ക് കൈമാറി വന്നതാണെന്ന് ഞാൻ വിചാരിക്കുന്നു. അത് ഒരിക്കലും വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാത്രമുള്ളതല്ല. എനിക്ക് ചുറ്റുമുള്ളതിൽ അതുണ്ടായിരുന്നു. ഒരു പകലിനോട് രാത്രിയോട് ഏകാന്തതയോട് മഴയോട് വെയിലോട് മഞ്ഞിനോട് ഒരു ശബ്ദത്തിനോട് നിശബ്ദതയോട് ഉറക്കത്തോട് സ്വപ്നങ്ങളോട് അങ്ങനെ പലതിലും പലതിനോടും എനിക്കുണ്ടായിരുന്നത് ഇത് തന്നെയാണ്. ഇതൊന്നുമില്ലാതെ ഒരാൾക്ക് എങ്ങിനെ പ്രണയിക്കാനാവും. ഒടുവിൽ അത് എനിക്ക് മുന്നിൽ, എനിക്ക് മനസിലാക്കാനാവും വിധം പ്രകടമായത് നിന്നിലൂടെയാണ്.
എന്നിലുണ്ടായിരുന്നത് തന്നെ. എന്നിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണെന്ന് . .

Wednesday, December 15, 2021

മൗനത്തിന്റെ പ്രത്യേകത; 

അത് പറയാൻ പറ്റില്ലെങ്കിലും 
രണ്ടും പേർക്കും 
ഒരുപോലെ 
കേൾക്കാൻ പറ്റുമെന്നതാണ്. !!

Monday, December 6, 2021

പുഴയിലേക്ക് നടന്ന് 
ഒരു നാലോ അഞ്ചോ ചുവട് കഴിയുമ്പോഴേക്കും 
കാലുകൾ ചെറുതായി ചെളിയിൽ താഴ്ന്ന് തുടങ്ങും. 
ശ്രദ്ധിച്ചാൽ കണങ്കാലുകൾക്ക് മുകളിൽ 
പുഴയുടെ തണുപ്പും 
ഉള്ളംകാലിൽ ചെളിയുടെ ചൂടും 
പ്രത്യേകമായി തന്നെ മനസിലാകും. 
പിന്നെ ചെളിയിൽ നിന്നും കാലുകൾ 
പതിയെ വലിച്ചെടുത്ത് 
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും 
രണ്ടു മൂന്ന് ചുവടുകൾ കൂടി മുന്നോട്ടുവയ്ക്കാം. 
അപ്പോഴേക്കും വെള്ളത്തിന്റെ അടിയൊഴുക്കുകൾ
 നിങ്ങളുടെ കാലുകളെ ഭൂമിയിൽ നിന്നും 
സ്വതന്ത്രമാക്കിയിരിക്കും. 
പിന്നെ നിങ്ങൾ സ്വതന്ത്രരാണ്. 
ആരും നിങ്ങളെ നിയന്ത്രിക്കാനോ 
വഴി തിരിച്ചു വിടാനോ ഇല്ല. 
എന്തിനധികം നിങ്ങൾക്ക് പോലും 
പിന്നെ നിങ്ങളെ നയിക്കാനാവില്ല. 
പുഴയ്ക്ക് മുകളിൽ 
ആയാസമില്ലാതെ ശ്വസിച്ചിരുന്ന കാലങ്ങളെ 
നിങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കും. 
അപ്പോൾ ജീവിതത്തിന്റെ ലാഘവത്വത്തെയും
ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്ന 
ജീവിതത്തിന്റെ ശാന്തതയെയും 
നിങ്ങൾ പ്രണയിക്കും. 
പക്ഷെ അപ്പോഴേക്കും 
ഒരു തിരിച്ചുപോക്ക് ഉണ്ടാകാത്തവിധം 
നിങ്ങൾ അതിന്റെ 
ആഴങ്ങളിലേക്ക് എത്തിയിട്ടുണ്ടാവും. 
അല്ലെങ്കിലും പുഴ അതിന്റെ 
വാത്സല്യപൂർണമായ കൈകളിൽ 
നിങ്ങളെ താങ്ങുമ്പോൾ 
നിങ്ങൾക്ക് എങ്ങിനെ 
അത് കണ്ടില്ലെന്ന് നടിച്ച് 
അതിൽ നിന്നും പോരാനാവും. 

പുഴ പ്രണയം പോലെയാണ്, 
ഒരിക്കൽ അതിലേക്കിറങ്ങിയാൽ 
പിന്നെ തിരിച്ചു പോകാനാവില്ല. 

നിനക്കിതൊക്കെ എങ്ങിനെ അറിയാം.? 

അതൊക്കെയറിയാം . .
മൂന്ന് ദിവസം മുൻപേ ഞാൻ അങ്ങനെയൊന്ന് പോയതാ. !!

Wednesday, December 1, 2021

വാക്ക് പാലിക്കുന്നതിനേക്കാൾ ധൈര്യം വേണം ചില നേരത്ത് അത് പാലിക്കാതിരിക്കാൻ. 

ഇനി നിന്നോട് ഞാൻ മിണ്ടില്ലെന്ന് പറഞ്ഞാലും ഞാൻ മിണ്ടാൻ വരും. ഇനി എന്നോട് നീ മിണ്ടണ്ട എന്ന് ഞാൻ പറഞ്ഞാൽ കുറച്ചുകഴിഞ്ഞ് നീ മിണ്ടണമെന്ന് ഞാൻ ആഗ്രഹിക്കും. ഇനി കാണാൻ വരുന്നില്ല എന്ന് പറഞ്ഞാലും നീ വരുന്ന വഴിയിൽ ഞാനുണ്ടാവും. 

വാക്ക് പറഞ്ഞാൽ പാലിക്കാനുള്ളതാണെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ എന്റെ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.