Thursday, November 27, 2008

നക്ഷത്രങ്ങള്‍ ജനിക്കുന്നത്..

നിന്നെ ആദ്യം കാണുമ്പോള്‍ നേരം പുലരുന്നതെയുണ്ടായിരുന്നുള്ളൂ.. ചാരനിറമുള്ള ആ പുലരിയില്‍ എനിക്ക് നിന്റെ മുഖം വ്യക്തമായില്ല.. തമ്മില്‍ പരിചയപ്പെടുമ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു.. പിന്നീട് മദ്ധ്യാഹ്നം വരെ നമ്മള്‍ സംസാരിച്ചിരുന്നു.. നിന്നെ ഇഷ്ടപെടാനുള്ള കാരണങ്ങള്‍.. ഒരുപാട് ഉണ്ടായിരുന്നുവെനിക്ക്.. ഞാന്‍ ഒറ്റയ്ക്ക് നടന്നിരുന്ന വീതികുറഞ്ഞ വഴികളില്‍ എന്നെ കാത്തുനിന്ന മരങ്ങളുടെ ചുവട്ടില്‍ നിന്നെ ഞാന്‍ പ്രതീക്ഷിച്ചുവോ ..അതെനിക്കറിയില്ല. എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോഴേക്കും കാലം സൂര്യന്റെ കൈകളില്‍ വിലങ്ങിട്ടു കടലില്‍ താഴ്ത്തിയിരുന്നു.. ആ വിരഹത്തില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായ് നിന്നിരുന്ന മേഘങ്ങള്‍ തളര്‍ന്നുറങ്ങും വരെ ഞാന്‍ കാത്തിരുന്നു നിന്റെ മറുപടിക്കായ്.. രാവേറെ ചെന്നപ്പോള്‍ ഞാന്‍ നിദ്രയില്‍ മുഖമമര്‍ത്തി ..പിറ്റേന്ന് പുലര്‍ച്ചെ നിന്റെ മറുപടിക്കായ് കാത്തു നിന്നെങ്കിലും നീ വന്നില്ല. എന്നാല്‍ അന്ന് രാത്രി ആകാശത്ത് തിളങ്ങിയ നക്ഷത്രങ്ങളിലോന്നിനു നിന്റെ ചിരിയായിരുന്നു.. കണ്ണുകളില്‍ പ്രണയം ഉറങ്ങിയിരുന്നു.. അത് നീ തന്നെയെന്ന്‌ മനസിലാക്കാന്‍ ഞാന്‍ പിന്നെയും ഒരു രാത്രികൂടി എടുത്തു.

നിന്നെ കാണാന്‍ ഞാനിപ്പോള്‍ രാത്രിയാകും വരെ കാത്തിരിക്കണം..
ഞാനൊരു നക്ഷത്രമല്ലലോ..

1 comment:

വികടശിരോമണി said...

ആകെ ഒരു പ്രണയം.
മനുഷ്യർ പൊട്ടിത്തെറിക്കുന്ന ഈ ദുരന്തനാളുകളിൽ ഇങ്ങനെ പ്രണയോക്തികളെഴുതാനാവുന്ന താങ്കളോട് അസൂയയോടെ,
ആശംസകൾ.