Friday, March 11, 2022

നോക്ക് 

എനിക്ക് എന്നോട് എത്ര ഇഷ്ടമുണ്ടോ 
അതിന്റെ പകുതിയാണ് നിന്നോടുള്ള ഇഷ്ട്ടം 

എനിക്ക് എന്നോട് എത്ര ദേഷ്യമുണ്ടാകുമോ 
അതിന്റെ പകുതിയായിരിക്കും നിന്നോട് 

എനിക്ക് എന്നോട് എത്ര നിശബ്ദമായിരിക്കാനാകുമോ 
അതിന്റെ പകുതിയായിരിക്കും നിന്നോട് 

എനിക്ക് എന്നോട് എത്ര കൗതുകമുണ്ടോ 

എനിക്ക് എന്നോട് എത്ര 

ഇനി പകുതിയല്ലാത്ത ഒരു കാര്യം പറയാം. 

നിനക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ പകുതി എന്നോടുള്ളതുകൊണ്ട്.. 

നമ്മൾ..

Tuesday, March 1, 2022

 

നീ വിചാരിക്കുന്നുണ്ടാവും 
ഞാൻ ചിരിക്കുന്നത് എനിക്ക് സന്തോഷം വരുമ്പോഴാണെന്ന്. 

എന്നാൽ  സത്യത്തിൽ  ഞാൻ  ചിരിക്കുന്നത്  നിനക്ക്  സന്തോഷം  വരുമ്പോഴാണ്.

Thursday, February 17, 2022

Where there's tea 
there's hope..

Arthur Wing Pinero



Friday, February 11, 2022

മനസ്സ് വിഷമത്തിലായിരിക്കുമ്പോൾ 
ചില പാട്ടുകൾ നമ്മളെ 
ജലോപരിതലത്തിലെന്നപോലെ 
സമാധാനത്തിലാക്കും.

Friday, February 4, 2022

പൂർണമായും മറന്നുപോകുന്നതിനുമുൻപ് 
നിന്നെ ഒരിക്കൽ കൂടി ഓർത്തെടുക്കണമെന്ന് 
തോന്നിയിട്ട് കുറച്ചായി.  
ഓർക്കുകയും പിന്നെ 
ഓർക്കാതെയാകുകയും ചെയ്യുന്നതിനാൽ
അത് നടക്കാതെ പോകുന്നു.   
പൂർണമായും മറന്നിട്ടില്ലെന്നതുതന്നെയാണ് 
നിന്നെ ഇപ്പോഴും ഓർക്കാൻ തോന്നുന്നതും.  
പക്ഷെ അതിന്റെ പുറകെപോകുവാൻ 
വഴികൾ തെളിഞ്ഞു വരുന്നില്ല.  
അവ്യകതമായ ചില ചിരികൾ 
സംസാരങ്ങൾ 
കുപ്പിവളകളുടെ കിലുക്കങ്ങൾ 
നിന്റെ മുടിയിഴകളുടെ മണം
കൺപീലികളിലെ ഓളങ്ങൾ 
നിന്റെ മറുകുകൾ 
നിന്നിലെ നിറങ്ങൾ 
അങ്ങനെ ഇടയ്കിടയ്ക്ക് 
എല്ലാം വേറെ വേറെയായി 
എന്റെ ഓർമയുടെ വഴികളിൽ 
തണലത്തിരിക്കുന്നുണ്ടാകും.  
നീ ഒരിക്കൽ 
എനിക്ക് ഉണ്ടായിരുന്നെന്ന് 
ആ ഓർമകളിലെ 
സന്തോഷങ്ങളിൽ നിന്ന് 
എനിക്ക് മനസ്സിലാകുന്നുണ്ട്.  
എന്നാൽ ആ തണലിൽ ചെന്ന് 
കുറച്ചുനേരമിരിക്കാമെന്നോർക്കുമ്പോൾ 
അവിടം ചിലപ്പോൾ 
പെട്ടെന്നു പൊള്ളുന്ന വെയിലായി 
മാറിയിട്ടുണ്ടാവും.  
ഓർമകളെ അവിടെയൊന്നും 
കാണാനുമുണ്ടാവില്ല.  
തനിയെ വെയിലത്തിരിക്കുന്നതെങ്ങനെ 
അതുകൊണ്ട് ഞാൻ തിരിച്ചു പോരും.  
ഓർമകളുടെ ദൈർഘ്യം കൂടുമ്പോൾ 
എപ്പോഴെങ്കിലും, 
നമുക്കൊരുമിച്ച് 
തണലിലിരിക്കാൻ കഴിയുമായിരിക്കും.

Sunday, January 30, 2022

നേരത്തത്തെ പോലെ തന്നെ ഞാൻ ഇപ്പോഴും, 
ആരോടെങ്കിലും സംസാരിക്കുന്നത് കുറവാണ്. 
കൂടുതലും ഞാൻ 
എന്നെ കുറിച്ച് തന്നെ 
ചിന്തിച്ചുകൊണ്ടിരിക്കും. 
നീ വന്നതിൽ പിന്നെ 
നിന്നെ കുറിച്ചും ആലോചിക്കുന്നു. 
അതിന് മുൻപേ 
അത്രയും കൂടി 
ഞാൻ എന്നെ കുറിച്ചാണ് ആലോചിച്ചിരുന്നത്.

Saturday, January 22, 2022

ചില നേരങ്ങളിൽ തനിച്ചിരിക്കാൻ തോന്നും, 
അല്ലാത്തപ്പോഴും അങ്ങനെതന്നെയാണെങ്കിലും, 
തനിച്ചിരിക്കാൻ തോന്നുന്നുവെന്നത് 
ആ നിമിഷങ്ങളെ അത്രയധികം സ്നേഹിക്കുന്നകൊണ്ടാണ്. 

അതിനെന്തിനാ ഇനി പുതിയതായി ശ്രമിക്കുന്നത്, 
അല്ലെങ്കിലും നീ തനിച്ചാണെന്നല്ലേ പറഞ്ഞത്.🤔. 

ഞാൻ അങ്ങനെ പറഞ്ഞോ. 

ആ പറഞ്ഞു. 

ആ അത് ചിലപ്പോ നീ മിണ്ടാതിരുന്നപ്പോ പറഞ്ഞതാവും ഞാൻ തനിച്ചാണെന്ന്. 

എന്നിട്ട് ഇപ്പോ എന്താ മാറിയത്. 

ഇപ്പോ നീ മിണ്ടാതെയിരിക്കുന്നേയില്ലല്ലോ 
അപ്പോ കുറച്ചുനേരം തനിച്ചിരിക്കാൻ തോന്നി. 

എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ നിങ്ങളെ!!

Friday, January 14, 2022

സിനിമ കണ്ട് കരയുന്നത് എനിക്കൊരു പുതിയ കാര്യമല്ല.!! 
ഇന്ന് പിന്നെയും.. 
അമ്പിളി.

Friday, January 7, 2022

നിന്നെ കാണാതിരുന്നപ്പോൾ ആശങ്കപ്പെട്ടു. കുറച്ച് നാൾ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ പതിയെ മറന്നുപോയി. ഇന്ന് വീണ്ടും നിന്റെ പേരിലുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ പെട്ടെന്ന് നിന്നെ ഓർമ വന്നു. ഈ പേര് വീണ്ടും കേൾക്കുന്നത് വരെ ഇത്ര നാളും നിന്നെ ഓർത്തില്ലല്ലോ എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി. എന്ത് വന്നാലും നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ലെന്നാണ് ഞാൻ കരുതിയത്. 

മറവികൾ സംഭവിക്കുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ല. ഓർത്തിരിക്കാനുള്ള സാഹചര്യങ്ങൾ പുതുക്കപ്പെടാത്തതുകൊണ്ടാണ്.

Sunday, January 2, 2022

നേരം സന്ധ്യയാകുമ്പോൾ 
ഒരു പാത്രത്തിൽ  വെളിച്ചവും 
മറ്റൊരു പാത്രത്തിൽ  ഇരുട്ടുമായി 
അയാൾ നടക്കാനിറങ്ങും. 
ഇരുട്ട് വേണ്ടവർക്ക്  ഇരുട്ടും 
വെളിച്ചം വേണ്ടവർക്ക്  വെളിച്ചവും കൊടുത്ത് 
അയാൾ നേരം പുലരുംവരെ യാത്ര തുടരും..