Thursday, August 1, 2019

ആവർത്തനങ്ങൾ

അവളുടെ അടിവയറിൽ നൊമ്പരചുഴികൾ തീർത്ത് ഒരു പുഴ ഒഴുകിത്തുടങ്ങുകയാണ്.   കാരണമറിയാത്ത വികാരങ്ങളുടെ വേലിയേറ്റത്തിൽ  അവൾ ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയും ഉത്തരങ്ങൾക്ക് വേണ്ടിയല്ലാതെ തർക്കിക്കുകയും  അവളോട് തന്നെ മൗനമായിരിക്കുകയും ചെയ്യുന്നു.   ഒരു പൂവ് വിടരുമ്പോൾ ചെടി നൊമ്പരപ്പെടാറുണ്ടോ  എന്നെനിക്കറിയില്ല.   പക്ഷെ നിനക്കത് മനസിലാകും.   വിഷാദത്തിന്റെ കയങ്ങളിൽ നിന്നും  ഒഴുക്കിന്റെ വേഗതകുറഞ്ഞ് കരപറ്റുവാൻ നീ കാത്തിരുന്ന നിമിഷങ്ങൾ.   നീ എന്നോ മറന്ന ദുഃഖസ്മൃതികൾ ഒരു കാരണവുമില്ലാതെ  നിന്റെ ഹൃദയത്തെ മുട്ടിവിളിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങൾ.   ജീവന്റെ മഞ്ഞുരുകി പുഴയായ് ഒഴുകുമ്പോൾ  തെളിയുന്ന അസ്ഥിരമായ വേദനകളുടെ തുരുത്തുകൾ.   അടിവയറിന്റെ നൊമ്പരങ്ങളിൽ നിന്നും  പറന്നുപോകാൻ കൊതിക്കുന്ന  വിഷാദത്തിന്റെ തണൽചില്ലയിലിരിക്കുന്ന ചിത്രശലഭങ്ങൾ. 

ഓരോ ചന്ദ്രമാസത്തിന്റെയും ഇടവേളയുടെ ദൂരത്തിൽ 
അവളിലെ പുഴ പിന്നെയും ഒഴുകാൻ തുടങ്ങുമായിരിക്കും.
ഒഴുകിയാലും ഇല്ലെങ്കിലും അവൾക്കുള്ളിലെ പ്രപഞ്ചത്തിൽ 
അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും..
നിനക്കത്  വേദനയായിരിക്കും. 
പക്ഷെ എനിക്കത്  അത്ഭുതമാണ്.
Sadist.
നീയെപ്പോഴും പറയാറുള്ളതുപോലെ.

No comments: