Monday, April 4, 2011

ഋതുസഞ്ചാരം

അവന്റെ പ്രവൃത്തികളില്‍ അവനു തന്നെ അപരിചിതത്വം അനുഭവപ്പെട്ടപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്. രാത്രി ഏറെ വൈകി കിടക്കുന്ന ശീലം എപ്പോഴാണ് ഉപേക്ഷിപ്പെട്ടതെന്ന് അവനോര്‍മ്മയില്ല. ജീവിതത്തിന്റെ ആവര്‍ത്തനങ്ങളില്‍ നിന്നും രക്ഷനേടാന്‍ അവന്റെ ഉപബോധമനസ്സ് ആഗ്രഹിച്ചിരുന്നതിന്റെ താല്പര്യമായിരിക്കും ഈ മാറ്റം.

ഒരു മഴയുടെ, ഒരു വെയിലിന്റെ നേരെ കണ്ണുംനട്ടും ഇരിക്കാറുള്ള ആ മനസ്സ്. ഇന്ന് ജീവിതത്തിന്റെ പ്രായോഗികവശങ്ങളിലേക്ക് മാത്രം മുഖം തിരിക്കുന്നു. പ്രകൃതിയുടെ ആര്‍ദ്രമായ കാഴ്ച്ചകള്‍ കണ്ണില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്നില്ല. ജലോപരിതലത്തില്‍ ഒഴുകിനീങ്ങുന്ന എണ്ണച്ഛായങ്ങള്‍ പോലെ, ആഴങ്ങളെ സ്പര്‍ശിക്കാതെ അവ അദൃശ്യമാകുന്നു.

വൈഗ! അവളോട് പോലും ഇപ്പോള്‍ ഒരുപാടൊന്നും സംസാരിക്കാറില്ല. ജോലിത്തിരക്കുകൊണ്ടാണെന്ന് മാത്രം ആശ്വസിക്കാന്‍ പലപ്പോഴും അവനു സാധിക്കാറില്ല. മനസ്സും ചിന്തകളും ആരുടെയോ നിയന്ത്രണത്തിലായിരിക്കുന്നത് പോലെ. കൊള്ളിമീനുകളുടെ ആയുസോടെ പിറവിക്കൊള്ളുന്ന സ്മരണകള്‍ നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ കത്തിയെരിഞ്ഞു പോകുന്നു. കുറച്ചു ദിവസങ്ങള്‍ അവന്റെ തിരിച്ചുവരവിന്നായ് അവള്‍ കാത്തിരുന്നുവെങ്കിലും പിന്നീട് അവന്റെ വഴികളില്‍ നിന്നും മാറിനടക്കുവാന്‍ അവള്‍ ശീലിച്ചു. അവളുമായുള്ള കൂടികാഴ്ച്ചകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും മനസ്സില്‍ പ്രണയത്തിന്റെ വഴികള്‍ മഞ്ഞുമൂടികിടന്നു. മൃദുലവികാരങ്ങളുടെ ചിറകടികള്‍ അകലേക്ക് പറന്നു പോയിരിക്കുന്നു. തികച്ചും ഒറ്റപ്പെട്ടുപ്പോയ ആ അവസ്ഥയില്‍ അവന്റെ ഭൂതകാലം അവനില്‍ നിശബ്ദമായ് പിറവിക്കൊള്ളുകയായിരുന്നു.

തന്റെ വ്യക്തിത്വം അപഹരിക്കപ്പൊട്ടിരിക്കുന്നതായി ആനന്ദിനു തോന്നി. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് വന്ന മാറ്റം അവനെ പരിഭ്രാന്തനാക്കി. എപ്പോഴും ചെയ്യാറുള്ളപോലെ കുളിമിറുയിടെ സ്വകാര്യതയിലേക്ക് അവന്‍ പതുങ്ങിനിന്നു. വാഷ്ബേസിനില്‍ നിന്ന് തണുത്ത വെള്ളം മുഖത്തേക്കെറിഞ്ഞ് ചില്ലുകണ്ണാടിയിലേക്ക് മൗനത്തിലേക്ക് അവന്‍ കുറച്ചുനേരം നോക്കിനിന്നു. എത്രയോ ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ മുഖം കാണ്ണാടിയില്‍ കാണുന്നതെന്നു അപ്പോഴാണ് അവന്‍ ഓര്‍ത്തത്. അവന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതമായ മുഖമായിരുന്നു അപ്പോഴവന്..

ഉത്തരം കിട്ടാത്ത ചോദ്യത്തിന്റെ നേര്‍ക്കെന്നപോലെ മനസ്സ് അവന്റെ മുഖത്തേക്ക് നിസംഗമായി നോക്കിനിന്നു. അപരിചിതമായ ഏതോ ലോകത്തില്‍ എത്തിയത്പോലെ.. അപരിചിതത്വം മനസ്സില്‍ നിന്നും കാഴച്ചയിലേക്ക് സഞ്ചരിക്കുകയാണ്..കണ്ണാടിയില്‍ പതിഞ്ഞ കാഴ്ചയുടെയും മനസിന്റെയും ഇടയില്‍ പ്രക്ഷുബ്ദമായ ഒരു കടല്‍ ഇളകികൊണ്ടിരുന്നു. മനസ്സ് പുതിയ രൂപം അംഗീകരിച്ചില്ല. കാഴ്ച്ച മനസ്സിനെയും. ഋതുകളുടെ സഞ്ചാരം പോലെ, ചിലപ്പോള്‍ മനസിലൂടെയും ചിലപ്പോള്‍ കാഴ്ചകളിലൂടേയും, അവന്‍ മാറി മാറി സഞ്ചരിച്ചുകൊണ്ടിരുന്നു. പതിയെ കലങ്ങി തെളിയുന്ന തടാകം പോലെ അവന്റെ മനസ്സ് നിശ്ചലതയെ അന്വേഷിച്ചു.

പിന്നീട് ഇരട്ട വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. രണ്ടു ജന്മങ്ങള്‍ ഒരാളില്‍ ഒരു ജീവിതകാലത്ത് തന്നെ സംഭവിക്കുന്നത്.. അല്ലെങ്കില്‍ ചിലപ്പോള്‍ കാലത്തിനു തെറ്റുപറ്റിയതായിരിക്കും! ഏതായലും ചിലപ്പോഴോക്കെ അവന്‍ അവന്റെ മനസ്സു മാത്രമാണ്.ചിലപ്പോള്‍ കാഴ്ച്ചകള്‍ മാത്രവും. അവന്‍ അവനായിരിക്കുമ്പോഴൊക്കെ അവളെ അന്വേഷിച്ചു. ഋതുസഞ്ചാരങ്ങള്‍ പോലെ അവന്‍ മാറികൊണ്ടിരുന്നു..ഋതുക്കള്‍ മാറി വരുമ്പോള്‍ അവളും അവനില്‍ നിന്നും മാറിനടന്നു.

No comments: