Monday, December 15, 2008

ഞാന്‍ ആരുടെ സ്വപ്നമാണ്

ഡിസംബര്‍.. 13

ഒരു യാത്ര പോകുവാന്‍ ഇന്നു പുലര്‍ച്ചയ്ക്കു മുന്‍പേ ഞാനുണര്‍ന്നു. ഇങ്ങനെയൊരു ഒരു യാത്ര ഇടയ്ക്കുളളതാണെനിക്ക്..ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. യാത്രയ്ക്കൊരു ലക്‌ഷ്യമുണ്ടെങ്കിലും ഒരൊറ്റ ലക്‌ഷ്യത്തിലേക്കു മാത്രമായി യാത്ര ചെയ്യാറില്ല.

നഗരവീഥികള്‍ പിന്നിട്ടിട്ട് ഏറെ നേരമായി.. തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെയാണു ഇപ്പോള്‍ യാത്ര. നിരത്തുകള്‍ യുദ്ധം കഴിഞ്ഞ രണഭൂമിപോലെ വിജനമാണ്. മനസ്സില്‍ ഭയം ഉണരുന്നു....ഒരുപക്ഷെ ഏകാന്തമായ ഈ വഴികള്‍ എന്നെ നയിക്കുന്നത് ഒരു പുനര്‍ജന്മത്തിലേക്കാവം.

നേരം പുലരുകയാണു.. എന്നത്തേക്കാളേറെ തണുപ്പുണ്ടു ഈ പുലരിക്ക്.. മഞ്ഞുധൂളികള്‍ അന്തരീക്ഷത്തില്‍ അധികാരഗര്‍വ്വൊടെ നില്‍ക്കുന്നു.. മരണത്തിന്റെ നിശ്വാസം പോലെ.

അധികം ദൂരെയല്ലാതെ ഒരു വീടിനു മുന്‍പില്‍ കുറച്ചുപേര്‍ കൂടിനില്‍ക്കുന്നു‍ണ്ടു‍. അവരുടെ സംസാരങ്ങള്‍ക്കൊപ്പം കുറെ നിലവിളികളും എന്റെ കാതില്‍ വന്നലച്ചു. ഒരു ജിജ്ഞസയെക്കളുപരി എന്നെ അവിടേക്ക് ആകര്‍ഷിച്ചതു ഏതോ ഉള്‍വിളികളാണ്. അതൊരു മരണവീടാണെന്നു മനസ്സിലാക്കാന്‍ എന്റെ സാമാന്യബുദ്ധി അധികമായിരുന്നു.

എനിക്ക് അപരിചിതമായിരുന്നു ആ വീടും പരിസരവും. മരണത്തിന്റെ ഗന്ധം.. ചന്ദനത്തിരികളുടെ പുകചുരുളുകളാല്‍ അവിടെയാകെ നിറഞ്ഞിരുന്നു.

വിളറിയ നീലപൂശിയ ഒരു വലിയ മുറിയുടെ മദ്ധ്യത്തിലായാണു മൃതദേഹം കിടത്തിയിരുന്നത്. അതിനടുത്തിരുന്നു കരയുന്നവരെയോ സമീപം കൂടിനില്‍ക്കുന്നവരെയോ എനിക്ക് പരിചയമുള്ളതായി തോന്നിയില്ല. മൃതദേഹത്തിനടുത്തിരുന്നു കരയുന്ന ആ സ്ത്രീ അമ്മയാവാം. ഒരു ജനനിയുടെ ദുഖത്തിനു മരണത്തിന്റെ കീഴ്വഴക്കങ്ങളില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവരോടു പറയണമെന്നുണ്ടായിരുന്നുവെനിക്ക്..

ഞാന്‍ മൃതദേഹത്തിനടുത്തുചെന്നു മുഖത്തേക്കു നോക്കി....ഒട്ടും അപരിചിതമല്ല ആ മുഖം..സ്മരണകളുടെ സുവര്‍ണനൂലുകള്‍ക്ക് ബലം നഷ്ടപ്പെട്ടുവെന്നു തോന്നി.. ഒരു സ്വപ്നം പോലെ.. ആ മുഖവും ആ പരിചിതത്വത്തിന്റെ കാരണവും.. എന്റെ മനസ്സില്‍ അവ്യക്തമായി തന്നെ നിന്നു. നിലവിളികള്‍ ഒറ്റപ്പെട്ട തേങ്ങലുകളായി മാറി.. എന്റെ ഹൃദയം ആ അന്തരീക്ഷത്തില്‍ ലയിച്ചു പോകുമെന്നു തോന്നിയതു കൊണ്ടു ഞാന്‍ അവിടെ നിന്നും 'രക്ഷപെടുവാന്‍' തീരുമാനിച്ചു.

അവിടെ കൂടിനില്‍ക്കുന്നവരുടെ അടക്കിപിടിച്ച സംസാരത്തില്‍ നിന്നും ഒരു അപകടത്തില്‍ മരണമടഞ്ഞ ചെറുപ്പക്കാരനാണതെന്നു മനസ്സിലായി. മരിക്കുമ്പോള്‍ അവനു 26 വയസേ ഉണ്ടായിരുന്നുള്ളുവെന്നും. ഞാന്‍ അവിടെനിന്നും ഇറങ്ങി എന്റെ ബൈക്കിനടുത്തേക്കു നടന്നു. പരിചിതമായ ആ മുഖം, അതിന്റെ കാരണങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും..

അവന് എന്റെ മുഖച്ചായയാണെന്ന്..
അതു ഞാന്‍ തന്നെയാണെന്ന്..

ആ അപ്രിയസത്യം അം‌ഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല.

അപ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരുന്നു.. സ്വപ്നത്തിന്റെ ചിറകുകളൊതുക്കി ഞാന്‍ യാഥര്‍ത്യങ്ങളിലേക്കുണര്‍ന്നു..


-----------------------------------
NB: ഇതിന്റെ കഥാതന്തു എന്റെ കൂട്ടുക്കാരിയുടെ ഡയറിത്താളുകളില്‍ നിന്നും അടിച്ചുമാറ്റിയതാണ്.. സദയം ക്ഷമിക്കുക.
No comments: