Sunday, December 29, 2019

 ഒറ്റയ്ക്കാകുന്ന രണ്ടുപേര്‍

Wednesday, December 4, 2019

നീ  എന്നെ  സ്നേഹിക്കുന്നുണ്ടോ  ഇല്ലയോ  എന്ന്  നിന്നെ  മനസിലാക്കി  തരാനേ  എനിക്ക്  സാധിക്കൂ.  എന്നെ  സ്നേഹിക്കണമെന്ന്  പറയാൻ  സാധിക്കില്ല.

Sunday, December 1, 2019

മറുക്

നീ  എപ്പോഴെങ്കിലും  കണ്ടിട്ടുണ്ടോ  നിന്റെ  പിൻകഴുത്തിൽ  മുടിയിഴകളാൽ  പാതിയും  മറഞ്ഞിരിക്കുന്ന  ആ  മറുക്.  

മറുകുകളോടുള്ള  ഇഷ്ടം  എന്നിൽ  എപ്പോഴാണ്  തുടങ്ങിയതെന്നറിയില്ല.   നിന്നെ കണ്ടതിന്  ശേഷമായിരിക്കും.   നിന്റെ  ചുണ്ടുകൾക്ക്   മുകളിൽ മേഘങ്ങൾക്കിടയിൽ   ഒളിച്ച   നിലാവ്   പോലെയുള്ള   മങ്ങിയ   ഒറ്റ   മറുകാണ്‌ ഞാൻ  ആദ്യം  ശ്രദ്ധിച്ചത്.   പിന്നെ  ഇടത്തെ  കവിളിൽ  കാക്കപുള്ളികൾ  പോലെ  ചെറിയ  മറുകുകൾ.   തമ്മിൽ  കാണുമ്പോഴൊക്കെ  നിന്റെ കൺപുരികങ്ങൾക്ക്  മുകളിലുള്ള  മറുക്  ഞാൻ  എത്രയോ  നേരം  നോക്കിന്നിട്ടുണ്ട്.   ചിരിക്കുമ്പോൾ  അത്  ആ  കണ്ണുകളോടൊപ്പം  വിടർന്നു വരികയും  നൊമ്പരപെടുമ്പോൾ  അത്  ചെറുതാകുകയും ചെയ്തു.   നിന്റെ കഴുത്തിൽ  നിന്നും  താഴേക്ക്  പടർന്നിറങ്ങിയ,  നക്ഷത്രരാശിയിലെ  നക്ഷത്രങ്ങളെപോലെ,   തെളിച്ചമുള്ളതും  ഇല്ലാത്തതുമായ  കുറെ  മറുകുകൾ.   നിന്റെ  മൃദുലമായ  വയറിന്റെ  ഇടത്തെ  ചരിവിൽ  ചിത്രശലഭത്തിന്റെ  കണ്ണുകൾ  പോലെയുള്ള  മറുകുകൾ.  ആ  മറുകുകളിൽ  ചുംബിക്കണമെന്ന് എനിക്ക്  എത്രയോ  വട്ടം  തോന്നിയിരിക്കുന്നു.. ഏകാന്തമായൊരു  ദ്വീപ് കണക്കെ  നിന്റെ  കൈത്തണ്ടയിലെ  തീപൊള്ളൽക്കലയോട്  ചേർന്ന്  തെളിഞ്ഞ  ആ  മറുകിന്റെ  തീരങ്ങളിൽ  നിന്നും  എനിക്ക്  ഇനിയും  പോരാനായിട്ടില്ല.   നിന്നെ കൂടുതലറിയുംതോറും നിന്നിലെ  മറുകുകളാണ്  എനിക്ക്  തെളിഞ്ഞു  വന്നത്.   നിന്റെ  കണങ്കാലുകൾക്ക്  താഴെ  തെളിയാതെപോയ  ആ  മറുകിൽ  ചുംബിച്ച്  നിന്റെ  കാലുകളെയും  ചേർത്തുപിടിച്ച്  എനിക്ക്  ഉറങ്ങണമെന്നുണ്ട്.

ഇതിപ്പോൾ  ഒരു  ചുംബനം  കൊണ്ടൊന്നും  തീരുമെന്ന്  തോന്നുന്നില്ലല്ലോ.. 

Tuesday, November 19, 2019

തോൽക്കുമെന്നറിയാമെങ്കിലും  എനിക്ക്  യുദ്ധം  ചെയ്തുകൊണ്ടിരിക്കുന്നതാണ് ഇഷ്ടം,  എന്നോട്  തന്നെ. 

Friday, October 11, 2019

എങ്ങിനെയാണ്  ഒരേ  കാര്യങ്ങൾക്ക്  രണ്ടു  ദൂരങ്ങൾ  ഉണ്ടായിരിക്കുക !!

Thursday, October 10, 2019

നമ്മളെല്ലാവരും  ജലമാണ്.   അല്ലെങ്കിൽ  ജലത്തിന്റെ  വകഭേദങ്ങൾ.  ഒന്ന്  മറ്റൊന്നിനോട്  അതിരുകൾ  നിർവ്വചിക്കാനാവാത്തവിധം  ചേർന്നിരിക്കുന്നു. 


Sunday, September 29, 2019

പെൺകുട്ടികളുടെ മുറി

അത് ചിലപ്പോൾ ഒരു വാകമരത്തിന് ചുവട്ടിലിരിക്കുന്ന പോലെ പ്രണയാർദ്രവും,   ഒരു മരപൊത്തിലെന്നപോലെ സ്വകാര്യവും  ആയിരിക്കും.   അതിന്റെ ചുവരുകളിൽ നിങ്ങൾ കാണുന്ന നിറങ്ങളല്ലാതെ മറ്റുപലതുമുണ്ടാകും.   അവളുടെ   കൗതുകങ്ങളും   പ്രണയവും   ഇഷ്ടങ്ങളും   ഇഷ്ടക്കേടുകളും  അങ്ങനെ പലതും. 

കൗമാരത്തിന്റെ തുടക്കത്തിലാണ് എനിക്ക് മാത്രമായി ഒരു മുറി കിട്ടിയത്. സ്വന്തമായി മുറിയുള്ള പെൺകുട്ടികൾ ഭാഗ്യവതികൾ ആണ്.   വിവാഹ ശേഷം അവർക്ക് നഷ്ടപ്പെടാൻ പോകുന്നതും ആ ഭാഗ്യമാണ്.   അവരുടേത് മാത്രമായ ലോകം;    രാത്രിയിൽ ആരെയും ശ്രദ്ധിക്കാതെ ആകാശം നോക്കിയിരിക്കാനും,    ആകാശം കാണാതെ ഒരു മയിൽ‌പീലിതുണ്ടായിരിക്കാനും കഴിയുന്നോരിടം.

ഉള്ളിലെ മാറ്റങ്ങളെ അറിയുവാനും  പുറമേക്ക്  മാറ്റങ്ങളേതുമില്ലാതെയിരിക്കുവാനും   അവളെ ശീലിപ്പിച്ച ഇടം.  വിഷമിക്കാനും  സന്തോഷിക്കാനും   ആർദ്രമാകാനും   പ്രണയിക്കാനും   ഉറങ്ങാതെയിരിക്കാനും   ഉണരാതിരിക്കാനും  സ്വാതന്ത്ര്യമുള്ള  ഇടം.  വിവാഹത്തോടെ വീടില്ലാതെയാകുന്ന പെൺകുട്ടികളുടെ,   ഇതുവരെ നേരിൽ കാണാത്ത  ആ മുറിയെ കുറിച്ച്,   ഞാൻ ഇനിയും എന്തെഴുതാൻ.