Wednesday, July 1, 2015

എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും ഞാൻ കൂടുതൽ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നു. നിമിഷാർദ്ധങ്ങളിൽ തന്നെ സങ്കടവും ആശ്വാസവും സന്തോഷവും മാറി മാറി വരുന്നു.

പക്ഷെ എനിക്ക് എന്നെക്കുറിച്ചു ആലോചിക്കുന്നതിന്റെ സന്തോഷം നഷ്ടപ്പെടുത്താൻ വയ്യാത്തത്കൊണ്ട് ഞാൻ പിന്നെയും അത് തന്നെ ആലോചിച്ചിരിക്കുന്നു..

Sunday, June 21, 2015

ഒരേ  വഴികളിലായിരിക്കുമ്പോഴും  അപരിചിതത്വത്തിന്റെ നിഴലുകളിലൂടെയാണ്  നമ്മൾ  യാത്ര  ചെയ്യുന്നതെന്ന്   തോന്നുന്നു.

Friday, April 10, 2015

നിയമത്തിന്റെ ഉദ്ദേശം സമത്വസുന്ദരസുരക്ഷിത ലോകം കെട്ടിപ്പടുക്കുക എന്നതാണ്.

Friday, February 13, 2015

നാളെ വാലെന്റൈൻസ് ഡേ ആണ്.
പ്രണയത്തെ മറന്നു പോകുന്നവർക്കുള്ള ദിനം

Thursday, January 8, 2015

അന്ത ഭയം ഇറിക്കിട്ടും..

ഉറങ്ങാൻ കിടക്കുമ്പോൾ അകാരണമായ ഒരു അനിശ്ചിതത്വത്തെകുറിച്ച്  ഞാൻ ബോധാവനാകും. എങ്ങിനെയാണ്, എപ്പോഴാണ് ഉറക്കം എന്നില്‍ സംഭവിക്കുന്നതെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടും.  ആ സമയത്ത്,   ഉറക്കത്തിന്റെ ആ അരികുകളിൽ  നിൽക്കുമ്പോൾ..,
അപ്പോൾ മാത്രം,  എനിക്ക് ഉറങ്ങുവാൻ ഭയം തോന്നും.
ഉറക്കത്തിനും ഉണർവിനും ഇടയ്ക്ക് ഞാൻ എന്നെതന്നെ ബലികൊടുക്കുന്നപോലെ എനിക്ക് തോന്നും.  ആ കുറച്ചു നിമിഷങ്ങൾ ആർക്ക് വേണമെങ്കിലും എന്നെ നിയന്ത്രിക്കാനാവുംവിധം ഞാൻ എന്നിൽ നിന്നും സ്വതന്ത്രമായിരിക്കുകയും ഞാൻ വേറെ എവിടെയും ഇല്ലാതിരിക്കുകയും ചെയ്യുന്ന സമയം.  എനിക്ക് ആ അവസ്ഥയെ നേരിടാൻ ഭയമാണ്.  ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് എനിക്ക് ഓര്‍മ്മയുണ്ടാകാറില്ല.

Saturday, October 18, 2014

നമ്മുടെ
ഈ ജീവിതം
കീഴ്മേൽ
മറിയാൻ
ഒരു നിമിഷം
തികച്ചുവേണ്ട.  
എന്നിട്ടും
എന്തിനാണ്
നമ്മൾ ഇന്നത്തെ
സന്തോഷങ്ങളെ
നാളത്തേക്ക്
മാറ്റിവയ്ക്കുന്നത്.

Tuesday, September 2, 2014

നിന്റെ പ്രണയം മിന്നമിനുങ്ങിന്റെ വെളിച്ചം പോലെയാണ്
നോക്കിനില്‍ക്കെ അതു മാഞ്ഞുപോകും
പിന്നെ അതു തെളിഞ്ഞു വരും
പിന്നെ പകലാവും
നിന്നെ കാണാതാവും
അങ്ങനെ വലിയ വെളിച്ചമുള്ള ചില ദിവസങ്ങളില്‍
ഞാന്‍ തനിച്ചായിപോകാറുണ്ട്.

അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും
നിന്റെ സ്വാതന്ത്രം നഷ്ടപ്പെടുത്തികൊണ്ട്
ഞാന്‍ നാലറകളുള്ള ഈ തീപ്പെട്ടികൂടിനുള്ളില്‍ നിന്നെ പിടിച്ചുവച്ചിരിക്കുന്നത്.


അങ്ങനെ ഞാന്‍ ഒറ്റയ്ക്കാകതിരിക്കാനാണ്..