Wednesday, February 5, 2014

ഈ ലോകത്ത് പഞ്ചഭൂതങ്ങൾ പോലെയാണ് മനുഷ്യരുടെ സ്വഭാവവും.  ചിലർ ജലത്തെ പോലെയായിരിക്കുമ്പോൾ മറ്റുചിലർ അഗ്നിയെ പോലെയാണ്. പിന്നെ  ഭൂമിയെപോലുള്ളവർ..  കാറ്റിനെപ്പോലുള്ളവർ.

അഗ്നിയുടെ സ്വഭാവം ഉള്ളവർ ഗുരുക്കന്മാരാണ്. അവർക്ക് നമ്മളെ ശുദ്ധീക്കരിക്കാൻ കഴിയും. ജലത്തെ പോലുള്ളവർ അലസരാണ്. ഭൂമിയെ പോലുള്ളവർ സ്വാർത്ഥതയില്ലാത്തവരാണ്. ഇനി വായുവിന്റെ ഗുണമുള്ളവർ അവരുടെ സ്വത്വത്തെ അല്ലാതെ വേറൊന്നിനെയും ശ്രദ്ധിക്കാത്തവരാണ്. പക്ഷെ പ്രധാനപെട്ട കാര്യം എന്താണെന്നുവച്ചാൽ എല്ലാവരിലും പഞ്ചഭൂതങ്ങളുടെ എല്ലാ ഗുണങ്ങളും ഉണ്ടാകും എന്നതാണ്. ഏതു ഗുണമാണോ കൂടുതൽ പ്രതിഫലിക്കുന്നത് അത് പ്രത്യക്ഷമാകും എന്ന് മാത്രം.

ആകാശത്തെ  ദർശിക്കാനാവാത്തകൊണ്ട് ആകാശം പഞ്ചഭൂതങ്ങളിൽ പെടുന്നില്ല എന്നാണ് ചാർവാകമതം പറയുന്നത്.  ആകാശത്തിന് ഒരു പ്രത്യേക സ്വഭാവം അവകാശപ്പെടാനില്ലത്രെ. എല്ലാത്തിനെയും ഉൾകൊള്ളുന്ന എല്ലാത്തിന്റെയും ഒരു പ്ലാറ്റഫോം ആയി അത് നിലനിൽക്കുന്നു. അതുകൊണ്ട് അവർക്ക് പഞ്ചഭൂതങ്ങൾ എന്നൊരു കാര്യം ഇല്ല. ചതുർഭൂതങ്ങൾ ആണ് ഉള്ളത്.   അത് ശരിയാണെന്നു എനിക്കു തോന്നാറുണ്ട്.

Tuesday, January 21, 2014

പച്ചകടല്‍

പച്ചനിറമുള്ള കടല്‍ പോലെ തോന്നിച്ച, മരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ആഴങ്ങളിലേക്ക് അവന്‍ നോക്കി നിന്നു. കാറ്റടിക്കുമ്പോള്‍ വൃക്ഷതലപ്പുകള്‍ ചാഞ്ഞും ചരിഞ്ഞും തിരമാലകള്‍ പോലെ ഇളകുന്നുണ്ടായിരുന്നു.

കാറ്റ് ശബ്ധത്തോടെ നിരന്തരമായി വീശികൊണ്ടിരുന്നു. അതിനും താഴെ അവളുടെ നേര്‍ത്ത ശബ്ധത്തിനു വേണ്ടി അവന്‍ ചെവിയോര്‍‍ക്കായായിരുന്നു. അവിടെ ആ സമുദ്രത്തിനുള്ളില്‍ അവള്‍ ജീവനുവേണ്ടി ദാഹിക്കുന്നുണ്ടാവും. അവള്‍ കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കയാവും, കണ്ണുകളിലൂടെ പ്രാണന്‍ നഷ്ടപ്പെടാതിരിക്കാന്‍.

അവന്‍ അത് കേട്ടന്നു തോന്നുന്നു.. തിടുക്കത്തില്‍ ചെന്ന് വടവും കപ്പിയുമായി പാറക്കൂട്ടത്തിന്റെ അരുകില്‍ ചെന്ന് ഒരു വലിയ പാറയുമായ് വടം ചേര്‍ത്തുകെട്ടിയതിനു ശേഷം അവന്‍ ഉടുമ്പിനെ പോലെ പാറകളില്‍ പിടിച്ചും പാമ്പിനെ പോലെ ഊര്‍ന്നും ആഴങ്ങളിലേക്ക് ഇറങ്ങികൊണ്ടിരുന്നു. പക്ഷേ ഒരോ ചുവടുകഴിയുമ്പോഴും താന്‍ ഉയരങ്ങളിലേക്ക് പോകുന്നതായാണ് അവനു തോന്നിയത്.

ഹൃദയം എന്തെക്കെയോ അവളോട് സംസാരിച്ചുകൊണ്ടിരുന്നു.. അവളോട് പേടിക്കരുതെന്ന് പറഞ്ഞു.. അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. അവന്‍ വരുമെന്ന് അവളോട് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരു തരിപോലും പ്രാണന്‍ പുറത്തുപോകാതിരിക്കാന്‍,
അവന്‍ വരുന്നതുവരെയെങ്കിലും..

അരികിലെവിടെയോ വീഴുന്ന നേര്‍ത്ത ജലപാതത്തിന്റെ ശബ്ദവും തണുപ്പും അവളുടെ ശരീരത്തിലെ വേദനകളെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിച്ചു. ഇന്ന് രാവിലെയാണ്‍ അവള്‍ സൂയിസൈഡ്പോയിന്റിന്റെ അരികില്‍ നിന്നും പച്ചകടലിന്റെ ആഴം നോക്കിയത്. അവള്‍ വിചരിച്ചതിലും ആഴം അതിലേക്കുണ്ടെന്ന് ഹൃദയം അവളോട് പറയുന്നുണ്ടായിരുന്നു. അവള്‍ അത് ശ്രദ്ധിക്കാത്തപോലെ കണ്ണുകളടച്ച് ജലത്തിലേക്കെന്നപോലെ വായൂവിലൂടെ ഊളിയിട്ടു. പിന്നെ എവിടെയോ തട്ടി എല്ലുകള്‍ നുറുങ്ങുന്നതിന്റെ ശബ്ദം കേട്ടു. നീലഞരമ്പുകളീല്‍ നിന്നല്ലാതെ രക്തം ഉറവപ്പൊട്ടി അവളെ ആകെ നനച്ചു. പിന്നെ ശിഖരങ്ങള്‍ക്കിടയിലൂടെ ജലപാതം പോലെ ചുവന്ന നിറത്തില്‍ അവള്‍ താഴേക്ക് ഒഴുകിയിറങ്ങി.

എന്തിനുവേണ്ടിയെന്നു ചോദിച്ചാല്‍ അവള്‍ പറയും അവനെ കാണാനാണെന്ന്..അവനേടൊപ്പം ജീവിക്കാനാണെന്ന്. അവള്‍ക്കവനെ വേണമായിരുന്നു. ഇവിടെ അവള്‍ തനിച്ചാണെന്നറിഞ്ഞാല്‍ എവിടെയാണെങ്കിലും അവന്‍ വരുമെന്ന് അവള്‍ക്കറിയാം

ദൂരെ വീഴുന്ന ജലപാതത്തിന്റെ ശബ്ദത്തിനിടയില്‍ നിന്നും അവന്റെ കാലടികളുടെ ശബ്ദം അവള്‍ക്കിപ്പോള്‍ കേള്‍ക്കാം.. അവളുടെ ഹൃദയമിടിപ്പുകളേക്കാള്‍ വേഗതയില്‍ അവന്‍ നടന്നുവരുന്നത് അവളറിഞ്ഞു... അവളുടെ ഹൃദയം അവളോട് കണ്ണുകള്‍ തുറക്കാന്‍ പറഞ്ഞു. പക്ഷേ അവള്‍, അവന്‍ അടുത്തുവന്ന് തന്നെ വിളിക്കുന്നതും കാത്തിരുന്നു. അവന്റെ വിളി കേട്ട് കണ്ണുകള്‍ തുറക്കാന്‍ അവള്‍ ആഗ്രഹിച്ചു.

അവന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് എത്തുന്നതും കാത്ത് അവള്‍ ആ വലിയ മരങ്ങള്‍ക്കിടയില്‍ ചുവപ്പുനിറമുള്ള ഒരു ഇല പോലെ അതിന്റെ വേരുകള്‍ക്കിടയില്‍ കിടന്നു.

പിന്നീട് അവള്‍ ഒന്നും അറിഞ്ഞില്ല....
അവന്‍ അവളുടെ അരികില്‍ വന്നതും..വിളിച്ചതും..
അവളെ ചേര്‍ത്തുപിടിച്ചതും ഒന്നും.
അവളുടെ ഹൃദയം പറയുന്നതും..പിന്നീട് അവള്‍ കേട്ടില്ല.
പച്ചകടലിന്റെ ആഴങ്ങളില്‍ അവന്‍ തനിച്ചു നിന്നു.  

Sunday, December 15, 2013

അവള്‍

നീ എന്നോടൊപ്പം ഒഴുകുന്ന പുഴയാണ്
അവള്‍ എന്നിലേക്കൊഴുകുന്നതും

ഞാനിലെങ്കില്‍ അവള്‍ക്കൊഴുകിചേരാന്‍ സമുദ്രങ്ങളില്ലാതെ പോകും
അവളുടെ യാത്ര എന്നിലേക്കാണ്
ഞാനിലെങ്കില്‍ അവള്‍ക്കൊഴുകാന്‍ ലക്ഷ്യങ്ങളില്ലാതെ പോകും
ഞാനില്ലാതെ അവള്‍ക്കൊഴുകാനാവില്ല..

നീ എന്നോടൊപ്പം ഒഴുകുന്ന പുഴയാണ്
അവള്‍ എന്നിലേക്കൊഴുകുന്നതും.

Sunday, December 8, 2013

അര്‍ദ്ധാംഗനി

ശൈത്യരാത്രിയില്‍   കനലിന്റെ   ഉറവയില്‍നിന്നും
ഒഴുകിവരുന്ന   അഗ്നിപോലെയായിരുന്നു   അവളുടെ   ചുംബനം
------

നിന്റെ ചുംബനത്താല്‍ എന്റെ ചിറകുകള്‍ നനഞ്ഞിരിക്കുന്നു
എന്റെ ശ്വാസം നിന്റെ അഗാധതയിലേക്ക് ആഴ്ന്നുപോയിരിക്കുന്നു.

ഒരിക്കലും തീരാത്ത ചുംബനങ്ങളോടെ  നിന്നരികിലിരിക്കാന്‍..
ഒരു മഴതുള്ളിയില്‍ നിന്നും  സമുദ്രത്തെ സൃഷ്ടിക്കുന്ന  പുഴയുടെ ഉറവയാകുവാന്‍
എനിക്ക് നിന്നെ ചുംബിക്കണം;

എന്റെ ഹൃദയം നിശബ്ദമാകും വരെ..
കണ്ണുകളില്‍ നിന്ന്
പ്രാണന്‍ പറന്നുപോകും വരെ..
എല്ലാ ഞരമ്പുകളില്‍ നിന്നും ശ്വാസമെടുത്ത്
ജീവ്ന്റെ ഒരു കണിക പോലും
എന്നില്‍ അവശേഷിക്കാത്തവിധം
ഹൃദയത്തില്‍ അവസാന സ്പന്ദനത്തിന്റെ
ശാന്തതയോടെ എനിക്ക്  ചുംബിക്കണം

പിന്നീട്..

പ്രണയം മൗനമായിരിക്കുന്ന
നിന്റെ മനസിന്റെ കൂടാരത്തില്‍
അതിഗൂഡവും മനോഹരവുമായ നിന്റെ ഗര്‍ഭത്തില്‍..
ഞാനുറങ്ങട്ടെ..
നിന്റെ സ്പന്ദനങ്ങളില്‍ പാതി എനിക്കായിരിക്കും
നിന്റെ എല്ലാ ഞരമ്പുകളും എന്നിലേക്കായിരിക്കും
നിനക്കെന്നെ ശ്വസിക്കാം..  കേള്‍ക്കാം..

Monday, October 7, 2013

നിനക്ക്  ഞാനൊരു
ചിറകെടുത്തുവച്ചിട്ടുണ്ട്..
എന്നോടൊപ്പം
അടുത്ത
ജന്മത്തിലേക്ക്
യാത്ര ചെയ്യാന്‍..

Monday, June 3, 2013

കൗമാരം

എന്റെ ചില്ലകളില്‍ സ്വപ്നങ്ങള്‍ പൂത്തു തുടങ്ങിയതും
വരികളില്‍ പ്രണയം നിറയാന്‍ തുടങ്ങുന്നതും അപ്പോഴാണ്

യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞതും
രാത്രികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതും അപ്പോഴാണ്

സിനിമാപരസ്യങ്ങളില്‍ കണ്ണുകളുടക്കിയതും
കണ്ണടച്ച് ഇരുട്ടാക്കി സിനിമയ്ക്ക് പോകാന്‍ തുടങ്ങിയതും അപ്പോഴാണ്

നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതും
നിറങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതും അപ്പോഴാണ്

നിന്റെ ഒരു നോട്ടത്തിനായ് കണ്ണുകള്‍ കാത്തിരുന്നതും
നിന്റെ ചിലമ്പലുകള്‍ ഹൃദയത്തിന്റെ വേഗതകൂട്ടിയതും
ഞാനൊരു അന്തര്‍മുഖനാണെന്ന് മനസിലാക്കീയതും അപ്പോഴാണ്

പറയുന്നതിനും കേള്‍ക്കുന്നതിനും ഉപരി
നിനക്കും എനിക്കുമിടയില്‍
ഹൃദയം സംസാരിക്കാറുണ്ടെന്നറിഞ്ഞതപ്പോഴാണ്

നിശബ്ധത ഒരു ഭാഷയാണെന്നറിയുന്നത് അപ്പോഴാണ്..
അന്നു മുതലാണ്
ഞാന്‍ എന്നെ തനിച്ചാക്കാന്‍ തുടങ്ങുന്നതും..

Wednesday, May 29, 2013

..

ഒരു മഴ നനയണമെന്നേ ഞാന്‍ വിചാരിച്ചുള്ളൂ..
അതില്‍ ഒലിച്ചു പോകുമെന്ന് മനസിലായത്
നിന്നെ പ്രണയിച്ചതിനു ശേഷമാണ്..!