Saturday, May 23, 2009

മാര്‍ച്ച്

നഷ്ടപ്പെടുന്ന ഒരു ഓര്‍മ്മയുടെ നൊമ്പരമാണിത്..

ചില ചുവന്ന സായാഹ്നങ്ങളില്‍ ഒരു വിഷാദ രാഗം പോലെ മഴ പെയ്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ കുറിച്ചോര്‍ക്കാറുണ്ട്. നമ്മള്‍ വിട പറഞ്ഞിറങ്ങിയ ആ സായാഹ്നത്തിനും ഇതേ വിഷാദ ഭാവമായിരുന്നു. വെറുതെ ഒന്നോര്‍ത്തെന്നേയുള്ളൂ.. നിന്നെ കാണണമെന്നു തോന്നുന്നു. ഒരു പൂവ് വിടരുന്നതുപോലെയായിരുന്നു നിന്റെ ചിരി. നിന്റെ ചിരിക്കുന്ന ആ അധരങ്ങളെക്കാള്‍ എനിക്കോര്‍മ്മയുള്ളത് തമ്മില്‍ പിരിയുമ്പോള്‍ നിറഞ്ഞുതുളുമ്പിയ നിന്റെ വിടര്‍ന്ന മിഴികളെയാണ്.

പ്രണയം വിടര്‍ന്നു നില്‍ക്കുന്ന ആ പൂവാകയുടെ ചുവട്ടിലാണു ഞാനിപ്പോള്‍. ഈ തണല്‍മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് സൗഹൃദം പങ്കുവെച്ചവരുടെ കുസൃതികളും പൊട്ടിച്ചിരികളും ഇവിടെ ഇപ്പോഴും മുഴങ്ങുന്നുണ്ട്. കലാലയത്തിലെ ഈ തണല്‍മരങ്ങള്‍ നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ.. എത്ര ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ചെവിയോര്‍ത്തതാണീ വഴിമരങ്ങള്‍. ഇതിനു ചുവട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാനെന്റെ പ്രണയം നിന്നോട് പറയാന്‍ ആഗ്രഹിച്ചിട്ടുണ്ട്.. നിന്നോടെന്തോ അനാവശ്യം പറഞ്ഞുവെന്നു പറഞ്ഞ് നീ ആ പ്രിന്‍സിന്റെ മൂക്കിന്റെ പാലം ഇടിച്ചൊടിച്ചത് എനിക്കോര്‍മ്മയുണ്ട്. അതോടെ അവന്‍ 'പഠിച്ചു' ഫിസിയോതെറാപ്പിസ്റ്റ് ആയി.. നിന്റെയൊരു കൈപ്പുണ്യം.. സമ്മതിക്കണം. അതെന്തായാലും അതു കഴിഞ്ഞു എന്റെ പ്രണയം നിന്നെ അറിയിക്കാന്‍ ഞാന്‍ ഭയന്നു. എന്റെ ആവശ്യം നിനക്ക് അനാവശ്യമായി തോന്നിയാലോ. കൂടാതെ നിന്റെ സൗഹൃദം എനിക്കാവശ്യമായിരുന്നു. നിന്നെ എനിക്ക് പൂര്‍ണമായി നഷടപ്പെടുന്നതിനേക്കാള്‍ നീയെന്റെ കൂട്ടുക്കാരിയായിരിക്കുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

സൗഹൃദം പ്രണയത്തിനു വഴിമാറുന്നു എന്നു തോന്നിയപ്പോഴൊക്കെ നീ എന്നില്‍ നിന്നും അകലം സൂക്ഷിച്ചു. എനിക്ക് വിഷമമില്ല. നിശബ്ധമായിരിക്കുന്ന പ്രണയം സ്വതന്ത്രമാണ്.. കൂട്ടത്തില്‍ ഞാനും സ്വതന്ത്രമായിരിക്കും. എങ്കിലും നിന്റെ ഹൃദയത്തിനു മാത്രം കേള്‍ക്കാവുന്ന ശബ്ധത്തില്‍ ഞാനത് എത്രയോവട്ടം പറഞ്ഞിരിക്കുന്നു.. നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്ന്.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്. വിടപറച്ചിലിന്റെ വികാരവിക്ഷുബ്ധതയില്‍ മൃദുലഭാവങ്ങളില്‍ നിഴല്‍ വീഴുന്ന മാസം. നീ പറഞ്ഞതു പോലെ.. നാം ഇനി ഒരിക്കലും തമ്മില്‍ കണ്ടുമുട്ടിയില്ലെന്നുവരും.. എങ്കിലും വിരഹനൊമ്പരങ്ങള്‍ ഹൃദയസ്പന്ദനങ്ങളെ നിയന്ത്രിക്കുന്ന കാലത്തോളം ഈ സൗഹൃദം നിലനില്‍ക്കും. നിന്റെ ഹൃദയത്തില്‍ ചിറകുകള്‍ക്കായി കാത്തിരുന്ന എന്റെ പ്രണയവും.

മാര്‍ച്ച് നൊമ്പരങ്ങളുടെ മാസമാണ്..!

വിദൂരസ്വപ്നങ്ങള്‍

നിറമില്ലാത്ത ആകാശത്തേക്ക് നോക്കിനില്‍ക്കെ ജീവിതത്തോടു അവന് വിരസത തോന്നി. വിദൂരതയിലേക്ക് പറന്നു പോകുന്ന കടവാതിലുകളെ പോലെ അവനും അനന്തതയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. ഒരിക്കലും തിരികെ വരണമെന്നില്ലാതെ.
നിഗൂഢമായ വഴികളിലൂടെയുള്ള യാത്രയ്ക്കൊടുവില്‍ അവന്‍ ചെന്നെത്തിയത് മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു അരുവിയുടെ തീരത്താണ്. കാടിന്റെ അതിര്‍ത്തിയിലൂടെയാണ് ആ അരുവിയൊഴുകുന്നത്. അവിടെ നിന്നും നോക്കിയാല്‍ കാടിന്റെ വന്യമായ സൗന്ദര്യം അതിന്റെ ഉന്നതങ്ങളില്‍ ദര്‍ശിക്കാം. ആ അരുവി എവിടെയാണ് ഉത്ഭവിക്കുന്നതെന്നോ എവിടെ ചെന്നുചേരുന്നതെന്ന് ആര്‍ക്കുമറയില്ല. അതിദൂരങ്ങളില്‍ അരുവി മഞ്ഞിനോട് ചേര്‍ന്ന് അപ്രത്യക്ഷമാകുന്നു. അവിടെയാണ് ആത്മാക്കള്‍ നിഴല്‍ രൂപങ്ങളായി സഞ്ചരിക്കുന്നത്..

ഒരു ഒഴുക്കില്‍പ്പെട്ടതു പോലെയാണ് അവന്‍ ആ നിഴല്‍രൂപങ്ങള്‍ക്കിടയിലേക്ക് ചെന്നത്. അനേകം ആത്മാക്ക‍ളോടൊപ്പം അവനും ചേര്‍ന്നുനിന്നു. അവരില്‍ ചിലരുടെയെല്ലാം കണ്ണുകളിലെ തിളക്കം അപ്പോഴും അണഞ്ഞിരുന്നില്ല. അവരെല്ലാം മരിച്ചിട്ട് അധികനേരമായിട്ടില്ല.
ജീവിതകാലത്ത് ഒരോരുത്തരും ചെയ്ത പ്രവൃത്തിയുടെ പ്രതിഫലനമാണ് ഒരോ നിഴല്‍രൂപങ്ങളിലും തെളിയുന്നത്. ചില ആത്മാക്കള്‍ക്ക് തേളിന്റെയും ഒട്ടകത്തിന്റെയും നിഴലുകളാണ്.. മറ്റു ചിലതിന് കഴുകന്റെയും പ്രാവിന്റെയും നിഴലുകള്‍. പുനര്‍ജന്മങ്ങള്‍ കാത്തിരിക്കുന്ന ഇവര്‍ ഇനിയൊരു ദേഹം കിട്ടുന്നതു വരെ ഇത്തരം നിഴല്‍രൂപങ്ങളില്‍ തുടരും.
കൂട്ടത്തില്‍ നിന്നും പരുന്തിന്റെ രൂപഭാവങ്ങളുള്ള ഒരു നിഴല്‍ അവനരികിലേക്ക് വന്നു.
നിന്റെ പേരെന്താണ്..
അവനോട് ചേര്‍ന്നു നിന്നുകൊണ്ട് ആ നിഴല്‍രൂപം അവനോട് ചോദിച്ചു.
ഗ്രാമി..!!
അവന്റെ കണ്ണുകളീല്‍ ഭയത്തേക്കാളേറെ കൗതുകമായിരുന്നു.. ഇത്ര നാളത്തെ യാത്രയ്ക്കിടയില്‍ ഇങ്ങനെയൊരു സ്ഥലത്തെ കുറിച്ച് അവന്‍ കേട്ടിട്ടുപോലുമില്ല. അവന്റെ ഉള്ളില്‍ ഉണരുന്ന ഭയത്തെ ഒളിപ്പിച്ചുനിര്‍ത്തി അവന്‍ ആ നിഴല്‍രൂപത്തിനോട് ആ സ്ഥലത്തെകുറിച്ച് അന്വേഷിച്ചു.
സ്വപ്നങ്ങള്‍ നിഗൂഡതയിലേക്കുള്ള വാതിലുകളാണ്. ചിലപ്പോള്‍ മരണത്തിലേക്കുള്ളതും..
അങ്ങനെയൊരു മുഖവുരയോടെയാണ് ആ നിഴല്‍ അവനോട് സംസാരിച്ചു തുടങ്ങിയത്.
ഇതു ആത്മക്കളുടെ ലോകമാണ്.. സ്വപ്നത്തിന്റെ തരംഗങ്ങളില്‍ കൂടി വഴിതെറ്റി സഞ്ചരിക്കുകയായിരുന്ന നിന്റെ ആത്മാവ് ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. നീ സ്വപ്നങ്ങളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടവാം അവ നിന്റെ ആത്മാവിനെയുംകൊണ്ട് ഇവിടെയെത്തിയത്. അതെന്തായാലും നിനക്കിനി ഇവിടെനിന്നും തിരികെ പോകാനാവില്ല. നീ നിന്റെ ഹൃദയത്തില്‍ നിന്നും ഒരുപാട് അകലെയാണിപ്പോള്‍. ഹൃദയസ്പന്ദനങ്ങള്‍.. അതിന്റെ സംഗീതം നിനക്ക് നഷ്ടമായികഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ ഹൃദയം സംസാരിക്കില്ല.
കടലിന്റെ ആഴങ്ങളും കാടിന്റെ നിഗൂഡ്ഡതയും ആകാശത്തിന്റെ വിശാലതയുമെല്ലാം നിനക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. നിഴല്‍ രൂപം സംസാരിച്ചു നിറുത്തി.
ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്ന അവന്റെ കണ്ണുകള്‍ പതിയെ നിറം മങ്ങിയ കാഴ്ച്ചകളുമായി പൊരുത്തപ്പെടുകയായിരുന്നു.. ഭൂമിയുടെ വശ്യമനോഹാരിത വിദൂരസ്മൃതികളായ് അവന്റെ ഓര്‍മകളില്‍ നിറഞ്ഞു. ഒട്ടൊരു നൊമ്പരത്തോടെ നിറഞ്ഞ കണ്ണുകളുമായി ഇരുണ്ട ഇടനാഴിയിലേക്ക് നോക്കിനില്‍ക്കെ പതിയെ അവന്റെ കൈകള്‍ ചിറകുകളായി മാറി.. അവനൊരു കടവാതിലിന്റെ നിഴലായി മാറുകയായിരുന്നു.. .. അവനാഗ്രഹിച്ചതുപോലെ. പെട്ടെന്ന്..

എടാ എഴുന്നേക്കടാ.. 8.45 ആയി. നിനക്കിന്നു ഓഫീസില്‍ പോകേണ്ടേ..
--------------------

Note: കഥയില്‍ ചോദ്യമില്ല.

Friday, February 20, 2009

സഹയാത്രിക

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ഞാന്‍ അഞ്ജലിയെ പരിചയപ്പെടുമ്പോള്‍ നിന്നോടുള്ള അപൂര്‍ണമായ പ്രണയത്തില്‍ വിരിഞ്ഞ നൊമ്പരങ്ങളെ ഒഴിവാക്കാന്‍ ഒരു കാരണം..അതു മാത്രമായിരുന്നു എന്റെ മനസില്‍.. എന്നാല്‍ ഇന്നിപ്പോള്‍ ഇവളെനിക്ക് എല്ലാമാണ്. നീയെന്നെ കടന്നുപോയതില്‍ പിന്നെ എന്റെ പ്രണയം തുടര്‍ന്നു പോകുന്നതും ഞാന്‍ സൗന്ദര്യങ്ങള്‍ ആസ്വദിക്കുന്നതും ഇവളിലൂടെയാണ്..

നീ അംഗീകരിക്കാതിരുന്ന എന്നിലെ ആ പ്രണയം ഇന്നിപ്പോള്‍ ഇവളുടെ സ്വന്തമാണ്.. നീ പറയും പോലെ യാത്രയിലെ ചില എടുപ്പുകളില്‍ കാണുന്ന നേരമ്പോക്കുകളായിരുന്നില്ല എനിക്കത്. അതുകൊണ്ടു തന്നെ എനിക്ക് നിന്നോട് തോന്നിയ വികാരം സ്നേഹമെന്നതിനെക്കാള്‍ പ്രണയമായിരുന്നു.

നിന്നെ കുറിച്ച് ചിലപ്പോഴെല്ലാം ഞാന്‍ അഞ്ജലിയോട് പറയാറുണ്ട്.. എന്നിലെ പ്രണയം കണ്ടെടുത്തത് നീയാണെന്ന്. ഞാന്‍ ആദ്യമായി കാണുന്ന കടല്‍ നിന്റെ കണ്ണുകളിലാണെന്ന് (ചുമ്മ വെറുതെ)..നിന്റെ മുടിയിഴകളില്‍ എപ്പോഴും പാലപ്പൂവിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് .. നീയൊരു യക്ഷി ആയിരുന്നോ..
ഒട്ടൊരു നിസംഗതയോടെ അവളതൊക്കെ കേട്ടിരിക്കും.

ഞാന്‍ നിന്നെ കുറിച്ച് സൂചിപ്പിക്കുമ്പോഴൊക്കെ അവളിലെ പരിഭവങ്ങള്‍ക്കു മുകളില്‍, പലപ്പോഴും അവള്‍ ആ നിസംഗതയെ എടുത്തണിഞ്ഞിരുന്നു. പിന്നെപ്പിന്നെ നിന്നെ കുറിച്ച് ഞാന്‍ അവളോട് ഒന്നും സംസാരിക്കാറില്ല. അവളുടെ ആ അതിഭാവുകത്വത്തിന്റെ മുഖം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ എല്ലായ്പ്പോഴും അതെടുത്തണിയാന്‍ അവള്‍ക്കും താല്‍പ്പര്യം കാണില്ല. എന്റെ ആദ്യ പ്രണയിനി എന്ന നിലയ്ക്ക് അവള്‍ക്ക് നിന്നോട് ചെറിയൊരു അസൂയയുമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിന്റെ കല്ലറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അഞ്ജലിയുണ്ട് എന്റെ കൂടെ. ഇവള്‍ക്ക് നിന്നെ നേരില്‍ കാണാണമെന്നുണ്ടായിരുന്നുവത്രെ. വളരെ കുറച്ചു ദൂരമാണെങ്കിലും.. ഒരു കാലത്ത് നീയെന്റെ സഹയാത്രികയായിരുന്നല്ലോ. പക്ഷെ മരണത്തിന്റെ നേര്‍ക്കുള്ള നിന്റെ അവകാശവാദത്തിന്റെ ആഴങ്ങളെകുറിച്ചൊന്നും അവള്‍ക്കറിയില്ലായിരുന്നു. ജനിമൃതിക്കള്‍ക്കിടയിലെ നിന്റെ യാത്രയുടെ ദൂരം നിശ്ചയിക്കാന്‍മാത്രം നീ സ്വതന്ത്രയുമായിരുന്നല്ലോ.

Thursday, February 19, 2009

മഴ നനഞ്ഞും നനയാതെയും ഒരുമിച്ചു നടന്നിരുന്ന വര്‍ഷകാല ദിനങ്ങളിലെന്നോ നീ എന്റെ കയ്യില്‍ ഏല്‍പ്പിച്ചതാണിത്.. നിന്റെ ഹൃദയം.. ഇതു ഞാന്‍ നിനക്ക് തിരികെ തരുന്നു.. രണ്ടു ഹൃദയങ്ങള്‍ സൂക്ഷിക്കുവാനുള്ള പക്വത എനിക്കായിട്ടില്ല. പിന്നെ ഇതു കയ്യിലിരിക്കുമ്പോള്‍ എനിക്കു തോന്നും നീ എന്റേതു മാത്രമാണെന്ന്.. അങ്ങനെയൊരു തെറ്റിദ്ധാരണയുടെ നിറങ്ങളില്‍ ജീവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല.

Thursday, February 5, 2009

ഞാനൊരു തിരയും
നീയൊരു തീരവുമായിരിക്കുന്നിടത്തോളം കാലം..
എനിക്ക് നിന്നില്‍ നിന്നും
അങ്ങനെയൊന്നും അകലാന്‍ സാധിക്കില്ല.
 നീയൊരു മേഘവും
ഞാനൊരു മഴയുമായിരിക്കുന്നിടത്തോളം കാലം..
എനിക്ക് നിന്നെ മറന്നൊരു യാത്രയുമില്ല.

Wednesday, January 7, 2009

വിസ്മൃതികള്‍

കടല്‍ പാലത്തിന്റെ കൈവരികളില്‍ ചാഞ്ഞുനിന്നു താഴെ ഇരമ്പിമറിയുന്ന കടലിലേക്കു അവന്‍ നിസംഗതയോടെ നോക്കി നിന്നു.. ആഴങ്ങള്‍ അവനെ അതിലേക്കു ആകര്‍ഷിക്കുന്നു എന്നു തോന്നിയതുകൊണ്ടാവണം അവന്‍ പൊടുന്നനെ കരയിലേക്കു നോക്കിയത്. ഒരു പെണ്‍കുട്ടി പാലത്തിലേക്കു കയറി അവനടുത്തേക്കു വരുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച കാല്‍ചുവടുകളോടെ അവള്‍..കാലത്തെ തോല്‍പ്പിക്കുന്ന വേഗതയില്‍ നടന്നടുത്തുകൊണ്ടിരുന്നു. പാതിയടഞ്ഞ അവളുടെ നിഗൂഡ്ഡമായ കണ്ണുകള്‍ ആരെയും ശ്രദ്ധിച്ചിരുന്നില്ല.. ഒരു കൊടുംങ്കാറ്റിന്റെ വേഗതയില്‍ അവള്‍ അവനെ കടന്നുപോയി. ഒരു നിമിഷം അവള്‍ ആ കടല്‍പാലത്തിന്റെ അവസാനത്തില്‍ നിന്നും അതിന്റെ ആഴങ്ങളിലേക്കു നോക്കിനിന്നു.. പിന്നെ..

ഒരു ഇതള്‍ അടര്‍ന്നു വീഴുന്ന ലാഘവത്തോടെ അവള്‍.. അവിടെ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു..

അവനവളെ തിരികെ വിളിക്കാമായിരുന്നു, ജീവിതത്തിലേക്കു. എന്നാല്‍ അവനതു ചെയ്തില്ല. നിസംഗതയോടെ കടലിന്റെ ആഴങ്ങളെ നോക്കിനിന്നിരുന്ന അവന്‍ അതെ നിസംഗതയോടെയായിരിക്കണം അവളുടെ ജീവിതത്തെയും കണ്ടത്. അല്ലെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ അവള്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെന്നു അവനു തോന്നിയിരിക്കാം.

തണുത്ത പുലരികളില്‍ അവതരിപ്പിക്കപ്പെടുന്ന സ്വപ്ന നാടകങ്ങളിലെ നായികയെ പോലെ അവള്‍.. അവന്റെ ദുരന്തസ്മൃതികളില്‍ തിളങ്ങി നില്‍ക്കുന്നു.

ചുവന്ന ഇതളുകള്‍

ആഴിയുടെ അകലങ്ങളില്‍ കാണുന്ന ദീപ്തങ്ങള്‍ ആകാശത്തു നിന്നും അടര്‍ന്ന നക്ഷത്രങ്ങളെ പോലെ കണ്‍ചിമ്മുന്നുണ്ടായിരുന്ന ആ രാത്രിയില്‍ ഞാന്‍ അവളോടു പറഞ്ഞു.. തമ്മില്‍ പിരിയാന്‍ കാലമായെന്ന്, അവളുടെ ഹൃദ്യമായ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും അവളില്‍ നിന്നും അടര്‍ത്തിയെടുത്തുകൊണ്ട്.

പരിഭവങ്ങള്‍ പറഞ്ഞു തീരാത്ത തിരയും..തിരയുടെ പരിഭവങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത തീരവും അവളിലെ ആ ഭാവപതര്‍ച്ചയെ തിരിച്ചറിഞ്ഞിരിക്കാം.. ഞാനതു കണ്ടില്ലെന്നു നടിച്ചു.

ഞാന്‍ അവളോട് പിന്നെയും എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു.... ചിലനേരങ്ങളില്‍ ഞാന്‍ അവളോടല്ല, തിരകളോടാണു സംസാരിക്കുന്നതെന്നു തോന്നി.. അപ്പോള്‍ എന്റെ സംസാരങ്ങള്‍ക്കു മറുപടിയായി തിരകളുടെ നേര്‍ത്ത തേങ്ങലുകള്‍ മാത്രമെ കേള്‍ക്കാനുണ്ടായിരുന്നുളളു.. അവളുടെ ഹൃദയത്തിന്റെ ശൂന്യമായ തീരങ്ങളിലേക്കു തിരകള്‍ ഇരമ്പികയറുന്നതിന്റെ ശബ്ദം.

പിരിയാന്‍ നേരം ഞാന്‍ അവളോടു പറഞ്ഞത്.. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിക്കാമെന്നാണ്.

എനിക്കു തരാന്‍ അവള്‍ കയ്യില്‍ കരുതിയിരുന്ന കുറെ ചുവന്ന ഇതളുകള്‍ .. എന്റെ കടുത്ത തീരുമാനങ്ങള്‍ക്കൊടുവില്‍ പ്രണയത്തിന്റെ നിറം നഷ്ടമായ അവയെ എനിക്കു തരുന്നതിനിടയില്‍ അവളെന്നോടു പറഞ്ഞു..

പ്രണയത്തിന്റെ നിറം നിന്റെ കണ്ണുകള്‍ക്ക് ഇനിയൊരിക്കലും മനസ്സിലാകിലെങ്കിലും.. ഈ ഇതളുകള്‍.. എനിക്കതെപ്പോഴും ചുവപ്പ് തന്നെയായിരിക്കും..

ഞാനൊരു സാഡിസ്റ്റ് ആകാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.