Monday, July 11, 2022

വാക്കുകൾ 
സംസാരിക്കാനുള്ളതല്ല. 
മനസിലാക്കാനുള്ളതാണ്. 
വാക്കുകൾ മൗനത്തിന്റെ അർഥത്തെ ചെറുതാക്കുന്നു.

Monday, June 27, 2022

തീരം സ്വപ്നം കാണുന്നതിന്റെ ആഴമാണ് കടൽ.

Sunday, June 19, 2022

ഇരുണ്ട വഴികളെ 
സ്നേഹിക്കുന്ന അവൻ 
അവളോട് ചോദിച്ചു..
നിനക്ക് എങ്ങിനെയാണ് 
വെളിച്ചത്തെ ഇത്ര 
സ്നേഹിക്കാൻ കഴിയുന്നതെന്ന്.

അവൾ പറഞ്ഞു ;
ഞാൻ വെളിച്ചത്തെ സ്നേഹിക്കയല്ല.
ഞാൻ വെളിച്ചമാണ്!!

Saturday, June 11, 2022

ഇടങ്ങൾ

നമ്മുടെ ജീവിതത്തോടൊപ്പം രൂപപ്പെട്ടുവരുന്നതാണ് നമ്മുടെ പല ഇടങ്ങളും. ജീവിതം തുടരുമ്പോൾ പുതിയ ചില ഇടങ്ങൾ രൂപപ്പെടുകയും ചിലത് നഷ്ടപ്പെടുകയും ചെയ്യും. നേരത്തെ ഉണ്ടായിരുന്ന ഇടങ്ങൾ പിന്നെ ഉണ്ടായെന്നുവരില്ല.

ഇടങ്ങൾ, ഇടങ്ങളോടുള്ള ഇഷ്ടം കൊണ്ടു മാത്രം നിലനിൽക്കുന്നവയല്ല. പ്രിയപ്പെട്ടവർ ഉണ്ടായിരുന്നിടം നമുക്ക് പ്രിയപ്പെട്ടതാകാം. അവർ കടന്നു പോകുമ്പോൾ ഇടങ്ങൾ നോവുകളാകുകയോ മറന്നുപോകുകയോ ചെയ്യും. ഇടങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ മാത്രമായത് എന്ന് അതിനു എപ്പോഴും അർത്ഥമില്ലല്ലോ.  

നേരത്തെ നമ്മുടെ വീടുകളിലെ ഏതെങ്കിലും ഒരു മുറി നമ്മുടെ ഇടമായിരുന്നത് പിന്നെ ചിലപ്പോൾ അത് നമ്മുടേത് മാത്രമല്ലാതെയാകുകയോ നഷ്ടപെടുകയോ ചെയ്തേക്കാം. നമ്മുടെ വീടുകളിൽ തന്നെ നമുക്ക് നമ്മളറിയാതെ ചില ഇടങ്ങൾ രൂപപെട്ടിട്ടുണ്ടാകും. ഭക്ഷണം കഴിക്കുമ്പോഴോ ചായ കുടിക്കുമ്പോഴോ ഒക്കെ നമ്മൾ അറിയാതെ ആണെങ്കിലും അവിടെയായിരിക്കും എപ്പോഴും ചെന്നിരിക്കുന്നത്. 

ഇടം. ചിലപ്പോൾ അത് ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിലെ ഉപാന്തമായിരിക്കാം. യാത്ര ചെയ്യുമ്പോൾ സ്ഥിരമായി വണ്ടി നിർത്തിയിടാറുള്ള വഴിയോരമോ മരയോരമോ 😊 ആയിരിക്കാം. ഒരു പബ്ലിക് സ്ഥലമായിരിക്കാം. അങ്ങനെ നമ്മുടെ സന്തോഷത്തെയോ സമാധാനത്തെയോ enhance ചെയ്യുന്ന ഒരു സ്ഥലം. 

ഇടങ്ങൾ ഒരു പരിധി വരെ സ്വകാര്യമായതാണ്. 
ഇടങ്ങൾ നഷ്ടപെടുന്നത് നമ്മളെ നഷ്ടപ്പെടുത്തുന്നതുപോലെയാണ്. കുറഞ്ഞപക്ഷം ചിലപ്പോൾ അത്തരം ഇടങ്ങളിൽ മാത്രമാണ് തങ്ങൾ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നതെന്ന് മനസിലാകുന്നവർക്ക്.

Monday, May 23, 2022

നിഴലുകളില്ലാത്ത കാലത്ത് 
നമ്മൾ വീണ്ടും കാണുമായിരിക്കും.
നീ എന്നിൽ നിന്നും
ഞാൻ എന്നിൽ നിന്നും 
മിണ്ടാതെ പോയ ദിനങ്ങളെ 
തിരിച്ചെടുക്കുമായിരിക്കും.

Sunday, May 15, 2022

അവൾ ഋതുവാണ്. 
വസന്തവും വർഷവും 
ശിശിരവും ഹേമന്തവും 
സമയത്തിന്റെ ലഘുകണികകൾക്കുള്ളിൽതന്നെ
മാറി മാറി വരുന്നൊരുവൾ. 
അവൾക്കനുസരിച്ചുള്ള മാറ്റങ്ങളിലാണ് 
ജീവിതം എന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 
ഞാൻ വിടരുകയും തളിർക്കുകയും 
പൊഴിയുകയും ചെയ്യുന്നതിന് 
അവളല്ലാതെ മറ്റൊരു കാരണമില്ല.
  
ഒരു പെൺകുട്ടിയെ പ്രണയിക്കുകയെന്നാൽ 
അവൾ കടന്നുപോകുന്ന ഋതുവിനെ 
അറിയുകയെന്നതാണ്.

അതറിയാതെ അവളെ പ്രണയിക്കാനാവില്ല!!

Sunday, May 1, 2022

 പുരുഷന്റെ ഭ്രാന്തമായ മനസാണ് സ്ത്രീ.

Friday, April 22, 2022

അവളുടെ സംസാരത്തിനും 
നോട്ടത്തിനും, 
അവളുടെ നിശബ്ദതയ്ക്ക് വരെ 
അപ്പോൾ ഒരു പ്രത്യേകതയുണ്ട്.. 
ഒരുപാട് നാൾക്ക് ശേഷം കാണുന്നതുപോലെ 
അപ്പോൾ അവൾ ചിരിക്കും. 
ആഴങ്ങളിൽ നിന്ന് നഷ്ടമായതിനെ 
തിരിച്ചെടുക്കും പോലെ 
കൈകളിൽ പിടിക്കും. 
ആർത്തവദിനങ്ങളിലെ അവളുടെ പ്രണയത്തിന് 
ഒരു പ്രത്യേക ഭംഗിയാണ്.!!

Sunday, April 10, 2022

എനിക്ക് നിന്നോട് സ്വകാര്യം പറയാൻ തോന്നുന്നു

Friday, April 1, 2022

നിമിഷങ്ങൾക്കപ്പുറം ഞാൻ മേഘങ്ങളിലേക്ക് 
തിരിച്ചു പോകേണ്ടി വന്നേക്കുമെന്ന് തോന്നി. 
അതുകൊണ്ട്, ഞാനവളെ തിടുക്കപ്പെട്ട് ചുംബിച്ചു., 

അവളിലൂടെ ഭൂമിയുടെ വേരുകളിൽ തന്നെയായിരിക്കാൻ..

Wednesday, March 16, 2022

 കുഞ്ഞി ജനിച്ചതിന് ശേഷം എനിക്ക് അടിസ്ഥാനപരമായ ചില മാറ്റങ്ങൾ വന്നു.

എനിക്ക് തിരിച്ചറിയാൻ പറ്റിയത് എഴുതാം. തിരിച്ചറിയാൻ പറ്റാതെ പോയത് ഇതിലധികം ഉണ്ടാകും.

അവളുടെ ചോദ്യങ്ങളെ നേരിടാനും അതിന് അവൾക്ക് മനസിലാകുന്ന രീതിയിൽ സത്യസന്ധമായി മറുപടി കൊടുക്കാനും ഞാൻ  തയ്യാറാകണമെന്ന് എനിക്ക് മനസിലായി. 

കാര്യങ്ങളെ complicated ആക്കാതെ simple ആയിട്ട് ചിന്തിക്കാൻ ശീലിച്ചു. ഇത് എന്നിൽ നേരത്തെ ഉള്ളത് തന്നെയാണെന്ന് ഞാൻ വിചാരിക്കുന്നു.എങ്കിലും കുറച്ചു കൂടി തെളിച്ചം വന്നത് ഇപ്പോഴാണ്.

Friday, March 11, 2022

നോക്ക് 

എനിക്ക് എന്നോട് എത്ര ഇഷ്ടമുണ്ടോ 
അതിന്റെ പകുതിയാണ് നിന്നോടുള്ള ഇഷ്ടം 

എനിക്ക് എന്നോട് എത്ര ദേഷ്യമുണ്ടാകുമോ 
അതിന്റെ പകുതിയായിരിക്കും നിന്നോട് 

എനിക്ക് എന്നോട് എത്ര നിശബ്ദമായിരിക്കാനാകുമോ 
അതിന്റെ പകുതിയായിരിക്കും നിന്നോട് 

എനിക്ക് എന്നോട് എത്ര കൗതുകമുണ്ടോ 

എനിക്ക് എന്നോട് എത്ര 

ഇനി പകുതിയല്ലാത്ത ഒരു കാര്യം പറയാം. 

നിനക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ പകുതി എന്നോടുള്ളതുകൊണ്ട്.. 

നമ്മൾ..

Tuesday, March 1, 2022

 

നീ വിചാരിക്കുന്നുണ്ടാവും 
ഞാൻ ചിരിക്കുന്നത് എനിക്ക് സന്തോഷം വരുമ്പോഴാണെന്ന്. 

എന്നാൽ  സത്യത്തിൽ  ഞാൻ  ചിരിക്കുന്നത്  
നിനക്ക്  സന്തോഷം  വരുമ്പോഴാണ്.

Thursday, February 17, 2022

Where there's tea 
there's hope..

Arthur Wing Pinero



Friday, February 11, 2022

മനസ്സ് വിഷമത്തിലായിരിക്കുമ്പോൾ 
ചില പാട്ടുകൾ നമ്മളെ 
ജലോപരിതലത്തിലെന്നപോലെ 
സമാധാനത്തിലാക്കും.

Friday, February 4, 2022

പൂർണമായും മറന്നുപോകുന്നതിനുമുൻപ് 
നിന്നെ ഒരിക്കൽ കൂടി ഓർത്തെടുക്കണമെന്ന് 
തോന്നിയിട്ട് കുറച്ചായി.  
ഓർക്കുകയും പിന്നെ 
ഓർക്കാതെയാകുകയും ചെയ്യുന്നതിനാൽ
അത് നടക്കാതെ പോകുന്നു.   
പൂർണമായും മറന്നിട്ടില്ലെന്നതുതന്നെയാണ് 
നിന്നെ ഇപ്പോഴും ഓർക്കാൻ തോന്നുന്നതും.  
പക്ഷെ അതിന്റെ പുറകെപോകുവാൻ 
വഴികൾ തെളിഞ്ഞു വരുന്നില്ല.  
അവ്യകതമായ ചില ചിരികൾ 
സംസാരങ്ങൾ 
കുപ്പിവളകളുടെ കിലുക്കങ്ങൾ 
നിന്റെ മുടിയിഴകളുടെ മണം
കൺപീലികളിലെ ഓളങ്ങൾ 
നിന്റെ മറുകുകൾ 
നിന്നിലെ നിറങ്ങൾ 
അങ്ങനെ ഇടയ്കിടയ്ക്ക് 
എല്ലാം വേറെ വേറെയായി 
എന്റെ ഓർമയുടെ വഴികളിൽ 
തണലത്തിരിക്കുന്നുണ്ടാകും.  
നീ ഒരിക്കൽ 
എനിക്ക് ഉണ്ടായിരുന്നെന്ന് 
ആ ഓർമകളിലെ 
സന്തോഷങ്ങളിൽ നിന്ന് 
എനിക്ക് മനസ്സിലാകുന്നുണ്ട്.  
എന്നാൽ ആ തണലിൽ ചെന്ന് 
കുറച്ചുനേരമിരിക്കാമെന്നോർക്കുമ്പോൾ 
അവിടം ചിലപ്പോൾ 
പെട്ടെന്നു പൊള്ളുന്ന വെയിലായി 
മാറിയിട്ടുണ്ടാവും.  
ഓർമകളെ അവിടെയൊന്നും 
കാണാനുമുണ്ടാവില്ല.  
തനിയെ വെയിലത്തിരിക്കുന്നതെങ്ങനെ 
അതുകൊണ്ട് ഞാൻ തിരിച്ചു പോരും.  
ഓർമകളുടെ ദൈർഘ്യം കൂടുമ്പോൾ 
എപ്പോഴെങ്കിലും, 
നമുക്കൊരുമിച്ച് 
തണലിലിരിക്കാൻ കഴിയുമായിരിക്കും.

Sunday, January 30, 2022

നേരത്തത്തെ പോലെ തന്നെ ഞാൻ ഇപ്പോഴും, 
ആരോടെങ്കിലും സംസാരിക്കുന്നത് കുറവാണ്. 
കൂടുതലും ഞാൻ 
എന്നെ കുറിച്ച് തന്നെ 
ചിന്തിച്ചുകൊണ്ടിരിക്കും. 
നീ വന്നതിൽ പിന്നെ 
നിന്നെ കുറിച്ചും ആലോചിക്കുന്നു. 
അതിന് മുൻപേ 
അത്രയും കൂടി 
ഞാൻ എന്നെ കുറിച്ചാണ് ആലോചിച്ചിരുന്നത്.

Saturday, January 22, 2022

ചില നേരങ്ങളിൽ തനിച്ചിരിക്കാൻ തോന്നും, 
അല്ലാത്തപ്പോഴും അങ്ങനെതന്നെയാണെങ്കിലും, 
തനിച്ചിരിക്കാൻ തോന്നുന്നുവെന്നത് 
ആ നിമിഷങ്ങളെ അത്രയധികം സ്നേഹിക്കുന്നകൊണ്ടാണ്. 

അതിനെന്തിനാ ഇനി പുതിയതായി ശ്രമിക്കുന്നത്, 
അല്ലെങ്കിലും നീ തനിച്ചാണെന്നല്ലേ പറഞ്ഞത്.🤔. 

ഞാൻ അങ്ങനെ പറഞ്ഞോ. 

ആ പറഞ്ഞു. 

ആ അത് ചിലപ്പോ നീ മിണ്ടാതിരുന്നപ്പോ പറഞ്ഞതാവും ഞാൻ തനിച്ചാണെന്ന്. 

എന്നിട്ട് ഇപ്പോ എന്താ മാറിയത്. 

ഇപ്പോ നീ മിണ്ടാതെയിരിക്കുന്നേയില്ലല്ലോ 
അപ്പോ കുറച്ചുനേരം തനിച്ചിരിക്കാൻ തോന്നി. 

എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ നിങ്ങളെ!!

Friday, January 14, 2022

സിനിമ കണ്ട് കരയുന്നത് എനിക്കൊരു പുതിയ കാര്യമല്ല.!! 
ഇന്ന് പിന്നെയും.. 
അമ്പിളി.

Friday, January 7, 2022

നിന്നെ കാണാതിരുന്നപ്പോൾ ആശങ്കപ്പെട്ടു. കുറച്ച് നാൾ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ പതിയെ മറന്നുപോയി. ഇന്ന് വീണ്ടും നിന്റെ പേരിലുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ പെട്ടെന്ന് നിന്നെ ഓർമ വന്നു. ഈ പേര് വീണ്ടും കേൾക്കുന്നത് വരെ ഇത്ര നാളും നിന്നെ ഓർത്തില്ലല്ലോ എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി. എന്ത് വന്നാലും നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ലെന്നാണ് ഞാൻ കരുതിയത്. 

മറവികൾ സംഭവിക്കുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ല. ഓർത്തിരിക്കാനുള്ള സാഹചര്യങ്ങൾ പുതുക്കപ്പെടാത്തതുകൊണ്ടാണ്.

Sunday, January 2, 2022

നേരം സന്ധ്യയാകുമ്പോൾ 
ഒരു പാത്രത്തിൽ  വെളിച്ചവും 
മറ്റൊരു പാത്രത്തിൽ  ഇരുട്ടുമായി 
അയാൾ നടക്കാനിറങ്ങും. 
ഇരുട്ട് വേണ്ടവർക്ക്  ഇരുട്ടും 
വെളിച്ചം വേണ്ടവർക്ക്  വെളിച്ചവും കൊടുത്ത് 
അയാൾ നേരം പുലരുംവരെ യാത്ര തുടരും..