പൂർണമായും മറന്നുപോകുന്നതിനുമുൻപ്
നിന്നെ ഒരിക്കൽ കൂടി ഓർത്തെടുക്കണമെന്ന്
തോന്നിയിട്ട് കുറച്ചായി.
ഓർക്കുകയും പിന്നെ
ഓർക്കാതെയാകുകയും ചെയ്യുന്നതിനാൽ
അത് നടക്കാതെ പോകുന്നു.
പൂർണമായും മറന്നിട്ടില്ലെന്നതുതന്നെയാണ്
നിന്നെ ഇപ്പോഴും ഓർക്കാൻ തോന്നുന്നതും.
പക്ഷെ അതിന്റെ പുറകെപോകുവാൻ
വഴികൾ തെളിഞ്ഞു വരുന്നില്ല.
അവ്യകതമായ ചില ചിരികൾ
സംസാരങ്ങൾ
കുപ്പിവളകളുടെ കിലുക്കങ്ങൾ
നിന്റെ മുടിയിഴകളുടെ മണം
കൺപീലികളിലെ ഓളങ്ങൾ
നിന്റെ മറുകുകൾ
നിന്നിലെ നിറങ്ങൾ
അങ്ങനെ ഇടയ്കിടയ്ക്ക്
എല്ലാം വേറെ വേറെയായി
എന്റെ ഓർമയുടെ വഴികളിൽ
തണലത്തിരിക്കുന്നുണ്ടാകും.
നീ ഒരിക്കൽ
എനിക്ക് ഉണ്ടായിരുന്നെന്ന്
ആ ഓർമകളിലെ
സന്തോഷങ്ങളിൽ നിന്ന്
എനിക്ക് മനസ്സിലാകുന്നുണ്ട്.
എന്നാൽ ആ തണലിൽ ചെന്ന്
കുറച്ചുനേരമിരിക്കാമെന്നോർക്കുമ്പോൾ
അവിടം ചിലപ്പോൾ
പെട്ടെന്നു പൊള്ളുന്ന വെയിലായി
മാറിയിട്ടുണ്ടാവും.
ഓർമകളെ അവിടെയൊന്നും
കാണാനുമുണ്ടാവില്ല.
തനിയെ വെയിലത്തിരിക്കുന്നതെങ്ങനെ
അതുകൊണ്ട് ഞാൻ തിരിച്ചു പോരും.
ഓർമകളുടെ ദൈർഘ്യം കൂടുമ്പോൾ
എപ്പോഴെങ്കിലും,
നമുക്കൊരുമിച്ച്
തണലിലിരിക്കാൻ കഴിയുമായിരിക്കും.