ഒറ്റയ്ക്കാകുന്ന രണ്ടുപേര്‍
Sunday, December 29, 2019
Wednesday, December 4, 2019
Sunday, December 1, 2019
മറുക്
നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നിന്റെ പിൻകഴുത്തിൽ മുടിയിഴകളാൽ പാതിയും മറഞ്ഞിരിക്കുന്ന ആ മറുക്.
മറുകുകളോടുള്ള ഇഷ്ടം എന്നിൽ എപ്പോഴാണ് തുടങ്ങിയതെന്നറിയില്ല. നിന്നെ കണ്ടതിന് ശേഷമായിരിക്കും. നിന്റെ ചുണ്ടുകൾക്ക് മുകളിൽ മേഘങ്ങൾക്കിടയിൽ ഒളിച്ച നിലാവ് പോലെയുള്ള മങ്ങിയ ഒറ്റ മറുകാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. പിന്നെ ഇടത്തെ കവിളിൽ കാക്കപുള്ളികൾ പോലെ ചെറിയ മറുകുകൾ. തമ്മിൽ കാണുമ്പോഴൊക്കെ നിന്റെ കൺപുരികങ്ങൾക്ക് മുകളിലുള്ള മറുക് ഞാൻ എത്രയോ നേരം നോക്കിന്നിട്ടുണ്ട്. ചിരിക്കുമ്പോൾ അത് ആ കണ്ണുകളോടൊപ്പം വിടർന്നു വരികയും നൊമ്പരപെടുമ്പോൾ അത് ചെറുതാകുകയും ചെയ്തു. നിന്റെ കഴുത്തിൽ നിന്നും താഴേക്ക് പടർന്നിറങ്ങിയ, നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെപോലെ, തെളിച്ചമുള്ളതും ഇല്ലാത്തതുമായ കുറെ മറുകുകൾ. നിന്റെ മൃദുലമായ വയറിന്റെ ഇടത്തെ ചരിവിൽ ചിത്രശലഭത്തിന്റെ കണ്ണുകൾ പോലെയുള്ള മറുകുകൾ. ആ മറുകുകളിൽ ചുംബിക്കണമെന്ന് എനിക്ക് എത്രയോ വട്ടം തോന്നിയിരിക്കുന്നു.. ഏകാന്തമായൊരു ദ്വീപ് കണക്കെ നിന്റെ കൈത്തണ്ടയിലെ തീപൊള്ളൽക്കലയോട് ചേർന്ന് തെളിഞ്ഞ ആ മറുകിന്റെ തീരങ്ങളിൽ നിന്നും എനിക്ക് ഇനിയും പോരാനായിട്ടില്ല. നിന്നെ കൂടുതലറിയുംതോറും നിന്നിലെ മറുകുകളാണ് എനിക്ക് തെളിഞ്ഞു വന്നത്. നിന്റെ കണങ്കാലുകൾക്ക് താഴെ തെളിയാതെപോയ ആ മറുകിൽ ചുംബിച്ച് നിന്റെ കാലുകളെയും ചേർത്തുപിടിച്ച് എനിക്ക് ഉറങ്ങണമെന്നുണ്ട്.
ഇതിപ്പോൾ ഒരു ചുംബനം കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ലല്ലോ..